അയോദ്ധ്യയില്‍ ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രനിർമ്മാണത്തിനുള്ള പണിയാരംഭിക്കുകയാണ്. കേന്ദ്ര സർക്കാർ ഹിന്ദുത്വ ആഘോഷമായും ന്യൂനപക്ഷങ്ങൾക്കും മതനിരപേക്ഷതയ്ക്കുമെതിരായ വിജയാഹ്ലാദമായുമാണ് ക്ഷേത്രത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങളെ വ്യാഖ്യാനിക്കുന്നത്. ഇത് രാജ്യത്തിൻ്റെ മതനിരപേക്ഷ ജനാധിപത്യ ഘടനക്കു നേരെ മതരാഷ്ട്രവാദത്തിൻ്റെ ആസന്ന ഭീഷണിയാവുകയാണ്. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്ര മീമാംസകര്‍ അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത വിളിച്ചു പറയുമ്പോള്‍, ചരിത്രത്താളുകള്‍ നമുക്ക് പുറകോട്ട് മറിക്കാം. മിർ ബഖി മുതല്‍ നരേന്ദ്രമോദി വരെ അയോദ്ധ്യയെന്ന പുണ്യ ഭൂമി സാക്ഷിയായ മതമൗലികവാദങ്ങളുടെ പോറലുകള്‍ എന്തൊക്കെയെന്നറിയാന്‍.
1528 : മുഗൾ ചക്രവർത്തിയായിരുന്ന ബാബറിന്റെ സൈന്യാധിപൻ മിർ ബഖി ബാബറി മസ്‌ജിദ് പണി കഴിപ്പിച്ചു.
1885 : ഫൈസാബാദ് കോടതിയിൽ മഹന്ത് രഘുബീർ ദാസ് ബാബറി മസ്‌ജിദിനു സമീപം പന്തൽ കെട്ടാൻ കോടതിയോടു അനുമതി ചോദിച്ചു. കോടതി ആവശ്യം തള്ളി.
1949 ഡിസംബർ 22,23 : പള്ളിക്കകത്ത് രാമന്റെ ചിത്രം പ്രത്യക്ഷപ്പെടുന്നു. അഭുറാം ദാസ് എന്ന സന്ന്യാസിയുടെ നേതൃത്വത്തിൽ അറുപതോളം പേർ ചേർന്നാണ് വിഗ്രഹം സ്ഥാപിച്ചത്. ഈ വിവരം സംസ്ഥാന സർക്കാരിന് മുൻകൂട്ടി അറിയാമായിരുന്നു. ഹിന്ദുക്കളാണ് ഇത് സ്ഥാപിച്ചതെന്ന ആരോപണം വന്നതോടെ ഈ സ്ഥലം തർക്കഭൂമിയായി സർക്കാർ രേഖപ്പെടുത്തി. പള്ളി പൂട്ടി. ആരാധനയ്ക്കും വിഗ്രഹങ്ങൾ വയ്ക്കാനും അനുമതി തേടി പരമഹംസ രാമചന്ദ്ര ദാസ് കോടതിയിൽ ഹർജി സമർപ്പിച്ചു. ഇത് കോടതി അംഗീകരിച്ചു മതിൽക്കെട്ടിനു പുറത്ത് പ്രാർത്ഥന അനുവദിച്ചു.
1949 ഡിസംബർ 26 : ഫൈസാബാദ് ഡെപ്യൂട്ടി കമീഷണറായ കെ കെ നായർ എന്ന ഹൈന്ദവപക്ഷപാതിയായ മലയാളി ഓഫീസർ ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്തിൽ വിഗ്രഹം നീക്കം ചെയ്താൽ അത് ഭരണത്തകർച്ചയ്ക്കും അനിശ്ചിതത്വത്തിനും കാരണമാകുമെന്ന് അറിയിച്ചു. വിഗ്രഹം മാറ്റി സ്ഥാപിക്കുന്നതിന് ഒരു പൂജാരിയും സമ്മതിച്ചില്ലെന്നും നായർ കത്തിൽ പരാമർശിച്ചു. തുടർന്ന് തർക്കസ്ഥലത്തിന്റെ ഭരണം ഫൈസാബാദ് മുൻസിപ്പൽ ബോർഡ് ചെയർമാൻ പ്രിയദത്ത രാമിനെ ഏൽപ്പിച്ച് പൂട്ടിയിടാൻ തീരുമാനായി.
