അവകാശങ്ങളെക്കുറിച്ച് പറയാന്‍ അമേരിക്കയ്ക്ക് എന്ത് അവകാശം?

”എല്ലാറ്റിന്റെയും അളവുകോല്‍ മനുഷ്യനാണ്” – ഗ്രീക്ക് തത്വചിന്തകനായ പൈഥഗോറസ് നൂറ്റാണ്ടുകള്‍ക്കുമുമ്പ് പറഞ്ഞുവച്ച വാചകമാണിത്. ഒരുകാര്യവും മനുഷ്യനു മീതെയില്ല എന്നതാണ് പ്രസക്തമായ ഈ വാക്കുകളുടെ പെരുള്‍. നിറം, രൂപം, ഭാഷ, സംസ്കാരം തുടങ്ങിയവയില്‍ വൈവിധ്യങ്ങളുണ്ടെങ്കിലും ഒരോ വ്യക്തിക്കും മനുഷ്യവംശത്തിലെ അംഗമെന്ന മഹത്വം ഒരുപോലെയാണ്. അതുകൊണ്ട് തന്നെ അന്തസോടെ ജീവിക്കാനുള്ള അര്‍ഹത എല്ലാ മനുഷ്യനുമുണ്ട്. വിവേചനം കൂടാതെ ലഭ്യമാകേണ്ട ഈ ജീവിത സാഹചര്യങ്ങളാണ് മനുഷ്യാവകാശങ്ങള്‍.

മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ചിന്തയ്ക്ക് മനുഷ്യനോളംതന്നെ പഴക്കമുണ്ട്. ബ്രിട്ടനിലെ രാജാവിന്റെ അധികാരത്തിന് അതിരു വരച്ച 1215-ലെ മാഗ്‌നാകാര്‍ട്ടയെന്ന വിപ്ലവ രേഖ ആദ്യത്തെ മനുഷ്യാവകാശ രേഖയായി കണക്കാക്കുന്നതില്‍ തെറ്റില്ല. പിന്നീട് ഇംഗ്ലണ്ടിലെ പാര്‍ലമെന്റ് അംഗീകരിച്ച മാഗ്‌നാകാര്‍ട്ട ജനാതിപത്യ ഭരണ ക്രമത്തിലേക്കുള്ള ലോകത്തിന്റെ ആദ്യചുവടുവെയ്പാണ്. ഇംഗ്ലണ്ടിലെ അവകാശ ഉടമ്പടി (1689) അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം (1776) അമേരിക്കന്‍ ഭരണഘടന (1787) ഫ്രാന്‍സിലെ മനുഷ്യാവകാശ പ്രഖ്യാപനം (1789) എന്നിവ തുടര്‍ന്നുള്ള നാള്‍വഴികളില്‍ കുറിക്കാം.


മനുഷ്യോചിതമായ ജീവിതസാഹചര്യങ്ങള്‍ക്കുവേണ്ടി വിവിധ ജനവിഭാഗങ്ങള്‍ വ്യത്യസ്ത കാലഘട്ടങ്ങളില്‍ നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളുടെ ചരിത്രവിജയമാണ് 1948 ഡിസംബര്‍ 10ലെ സാര്‍വ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം. ലോകജനത ചിരകാലം അഭിലഷിച്ചു പോന്ന മനുഷ്യന്റെ മൗലീക സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ഹൃസ്വമായും സരളമായും പ്രതിപാദിക്കുന്ന 30 അനുച്ഛേദങ്ങളും ആമുഖവുമടങ്ങുന്നതാണിത്. കൊടിയ പീഡനങ്ങളാല്‍ കുപ്രസിദ്ധമായ ഹിറ്റ്‌ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ കണ്ട രണ്ടാം ലോകയുദ്ധാനന്തരം സമാധാനത്തിന്റെ ദൂതുമായെത്തിയ ഐക്യരാഷ്ട്രസംഘടനയ്ക്ക് മനുഷ്യന്റെ അന്തസും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്നതിന്‍റെ ആവശ്യകതയെക്കുറിച്ച് ബോധ്യമുണ്ടായത് സ്വാഭാവികം മാത്രം. മനുഷ്യാവകാശങ്ങളുടെ മഹത്വം ആഗോള വ്യാപകമായി പ്രചരിപ്പിക്കാന്‍ ഈ പ്രഖ്യാപനത്തിനായി. വിവിധ രാജ്യങ്ങളിലെ നിയമ നിര്‍മാണങ്ങളെയും നയപരിപാടികളെയും മനുഷ്യാവകാശപ്രഖ്യാപനം ചെറുതല്ലാത്തവിധം സ്വാധീനിച്ചിട്ടുണ്ട്.

