അമിതവണ്ണം അനാരോഗ്യകരമാണെന്ന് ഇന്ന് പലരും തിരിച്ചറിയുന്നുണ്ട്. വണ്ണം കുറയ്ക്കാനായി നൂറ് വഴികള്‍ പരീക്ഷിച്ചു മടുത്തവരും കാണും. എന്നാല്‍ ആരോഗ്യകരമായ ചില ഭക്ഷണങ്ങൾ ഡയറ്റില്‍ ഉൾപ്പെടുത്തിയാൽ പൊണ്ണത്തടിയോട് എളുപ്പം ഗുഡ്ബൈ പറയാം.
വിശപ്പിനെ നിയന്ത്രിക്കുന്ന, കുറച്ചധികം നേരം വയറു നിറഞ്ഞതായി തോന്നിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ശീലമാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്നാണ് ഇവിടെ പറയുന്നത്.
1. വണ്ണം കുറയ്ക്കാന്‍ വര്‍ക്കൗട്ടിനൊപ്പം തന്നെ കൃത്യമായ ഡയറ്റും സൂക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ പോഷകങ്ങളുടെ കുറവും ഉണ്ടാകാന്‍ പാടില്ല. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ് സൂപ്പ്. ഉച്ചഭക്ഷണത്തിന്റെയോ അത്താഴത്തിന്റെയോ ഒക്കെ അളവ് കുറയ്ക്കുമ്പോള്‍ പലപ്പോഴും വിശപ്പ് ശമിക്കാത്ത അവസ്ഥ ഉണ്ടാകാം. ഇതിനും സഹായിക്കുന്നതാണ് സൂപ്പ്. വെള്ളം കൂടുതല്‍ അടങ്ങിയ സൂപ്പില്‍ കലോറി വളരെ കുറവുമാണ്.
2. നാരുകള്‍ അടങ്ങിയ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്താനുള്ള ഏക വഴിയാണ് സാലഡ് കഴിക്കുക എന്നത്. ചീര, ബ്രൊക്കോളി, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ ഉള്‍പ്പെടുത്തി സാലഡ് തയ്യാറാക്കാം. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും.
3. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള ‘സ്നാക്സ്’ ആണ് നട്സ്. ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയ ഇവ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
4. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ പഴം അഥവാ വെണ്ണപ്പഴം. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ ശരീരഭാരം കുറയ്ക്കാന്‍ വളരെ നല്ലതാണ്. വെണ്ണപ്പഴത്തിലെ ഫാറ്റി ആസിഡുകളും ദഹനത്തെ പതിയെ ആക്കുന്നവയാണ്. അതിനാൽ തന്നെ ഏറെ നേരത്തേക്ക് വിശപ്പു തോന്നാതിരിക്കും.
5. അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. ഒപ്പം കലോറി വളരെ കുറവുമായതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഭക്ഷണമാണിത്. കൂടാതെ വിറ്റാമിൻ സിയും മുട്ടയിൽ ധാരാളം അടങ്ങിയിരിക്കുന്നു.
6. ഡയറ്റില്‍ ഏത്തപ്പഴം ഉള്‍പ്പെടുത്തുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഏത്തപ്പഴം കഴിച്ചാല്‍ വിശപ്പ് ശമിക്കും. ഒപ്പം വയര്‍ നിറയുകയും ചെയ്യും.
7. ആപ്പിൾ കഴിച്ചാൽ ഡോക്ടറെ മാത്രമല്ല അമിത വിശപ്പിനെയും അകറ്റാവുന്നതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ പഴവർഗമാണ് ആപ്പിൾ. ആപ്പിൾ കഴിക്കുമ്പോൾ വിശപ്പ് പെട്ടെന്നു ശമിക്കുകയും കൂടുതൽ ഭക്ഷണം കഴിക്കുന്നതു തടയുകയും ചെയ്യും.
8. കടല, ബീൻസ് പോലുള്ള പയർ വർഗങ്ങൾ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. ഇവ അമിത വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും.