“തല കൊണ്ട് ജോലി ചെയ്യുന്ന ഒരു ശാസ്ത്രജ്ഞനെയും വാ കൊണ്ട് പഠിപ്പിക്കുന്ന ഒരു അധ്യാപകനെയും കായികമായി അദ്ധ്വാനിക്കുന്ന ഒരു കൃഷിക്കാരനെയും പോലെ ശരീരത്തിലെ ഒരു അവയവം കൊണ്ട് ജോലി ചെയ്യുന്നവരാണ് ലൈംഗിക തൊഴിലാളികൾ,” നളിനി ജമീലയുടെ ‘ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മ കഥ’ എന്ന പുസ്തകത്തിലെ ഈ വാചകം കടമെടുത്തുകൊണ്ട് തുടങ്ങാം. കപട സദാചാര സമൂഹത്തിൽ യാഥാസ്ഥികതയുടെയും പുരുഷാധിപത്യത്തിന്റെയും കുത്തൊഴുക്കില്‍പ്പെട്ട് നീതി ലഭിക്കാതെ പോയ പൗരാണിക തൊഴിലാണ് വേശ്യാവൃത്തി. പര്യായപദങ്ങളല്ലാതെ പുല്ലിംഗങ്ങളില്ലാത്ത വേശ്യകളെ കൊടും പാപത്തിന്റെ വക്താക്കളായാണ് മതങ്ങളും മീമാംസകരും മുദ്രകുത്തിയത്.
കോവിഡ് മഹാമാരി സൃഷ്ടിച്ച അനിശ്ചിതാവസ്ഥ ദിവസ വേതനക്കാരെ സാരമായി തളര്‍ത്തിയെങ്കിലും സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് മിക്ക തൊഴില്‍ മേഖലകളും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. എന്നാല്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം മുന്നോട്ട് പോവുകയെന്നത് തീര്‍ത്തും വിദൂരമായ ലൈംഗിക തൊഴില്‍ സ്തംഭനാവസ്ഥയില്‍ തുടരുന്നു. വിശപ്പും വിവേചനങ്ങളും വൈറസും വറുതികളും കെട്ടുപൊട്ടിയ ജീവിതത്തിന്റെ ഗതിവിഗതികള്‍ മാറ്റിമറിക്കുമ്പോള്‍ ഞങ്ങളും മനുഷ്യരാണെന്ന ദൈന്യമായ വാക്കുകളാണ് ലൈംഗിക തൊഴിലാളികള്‍ മൊഴിയുന്നത്. നീതിക്കും ന്യായത്തിനും ആനുകൂല്യങ്ങള്‍ക്കും അകലെയാണ് ഇവര്‍. പര്യവസാനത്തിന്റെ ലക്ഷണങ്ങളില്ലാതെ തുടരുന്ന കോവിഡ് കാലം അതിജീവിക്കാന്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഈ സമൂഹത്തിന് സാധിക്കുമോ?
സാമൂഹിക അകലവും ആവലാതികളും
വൈറസ് വ്യാപനത്തിന് തടയിടാനുള്ള സമ്പൂര്‍ണ്ണ അടച്ചുപൂട്ടലും, മാര്‍ഗനിര്‍ദ്ദേശങ്ങളും ഇന്ത്യയില്‍ ഭൂരിപക്ഷം വരുന്ന ദരിദ്രരെയും ദുര്ബ്ബലരെയുമാണ് സാരമായി ബാധിച്ചത്. പകര്‍ച്ചവ്യാധികള്‍ ബാക്കിവെക്കുന്ന ദാരിദ്ര്യവും ദുരിതങ്ങളും നിറഞ്ഞ കറുത്ത അദ്ധ്യായങ്ങള്‍ക്ക് ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങള്‍ വിവിധ കാലഘട്ടങ്ങളില്‍ സാക്ഷിയായതാണ്. 1999ല്‍ ഭീതി പരത്തിയ എച്ച്ഐവി(ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ്), 2003ല്‍ നമ്മെ കടന്നുപോയ സാര്‍സ് (സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം), 2014ല്‍ പടര്‍ന്നുപിടിച്ച എബോള, 2016ല്‍ ആശങ്കകള്‍ക്ക് വഴിതെളിച്ച സിക്ക തുടങ്ങി എല്ലാ മഹാമാരികളും നിരാലംബരായ ജനങ്ങളെ പടുകുഴിയിലാക്കി, സാമൂഹിക ഘടനയില്‍ നിലനില്‍ക്കുന്ന അസമത്വത്തിന് ആക്കം കൂട്ടിയവയാണ്. കോവിഡ് 19 ന്റെ ആഘാതങ്ങളും ഇതില്‍ നിന്ന് വ്യത്യസ്തമല്ല.