മനുഷ്യാവകാശങ്ങളെപ്പറ്റി പുറത്ത് പെരുമ്പറ മുഴക്കുകയും അത്യന്തം നഗ്നവും ഹീനവുമായി മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുകയും ചെയ്യുന്ന മണ്ണാണ് അമേരിക്ക. മനുഷ്യാവകാശം ജന്മമെടുത്തതുതന്നെ തങ്ങളുടെ രാജ്യത്താണെന്നാണ് അമേരിക്കന്‍ സാമ്രാജ്യത്വം അവകാശപ്പെടാറുള്ളത്. 1776ലെ സ്വാതന്ത്ര്യ പ്രഖ്യാപനരേഖ (ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ്) ചൂണ്ടിക്കാട്ടിയാണ് ഈ വീരവാദങ്ങള്‍. ആധുനിക മനുഷ്യാവകാശ പ്രഖ്യാപനങ്ങളിലെ പ്രഥമസ്ഥാനമാണ് ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സിനുള്ളതെന്നും,മനുഷ്യാവകാശങ്ങള്‍ 1787ല്‍ അമേരിക്കന്‍ ഭരണഘടനയുടെ ബില്‍ ഓഫ് റൈറ്റ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടന്നതും, 1865ല്‍ അടിമത്തം ഭരണഘടനാപരമായി അവസാനിപ്പിച്ച കാര്യവും, 1920ല്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയതുമൊക്കെയാണ് ഈ ഫെഡറല്‍ റിപ്പബ്ലിക് ഉദ്ഘോഷിക്കുന്നത്.

കറുത്ത വംശജനായ ജോര്‍ജ്ജ് ഫ്ലോയിഡിന്‍റെ മരണാനന്തരം നടന്ന പ്രതിഷേധത്തില്‍ നിന്ന്

എന്നാല്‍, പുസ്തകത്താളുകളിലും പ്രസ്താവനാ വായ്ത്താരികളിലും തളച്ചിടപ്പെടുന്ന ഈ മനുഷ്യാവകാശം അമേരിക്കയുടെ പ്രവൃത്തികളില്‍ ഒരിടത്തും കാണാന്‍ ലോകത്തിനു കഴിഞ്ഞിട്ടില്ലെന്നതാണ് പച്ചയായ യാഥാര്‍ഥ്യം. മാത്രവുമല്ല, മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന അതിനീചമായ മനുഷ്യാവകാശലംഘനങ്ങളാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മുഖമുദ്രയെന്നതും ലോകം കണ്ടതാണ്.

മനുഷ്യാവകാശം; പുതു ദര്‍ശനം

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

മനുഷ്യാവകാശങ്ങള്‍ക്ക് പുത്തന്‍ നിര്‍വ്വചനവുമായാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം അവതരിച്ചത്. സ്വത്തവകാശവും മതസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളിൽ ഏറ്റവും മുൻപന്തിയിലാണെന്നും മൗലിക സ്വാതന്ത്ര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു വിദേശനയം പിന്തുടരുന്ന, സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ നിന്ന് അമേരിക്ക പ്രചോദനം ഉൾക്കൊള്ളണമെന്നുമാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന. മനുഷ്യാവകാശ നയത്തിന് ഒരു പുതിയ ദർശനം നൽകുന്നതിനായി മേരി ആൻ ഗ്ലെൻഡണെ മേധാവിയാക്കിക്കൊണ്ട് കഴിഞ്ഞ വര്‍ഷം രൂപീകരിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ടാണ് പോംപിയോയും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ നീക്കങ്ങളും അന്താരാഷ്ട്രതലത്തില്‍ വീണ്ടും ചൂടുപിടിച്ച ചര്‍ച്ചയാകുന്നത്.