1950 : കേസിലെ പ്രധാന കക്ഷികളിലാരാളായ നിർമോഹി അഖാര മസ്‌ജിദിൽ പ്രാർത്ഥന നടത്തണമെന്നാവശ്യപ്പെട്ട് വീണ്ടും കോടതിയിൽ ഹർജി സമർപ്പിച്ചു.
1961: ബാബറി മസ്‌ജിദിൽ വിഗ്രഹങ്ങൾ വയ്ക്കുന്നതിനെതിരെ സുന്നി വഖഫ് ബോർഡ് ഹർജി സമർപ്പിച്ചു. പള്ളിക്കു ചുറ്റുമുള്ള സ്ഥലം ശ്മാശനമായിരുന്നു എന്ന് കാണിച്ചായിരുന്നു ഹർജി.
1981: ഉത്തർ പ്രദേശിലെ സുന്നി വഖാഫ് ബോർഡ് സ്ഥലത്തിന്റെ അവകാശം ഉന്നയിച്ചു ഹർജി സമർപ്പിച്ചു.
1984 : പള്ളി നിലനിൽക്കുന്ന സ്ഥലത്തിന്റെ ഉടമവസ്ഥവകാശത്തിനായി വിശ്വ ഹിന്ദു പരിഷത്ത് സംഘടന രൂപീകരിച്ചു. എൽ കെ അദ്വാനിയായിരുന്നു ഇതിന്റെ നേതാവ്.
1986 ഫെബ്രുവരി 1: ള്ളി ഹിന്ദു വിശ്വാസികൾക്കായി തുറന്നു കൊടുക്കണമെന്ന് ഫൈസാബാദ് ജില്ലാ കോടതി ഉത്തരവിട്ടു. അഭിഭാഷകൻ കൊടുത്ത ഹർജിയിൽ 24 മണിക്കൂറിനകമാണ് തർക്കഭൂമി തുറന്നു കൊടുക്കാൻ കോടതി ഉത്തരവിട്ടത്. ഉത്തരവ് കിട്ടി നാൽപ്പതു മിനിറ്റിനകം തുറന്നു. ഇതേസമയം ചടങ്ങ് പകർത്താൻ ദൂരദർശൻ സ്ഥലത്തെത്തിയത് വിവാദമായിരുന്നു. ഇതിനോടനുബന്ധിച്ച് മുസ്ലീം വിഭാഗം ബാബറി മസ്‌ജിദ് ആക്ഷൻ കമ്മറ്റി രൂപീകരിച്ചു.
1989 ഒക്‌ടോബർ 13 : തർക്കസ്ഥലത്ത് ശിലാന്യാസം നടത്താൻ അനുവദിക്കരുതെന്ന നിയമം പാർലിമെന്റ് പാസാക്കി.
1989 : മതിൽക്കെട്ടിനകത്ത് ശിലാന്യാസം നടത്തുന്നതിന് ഹിന്ദുക്കൾക്ക് പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുമതി നൽകി. തുടർന്ന് കേസ് ഹൈക്കോടതിയിലേക്ക് മാറി.
1990 : നവംബറിൽ എൽ കെ അദ്വാനിയുടെ രഥയാത്ര ബിഹാറിൽ തടയുകയും അദ്വാനിയെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് വി പി സിംഗ് മന്ത്രിസഭയ്ക്കുള്ള പിന്തുണ ബിജെപി പിൻവലിച്ചു. ആരാധനയ്ക്കായി തർക്കഭൂമി തുറന്നുകൊടുത്തില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ദിഗംബർ അകാസയുടെ മേധാവി രാമചന്ദ്രപരമഹംസ ഭീഷണി മുഴക്കി. 1991 ഉത്തർ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടി.
1991: കല്ല്യാൺ സിങ് സർക്കാർ ഉത്തർ പ്രദേശിൽ അധികാരത്തിൽ വരുന്നു. തർക്കഭൂമിയായ 2.77 ഏക്കർ സ്ഥലം രാം ജന്മഭൂമി ന്യായ് ട്രസ്റ്റിന് പാട്ടത്തിനു നൽകുന്നു. അലഹബാദ് ഹൈക്കോടതി തർക്കഭൂമിയിൽ പുതിയതായി യാതൊരു നിർമാണവും പടില്ലെന്ന് ഉത്തരവിറക്കി. എന്നാൽ കല്ല്യാൺ സിങ് രാമക്ഷേത്ര നിർമാണത്തെ പരസ്യമായി പിന്തുണച്ചു.
