നിയമവിദ്യാഭ്യാസവും സീറ്റു തര്‍ക്കങ്ങളും

വിദ്യാഭ്യാസ മേഖലയിലെ സ്വാശ്രയ മേധാവിത്വങ്ങളെ തൃപ്തിപ്പെടുത്താനുള്ള സര്‍ക്കാര്‍ നടപടികള്‍ സാര്‍വത്രികമായ എതിര്‍പ്പുകളും പ്രതിഷേധങ്ങളും ക്ഷണിച്ചുവരുത്തിയവയാണ്. സര്‍ക്കാര്‍ ലോ കോളേജുകളിലെ എല്‍എല്‍ബി സീറ്റ് വെട്ടിക്കുറയ്ക്കാനുള്ള നീക്കമാണ് ഈ പട്ടികയില്‍ ഏറ്റവും പുതിയത്. ബാര്‍ കൗണ്‍സിലിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് പ്രസ്തുത തീരുമാനം കൈകൊണ്ടതെന്ന് സര്‍വ്വകലാശാല വിശദീകരിക്കുമ്പോള്‍, സര്‍വ്വകലാശാലയുടെ നിര്‍ദ്ദേശപ്രകാരമാണ് വിജ്ഞാപനമിറക്കിയതെന്ന നിലപാടിലാണ് പ്രവേശന പരീക്ഷ കമ്മീഷണര്‍. വര്‍ഷാവര്‍ഷം അപേക്ഷകള്‍ കൂടിക്കൂടി വരുന്ന കോഴ്സുകളില്‍ അനാവശ്യ പരിഷ്കരണങ്ങള്‍ കൊണ്ടുവരുമ്പോള്‍ തീരുമാനം ആരുടേതായാലും അത് പുതു തലമുറയുടെ പ്രതീക്ഷകള്‍ക്ക് ആപ്പുവയ്ക്കുന്നതാണെന്ന് ഓര്‍ത്താല്‍ നന്ന്.

കേരളത്തിലെ നാലു സര്‍ക്കാര്‍ കോളേജുകളിലായി 80 വീതം സീറ്റുകളാണ് അഞ്ചുവര്‍ഷ കോഴ്സായ എല്‍എല്‍ബിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഇവ 20 വീതം കുറയ്ക്കുന്നതിന് ആനുപാതികമായിട്ടാണ് ആഗസ്ത് 8ാം തീയതി പറത്തുവന്ന പ്രവേശന വിജ്ഞാപനത്തില്‍ പരാമര്‍ശിക്കുന്നത്. അതെസമയം, പത്തൊന്‍പത് സ്വകാര്യ കോളേജുകളില്‍ സീറ്റുകളുടെ എണ്ണം കുറയ്ക്കുന്നില്ല. മാത്രമല്ല കൂടുതല്‍ സീറ്റുകളും ബാച്ചുകളും അനുവദിച്ചിട്ടുണ്ടുമുണ്ട്.


പഠന ഫീസിലുള്ള സാരമായ വ്യത്യാസം തന്നെയാണ് ഈ തീരുമാനത്തിനു പിന്നാലെ വന്ന വിമര്‍ശനങ്ങളില്‍ ഏറെ പ്രധാനം. സര്‍ക്കാര്‍ കോളേജുകള്‍ ഈടാക്കുന്ന തുകയെക്കാള്‍ എത്രയോ മടങ്ങാണ് സ്വാശ്രയകോളേജുകള്‍ സ്വീകരിക്കുന്നത്. സ്കോളര്‍ഷിപ്പിന്‍റെയും മറ്റ് ആനുകൂല്യങ്ങളുടെയും പേരില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും തുച്ഛമായ ചിലവില്‍ പഠിക്കുന്നവരാണ്. എന്നാല്‍, സ്വാശ്രയ കോളേജുകളിലെ സീറ്റ് നിറയ്ക്കാനുള്ള ഈ പരോക്ഷ ശ്രമം അഭിഭാഷകവൃത്തി സ്വപ്നം കാണുന്ന സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വന്‍ തിരിച്ചടിയാകും.

കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഓണ്‍ലൈന്‍ ക്ലാസുകളാണ് നടക്കുന്നതെങ്കിലും മിക്ക സ്വകാര്യ കോളേജുകളും എല്ലാ തരം സ്പെഷ്യല്‍ ഫീസുകളും ഈടാക്കുന്നതായി വിവിധ കോണുകളില്‍ നിന്ന് പരാതി ഉയരുന്നുണ്ട്. ഈ പ്രതിസന്ധിഘട്ടത്തില്‍ ട്യൂഷന്‍ ഫീസ് മാത്രം ഈടാക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ മറികടന്നാണ് ഇത്തരം അന്യായങ്ങള്‍ നടക്കുന്നത്. കോളേജിലെ യാതൊരുവിധ സൗകര്യങ്ങളും വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കാത്ത പക്ഷം, അവരില്‍ നിന്ന് മെയിന്‍റനന്‍സ് ഫീസടക്കം വാങ്ങുന്നത് എങ്ങനെ ന്യായീകരിക്കാനാകും? ഫീസ് ഈടാക്കാനുള്ള സാധ്യതമാത്രമായാണ് ചില കോളേജുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നത്. തൊഴിലധിഷ്ടിത കോഴ്സുകള്‍ ഓണ്‍ലൈനായി മുന്നോട്ട് കൊണ്ടുപോകുന്നതിലെ അപ്രായോഗികത മറ്റൊരു ചര്‍ച്ചാ വിഷയമാണ്.


നിയമവിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരമുയര്‍ത്തുക ലക്ഷ്യമിട്ടാണ് സീറ്റുകളുടെ എണ്ണം വെട്ടിച്ചുരുക്കുന്നതെന്നാണ് ബാര്‍ കൗണ്‍സിലിന്‍റെ വ്യാഖ്യാനം. മെച്ചപ്പെട്ട അദ്ധ്യാപനവും അച്ചടക്കവും ഉറപ്പുവരുത്താന്‍ ഒരു ക്ലാസില്‍ കുട്ടികളുടെ എണ്ണം കുറയ്ക്കണം എന്ന നടപടിയെ തെറ്റുപറയാനാവില്ല. പക്ഷെ സീറ്റുകള്‍ വെട്ടിക്കുറയ്ക്കുന്നത് ഏകപക്ഷീയമായ തീരുമാനമല്ലേ? എന്നതാണ് ചോദ്യം. ഒരു ക്ലാസില്‍ അറുപതിലധികം കുട്ടികള്‍ പാടില്ലെന്നല്ലേ ഉള്ളൂ. കൂടുതല്‍ ബാച്ചുകള്‍ പാടില്ലെന്ന നിബന്ധനകളുണ്ടോ? അപേക്ഷകള്‍ കൂടുമ്പോള്‍ ബാച്ചുകള്‍ കൂട്ടുന്നതിനു പകരം അറുപത് പേര്‍ നിയമം പഠിച്ചാല്‍ മതിയെന്ന് ശഠിക്കുന്നതാണ് ശരികേട്. അഡീഷണൽ ബാച്ചുകൾക്ക് അനുമതി തേടിയിട്ടുണ്ടെന്നാണു സര്‍വ്വകാലാശാലകള്‍ പറയുന്നത്. പ്രവേശന വിജ്ഞാപനം ഇറങ്ങുന്നതിനു മുൻപു തന്നെ ഇതുസംബന്ധിച്ച ബാർ കൗൺസിൽ തീരുമാനം നേടിയെടുക്കാൻ സർവകലാശാലയ്ക്ക് കഴിയാതിരുന്നതു എന്തുകൊണ്ടെന്നത് മറ്റൊരു ചോദ്യം.

കുറഞ്ഞ ചിലവില്‍ നിയമം പഠിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശമാണ് ഇവിടെ കശാപ്പുചെയ്യപ്പെടുന്നത്. ത്രിവത്സര കോഴ്സിന് നാലു സര്‍ക്കാര്‍ കോളേജുകളിലുമായി 400 സീറ്റുണ്ടായിരുന്നത് പുതിയ വ്യവസ്ഥ നിലവില്‍ വരികയാണെങ്കില്‍ 240 ആയി കുറയും. ഒരു കോളേജിൽ 40 സീറ്റ് വീതമാകും ഇല്ലാതാകുന്നത്. അതുപോലെ പഞ്ചവത്സര കോഴ്സിലും 80 സീറ്റു വീതം കുറയ്ക്കേണ്ടിവരും. മുൻ വർഷം ത്രിവർഷ – പഞ്ചവത്സര കോഴ്സുകളിലായി 720 സീറ്റുകളുണ്ടായിരുന്നത് ഇത്തവണ 480 ആയി ചുരുങ്ങും.