ഗർഭച്ഛിദ്രത്തിനും വിവാഹ സമത്വത്തിനും എതിരായ കാഴ്ചപ്പാടുകൾ പ്രോത്സാഹിപ്പിക്കുന്ന യാഥാസ്ഥിതികരാല്‍ നിറഞ്ഞ കമ്മീഷന്‍ മതത്തിന്റെ പ്രാധാന്യം ഉയർത്തുകയും, മനുഷ്യാവകാശങ്ങള്‍ പുനര്‍നിര്‍വ്വചിക്കുകയും ചെയ്യുമെന്ന വിമര്‍ശനങ്ങള്‍ തുടക്കം മുതല്‍ക്കെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നതാണ്. സ്ത്രീകള്‍ക്കും, എല്‍ജിബിടിക്യൂ സമൂഹങ്ങളുടെ അവകാശസംരക്ഷണങ്ങള്‍ക്കും ഹാനികരമാകുന്നതായിരിക്കും കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങളെന്ന വാദങ്ങളും വ്യാപകമായി പ്രചരിച്ചു. പോംപിയോയുടെ മതവിശ്വാസങ്ങളെയും രാഷ്ട്രീയ അഭിലാഷങ്ങളെയും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു ഉപകരണമായിരിക്കും ഈ കമ്മീഷനെന്ന പ്രസ്താവനകളും സജീവമായിരുന്നു.

മേരി ആൻ ഗ്ലെൻഡണും പോംപിയോയും

ഫിലാഡൽഫിയയിലെ ദേശീയ ഭരണഘടനാ കേന്ദ്രത്തിൽ വച്ച് നടന്ന പ്രസംഗത്തില്‍ അമേരിക്കയുടെ സ്ഥാപകരെ ആവര്‍ത്തിച്ച് പരാമര്‍ശിച്ച പോംപിയോ, സ്വാതന്ത്ര്യ പ്രഖ്യാപനരേഖയെ മനുഷ്യാവകാശത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രസ്താവനയായി പ്രകീര്‍ത്തിക്കുകയും ചെയ്തു. വംശീയ നീതിക്കും പോലീസ് ക്രൂരതയ്ക്കുമെതിരായ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കിടയില്‍ അമേരിക്കയുടെ അവകാശ പാരമ്പര്യം ആക്രമിക്കപ്പെടുകയാണെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു. തത്വത്തിലധിഷ്ടിതമായാണ് കമ്മീഷൻ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് അറിയിച്ച സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്, അന്തിമ പതിപ്പ് പുറത്തിറങ്ങുന്നതിനുമുമ്പ് പൊതുജനങ്ങൾക്ക് ഇതിനെക്കുറിച്ച് അഭിപ്രായം പറയാൻ രണ്ടാഴ്ച സമയം നല്‍കിയിട്ടുണ്ട്.

മനുഷ്യാവകാശങ്ങളെക്കുറിച്ച് ചിന്തനീയവും യുക്തിസഹവുമായ സംവാദത്തിനുള്ള അടിസ്ഥാനമാണ് പ്രസ്തുത റിപ്പോര്‍ട്ടെന്നാണ് പോംപിയോ വ്യക്തമാക്കിയത്. “ഒഴിച്ചുകൂടാനാവാത്ത മൗലികാവകാശങ്ങള്‍ക്ക് പുറമെ സർക്കാരുകൾ, കോടതികൾ, ബഹുരാഷ്ട്ര സ്ഥാപനങ്ങൾ എന്നിവ നൽകുന്ന അവകാശങ്ങളും അമേരിക്കന്‍ ജനതയ്ക്കുണ്ട്. ഇവയില്‍ ഏതൊക്കെ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണം, ഏതൊക്കെ തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ കടുത്ത ആശയക്കുഴപ്പം നിലനില്‍ക്കുന്നു,” പോംപിയോ കൂട്ടിച്ചേര്‍ത്തു. മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച അവകാശ വാദങ്ങളെ അംഗീകരിക്കുന്നതില്‍ അമേരിക്ക സന്നദ്ധമാണെങ്കിലും ഇക്കാര്യത്തില്‍ ജാഗ്രത പലര്‍ത്തുമെന്ന പ്രസ്താവനയോടെയാണ് 60 പേജുള്ള റിപ്പോര്‍ട്ടിന്‍റെ കരടു രേഖ അവസാനിക്കുന്നത്.


