ആലപ്പു : കോവിഡ് രോഗികളുടെ മൃതദേഹം പള്ളി ഇടവക സെമിത്തേരിയില്‍ ദഹിപ്പിക്കും. ആലപ്പുഴ ലത്തീന്‍ രൂപതയാണ് മാതൃകാപരമായ തീരുമാനമെടുത്തത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്കാരം നടത്തും. ബിഷപ്പ് ജെയിംസ് ആനാപ്പറമ്ബിലാണ് തീരുമാനം വിശ്വാസികളെ അറിയിച്ചത്.
മൃതദേഹ ഭസ്മം സഭാചട്ടങ്ങളോടെ സെമിത്തേരിയില്‍ സംസ്കരിക്കുമെന്നും ബിഷപ്പ് അറിയിച്ചു. വെള്ളക്കെട്ട് അടക്കമുള്ള പ്രശ്നങ്ങളെത്തുടര്‍ന്ന് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം സംസ്കരിക്കുന്നത് ജില്ലയില്‍ വലിയ പ്രതിസന്ധിയായിരുന്നു. ഇതേത്തുടര്‍ന്ന് രൂപതയിലെ മറ്റു വൈദികരുമായി ബിഷപ്പ് ചര്‍ച്ച നടത്തിവരികയായിരുന്നു.
ദഹിപ്പിക്കുന്നതിനായി ഇടവക സെമിത്തേരിയില്‍ പ്രത്യേകം സജ്ജീകരണം ഏര്‍പ്പെടുത്തും. സംസ്കാരത്തിന്റെ മേല്‍നോട്ടത്തിനായി രൂപതയിലെ രണ്ട് വൈദികരെ നിയോഗിച്ചു. പുതിയ ധാരണ പ്രകാരം ഇന്ന് രണ്ടുപേരെ സംസ്കരിക്കാനാണ് തീരുമാനം.
ലത്തീന്‍ രൂപതയുടെ തീരുമാനത്തെ പ്രശംസിച്ച് ആലപ്പുഴ ജില്ലാ ഭരണകൂടം രംഗത്തെത്തി. മാതൃകാപരമായ തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിഷയത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ ബിഷപ്പുമായി ചര്‍ച്ച നടത്തിയിരുന്നു. നമ്മുടെ സമൂഹത്തില്‍ വളരെ മാറ്റമുണ്ടാക്കുന്ന തീരുമാനമാണ് രൂപതയുടേതെന്ന് കളക്ടര്‍ എ അലക്സാണ്ടര്‍ പറഞ്ഞു.