ന്യൂഡല്‍ഹി: റിപോ, റിവേഴ്സ് റിപോ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. റിപോ നിരക്ക് നാലു ശതമാനത്തില്‍ തുടരും. റിവേഴ്സ് റിപോ നിരക്ക് 3.3ശതമാനം ആയി തുടരും. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച നെഗറ്റീവ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കോവിഡ് -19 മായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ ഈ സാഹചര്യത്തെ മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിക്കുശേഷം ഇതുവരെ റിപോ നിരക്കില്‍ 1.15ശതമാനം(115 ബേസിസ് പോയന്റ്) കുറവുവരുത്തിയിരുന്നു. വിപണിയില്‍ പണലഭ്യത ഉറപ്പാക്കാനുള്ള നിരവധി നടപടകളും കോവിഡ് കാലത്ത് ആര്‍ബിഐ സ്വീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നിരക്കുകളില്‍ തല്ക്കാലം മാറ്റംവരുത്തേണ്ടെന്ന് ആര്‍ബിഐ തീരുമാനിച്ചത്. മെയിലാണ് 40 ബേസിസ് പോയന്റ് കുറച്ച് റിപ്പോ നിരക്ക് നാലുശതമാനമാക്കിയത്.
ആഗോള സാമ്പത്തിക മേഖല ദുര്‍ബലമായി തുടരുകയാണ്. എന്നാല്‍ ധനവിപണിയിലെ മാറ്റം ശുഭസൂചകമാണെന്നും യോഗത്തിനുശേഷം ശക്തികാന്ത ദാസ് പറഞ്ഞു. രാജ്യത്തെ യഥാര്‍ഥ ജിഡിപി വളര്‍ച്ച നെഗറ്റീവിലാണെങ്കിലും കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ അനുകൂല സൂചനകളാണ് വിപണിയി ല്‍നിന്ന് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
2021 ന്റെ രണ്ടാം പാദം വരെ പണപ്പെരുപ്പം ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും മോണിറ്ററി കമ്മിറ്റി വിലയിരുത്തി. നിലവിലെ സ്ഥിതി തുടരാന്‍ മോണിറ്ററി പോളിസി കമ്മിറ്റി ഐകകണ്ഠേന തീരുമാനിക്കുകയായിരുന്നു. ഓഗസ്റ്റ് 4 നാണ് എംപിസി മൂന്ന് ദിവസത്തെ യോഗം വിളിച്ചത്.