1992 ഡിസംബർ 6 : 150,000 ഓളം വരുന്ന കർസേവകർ ബാബറി മസ്‌ജിദ് തകർത്തു.ഇവിടെ ക്ഷേത്രം പണിയുകയും ചെയ്തു. പി വി നരസിംഹ റാവു സർക്കാർ ഇതിനെതിരെ കോടതിയെ സമീപിച്ചു.
1992 ഡിസംബർ 16 : ബാബറി മസ്‌ജിദ് തകർത്തു 10 ദിവസം കഴിഞ്ഞ് പിവി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അന്വേഷണം പ്രഖ്യാപിക്കുന്നു. ജസ്റ്റിസ് ലിബെർഹാൻ അദ്ധ്യക്ഷനായ കമീഷന് അന്വേഷണ ചുമതല.
1993 : രൂപീകരിച്ചു മൂന്നു മാസത്തിനു ശേഷം ലിബെർഹാൻ കമീഷൻ കേസിൽ അന്വേഷണം ആരംഭിക്കുന്നു.
1993 ഏപ്രിൽ 3 : അയോധ്യ തർക്കഭൂമി ഏറ്റെടുക്കൽ നിയമം (അക്വിസിഷൻ ഓഫ് സെർട്ടൻ ഏരിയ അറ്റ് അയോധ്യ ആക്‌ട്) പാസാക്കി
1994 ഒക്‌ടോബർ 24 : ഇസ്‌മയിൽ ഫറൂഖി കേസിൽ ബാബറി മസ്‌ജിദ് അഭിഭാജ്യ ഘടകമല്ലെന്ന് പറയുന്നു.
2002 ഏപ്രിൽ : അലഹബാദ് ഹൈക്കോടതി ബെഞ്ച് കേസിൽ വാദം കേൾക്കാനാരംഭിച്ചു.
2003 മാർച്ച് 5 : അലഹബാദ് ഹൈക്കോടതി പുരാവസ്തു ഗവേഷകരോട് സ്ഥലത്ത് പരിശോധന നടത്തി പള്ളിയുടെ ഭൂമിയാണോ ക്ഷേത്ര ഭൂമിയാണോ എന്ന് കണ്ടെത്താൻ ഉത്തരവിട്ടു.
2003 മാർച്ച് 13 : അസ്ലാം ഏലിയാസ് ബുരേ കേസിൽ, തർക്കഭൂമിയിൽ യാതൊരു തരത്തിലുമുള്ള മതാചാരങ്ങളും പാടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
2003 ആഗസ്ത് 22 : പള്ളിയുടെ അവശിഷ്‌ടങ്ങൾക്കു താഴെ പത്താം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതെന്നു കരുതുന്ന ക്ഷേത്ര അവശിഷ്‌ടങ്ങൾ കണ്ടെത്തിയെന്ന റിപ്പോർട്ട് പുരാവസ്തു ഗവേഷകർ ഹൈക്കോടതിയിൽ സമർപ്പിച്ചു.
2003 ആഗസ്ത് 31: ഈ റിപ്പോർട്ടിനെതിരെ അവകാശവാദവുമായി മുസ്ലീം വ്യക്തിനിയമ ബോർഡ് രംഗത്തെത്തി.
2009 ജൂൺ : ബാബറി മസ്‌ജിദ് തകർത്തതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ലിബെർഹാൻ കമീഷൻ സമർപ്പിക്കുന്നു. ബിജെപി നേതാക്കളുടെ പങ്കിനെപ്പറ്റി പരാമർശിച്ച റിപ്പോർട്ടിനെത്തുടർന്ന് പാർലിമെന്റിൽ പ്രതിപക്ഷം പ്രതിഷേധിച്ചു.
2010 ജൂലൈ 26 : പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് കോടതി നിർദേശിച്ചെങ്കിലും ഇരുവിഭാഗവും തയ്യാറായില്ല.
2010 സെപ്‌തംബർ 8 : സെപ്‌തംബർ 24ന് വിധി പ്രസ്‌താവിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.
2010 സെപ്‌തംബർ 14 : ഹൈക്കോടതി വിധി പുറപ്പെടുവിക്കുന്നതിനെതിരെ റിട്ട് ഹർജി സമർപ്പിച്ചുവെങ്കിലും ഇത് തള്ളി. കേസ് കോടതിയ്ക്കു പുറത്ത് ഒത്തുതീർക്കണമെന്ന ആവശ്യം സുപ്രീം കോടതിയിൽ. 28ന് ശേഷം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
2010 സെപ്‌തംബർ 28 : കേസിൽ വിധി പറയാൻ അലഹബാദ് കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
2010 സെപ്‌തംബർ 30 : തർക്കഭൂമി മൂന്നായി വിഭജിച്ച് സുന്നി വഖഫ് ബോർഡിനും, നിർമോഹി അകോറയ്ക്കും റാം ലല്ലയ്ക്കും നൽകാൻ കോടതി വിധി പ്രസ്‌താവിച്ചു. എസ് യു ഖാൻ, സുധീർ അഗർവാൾ സിവി ശർമ എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു വിധി പ്രസ്‌താവിച്ചത്.
