ജോധ്പുര്‍: പാകിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ഥി കുടുംബത്തിലെ 11 പേരെ ജോധ്പുരിനടുത്തുള്ള ഫാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. നാല് സ്ത്രീകള്‍, അഞ്ച് കുട്ടികള്‍, രണ്ട് പുരുഷന്മാര് എന്നിവരാണ് മരിച്ചത്.
കുടുംബത്തിലെ മറ്റൊരംഗത്തിന് അപകടമൊന്നുമില്ല, അദ്ദേഹം കുടിലിന് പുറത്തായിരുന്നു കിടന്നുറങ്ങിയത്. ജോധ്പുരില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ ദെച്ചു ഏരിയയിലെ ലോഡ്ത ഗ്രാമത്തിലായിരുന്നു ഇവര്‍ കുടില്‍കെട്ടി താമസിച്ചിരുന്നത്. എന്താണ് സംഭവിച്ചതെന്നത് വ്യക്തമായിട്ടില്ലെന്നും ശനിയാഴ്ച രാത്രിയാണ് ഇവര്‍ മരിച്ചതെന്നും എസ്പി രാഹുല്‍ ബര്‍ഹത് മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹങ്ങളില്‍ പരിക്കേറ്റ അടയാളങ്ങളൊന്നുമില്ല.
വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 2015ലാണ് കുടുംബം ദീര്‍ഘകാലത്തേക്ക് വിസയെടുത്ത് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്ന് ഇവിടെയെത്തുന്നത്. ഭില്‍ സമുദായത്തിലുള്പ്പെട്ടവരാണ് ഇവര്‍ കഴിഞ്ഞ ആറ് മാസമായി പാട്ടകൃഷി ചെയ്യുകയായിരുന്നു. അശോക് ഗെലോട്ട് ഭരണത്തിന്റെ നേര് ചിത്രമാണ് അഭയാര്‍ത്ഥി കുടുംബത്തിന്റെ മരണമെന്ന് ബിജെപി നേതാവും എംപിയുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ആരോപിച്ചു.