ന്യൂഡൽഹി: ഇന്ത്യയെ ഞെട്ടിച്ച് 100 ലേറെ കൊലപാതകങ്ങൾ നടത്തിയ കൊടും കുറ്റവാളി കഴിഞ്ഞ ദിവസം പിടിയിലായി. ദേവേന്ദർ ശർമ്മ എന്ന 62 വയസുകാരനായ ആളാണ് പിടിയിൽ ആയത്. 100 ലേറെ കൊലപാതങ്ങൾ നടത്തിയ ആയുർവേദ ഡോക്ടറായ ദേവേന്ദർ ശർമ്മ രാജ്യതലസ്ഥാനത്ത് നിന്നാണ് പിടിയിലായത്. 2004 ൽ കൊടും കുറ്റകൃത്യങ്ങൾ നടത്തി വന്നിരുന്ന ഇയാളെ പിടികൂടി ജയിലിൽ അടച്ചിരുന്നു. ഈ ജനുവരിയിൽ പരോളിൽ ഇറങ്ങി മുങ്ങിയതായിരുന്നു.
നിരവധി ട്രക്ക് ഡ്രൈവർമാരെയും ടാക്സി ഡ്രൈവർമാരെയുമാണ് ദേവേന്ദർ ശർമ്മ എന്ന ഈ കൊടുംകുറ്റവാളി കൊന്ന് തളളിയത്. ഡൽഹിയിലെയും സമീപ സംസ്ഥാനങ്ങളിലെയും ആളുകളാണ് ഇയാളുടെ കൊലക്കത്തിക്ക് ഇരയായത്. കൊലപാതകങ്ങൾക്ക് പുറമെ കിഡ്നി അവയവ മാറ്റ റാക്കറ്റും ഇയാൾ നടത്തിയിരുന്നു. ഇവയ്ക്ക് പുറമെ ഗ്യാസ് ഏജൻസി എന്ന വ്യാജേന മോഷ്ടിച്ച വാഹനങ്ങളുടെ കച്ചവടവും ഇയാൾ നടത്തിയിരുന്നു.
ദേവേന്ദർ ശർമ്മ എങ്ങനെ ഈ കൊലപാതകങ്ങൾ നടത്തി എന്ന ഞെട്ടലിലാണ് ജനം. പൊലീസ് ചോദ്യം ചെയ്യലിൽ നിന്ന് പുറത്ത് വന്ന വിവരങ്ങൾ പ്രകാരം, ഇയാൾ കൊന്ന ആളുകളുടെ മൃതദേഹങ്ങൾ ഉത്തർപ്രദേശിലെ മുതലകൾ ഉള്ള ഒരു കനാലിൽ ഉപേക്ഷിക്കുകയായിരുന്നു. ശവശരീരങ്ങൾ മുതലകൾ തിന്നെന്ന് ഉറപ്പുവരുത്തി തെളിവുകൾ നശിപ്പിച്ചാണ് ഇയാൾ മടങ്ങി വരാറുള്ളത്. അതേസമയം തന്നെ ഇയാൾ എത്ര പേരെ കൊലപ്പെടുത്തി എന്ന കാര്യങ്ങളിൽ അവ്യക്തതയുണ്ട്. ബുധനാഴ്ച ഇയാളെ പിടികൂടിയതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ താൻ കൊന്ന 50 പേരുടെ വിവരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതിന് ശേഷമുള്ളത് ഓർത്തെടുക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ഈ 50 ന് മുകളിൽ ഒരുപാട് പേർ ഉണ്ട്. ഇത് നൂറിന് മുകളിൽ ആണെന്നാണ് കണക്ക്.
മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതക പരമ്പര
ആയുർവേദ പഠനത്തിന് ശേഷം 1984 ൽ ജയ്പൂരിൽ ഒരു ക്ലിനിക്ക് തുടങ്ങിയാണ് ദേവേന്ദർ ശർമ്മ തന്റെ കരിയർ ആരംഭിച്ചത്. 1992 ദേവേന്ദർ ശർമ്മ ഏകദേശം 11 ലക്ഷത്തോളം രൂപ ഗ്യാസ് ഡീലർഷിപ്പ് സ്കീമിൽ ഇറക്കിയെങ്കിലും അതിൽ അയാൾ വഞ്ചിക്കപ്പെട്ടു. പിന്നീട് 1994 മുതലാണ് ശർമ്മയുടെ കുറ്റകൃത്യങ്ങൾ തുടങ്ങുന്നത്. ഈ വർഷം ജയ്പൂർ, ഗുർഗോൺ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള കിഡ്നി മാറ്റിവെക്കൽ റാക്കറ്റിന്റെ ഭാഗമായി.
1995 ൽ അലിഗഢിൽ തുടങ്ങിയ തട്ടിപ്പ് ഗ്യാസ് ഏജൻസിയുമായി ബന്ധപ്പെട്ടാണ് ശർമ്മ ആദ്യമായി പോലീസ് പിടിയിലായത്. ആറ് വർഷത്തോളം ജയിലിൽ കിടന്ന ഇദ്ദേഹം 2001 ൽ പുറത്തിറങ്ങി. അതേവർഷം തന്നെ വീണ്ടും തട്ടിപ്പ് ഗ്യാസ് ഏജൻസി പുനരാരംഭിച്ചു. ഇത്തവണ അതിനായി തെരഞ്ഞെടുത്തത് അംറോഹ എന്ന സ്ഥലമായിരുന്നു. എന്നാൽ വീണ്ടും പിടിക്കപ്പെട്ടു.
ഈ തട്ടിപ്പ് ഗ്യാസ് ഏജൻസി നടത്തുന്നതിനായിരുന്നു ശർമ്മയുടെ ക്രൂര കൃത്യങ്ങൾ. പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത് ഇങ്ങനെയാണ്: ‘ട്രക്കുകൾ കൊള്ളയടിച്ച് അതിലെ ഡ്രൈവറെ കൊന്ന് ഇതിലെ ഗ്യാസ് സിലിണ്ടറുകൾ തട്ടിയെടുക്കുന്നതായിരുന്നു ഇയാളുടെ രീതി. ഗ്യാസ് തന്റെ ഗ്യാസ് ഏജൻസിയിൽ ഇറക്കിയതിന് ശേഷം ട്രക്കുകൾ മീററ്റിൽ കൊണ്ട് പോയി പൊളിച്ചു വിൽക്കുകയാണ് ദേവേന്ദർ ശർമ്മ ചെയ്തിരുന്നത്’.
ഗ്യാസ് ഏജൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് പിടികൂടിയതോടെയാണ് കൊലപാതക കഥകളും പുറത്തറിയുന്നത്. 2001 ൽ പിടിക്കപ്പെട്ടെങ്കിലും അപ്പോൾ ഈ കഥകൾ ആ സമയത്ത് കണ്ടെത്തിയിരുന്നില്ല. അത്കൊണ്ട് തന്നെ അന്ന് അത് വലിയ കേസ് ആയില്ല. ഇതേതുടർന്ന് ജയ്പൂരിലേക്ക് പോയ ദേവേന്ദർ ശർമ്മ അവിടെ 2003 വരെ ക്ലിനിക് നടത്തി. ഈ സമയത്ത് ഇദ്ദേഹം പഴയ കിഡ്നി സംഘവുമായി വീണ്ടും അടുത്തു. ഈ സമയത്താണ് ഇയാൾ ടാക്സി ഡ്രൈവർമാരെ കൊല്ലാൻ ആരംഭിച്ചത്. അലിഗഢിൽ നിന്നും ടാക്സി വിളിച്ച് കൊണ്ടുപോയി ഡ്രൈവർമാരെ കൊല്ലുകയായിരുന്നു പതിവ്. പിന്നീട് ആവശ്യം കഴിഞ്ഞ് ശരീരം മുതലകളുള്ള കാഷ്ഗഞ്ചിലെ ഹസാര കനാലിൽ ഉപേക്ഷിക്കുകയായിരുന്നു പതിവ്.
ടാക്സി വിൽക്കുന്നതിലൂടെ 20000 രൂപ മുതൽ 25000 രൂപ നേടുമായിരുന്നു ഇയാൾ. ഇതുകൂടാതെ 1994 മുതൽ 2004 വരെയുള്ള കാലയളവിൽ ഏകദേശം 125 ഓളം കിഡ്നി മാറ്റത്തിലൂടെ ഇയാൾ ധാരാളം പണം സമ്പാദിച്ചിരുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒരു കിഡ്നി മാറ്റിവെക്കലുമായി ബന്ധപ്പെട്ട് 5 ലക്ഷം രൂപ മുതൽ 7 ലക്ഷം രൂപ വരെ ഇയാൾ സമ്പാദിച്ചിരുന്നു എന്നാണ് കണക്കാക്കുന്നത്. 2004 ൽ ശർമ്മയെ പിടികൂടിയപ്പോൾ വൻ റാക്കറ്റിനെയാണ് ഇതോടൊപ്പം പിടികൂടിയത്. നിരവധി ഡോക്ടർമാരെയും ഇക്കൂട്ടത്തിൽ പിടികൂടി. എന്നാൽ 7 കൊലപാതകങ്ങളാണ് ഇയാൾ സമ്മതിച്ചിരുന്നത്. ഇതേത്തുടർന്ന് ഇയാൾ ജയിലിൽ കഴിഞ്ഞ് വരികയായിരുന്നു. ഈ വർഷമാദ്യമാണ് 16 വർഷത്തിന് ശേഷം ഇയാൾക്ക് പരോൾ ലഭിച്ചത്. തുടർന്ന് മുങ്ങിയ ഇയാളെ ഇപ്പോൾ ഡൽഹിയിൽ നിന്ന് പിടികൂടുകയായിരുന്നു.
2004 ൽ ഇയാളുടെ കുറ്റകൃത്യങ്ങൾ പുറത്ത് വന്നതോടെ ഇയാളുടെ ഭാര്യ ഇയാളെ വിട്ടുപോയിരുന്നു. എന്നാൽ ഈ വര്ഷം പരോളിന് ഇറങ്ങിയ ഇയാൾ ഡൽഹിയിൽ നിന്ന് ഒരു വിധവയെ വിവാഹം കഴിച്ചിരുന്നു. ഡൽഹിയിൽ വസ്തു കച്ചവടവും ഇയാൾ നടത്തിയിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇയാളെ കഴിഞ്ഞ ചൊവ്വാഴ്ച്ച പിടികൂടിയത്. എന്നാൽ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ 50 ഓളം കൊലപാതകങ്ങളുടെ വിവരങ്ങൾ ഇയാൾ നൽകിയിട്ടുണ്ട്.