2011 മാർച്ച് 4 : ബാബറി മസ്‌ജിദ് തകർത്തതുമായി ബന്ധപ്പെട്ട ക്രിമിനൽ ഗൂഡാലോചനക്കേസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജിയിൽ എൽ കെ അദ്വാനിയടക്കം 21 സംഘപരിവാർ നേതാക്കൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
2011 മെയ് : തർക്കഭൂമി മൂന്നായി വിഭജിക്കണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു.
2015 : രാമക്ഷേത്രം നിർമിക്കാനായി രാജ്യം മുഴുവനും ഇഷ്‌ടികകൾ ശേഖരിക്കാൻ പോകുന്നുവെന്ന് വിശ്വ ഹിന്ദു പരിഷത്ത് അറിയിച്ചു. ആറു മാസത്തിനു ശേഷം ഡിസംബറിൽ തർക്കൂഭൂമിയിൽ രണ്ട് ലോഡ് നിറയെ ഇഷ്‌ടികകളുമായി ലോറിയെത്തി. ക്ഷേത്രം നിർമിക്കാനായി മോദി സർക്കാർ അനുവാദം നൽകിയിട്ടുണ്ടെന്ന് മഹന്ത് നൃത്ത്യ ഗോപാൽ പറഞ്ഞു. എന്നാൽ, അയോദ്ധ്യയിൽ അത്തരത്തിലൊരു നീക്കം അനുവദിക്കില്ലെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു.
2017 മാർച്ച് 21: ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ജെ എസ് ഖേഹർ കോടതിയ്ക്കു പുറത്തു പ്രശ്‌നം ഒത്തുതീർപ്പാക്കാൻ നിർദേശിക്കുന്നു.
2017 ആഗസ്ത് 7 : 1994ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജികൾ കേൾക്കാനായി സുപ്രീം കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചു.
2017 ആഗസ്ത് 8 : തർക്കഭൂമിയിൽ നിന്നും മാറി മുസ്ലീം വിഭാഗം കൂടുതൽ ഉള്ള സ്ഥലത്ത് പള്ളി നിർമ്മിക്കാമെന്ന് ഷിയ സെൻട്രൽ വഖഫ് ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു.
2017 നവംബർ 20 : ക്ഷേത്രം അയോദ്ധ്യയിലും പള്ളി ലഖ്‌നൗവിലും നിർമിക്കാമെന്ന് ഉത്തർപ്രദേശ് ഷിയ സെൻട്രൽ വഖഫ് ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു.
2017 ഡിസംബർ 1: അലഹാബാദ് വിധിക്കെതിരെ പൗരവകാശ പ്രവർത്തകരുടെ 32 ഹർജികൾ സുപ്രീം കോടതിയിൽ.
2017 ഡിസംബർ 5: മുൻ ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര, ജസ്റ്റിസ് അശോക് ഭൂഷൺ, എസ് അബ്‌ദുൾ നസീർ എന്നിവരടങ്ങുന്ന മൂന്നംഗ സംഘം അയോദ്ധ്യ കേസിലുള്ള 32 ഹർജികളുടെ അവസാന വാദം കേൾക്കാൻ തുടങ്ങി.
2018 ഫെബ്രുവരി 8 : സുപ്രീം കോടതി അപ്പീലുകൾക്കുമേലുള്ള വാദം കേൾക്കാൻ ആരംഭിച്ചു.
2018 മാർച്ച് 14 : സുപ്രീം കോടതി ഇടക്കാല ഹർജികൾ തള്ളി.
2018ഏപ്രിൽ 6 : രാജീവ് ധവാൻ 1994 ലെ അലഹാബാദ് വിധിയിൽ പരാമർശിച്ച കാര്യങ്ങൾ പരിഗണിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. കൂടുതൽ അംഗങ്ങളുള്ള ബെഞ്ചിലേക്ക് കേസ് മാറ്റണമെന്നായിരുന്നു ആവശ്യം.
