അവശ്യപോഷകങ്ങളുടെ കലവറയാണ് പാലും തേനും. ആന്റി ഓക്സിഡന്റുകള്‍, ആന്റി മൈക്രോബിയല്‍ ഗുണങ്ങള്‍ എന്നിവ ധാരാളം അടങ്ങിയതാണ് തേനെങ്കില്‍ കാത്സ്യം, പ്രോട്ടീന്‍, ലാക്റ്റിക് ആസിഡ് എന്നിവ അടങ്ങിയതാണ് പാല്. രണ്ടും ഏറെ ഗുണപ്രദം. എന്നാല്‍ പാലും തേനും ഒന്നിച്ചു കഴിക്കാമോ ?
തീര്‍ച്ചയായും കഴിക്കാം. മാത്രമല്ല പാലില്‍ പഞ്ചസാര ചേര്‍ക്കാതെ തേന്‍ ചേര്‍ത്തു കഴിക്കുകയും ചെയ്യാം. കാത്സ്യം ധാരാളം അടങ്ങിയ പാല് കുടിക്കുന്നത് എല്ലിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൂടാതെ ബ്ലഡ് ഷുഗര്‍ ലെവല്‍ നിയന്ത്രിക്കുന്ന പൊട്ടാസ്യം ഇതില്‍ ധാരാളമുണ്ട്.
പാലും തേനും ഒന്നിച്ചു കഴിക്കുന്നത് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കും ഏറെ ഗുണകരമാണ്. തൊണ്ടയില്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും ഇത് ഗുണം ചെയ്യും. തേന്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. ഇത് അപകടകാരികളായ ബാക്ടീരിയകളെ നശിപ്പിക്കും. ഒപ്പം നല്ല ബാക്ടീരിയകള്‍ക്കു വളരാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യും. പാലും തേനും കഴിക്കുന്നതുകൊണ്ടുള്ള മറ്റൊരു ഗുണം നല്ല ഉറക്കം ലഭിക്കും എന്നതാണ്. തലച്ചോറിനെ ശാന്തമാക്കാന്‍ ഇതിനു സാധിക്കും.
ചൂടു പാലില്‍ തേന്‍ കലര്‍ത്താന്‍ പാടില്ല എന്ന് ചിലര്‍ പറയാറുണ്ട്. ഇതിന്റെ വസ്തുത, തേന്‍ ഒരിക്കലും ചൂടാക്കാന്‍ പാടില്ല എന്നതാണ്. ഇങ്ങനെ ചെയ്താല്‍ 5-hydroxymethylfurfual or HMF രൂപപ്പെടും. ഇത് കാര്‍സിനോജെനിക് ആണ്. അതിനാല്‍ പാല് തിളപ്പിച്ച ശേഷം പത്തു മിനിറ്റ് വയ്ക്കുക. അതിനു ശേഷം വേണം തേന്‍ ചേര്‍ക്കാന്‍.