വരുമാനമോ പരിപാലനമോ ഇല്ലാതെ സര്‍ക്കാരിന്റെ ദുരിതാശ്വാസ പാക്കേജുകളില്‍ പോലും ഉള്‍പ്പെടാതെ അവഗണിക്കപ്പെടുന്ന ലൈംഗിക തൊഴിലാളികള്‍, കോവിഡ് കാലത്തെ സാമൂഹിക അസമത്വങ്ങളുടെ അടിത്തറയെന്തെന്ന് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ എട്ടു ലക്ഷത്തിലധികം ലൈംഗിക തൊഴിലാളികളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഡല്‍ഹിയിലെ ജിബി റോഡ്, മുംബൈയിലെ കാമതിപുര, കൊൽക്കത്തയിലെ സോനഗച്ചി, വാരണാസിലെ ശിവദാസ്പൂർ, പൂനെയിലെ ബുധ്വാർ പേത്, ഗുജറാത്തിലെ സൂറത്ത് തുടങ്ങി മെട്രോപൊളിറ്റന്‍ നഗരങ്ങളുടെ ഇടുങ്ങിയതും മങ്ങിയതുമായ തെരുവുകളില്‍ ഇരുട്ടിനു പ്രിയങ്കരികളും പകലിനു പാപികളുമായി വേശ്യാവൃത്തിയിലേര്പ്പെടുന്നവരാണിവര്. വൈറസ് വ്യാപന ഭീഷണിയില്‍ പൂര്‍ണ്ണമായി അടച്ചിട്ട തൊഴിലിടങ്ങളും മഹാമാരിയെ പേടിച്ച് സുഖം തേടിയെത്താത്ത ഉപഭോക്താക്കളും ലൈംഗിക തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണമാക്കി.
ദാരിദ്ര്യം, സാമൂഹിക വിവേചനം, പുരുഷാധിപത്യം എന്നിവയ്ക്ക് പുറമെ, കോവിഡ് മഹാമാരി ലൈംഗിക തൊഴിലാളികള്‍ക്ക് ഇരട്ടപ്രഹരമായെന്നാണ് ഗ്ലോബൽ നെറ്റ്വർക്ക് ഓഫ് സെക്സ് വർക്കേഴ്സ് പ്രോജക്ടും യുഎൻ എയ്ഡ്സും സമീപകാലത്ത് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കോവിഡിനു മുന്‍പും പൊതു സമൂഹവുമായി വളരെ അകലം പ്രാപിച്ചിരുന്ന ഈ വിഭാഗം, സാമൂഹിക അകലം പ്രോട്ടോകോളിന്റെ ഭാഗമാകുമ്പോള്‍ മുഖ്യധാരയില്‍ നിന്ന് ഏറെ പിറകോട്ട് പോകുന്നു.