2018 ജൂലൈ 20 : സുപ്രീം കോടതി വിധി പറയാൻ മാറ്റി വച്ചു.
2018 സെപതംബർ 27 : പുതിയ ബെഞ്ചിലേക്ക് കേസ് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഒക്‌ടോബർ 29ന് പുതിയതായി രൂപീകരിച്ച ബെഞ്ച് കേസ് പരിഗണിക്കുമെന്ന് വ്യക്തമാക്കി.
2018 ഡിസംബർ 24 : ജനുവരി നാലിന് ഹർജികൾ പരിഗണിക്കുമെന്ന് അറിയിച്ചു.
2019 ജനുവരി 4 : സിജെഐയുടെ രണ്ടംഗ ബെഞ്ച് അപ്പീലുകർ പരിഗണിക്കുന്നതിന് അനുയോജ്യമായ ബെഞ്ച് രൂപീകരിക്കുമെന്നറിയിച്ചു.
2019 ജനുവരി 8 : ചീഫ് ജസ്റ്റിസ് അടങ്ങുന്ന അഞ്ചംഗ ബെഞ്ച് ജനുവരി 10ന് അപ്പീലുകൾ പരിഗണിക്കുമെന്ന് അറിയിച്ചു.
2019 ജനുവരി 10 : ജസ്റ്റിസ് യു യു ലളിത് ബെഞ്ചിൽ നിന്നും പിന്മാറി.
2019 ജനുവരി 25 : ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ജസ്റ്റിസ് എസ് എ ബോബ്‌ഡെ, എൻ വി രമണ, യു യു ലളിത്, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിധി കേൾക്കാനായി നിയമിച്ചു.
2019 ജനുവരി 29 : ജസ്റ്റിസ് ബോബ്‌ഡെ മെഡിക്കൽ ലീവിൽ പോയതിനാൽ കേസിന്റെ വാദം കേൾക്കാൻ കാലതാമസമുണ്ടായി. ജസ്റ്റിസ് അശോക് ഭൂഷൺ എസ് അബ്‌ദുൾ നസീർ എന്നിവരെ മാറ്റി ജസറ്റിസ് എൻ വി രമണ, യു യു ലളിത് എന്നിവരെ ബെഞ്ചിൽ ഉൾപ്പെടുത്തി. കേന്ദ്രസർക്കാർ തർക്കഭൂമിയായ 69 ഏക്കർ സ്ഥലം യഥാർഥ ഉടമസ്ഥർക്ക് നൽകണമെന്നാപേക്ഷിച്ച് സുപ്രീം കോടതിയെ സമീപിച്ചു.
2019 ഫെബ്രുവരി 20 : അയോദ്ധ്യ ബെഞ്ച് ഫെബ്രുവരി 26നു കൂടുമെന്ന് സർക്കുലർ ഇറങ്ങി.
2019 ഫെബ്രുവരി 26 : സുപ്രീം കോടതിയുടെ നിരീക്ഷണത്തിലുള്ള മദ്ധ്യസ്ഥത ചർച്ചയ്ക്കു നിർദേശിച്ചു.
2019 മാർച്ച് 8 : കേസ് മദ്ധ്യസ്ഥ ചർച്ചയ്ക്കായി കോടതി വിട്ടു. ജസ്റ്റിസ് എഫ്‌എംഐ ഖലീഫുള്ള ചെയർമാനും ശ്രീ ശ്രീ രവിശങ്കറും മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചുവുമായിരുന്നു അംഗങ്ങൾ.
2019 ഏപ്രിൽ 9 : അയോദ്ധ്യ ഭൂമി യഥാർഥ ഉടമസ്ഥർക്കു തിരിച്ചു കൊടുക്കണമെന്നു ആവശ്യപ്പെട്ട ഹർജിക്കെതിരെ നിർമൽ അഖാര ഹർജി സമർപ്പിക്കുന്നു.
2019 മെയ് 9 : മൂന്നംഗ ഇടക്കാല മദ്ധ്യസ്ഥ സമിതി സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നു.
2019 മെയ് 10 : മദ്ധ്യസ്ഥ ചർച്ച ആഗസ്ത് 15 വരെ സുപ്രീം കോടതി നീട്ടി നൽകുന്നു.
2019 ജൂലൈ 11: മദ്ധ്യസ്ഥ ചർച്ച എവിടെ വരെയെത്തി എന്ന് കോടതി ആരായുന്നു.
2019 ആഗസ്‌ത് 1 : മദ്ധ്യസ്ഥ ചർച്ചയുടെ വിശാദാംശങ്ങൾ കോടതിയിൽ സമർപ്പിക്കുന്നു.
