മലയാള ചിത്രം ‘ദൃശ്യം’ ഹിന്ദിയില്‍ സംവിധാനം ചെയ്ത ബോളിവുഡ് സംവിധായകൻ നിഷികാന്ത് കാമത്ത് അന്തരിച്ചു. 50 വയസായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ലിവര്‍ സിറോസിസ് ബാധിച്ച് ഹൈദരാബാദിലെ ഗച്ചിബോലിയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 2022ല്‍ റിലീസ് ചെയ്യാനിരുന്ന ‘ദര്‍ബദാര്‍’ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
മലയാളത്തിൽ മോഹൻലാൽ -മീന എന്നിവർ അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് അജയ് ദേവ്ഗണ്-തബു എന്നിവരെ അണിനിരത്തി സംവിധാനം ചെയ്തത് നിഷികാന്ത് കാമത്ത് ആയിരുന്നു. ഇര്ഫാന് ഖാന്റെ മദാരി, ജോണ്‍ എബ്രഹാം നായകനായ ഫോഴ്സ്, റോക്കി ഹാന്‍ഡ്സം തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.
മറാത്തി ചിത്രങ്ങളായ ‘ഡോംബിവാലി ഫാസ്റ്റ്’, ‘ലൈ ബാരി’ തുടങ്ങിയ ചിത്രങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. 2006ല്‍ ‘ഡോംബിവാലി ഫാസ്റ്റ്’ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു. രണ്ട് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ഒരു ചിത്രത്തിന് തിരക്കഥയൊരുക്കിയിട്ടുമുണ്ട്. ‘എവനൊ ഒരുവന്’ എന്ന മാധവന് നായകനായ തമിഴ് ചിത്രം നിഷികാന്ത് സംവിധാനം ചെയ്തിരുന്നു.
വിക്രമാദിത്യ മൊട്വാനെയുടെ ‘ഭവേഷ് ജോഷി സൂപ്പര്‍ഹീറോ’ എന്ന ചിത്രത്തില്‍ ഹര്ഷവര്ധന് കപൂറിനൊപ്പമാണ് അവസാനമായി അഭിനയിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇദ്ദേഹം ലിവര്‍ സിറോസിസ് അഭിമുഖീകരിച്ചിരുന്നു. ശേഷം വീണ്ടും അസുഖം മൂര്ദ്ധന്യാവസ്ഥയിലാവുകയായിരുന്നു. ഇന്റെന്‍സീവ് കെയര്‍ യൂണിറ്റില്‍ ചികിത്സയില്‍ തുടരവെയാണ് അന്ത്യം.