കൊച്ചി: അഭിമന്യു കേസിലെ കുറ്റപത്രമുള്‍പ്പെടെ നഷ്ടപ്പെട്ട 11 രേഖകളുടെ സെര്‍ട്ടിഫൈഡ് കോപ്പികള്‍ ഇന്ന് പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി. എന്നാല്‍ പ്രോസിക്യൂഷന് ഹാജരാക്കിയ രേഖകളില്‍ പ്രതിഭാഗം എതിര്‍പ്പറിയിച്ചു. ഹൈകോടതി നിര്‍ദേശപ്രകാരമാണ് രേഖകള്‍ പുന്നിര്മ്മിച്ചതെന്നും അത് ചോദ്യം ചെയ്യാന്‍ പ്രതിഭാഗത്തിനാവില്ലെന്നും കോടതി വ്യക്തമാക്കി.
കേസിന്റെ രേഖകള്‍ പ്രതിഭാഗത്തിന്റെ കയ്യിലുണ്ട്. ഇതിന്റെ സുതാര്യത പരിശോധിക്കാന്‍ പ്രോസിക്യൂഷന് പുനര്‍നിര്‍മ്മിച്ച രേഖകളുമായി ഇവ താരതമ്യം ചെയ്യാമെന്നും കോടതി പറഞ്ഞു. പ്രതിഭാഗത്തിന്റെ വാദത്തിനായി കേസ് ഈ മാസം 25 ലേക്ക് മാറ്റി.
കേസില്‍ രേഖകള്‍ നഷ്ടപ്പെട്ടത് 2019 ജനുവരിയിലാണെന്ന് എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി അറിയിച്ചു. കഴിഞ്ഞ സെപ്തംബര്‍ 23 ന് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതൊടെ ഹൈക്കോടതിയില്‍ വിവരം അറിയിച്ചെന്നും കോടതി പറഞ്ഞു. കോടതിയില്‍ നിന്ന് രേഖ നഷ്ടപ്പെട്ടത് പരിശോധിക്കാന്‍ അന്വേഷണ കമ്മിഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രേഖകള്‍ കാണാതാവുന്നത് സാധാരണയാണെന്നും കോടതി വ്യക്തമാക്കി.