2019 ആഗസ്‌ത് 2 : അയോധ്യ കേസിൽ അന്തിമ ഒത്തുതീർപ്പിന് മദ്ധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടുവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച്; ആഗസ്റ്റ് 6 മുതൽ ദൈനംദിന അടിസ്ഥാനത്തിൽ അപ്പീലുകൾ കേൾക്കാൻ കോടതി.
2019 ആഗസ്‌ത് 6 : രാം ലല്ല, നിർമോഹി അഖാര, സുന്നി വഖഫ് ബോർഡ് എന്നിവയ്ക്കിടയിലുള്ള 2.77 ഏക്കർ രാമജന്മഭൂമി- ബാബറി മസ്ജിദ് ഭൂമിയുടെ ത്രിരാഷ്ട്ര വിഭജനത്തെ ചോദ്യം ചെയ്ത് ഹിന്ദു-മുസ്ലീം വിഭാഗങ്ങൾ സമർപ്പിച്ച ക്രോസ് അപ്പീലുകൾ ഭരണഘടനാ ബെഞ്ച് കേൾക്കാൻ തുടങ്ങി; നിർമോഹി അഖാര തർക്കസ്ഥലത്തിന് അവകാശവാദം ഉന്നയിക്കുന്നു.
2019 ആഗസ്ത് 7 : “യേശുക്രിസ്തു ജനിച്ചത് ബെത്‌ലഹേമിലാണോ… അത്തരമൊരു ചോദ്യം ഏതെങ്കിലും കോടതിയിൽ എപ്പോഴെങ്കിലും ഉയർന്നിട്ടുണ്ടോ, ” ജസ്റ്റിസ് എസ്എ ബോബ്ഡെ ചോദിക്കുന്നു; അചഞ്ചലമായ വിശ്വാസം രാമന്റെ ജന്മസ്ഥലത്തിന്റെ തെളിവാണെന്ന് രാം ലല്ലയുടെ അഭിഭാഷകൻ പറയുന്നു.
2019 ആഗസ്‌ത് 8 : ജന്മസ്ഥലത്തെ ഒരു ‘നിയമജ്ഞൻ’ ആയി കണക്കാക്കാമോ എന്ന് സുപ്രീം കോടതി ചോദിക്കുന്നു.
2019 ആഗസ്‌ത് 9 : വാദം കേൾക്കുന്നത് വേഗത്തിലാക്കുകയാണെങ്കിൽ “കോടതിയെ സഹായിക്കാൻ കഴിയില്ല” എന്ന് മുസ്ലീം വാദിഭാഗത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ പറഞ്ഞു.
2019 ആഗസ്‌ത് 13 : അയോദ്ധ്യ കേസിന്റെ വാദം പൂർത്തിയാക്കാൻ ഞങ്ങൾക്ക് തിടുക്കമില്ലെന്ന് സുപ്രീം കോടതിയുടെ മറുപടി.
2019 ആഗസ്‌ത് 14 : ഹിന്ദു പാർട്ടികളുടെ അഭിഭാഷകനോട് സുപ്രീം കോടതി ചോദ്യങ്ങൾ ഉന്നയിക്കുന്നു.
2019 ആഗസ്‌ത് 16 : ബാബറി മസ്ജിദ് ക്ഷേത്രത്തിന്റെ മുകളിലാണ് നിർമ്മിച്ചതെന്നതിന്റെ തെളിവുകൾ ഹാജരാക്കാൻ ഹിന്ദു വാദിഭാഗത്തിനോടു സുപ്രീം കോടതി ആവശ്യപ്പെട്ടു.
2019 ആഗസ്‌ത് 20 : പള്ളി സ്ലാബിലെ ലിഖിതത്തിൽ വിഷ്ണു ക്ഷേത്രത്തെക്കുറിച്ച് പരമർശമുള്ളതായി സുപ്രീം കോടതി അറിയിച്ചു.
2019 ആഗസ്ത് 21: ക്ഷേത്രം നിലനിന്നിരുന്നു എന്നതിന്റെ തെളിവുകൾ ഹാജരാക്കണമെന്ന് സുപ്രീം കോടതി അഭിഭാഷകരോട് പറയുന്നു.
