ഇസ്താബൂള്‍: തുര്‍ക്കിയിലെ ചരിത്ര സ്മാരകമായിരുന്ന ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കിയതിനു പിന്നാലെ പുതിയ മാറ്റങ്ങള്‍ വരുന്നു. ഹാഗിയ സോഫിയ സന്ദര്‍ശിക്കുന്നവര്‍ ഇനി ശരീര ഭാഗങ്ങള്‍ കാണുന്ന രീതിയില്‍ വസ്ത്രം ധരിക്കാന്‍ പാടില്ല. ഒപ്പം സ്ത്രീകള്‍ തല മറച്ചു കൊണ്ട് മാത്രമേ ഹാഗിയ സോഫിയക്കുള്ളില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. പ്രാര്‍ത്ഥനാ സമയത്തൊഴിച്ച് ബാക്കിയുള്ള സമയങ്ങളില്‍ ഹാഗിയ സോഫിയയിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കുമെന്ന് നേരത്തെ തുര്‍ക്കി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ സന്ദര്‍ശകര്‍ക്കായാണ് പുതിയ നിബന്ധന.
ഈ ചട്ടം ലംഘിക്കുന്നവര്‍ പിഴ നല്‍കേണ്ടി വരും. ജൂലൈ മാസത്തില്‍ ഹയ സോഫിയ മസ്ജിദാക്കിയതിനു പിന്നാലെ ഇവിടെയുള്ള ക്രിസ്ത്യന്‍ ആരാധനാ ബിംബങ്ങള്‍ പ്രാര്‍ത്ഥനാ സമയത്ത് മറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ജൂലൈ മാസമാണ് യുനെസ്കോയുടെ കീഴിലുള്ള ചരിത്ര സ്മാരകമായിരുന്ന ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കി മാറ്റിയത്. 1453 ല്‍ ഓട്ടോമന്‍ പടനായകര്‍ ഇപ്പോഴത്തെ ഇസ്താംബൂള്‍ കീഴടക്കുന്നതിനു മുമ്പ് ഹാഗിയ സോഫിയ ബൈസന്റൈന്‍ കാലഘട്ടത്തിലെ പ്രധാന ആരാധനായലമായിരുന്നു.