വൃത്തിഹീനമായ ചുറ്റുപാടുകളാണ് മറ്റൊരു പ്രധാന പ്രശ്നം. തിരക്കേറിയ തെരുവുകളില്‍ സാമൂഹിക അകലമെന്നത് പ്രാവര്‍ത്തികമല്ല. ഡല്‍ഹി ജിബി റോഡില്‍ 80ഓളം ചെറു വേശ്യാലയങ്ങളിലായി 3000ത്തോളം ലൈംഗിക തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. റോഡിന്റെ വശങ്ങളിലുള്ള കെട്ടിടങ്ങളുടെ ഭൂനിരപ്പിലുള്ള നിലകള്‍ അധികവും വിവിധതരം യന്ത്രങ്ങളും വാഹനങ്ങളുടെ യന്ത്രഭാഗങ്ങളും വില്‍ക്കുന്ന കടകളാണ്. ഇവയുടെ രണ്ടും മൂന്നും നിലകളിലാണ് ലൈംഗിക തൊഴിലാളികള്‍ താമസിക്കുന്നത്. പതിനായിരത്തിലധികം ലൈംഗികത്തൊഴിലാളികളെ ഉള്‍ക്കൊള്ളുന്ന, ഏഷ്യയിലെ ഏറ്റവും വലിയ വേശ്യാതെരുവായ കൊല്‍ക്കത്തയിലെ സോനഗച്ചിയിലെ സ്ഥിതിയും വ്യത്യസ്തമല്ല. 15-20 പേര് ഉപയോഗിക്കുന്ന ശുചിമുറികളും, കൃത്യമായ സാനിറ്റൈസേഷന്‍ പ്രായോഗികമല്ലാത്ത താമസസ്ഥലങ്ങളും ആശങ്കകള്‍ ഉയര്‍ത്തുന്നവ തന്നെ.
ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യുന്നതു പോലുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഇവിടങ്ങളില്‍ സന്നദ്ധ സംഘടനകള്‍ക്ക് ചെയ്യാന്‍ സാധിക്കാറുള്ളൂ. ഇടനിലക്കാരായ ഗുണ്ടകളെ മറികടന്ന് ഒരു സേവന പ്രവര്‍ത്തനവും സാധ്യമല്ലെന്നതാണ് പ്രധാന കാരണം. ലൈംഗിക തൊഴിലാളികള്‍ക്കിടയിലെ രോഗ സാധ്യത കണക്കിലെടുത്ത് അവര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താനും ഭക്ഷണം എത്തിക്കാനും ആവശ്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കാനും പോലീസും സര്‍ക്കാര്‍ അധികൃതരും വിമുഖത കാട്ടുന്നതായി വേശ്യാതെരുവുകളില്‍ നിന്നുള്ള നിരവധി പത്രക്കുറിപ്പുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
വ്യര്‍ത്ഥമാകുന്ന നിയമാവലികള്‍
കോവിഡ് കാലത്ത് ലൈംഗിക തൊഴിലാളികള്‍ നേരിടുന്ന സാമൂഹികവും സാമ്പത്തികവുമായ അസമത്വത്തിന്റെ വേരുകള്‍ ഇന്ത്യന്‍ നിയമങ്ങളിലും നിയമസംഹിതകളിലും കാണാം. പൊതുസമൂഹത്തിന്റെ യഥാസ്ഥിതിക ചിന്താഗതികളും, സദാചാര ബോധങ്ങളുമാണ് ഇവയില്‍ മുഴച്ചു നില്‍ക്കുന്നത്. 1956ൽ നടപ്പാക്കിയ ഇമ്മോറൽ ട്രാഫിക്ക് സപ്രഷൻ ആക്ട് വഴി വേശ്യാവൃത്തി ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്. എന്നാൽ ഒരു സ്ത്രീക്ക് തന്റെ ശരീരത്തെ സ്വകാര്യ വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാം. എന്നാൽ മറ്റാരെയെങ്കിലും ഇതിലേക്ക് ആകർഷിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വേശ്യാലയം നടത്തുക, ഇടനിലക്കാരനായി പ്രവർത്തിക്കുക, പെൺവാണിഭം നടത്തുക എന്നിവയും നിരോധിച്ചിട്ടുണ്ട്. വേശ്യാവൃത്തിയിൽ ഏർപ്പെടുന്നവർക്ക് പുറമെ ഇടപാടുകാരെയും ശിക്ഷിക്കാൻ വ്യവസ്ഥയുണ്ട്.
