ഇന്ത്യയിൽ യാരിസ് എന്ന പേരിൽ വിൽക്കുന്ന വിയോസ് സെഡാന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഫിലിപ്പീൻസിൽ പുറത്തിറക്കി ടൊയോട്ട. സെഡാന്റെ പുതുക്കിയ മുൻവശത്ത് പരിഷ്ക്കരിച്ച ബമ്പർ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഒപ്പം ട്വീക്ക് ചെയ്ത അപ്പർ ഗ്രില്ലർ എന്നിവയെല്ലാം ഇടംപിടിച്ചിരിക്കുന്നു.
എങ്കിലും ഏറ്റവും ശ്രദ്ധേയമാകുന്നത് ലെക്‌സസ് മോഡലുകളിൽ ഇടംപിടിച്ചിരിക്കുന്ന സ്പിൻഡിൽ ഗ്രില്ലിന് സമാനമായ എയർഡാമിന്റെ സാന്നിധ്യമാണ്. അതോടൊപ്പം എൽ-ആകൃതിയിലുള്ള ഫോഗ്‌ലൈറ്റ് എൻക്ലോസറുകൾ ഡിസൈനും കാറിന്റെ മുൻവശത്തെ വ്യത്യസ്തമാക്കുന്നു.
യാരിസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വശങ്ങളും പിൻഭാഗവും ശ്രദ്ധേയമായ മാറ്റങ്ങളൊന്നുമില്ലാതെ അതേപടി നിലനിർത്തി. ഇന്റീരിയറിലും കാര്യമായ പരിഷ്ക്കരണങ്ങൾ ഒന്നും തന്നെയില്ല. പിന്നെ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ ഉപയോഗിച്ച് നവീകരിച്ച ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ മാറ്റം ശ്രദ്ധേയമാണ്.
കാറിന്റെ മേൽക്കൂരയിൽ ഘടിപ്പിച്ച എസി വെന്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സൺറൂഫ് തുടങ്ങിയവ ടൊയോട്ട അതേപടി മുന്നോട്ട് കൊണ്ടുപോയി. 7 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇഎസ്‌പി, എന്നിവയെല്ലാം വാഹനത്തിന്റെ സുരക്ഷാ സവിശേഷതകളിൽ ഇടംപിടിച്ചിട്ടുണ്ട്.
തീർന്നില്ല, അവയ്ക്കു പുറമെ പുഷ് ബട്ടൺ സ്റ്റാർട്ട് കീലെസ് എൻട്രി, സ്റ്റെബിലിറ്റി കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഇക്കോ, സ്‌പോർട്ട് എഞ്ചിൻ മോഡുകൾ എന്നിവയുൾപ്പെടെ 2021 യാരിസ് സവിശേഷതകളുടെ ഒരു നീണ്ട പട്ടികയാണ് അവതരിപ്പിക്കുന്നത്.
ടൊയോട്ട വിയോസ് ഫെയ്‌സ്‌ലിഫ്റ്റിന് 1.3 ലിറ്റർ, 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുകൾ തന്നെയാണ് കരുത്തേകുന്നത്. ബേസ് മോഡലുകളിൽ ലഭ്യമാകുന്ന 1.3 ലിറ്റർ എഞ്ചിൻ 98 bhp കരുത്തിൽ 123 Nm torque ഉത്പാദിപ്പിക്കും. ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.
അതേസമയം 1.5 ലിറ്റർ NA യൂണിറ്റ് 106 bhp പവറും 140 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്തമാണ്. ഇതിന് സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് ലഭ്യമാകുന്നതിന് പുറമേ 7-ഘട്ട സിവിടിയും ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്.
നിലവിലെ യാരിസ് 2018-ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും സെഡാൻ ആഭ്യന്തര വിപണിയിലെ വിൽപ്പനയിൽ വിജയമായിരുന്നില്ല എന്നതാണ് സത്യം. അതിന്റെ ഭാഗമായി ഇന്ത്യയിലെ വിൽപ്പന തന്ത്രത്തിൽ കാര്യമായ മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. യാരിസ് ഉടൻ തന്നെ ഫ്ലീറ്റ് ഓപ്പറേറ്റർമാർക്ക് വാഗ്ദാനം ചെയ്യും.
പരിഷ്ക്കരിച്ച വിയോസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്ക് വരുന്നതായി നിലവിൽ കമ്പനി ഒരു വിശദീകരണവും നടത്തിയിട്ടില്ല. അതേസമയം ടൊയോട്ടയുടെ സെഡാൻ ലൈനപ്പ് ഇന്ത്യയിൽ വികസിപ്പിക്കും. മാരുതിയുടെ സി-സെഗ്മെന്റ് സെഡാൻ സിയാസ് ഉടൻ തന്നെ ടൊയോട്ട ബാഡ്ജിലേക്ക് പുനർനിർമിക്കപ്പെടും.