ബെയ്റൂട്ട്: ബെയ്റൂട്ടിലെ സ്ഫോടനത്തിനു പിന്നാലെ ലെബനനില്‍ നടക്കുന്ന പ്രക്ഷോഭം തുടരുന്നു. ഞായറാഴ്ച ബെയ്റൂട്ടിലെ പാര്‍ലമെന്റിലേക്ക് നടന്ന പ്രതിഷേധത്തില്‍ പൊലീസിനു നേരെ കല്ലേറുണ്ടായി. തുടര്‍ന്ന് പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു.
സ്ഫോടനത്തിനു പിന്നാലെ വാര്‍ത്താ വിനിമയ മന്ത്രിയും പരിസ്ഥിതി മന്ത്രി ദാമിനൊസ് കട്ടറും രാജി വെച്ചിരുന്നു. കൂടാതെ പാര്‍ലമെന്റിലെ ഒമ്പത് എംപിമാരും രാജിവെച്ചു.
ലെബനനില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം രഷ്ട്രീയവല്‍ക്കരിക്കരുതെന്നാവശ്യപ്പെട്ട് ഇറാന് രംഗത്തെത്തിയിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം ശ്രദ്ധാപൂര്‍വ്വം അന്വേഷിക്കണമെന്നും ഇറാന് വിദേശ കാര്യമന്ത്രി അബ്ബാസ് മൗസവി അഭിപ്രായപ്പെട്ടു. ഒപ്പം ലെബനനു മേല്‍ അമേരിക്ക ചുമത്തിയ വിലക്കുകള്‍ നീക്കണമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.
‘ ലെബനനിലേക്കുള്ള സഹായ വാഗ്ദാനത്തില്‍ അമേരിക്ക സത്യസന്ധത പുലര്‍ത്തുന്നുണ്ടെങ്കില്‍ അവര്‍ ഉപരോധം പിന്‍വലിക്കണം,’ അബ്ബാസ് മൗസവി പറഞ്ഞു. ലെബനനു സാമ്പത്തിക സഹായം അമേരിക്ക നല്‍കുമെന്നാണ് പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഫ്രാന്‍സിന്റെയും യു.എന്നിന്റെയും നേതൃത്വത്തില്‍ നടന്ന വിര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ 300 മില്യണ്‍ ഡോളര്‍ ലെബനന് പ്രഖ്യാപിച്ചിട്ടുണ്ട്.