കാലുറപ്പിച്ച മണ്ണിനും, തണലാകുന്ന മരങ്ങള്‍ക്കും, സഹജീവികള്‍ക്കൊപ്പമുള്ള നിലനില്‍പ്പിനും വേണ്ടിയുള്ള പോരാട്ട സ്വരങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ത്വര, അവരെ സമരവഴിയിലേക്ക് നയിച്ച ചൂഷകവര്‍ഗത്തിന്റെ സത്തയാണ്. തങ്ങളുടെ ഭൂമിക്കും പരിസ്ഥിതിക്കും വേണ്ടി നിലകൊണ്ട 212 സമരനായകരാണ് കഴിഞ്ഞ വര്‍ഷം വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ടതെന്ന് മനുഷ്യാവകാശ സംഘടനയായ ഗ്ലോബല്‍ വിറ്റ്നെസ് പുറത്തുവിടുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. പരിസ്ഥിതിക്ക് ദോഷകരമായതും കാലാവസ്ഥയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമായ ദുഷ്പ്രവൃത്തികള്‍ തടഞ്ഞതിനും അതിനെതിരെ പ്രതികരിച്ചതിനുമാണ് നൂറുകണക്കിന് ജീവനുകള്‍ രക്തസാക്ഷികളായതെന്ന വസ്തുതയാണ് ചര്‍ച്ചകള്‍ക്ക് വഴി മാറേണ്ടത്.
2018ല്‍ 164 പേരാണ് മണ്ണും, മഴയും, തണലും, പ്രകൃതിയും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ജീവന് ബലികൊടുത്തത്. 2019 ആകുമ്പോഴേക്കും ഇത് 30 ശതമാനമായി വര്‍ദ്ധിച്ചു. ഓരോ ആഴ്ചയിലും നാലിലേറെപ്പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഗ്ലോബല്‍ വിറ്റ്നസിന്റെ കണ്ടെത്തല്‍. കൊളംബിയ, ഫിലിപ്പിന്‍സ് എന്നിവിടങ്ങളിലെ ആക്ടിവിസ്റ്റുകളാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. പഠനങ്ങളും റിപ്പോര്‍ട്ടുകളും പുറത്തുവിടുന്നത് രേഖപ്പെടുത്തിയ കണക്കുകള്‍ മാത്രം. ഇരുചെവിയറിയാതെ തിരസ്കരിക്കപ്പെടുന്ന സംഭവങ്ങള്‍ ഇതിനെ വെല്ലുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മിക്ക കൊലപാതകങ്ങളിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നത് പച്ചയായ മറ്റൊരു യാഥാര്‍ത്ഥ്യം.
കൊളംബിയയിലെ പസഫിക് തീരത്തുള്ള ലോറന്റിലെ തദ്ദേശീയ ഗവർണറും ‘ആവ’ ഗോത്ര സംഘത്തിലെ അംഗവുമായ റോഡ്രിഗോ സലാസറിനെ അജ്ഞാത അക്രമികൾ വെടിവച്ച് കൊന്നത് ഇക്കഴിഞ്ഞ ജൂലൈ ഏഴിനായിരുന്നു. ഈ വര്‍ഷം കൊളംബിയയില്‍ കൊല്ലപ്പെട്ട സാമൂഹിക നേതാക്കളുടെയും മനുഷ്യാവകാശ സംരക്ഷകരുടെയും പട്ടികയില്‍ 170ാമനാണ് സലാസര്‍. രാജ്യത്ത് അവകാശ സംരക്ഷകർക്കെതിരായ നരഹത്യകളുടെ എണ്ണം 2019നെ അപേക്ഷിച്ച് 88 ശതമാനം വർദ്ധിച്ചതായാണ് സോമോസ് ഡിഫെൻസോറസ് എന്ന കൊളംബിയന്‍ എന്‍ജിഒ വ്യക്തമാക്കുന്നത്.
ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ടുകള്‍ പ്രകാരം ലാറ്റിന്‍ അമേരിക്കൻ രാജ്യങ്ങളില്‍ വച്ച് ഏറ്റവും കൂടുതൽ മനുഷ്യാവകാശ പ്രവർത്തകർ കൊല്ലപ്പെടുന്നത് കൊളംബിയയിലാണ്. 2016 മുതലുള്ള കൊലപാതകങ്ങളുടെ വിവരങ്ങളാണ് ഈ പ്രസ്താവനയെ സാധൂകരിക്കുന്നത്. കോവിഡ് മഹാമാരിയുടെ വ്യാപനം തടുക്കുന്നതിന് ഏര്‍പ്പെടുത്തിയ ക്വാരന്റൈന് കാലയളവില്‍ മാത്രം കൊല്ലപ്പെട്ടത് 78 മനുഷ്യാവകാശ പ്രവര്‍ത്തകരാണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.