സ്വാഭാവികമായും ഇതിന്റെ നേട്ടം കൊയ്യുന്നത് സ്വാശ്രയ ലോ കോളേജുകളായിരിക്കും. സ്വാശ്രയ ലോ കോളേജുകളിലെല്ലാമായി കഴിഞ്ഞ വർഷം പഞ്ചവത്സര എൽഎൽബിക്ക് 1030 സീറ്റുണ്ടായിരുന്നത് ഇക്കുറി 1950 ആയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ത്രിവത്സര കോഴ്സിന് 225 ആയിരുന്നത് 400 സീറ്റായും ഉയർത്തിയെന്നാണ് വിവരം.

സ്വാശ്രയ ലോ കോളേജുകൾക്ക് ബാർ കൗൺസിൽ നിബന്ധന പാലിച്ച് ബാച്ചുകൾ കൂട്ടാൻ കഴിയുമെങ്കിൽ സർക്കാരിന് അതു കഴിയാത്തതെന്തുകൊണ്ടെന്നതായിരുന്നു മറ്റാെരു ചോദ്യം. വരാനിരിക്കുന്ന ബാർ കൗൺസിൽ അനുമതിക്കു കാത്തിരിക്കാൻ അധികം പേരും തയ്യാറാകില്ല. പ്രവേശനം ലഭിക്കുന്നിടത്തു ചേരാനാകും പലരും താല്‍പ്പര്യപ്പെടുക. പ്രവേശന ഘട്ടത്തിനിടെ അനുമതി ലഭിക്കുകയാണെങ്കിൽ റാങ്ക് പട്ടികയിൽ അറുപതിനു താഴെയുള്ളവർക്കും പ്രവേശനം നൽകാനാവും എന്ന് പരീക്ഷാ കമ്മിഷണർ പറയുന്നുണ്ട്. എത്രപേര്‍ക്ക് ഇതിന് വേണ്ടി കാത്തിരിക്കാനാകും?


സര്‍ക്കാര്‍ കോളേജുകളില്‍ അധിക സൗകര്യങ്ങള്‍ ഏർപ്പെടുത്തുന്നത് സർക്കാരിനെ സംബന്ധിച്ചിടത്തോളം പ്രായോഗിക നടപടി തന്നെയാണ്. അദ്ധ്യാപകരുൾപ്പെടെ കുറച്ചുപേർക്ക് പുതുതായി തൊഴിൽ ലഭിക്കാനുള്ള അവസരം കൂടിയാണിത്. മുൻ വർഷത്തെക്കാൾ കുറെയധികം കുട്ടികൾക്ക് കുറഞ്ഞ ഫീസിൽ പഠിക്കാനുള്ള സൗകര്യവും ലഭിക്കും.

വിദ്യാഭ്യാസമേഖലയിലെ കച്ചവട വൽക്കരണത്തിൻറെ പാതയിലേക്ക് നിയമ വിദ്യാഭ്യാസത്തെയും തള്ളി വിട്ടിരിക്കുകയാണെന്ന വിമര്‍ശനവുമായി ഇടതു വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ അടക്കം രംഗത്ത് വന്നിരുന്നു. മെറിറ്റിലൂടെ നിയമവിദ്യാഭ്യാസമാഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ സാധ്യതകളെയും അവസരങ്ങളെയും ഇല്ലാതാക്കുന്ന ഈ തീരുമാനം ബാർ കൗൺസിൽ ഓഫ് ഇന്ത്യ പുനപരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു സംഘടനയുടെ ആവശ്യം.


സംസ്ഥാനത്ത് എല്‍എല്‍ബി കോഴ്സുകളില്‍ അഡീഷണല്‍ ബാച്ചുകള്‍ ആരംഭിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയാണ് വിഷയത്തിന് താത്കാലികാശ്വാസം നല്‍കുന്നത്. നഷ്ടപ്പെടുന്ന സീറ്റുകള്‍ മുഴുവന്‍ അഡീഷണല്‍ ബാച്ചുകള്‍ തുടങ്ങി നികത്തുമെന്നും ഫലത്തില്‍ ഒരു സീറ്റുപോലും കുറയില്ലെന്ന് മാത്രമല്ല കൂടുകയാണ് ചെയ്യുകയെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. അധികൃതരുടെ പിടിപ്പുകേടുകൊണ്ട് കുട്ടികളുടെ അവസരം നഷ്ടമാകുന്നത് പന്തിയല്ല. കോവിഡ് മഹാമാരി രാജ്യമൊട്ടുക്കും വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുന്നതിനിടയില്‍ ഇത്തരം നീക്കങ്ങള്‍ ഇരട്ടപ്രഹരമാകും.

Latest News