2019 ആഗസ്‌ത് : രാമന്റെ ജന്മസ്ഥലമെന്ന് നൂറ്റാണ്ടുകളായി വിശ്വസിക്കപ്പെടുന്നിടത്ത് തടസ്സമില്ലാതെ ആരാധന നടത്താൻ ഹിന്ദുക്കൾക്ക് അവകാശമുണ്ടെന്ന് അപ്പീൽ ഗോപാൽ സിംഗ് വിശാരദ് കോടതിയെ അറിയിച്ചു.
2019 ആഗസ്‌ത് 23 : അയോദ്ധ്യ കേസ് ജഡ്ജിയുടെ സംരക്ഷണ അപേക്ഷയോട് പ്രതികരിക്കണമെന്ന് സുപ്രീം കോടതി ഉത്തർ പ്രദേശ് സർക്കാരിനോടാവശ്യപ്പെട്ടു.
2019 ആഗസ്‌ത് 28 : ബാബർ ചക്രവർത്തി മസ്ജിദ് പണിതിട്ടുണ്ടാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
2019 ആഗസ്‌ത് 30 : ബാബർ ചക്രവർത്തി ഒരു ആക്രമണകാരിയായിരുന്നുവെന്നും അധിനിവേശക്കാരന്റെ അവകാശങ്ങൾ സ്ഥാപനവൽക്കരിക്കാൻ നിയമം ഉപയോഗിക്കാൻ കഴിയില്ലെന്ന് ഹിന്ദു മഹാസഭ വാദിക്കുന്നു; തർക്കഭൂമി സംബന്ധിച്ച സുന്നി വിഭാഗത്തിന്റെ അവകാശവാദത്തെ ഷിയ വഖഫ് ബോർഡ് ചോദ്യം ചെയ്യുന്നു.
2019 സെപ്‌തംബർ 3 : 1949 ഡിസംബർ 22 മുതൽ 23 വരെയുള്ള രാത്രിയിൽ ബാബറി മസ്ജിദിനുള്ളിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചതാണ് കടുത്ത പിരിമുറുക്കങ്ങളുടെയും നിയമപോരാട്ടത്തിന്റെയും തുടക്കം കുറിച്ചതെന്ന് മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ അവകാശപ്പെടുന്നു. രാജീവ് ധവാനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ചെന്നൈ സ്വദേശിക്ക് സുപ്രീം കോടതി നോട്ടീസ്.
2019 സെപ്‌തംബർ 4 :ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ പള്ളി ക്ഷേത്രത്തിൽ ആരാധന നടത്തിയിരുന്നുവെന്ന് രാജീവ് ധവാൻ സുപ്രീം കോടതിയിൽ പറഞ്ഞു.
2019 സെപ്‌തംബർ 6 : അയോദ്ധ്യ ഭൂമിതർക്ക കേസിന്റെ തത്സമയ സംപ്രേഷണത്തിനുള്ള അപേക്ഷ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ കേൾക്കുന്നു,
2019 സെപ്‌തംബർ 14 : ഒരു ഭക്തന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി,
2019 സെപ്‌തംബർ 16 : ചർച്ച പുനരാരംഭിക്കണമെന്ന് അയോദ്ധ്യയിലെ കക്ഷികൾ ആഗ്രഹിക്കുന്നുവെന്ന് മധ്യസ്ഥ പാനൽ സുപ്രീം കോടതിയെ അറിയിച്ചു,
2019 സെപ്‌തംബർ 17 : ഹിന്ദു വാദിഭാഗത്തിന്റെ വാദങ്ങൾ നിയമപരതയേക്കാളും തെളിവുകളേക്കാളും ദൈവശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് രാജീവ് ധവാൻ പറയുന്നു,
2019 സെപ്‌തംബർ 18 :അയോദ്ധ്യ കേസിൽ കേന്ദ്രബിന്ദുവായി രാം ചബുത്ര മാറുന്നു. കക്ഷികളുമായി ചർച്ച പുനരാരംഭിക്കാൻ സുപ്രീം കോടതി മധ്യസ്ഥ സമിതിയെ അനുവദിക്കുന്നു. കേസിൽ എല്ലാ വാദങ്ങളും പൂർത്തീകരിക്കുന്നതിന് ഒക്ടോബർ 18 ന് സമയപരിധി നിശ്ചയിക്കുന്നു, നവംബർ മധ്യത്തിൽ വിധി വരാനുള്ള സാധ്യതയും ഉയർന്നു.