കർഷക സംഘടനകൾ, ആഫ്രോ-പിൻഗാമികളുടെ അസോസിയേഷനുകൾ, യൂണിയനുകൾ എന്നിവയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടവരില്‍ മിക്കവരും. ഭൂമിക്കുമേല്‍ കര്‍ഷകനുള്ള നിയമപരമായ അവകാശം, മനുഷ്യാവകാശ സംരക്ഷണം, പൂർവ്വിക സംസ്കാരത്തോടുള്ള ആദരവ്, ജലത്തിന്റെയും വനങ്ങളുടെയും സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് കൊടിയ മര്‍ദ്ദനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും അവരെ ഇരകളാക്കിയത്.
കൊളംബിയയിലെ ഗ്രാമപ്രദേശങ്ങളിൽ അവകാശ സംരക്ഷകര്‍ക്കു നേരെ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ക്ക് ഒരു പ്രധാന കാരണം ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ്. 1990-2000 കാലയളവില്‍ ആയിരക്കണക്കിന് കർഷകരാണ് അർദ്ധസൈനികരുടെയും, ഗറില്ലാ ഗ്രൂപ്പുകളുടെയും അനിയന്ത്രിതമായ ഇടപെടല്‍ കാരണം നാടുകടത്തപ്പെടുകയും ഭൂമി രഹിതരാവുകയും ചെയ്തത്. കന്നുകാലി ബിസിനസുകൾ, കാർഷിക വ്യാവസായിക പദ്ധതികൾ, മയക്കുമരുന്ന് ഉല്‍പ്പാദനം, കടത്തല്‍, ഖനനം തുടങ്ങി അനധികൃതമായ സംരംഭങ്ങളാണ് ഇത്തരത്തില്‍ കൗയ്യടക്കിയ ഭൂമിയില്‍ അധികാരികള്‍ ആരംഭിച്ചത്. ഈ പ്രവൃത്തികള്‍ക്ക് മുന്നില്‍ ഭരണകൂടങ്ങള്‍ നിഷ്ക്രിയരായപ്പോഴാണ് നഷ്ടത്തിന്റെ ആഴം മനസ്സിലാക്കിയ തദ്ദേശീയ ജനത സംഘടിക്കാനും, സമര പരിപാടികളുമായി അണി നിരക്കാനും തുടങ്ങിയത്. തങ്ങളുടെ സാമ്പത്തിക, സൈനിക ലക്ഷ്യങ്ങൾക്ക് തടസ്സമായ സാമൂഹിക നേതാക്കളും മനുഷ്യാവകാശ സംരക്ഷകരും അധികാര വര്‍ഗത്തിന്റെ കണ്ണിലെ കരടായതും ഇതിനാല്‍ തന്നെ.
കോവിഡ് മഹാമാരി സൃഷ്ടിക്കുന്ന ആശങ്കാഭരിതമായ ഈ നാളുകളില്‍ അവകാശ സംരക്ഷകരെ ഇല്ലായ്മ ചെയ്യാനുള്ള പ്രവണ അതിന്റെ പാരമ്യത്തിലെത്തിയതായാണ് കൊളംബിയയില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവില്‍ സാമൂഹിക നേതാക്കളുടെ കൊലപാതകങ്ങളിൽ 53% വർദ്ധനവാണുണ്ടായത്. രാഷ്ട്രീയ നേതാക്കളും പൗരന്മാരും, വൈറസ് വ്യാപനത്തെ ചെറുത്ത് തോല്‍പ്പിക്കാനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ സാമൂഹിക നേതാക്കളുടെ കൊലപാതകം ശ്രദ്ധിക്കപ്പെടാതെയും ശിക്ഷിക്കപ്പെടാതെയും പോകുന്നു. വലതുപക്ഷ അർദ്ധസൈനിക വിഭാഗങ്ങൾ, മയക്കുമരുന്ന് കടത്തുകാർ, വിമത ഗറില്ലാ അംഗങ്ങൾ, മറ്റ് സായുധ സംഘടനകൾ എന്നിവ ഈ അവസരത്തെ മുതലെടുക്കുന്നുമുണ്ട്.
