കോവിഡ് 19 ആശങ്കകള്‍ മാത്രം നിലനിര്‍ത്തികൊണ്ട് പടര്‍ന്നു പിടിക്കുമ്പോഴും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള വേട്ടയാടലിന് ഒരു പഞ്ഞവുമില്ലെന്നതാണ് ഇന്ത്യയിലെ സ്ഥിതി വിശേഷം. എല്‍ഗര്‍ പരിഷത്ത് കേസില്‍ ഡല്‍ഹി സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ എംടി ഹാനി ബാബുവിനെ എന്‍ഐഎ അറസ്റ്റ് ചെയ്ത വിഷയമാണ് ദേശീയ തലത്തില്‍ ചൂടേറിയ ചര്‍ച്ചയാകുന്നത്. ലാപ്ടോപിലെ ചില വിവരങ്ങളിലൂടെ ഹാനി ബാബുവിന് മാവോയിസ്റ്റ് ബന്ധമുള്ളതായി കണ്ടെത്തി എന്നാണ് എന്‍ഐഎ അവകാശപ്പെടുന്നത്.
ഡല്‍ഹി സ്വദേശിയായ 54 കാരന് ഹാനി ബാബുവിനെ ജൂലൈ 23ന് എന്‍ഐഎ ഓഫീസിലേക്ക് വിളിപ്പിക്കുകയായിരുന്നു. അദ്ദേഹം അറസ്റ്റിലാകുന്നത് 28ാം തീയതി വൈകീട്ട് 4:30 നാണ്. ഈ ദിവസങ്ങളില്‍ മണിക്കൂറുകളോളം അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടുണ്ടെന്നാണ് ഹാനി ബാബുവിന്റെ ഭാര്യയും അദ്ധ്യാപികയുമായ ജെന്നി റൊവേന വ്യക്തമാക്കിയതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ ഹാനി ബാബുവിന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള വിശദാംശങ്ങളടങ്ങിയ 62 ഫയലുകൾ, 2019 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഡിസ്ക് പാര്‍ട്ടീഷനു വിധേയമായിട്ടുണ്ടെന്നാണ് എന്‍ഐഎയുടെ ആരോപണമെന്നും, കഴിഞ്ഞ ആറു ദിവസമായി ഇത് സംബന്ധിച്ചാണ് ഹാനി ബാബുവിനെ എന്‍ഐഎ ചോദ്യം ചെയ്തതെന്നുമാണ് റൊവേനയുടെ പ്രസ്താവന.
ഹാനി ബാബുവിന്റെ ട്രാക്ക് റെക്കോഡ് ക്ലീന്‍ ആണെന്നത് മുതലെടുത്ത്, അദ്ദേഹത്തിന്റെ ലാപ്ടോപ്പില്‍ കുറ്റകരമായ ഫയലുകള്‍ മറ്റാരെങ്കിലും സൂക്ഷിക്കാന്‍ സാധ്യതയുണ്ടെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയെന്ന് റൊവേന പറയുന്നു. “അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയോ, വിദ്യാര്ത്ഥികളെയോ ഇക്കാര്യത്തില്‍ സംശയമുണ്ടോ എന്നതായിരുന്നു അവര്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യം. കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുകയായിരുന്നു അവരുടെ ലക്ഷ്യം,” റൊവേന കൂട്ടിച്ചേര്‍ത്തു.
എൽഗർ പരിഷത്ത്-ഭീമ കൊറേഗാവ് കേസ് എന്‍ഐഎ ഏറ്റെടുക്കുന്നതിന് മുന്‍പ്, കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 10ന് പൂനെ പോലീസ്, ഹാനി ബാബുവിന്റെ നോയിഡിലെ വീട് റെയ്ഡ് ചെയ്തിരുന്നു. ഭീമ കൊറേഗാവ് കേസ് സംബന്ധിച്ചും, കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റുകളെ സംബന്ധിച്ചുമായിരുന്നു അന്ന് ഹാനി ബാബുവിനെ ചോദ്യം ചെയ്തത്. ഈ റെയ്ഡില്‍ അദ്ദേഹത്തിന്റെ ലാപ്ടോപ്പും, മൊബൈല്‍ ഫോണും, ജിഎന്‍ സായിബാബ ഡിഫെന്‍സ് കമ്മിറ്റിക്ക് വേണ്ടി അച്ചടിച്ച ലഘുലേഘകളും, പുസ്തകങ്ങളും കണ്ടുകെട്ടിയതായി ഹാനി ബാബു ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ്.
മാവോയിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി നാഗ്പൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന, ഡല്‍ഹി സര്‍വ്വകലാശാല പ്രൊഫസര്‍ ജിഎന്‍ സായിബാബയ്ക്ക് വേണ്ടിയുള്ള ഡിഫെന്‍സ് കമ്മിറ്റിയില്‍ സജീവ അംഗമാണ് ഹാനി ബാബു. ജാതി വിരുദ്ധ പ്രവര്‍ത്തകനായ അദ്ദേഹം സർവകലാശാലകളിൽ ഒബിസി സംവരണം നടപ്പാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും, രാജ്യത്ത് ഒരു ജാതി സെൻസസിന്റെ ആവശ്യകതയെക്കുറിച്ചും ഉറച്ച ശബ്ദത്തില്‍ പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയ വ്യക്തികൂടിയാണ്.
ജൂലൈ 15ന് സൗത്ത് മുംബൈയിലെ എന്‍ഐഎ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടായിരുന്നു ഹാനി ബാബു ഉള്‍പ്പെടെ മൂന്ന് ആക്ടിവിസ്റ്റുകള്‍ക്ക് എന്‍ഐഎ സമന്‍സ് അയച്ചത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ യാത്ര നിയന്ത്രണം നിലനില്‍ക്കെയായിരുന്നു ഡല്‍ഹിയുള്ള ഹാനി ബാബുവിന് മുംബൈ ഓഫീസില്‍ ഹാജരാകാന്‍ സമന്‍സ് വന്നത്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രാന്തി ടെകുല എന്ന മാധ്യമപ്രവര്‍ത്തകനാണ് അന്ന് സമന്‍സ് ലഭിച്ച മറ്റൊരാള്‍. തെലങ്കാനയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ടെകുലയ്ക്കെതിരെ 2018ല്‍ പൂനെ പോലീസ് ആരോപണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. കവിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വരവര റാവുവിന്റെ വീട്ടില്‍ റെയ്ഡ് നടന്ന സമയത്ത് ടെകുലയുടെ വീട്ടിലും തിരച്ചില്‍ നടന്നതാണ്. ഇദ്ദേഹത്തിന്റെ ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ളവ കണ്ടുകെട്ടിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഭീമ കൊറേഗാവില്‍ ദളിതര്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ക്ക് വഴിവെച്ചത് ഡിസംബര്‍ 31ന് നടന്ന എല്‍ഗര്‍ പരിഷത്തിന്റെ പരിപാടിയായിരുന്നു എന്നാണ് മഹാരാഷ്ട്ര പോലീസ് അവകാശപ്പെട്ടിരുന്നത്. ഇതിനു പിന്നാലെയാണ് സുധാ ഭരദ്വാജ്, റോണ വില്‍സണ്‍, സുധീര്‍ ധവാലെ, സുരേന്ദ്ര ഗാഡ്ലിംഗ്, ഷോമ സെന്‍, മഹേഷ് റൗത്ത്, അരുണ്‍ ഫെരേറിയ, വരവരറാവു, ആനന്ദ് തെല്‍തുംദെ, ഗൗതം നവലാഖ് തുടങ്ങി മനുഷ്യാവകാശ പ്രവര്‍ത്തകരെയും, എഴുത്തുകാരെയും, അദ്ധ്യാപകരെയും, അഭിഭാഷകരെയും, ദളിത് ആക്ടിവിസ്റ്റകളെയും പോലീസ് ചോദ്യം ചെയ്തതും അറസ്റ്റ് ചെയ്തതും. മഹാരാഷ്ട്ര പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.
യുഎപിഎ പോലുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തപ്പെട്ടാണ് ഇവര്‍ തടവറകളില്‍ കഴിയുന്നത്. ഷോമ സെന്നിനെയും സുധ ഭരദ്വാജിനെയും നിലവിൽ ബൈക്കുല്ല വനിതാ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. മറ്റുള്ളവർ തലോജ സെൻട്രൽ ജയിലിലാണ്. കടുത്ത ന്യൂറോളജിക്കൽ പ്രശ്നങ്ങളാൽ വലയുകയും കോവിഡ് പോസിറ്റീവാവുകയും ചെയ്ത വരവര റാവു മുംബൈയിലെ നാനാവതി ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയാണിപ്പോള്‍. ഇങ്ങനെ വിയോജിപ്പിന്റെ സ്വരങ്ങളെ തടവറകളില്‍ അടച്ചിട്ട്, ജനാധിപത്യത്തിന്റെ സുരക്ഷിത വാള്‍വുകള്‍ ഒന്നൊന്നായി അടയ്ക്കുകയാണ് ഭരണകൂട ലക്ഷ്യം.