2019 സെപ്‌തംബർ 19 : അയോദ്ധ്യ ഭൂമി തർക്ക കേസിൽ നിലപാട് ദുർബലപ്പെടുത്തുകയാണെന്ന റിപ്പോർട്ടുകൾ ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ് നിഷേധിച്ചു,
2019 സെപ്‌തംബർ 20 : സാധാരണ കോടതി സമയത്തിന് ശേഷം സെപ്റ്റംബർ 23 ന് വൈകുന്നേരം 5 മണി വരെ കേസ് പരിഗണിക്കാൻ ബെഞ്ച് തീരുമാനിക്കുന്നു.
2019 സെപ്‌തംബർ 23 : രാമജന്മഭൂമിയിൽ ഹിന്ദുക്കളുടെ വിശ്വാസം ദൃഢമായിരുന്നുവെന്നും അവരുടെ വിശ്വാസത്തെ തള്ളിപ്പറയുക ബുദ്ധിമുട്ടാണെന്നും ബെഞ്ച് പറയുന്നു.
2019 സെപ്‌തംബർ24 : രാമൻ അയോദ്ധ്യയിൽ ജനിച്ചുവെന്നും രാം ചബുത്ര എന്നത് കൃത്യമായ ജനന സ്ഥലമാണെന്ന് അംഗീകരിക്കുന്നതായും അയോദ്ധ്യ കേസിൽ മുസ്ലീം വിഭാഗം പറയുന്നു.
2019 സെപ്‌തംബർ 25 : 2003 ലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ബാബറി മസ്ജിദ് പ്രദേശത്ത് നടത്തിയ ഖനനത്തിൽ, ബാബറി മസ്ജിദിന് നിർമിക്കുന്നതിന് മുൻപ് ക്ഷേത്രം നിലനിന്നിരുന്നതായുള്ള റിപ്പോർട്ട് സമര്‍പ്പിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ടിൽ ബലഹീനതകളും പൊരുത്തക്കേടുകളുമുണ്ടെന്ന് മുസ്‌ലിം വാദിഭാഗം വാദിക്കുന്ന. ഇത് സംബന്ധിച്ച വിയോജിപ്പ് അലഹബാദ് കോടതിയിൽ അറിയിക്കണമായിരുന്നുവെന്നു സുപ്രീം കോടതി പറയുന്നു.
2019 സെപ്‌തംബർ 26 : ബാബറി മസ്ജിദിന്റെ ചരിത്രം അവശിഷ്ടങ്ങളിൽ നിന്ന് പുനർനിർമിക്കാനാകുമെന്ന് കോടതിക്ക് പ്രതീക്ഷയില്ലെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) കണ്ടെത്തലുകൾ “ആധികാരികം” ആയിരിക്കില്ലെന്നും സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞു.
2019 സെപ്‌തംബർ 30 : തർക്ക ഭൂമി ദിവ്യമാണെന്ന് ഹിന്ദുക്കൾ വാദിക്കുന്നത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി അഭിഭാഷകനോട് ചോദിച്ചു.
2019 ഒക്‌ടോബർ 14 : 1992ൽ കർ സേവകർ പൊളിച്ചുമാറ്റിയ ബാബറി മസ്ജിദിന്റെ കേന്ദ്ര താഴികക്കുടത്തിന് കീഴിലാണ് രാമൻ ജനിച്ചതെന്ന വാദത്തിൽ അയോദ്ധ്യ ഭൂമിയുടെ ഉടമസ്ഥാവകാശം ഹിന്ദുക്കൾക്ക് നൽകാനാവില്ലെന്ന് മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ സുപ്രീം കോടതി ബെഞ്ചിനെ അറിയിച്ചു.
2019 ഒക്‌ടോബർ 15 : 40 ദിവസത്തെ മാരത്തൺ ഹിയറിംഗിന് ശേഷം അയോദ്ധ്യ വിധി സുപ്രീം കോടതിയിൽ പൂർത്തിയായി. അയോധ്യ മധ്യസ്ഥ പാനൽ സുപ്രീം കോടതിയിൽ സെറ്റിൽമെന്റ് രേഖ ഫയൽ ചെയ്യുന്നു.
2019 ഒക്‌ടോബർ 16 : സുപ്രീം കോടതി വാദം പൂർത്തിയാക്കി. കേസ് വിധി പറയാനായി മാറ്റി വച്ചു.
2019 നവംബര്‍ 16 : അയോദ്ധ്യ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാം, അവകാശം കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന്. മുസ്‌ലിം പള്ളി നിര്‍മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് തര്‍ക്കഭൂമിക്ക് പുറത്ത് അഞ്ചേക്കര്‍. തര്‍ക്കഭൂമിയില്‍ അവകാശം തെളിയിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ല.
ജ