2018ല്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച മനുഷ്യകടത്ത് ബില്‍ (പ്രതിരോധം, സംരക്ഷണം, പുനരധിവാസം), ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് വ്യക്തവും സമഗ്രവുമായ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവയ്ക്കുന്നില്ല. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം വേശ്യാവൃത്തിക്ക് സന്നദ്ധരായവരുടെ സംരക്ഷണം അതത് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി നിഷ്കര്ഷിച്ചിരുന്നെങ്കിലും പൊലീസ്, ഏജന്റുമാര്‍, ക്ലൈന്റുകള്‍, ഗുണ്ടാ സംഘങ്ങള്‍ തുടങ്ങി പലരുടെയും അക്രമരാഹിത്യത്തിന് വിധേയരാവുകയാണ് ലൈംഗികത്തൊഴിലാളികള്‍.
എല്ലാ ലൈംഗികതൊഴിലാളികള്‍ക്കും വോട്ടര്‍ ഐഡി ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോടും, തിരഞ്ഞെടുപ്പ് കമ്മീഷനോടും സുപ്രീം കോടതി ശുപാര്‍ശ ചെയ്തിട്ട് ഒരു ദശാബ്ദം പിന്നിടുന്നു. ലൈംഗികതൊഴിലാളികള്‍ക്കിടയില്‍ റേഷന്‍ കാര്‍ഡുകളുടെ വിതരണം പ്രോത്സാഹിപ്പിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഈ നിമിഷം വരെ റേഷന്‍ കാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ് തുടങ്ങിയ അടിസ്ഥാനപരമായ അവകാശങ്ങളൊന്നും ലൈംഗിക തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടില്ല. നിയമം നിഷ്കര്‍ഷിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരുമ്പോള് അവര്‍ അയോഗ്യരാകുന്നു എന്നതാണ് കാരണം. ഇത്തരം ഡോക്യുമെന്റേഷനുകളുടെ അഭാവം, കോവിഡ് കാലത്ത് അവരെ പടുകുഴിയിലാക്കുകയാണ്.
അസംഘടിത മേഖലയ്ക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ നൽകുന്ന ആനുകൂല്യങ്ങൾ ലൈംഗികത്തൊഴിലാളിലേക്കും വ്യാപിപ്പിക്കുക, വാടകവീടുകളിൽ താമസിക്കുന്നവരുടെ വാടക എഴുതിത്തള്ളുക, സൗജന്യ റേഷന്‍ ലഭ്യമാക്കുക എന്നിവയാണ് ഈ പ്രതിസന്ധിഘട്ടത്തെ മറികടക്കാന്‍ ലൈംഗിക തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. പട്ടിണിയും പരിവട്ടങ്ങളും അതിജീവിക്കാന്‍ ലൈംഗിക വൃത്തി ജീവിതമാര്ഗ്ഗമാക്കിയവരാണ് ഇവരില്‍ മിക്കവരും. സാമൂഹിക പരിഗണന ഒട്ടും തന്നെ ലഭിക്കാത്ത, അവഗണനയുടെയും അവജ്ഞയുടെ പടുകുഴിയിലേക്ക് സ്വയം അര്‍പ്പിക്കുന്ന ഇവരും മനുഷ്യരാണ്. അടിസ്ഥാന സൗകര്യങ്ങള്‍ അനുഭവിക്കാനും അദ്ധ്വാനിച്ച് ജീവിക്കാനും അവകാശമുള്ളവരാണ്.