മഹാമാരിയില്‍ മരണ സംഖ്യ ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ അവകാശ സംരക്ഷകരുടെ മരണം കേവലം അക്കങ്ങളായി മാത്രമേ പരിഗണിക്കപ്പെടുന്നുള്ളൂ. മാനുഷിക മൂല്യങ്ങള്‍ കശാപ്പു ചെയ്ത് അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള മുറവിളികള്‍ ഇല്ലായ്മ ചെയ്യുന്നതിന്റെ പ്രത്യാഘാതങ്ങള്‍ തിരിച്ചറിയപ്പെടാതെ പോവുകയാണിവിടെ. ഒരു മനുഷ്യന്റെ ജീവിക്കാനുള്ള അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതിലുപരി, നീതിക്കു വേണ്ടി സംഘടിക്കുന്ന കൂട്ടായ താത്പര്യങ്ങള്‍ക്ക് ഇത് ഭീഷണിയാവുകയും, സാമൂഹിക മാറ്റത്തിനും പ്രാദേശിക ശാക്തീകരണത്തിനും വിലങ്ങുതടിയാവുകയും ചെയ്യുന്നു.
ചരിത്രപരമായി വിസ്മരിക്കപ്പെട്ട സമുദായങ്ങളുടെ ശബ്ദമാണ് ഈ നേതാക്കൾ. അവരെ ഭീഷണിപ്പെടുത്തുമ്പോൾ, പ്രസ്തുത സമുദായത്തിന്റെ സാമൂഹിക ഘടന തന്നെ ദുർബലപ്പെടുകയാണ്. വര്‍ദ്ധിച്ച വരുന്ന കൊലപാതകങ്ങള്‍ കാരണം കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ സംഘടിക്കാനും പ്രതികരിക്കാനും പുതിയ നേതാക്കളെ തിരഞ്ഞെടുക്കാനും വിമുഖത കാട്ടുന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ കടക്കുന്നതെന്ന് വിവിധ പഠനങ്ങള്‍ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഇത് അക്രമരാഹിത്യങ്ങള് തുടരാനും, വിയോജിക്കുന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്താനും വളമാകും. കൊളംബിയയിലെ ജനാധിപത്യത്തെ ആഴത്തില്‍ ബാധിക്കുന്ന ഒരു ദീർഘകാല പ്രഭാവമാണ് ഇതിനുള്ളത്.
കൊളംബിയയിൽ 52വർഷമായി നിലനിൽക്കുന്ന ആഭ്യന്തര കലാപത്തിന് വിരാമമിട്ട് സർക്കാരും ഫാർക് വിമതരും തമ്മിൽ എത്തിച്ചേര്‍ന്ന 2016ലെ സമാധാന കരാറിനു ശേഷവും നീതി നിഷേധങ്ങള്‍ക്ക് അറുതിയില്ലെന്നതാണ് അവകാശ സംരക്ഷകരുടെയും പ്രകൃതി സ്നേഹികളുടെയും മരണ സംഖ്യ ചൂണ്ടിക്കാട്ടുന്നത്. ചരിത്രപരമായ കൊളോണിയൽ ഭൂവിനിയോഗത്തിന്റെയും ഏറ്റെടുക്കലിന്റെയും തുടർച്ചയായാണ് ഈ കൊലപാതകങ്ങളെയും സമീപിക്കേണ്ടത്. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലുള്ളവര്‍ താഴെക്കിടയിലുള്ള രാജ്യങ്ങളെ ചൂഷണം ചെയ്ത്, ലാഭം കൊയ്യുകയാണിവിടെ.
സമ്പന്നവിഭാഗം സുഖവും സൗകര്യങ്ങളും കയ്യാളുമ്പോള്‍ പ്രകൃതിയുമായി യോജിച്ച് അതിനെ ചൂഷണം ചെയ്യാതെ ജീവിച്ചുപോന്ന ഒരു വിഭാഗം തന്റെ പരിസരമുപേക്ഷിച്ച് ഇറങ്ങിപ്പോകേണ്ടി വരുന്നത് ചരിത്രത്തിലുടനീളം നാം കണ്ടതാണ്. വിമത ശബ്ദങ്ങളും, വിയോജിപ്പിന്റ മുദ്രാവാക്യങ്ങളും അടിച്ചമര്‍ത്തി സ്വതന്ത്ര താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ചില കുടില ബുദ്ധികള്‍ തന്ത്രങ്ങള്‍ മെനയുമ്പോള്‍, ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്നങ്ങളില്‍ ഒരു വിചിന്തനം ആവശ്യമായി വരും.