അമേരിക്കൻ വിദേശനയത്തെ വ്യക്തിപരമായ മത-രാഷ്ട്രീയ വീക്ഷണങ്ങളുടെ രൂപത്തിൽ പുനസ്ഥാപിക്കാനുള്ള ശ്രമത്തിന് ബൗദ്ധികമായ ഒരു മറ തീര്‍ക്കാന്‍ പോംപിയോ രൂപകൽപ്പന ചെയ്ത അനാവശ്യ രാഷ്ട്രീയ അഭ്യാസമാണ് കമ്മീഷനും, അതിന്‍റെ റിപ്പോര്‍ട്ടുമെന്നാണ് മനുഷ്യാവകാശ നയത്തിന്റെ സീനിയർ വൈസ് പ്രസിഡന്റ് റോബ് ബെർ‌ചിൻ‌സ്കി അഭിപ്രായപ്പെട്ടത്. നിലവിലില്ലാത്ത അവകാശങ്ങളുടെ വ്യാപനം അമേരിക്കൻ മൂല്യങ്ങളെ നിസ്സാരവൽക്കരിക്കുന്നതിലേക്ക്’ നയിക്കുന്നുവെന്ന സെക്രട്ടറി പോംപിയോയുടെ വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ വ്യാപക വിമര്‍ശനങ്ങളാണ് അമേരിക്കയുടെ മനുഷ്യാവകാശ നയങ്ങള്‍ക്കുമേല്‍ വന്നു ഭവിക്കുന്നത്.

അവകാശ സംരക്ഷണവും അമേരിക്കയും


ന്യായയുക്തമായ വിചാരണ ഉറപ്പാക്കുന്ന ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നെന്ന് ആണയിട്ടുകൊണ്ട് മനുഷ്യാവകാശത്തെക്കുറിച്ച് പ്രസ്താവനകള്‍ നടത്താനുള്ള അമേരിക്കയുടെ യോഗ്യത ഒരു വലിയ ചോദ്യചിഹ്നത്തിലാണ് അവസാനിക്കുന്നത്. മനുഷ്യാവകാശങ്ങളുടെ സംരക്ഷകരായി ചമയുന്ന അമേരിക്കയാണ് ഏറ്റവും വലിയ മനുഷ്യാവകാശലംഘകനെന്നതിന് അനിഷേധ്യമായ എത്രയോ തെളിവുകളുണ്ട്. രാജ്യത്തിനകത്തും ലോകത്തുടനീളവും പ്രഖ്യാപിത അജണ്ടകളുടെ സാധൂകരണത്തിന് വേണ്ടി അവകാശ ധ്വംസനങ്ങള്‍ ആയുധമാക്കുകയെന്നത് അമേരിക്കയില്‍ വന്നു പോയ എല്ലാ ഭരണകൂടത്തിന്‍റെയും പൊതു സ്വഭാവമാണ്.

ക്യൂബന്‍ ദ്വീപായ ഗ്വാണ്ടനാമോയിലെ തടവറയില്‍ ഇസ്ലാമിക ഭീകരരെന്ന് ആരോപിച്ച് അമേരിക്ക പിടിച്ചുകൊണ്ടുവന്നവരെ കൈകാലുകള്‍ ചങ്ങലയ്ക്കിട്ട് അതിഭീകരമായി മര്‍ദിച്ച സംഭവങ്ങള്‍ ലോകം ഇനിയും മറന്നിട്ടില്ല. അബുഗരൈബ് ജയിലില്‍ വനിതാ പട്ടാളക്കാര്‍ അടക്കമുള്ളവര്‍, തടവുകാരെ നഗ്നരാക്കി ജനനേന്ദ്രിയങ്ങളില്‍ വരെ പൈശാചികമായ പീഡനമുറകള്‍ പരീക്ഷിച്ചതും ലോകവ്യാപക പ്രതിഷേധമുയര്‍ത്തിയതാണ്.

ബാഗ്ദാദിനടുത്തുള്ള അബുഗരൈബ് ജയിലിൽ യുഎസ് സൈനികർ ഇറാഖ് തടവുകാരെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ ആലേഖനം ചെയ്ത ചുമരുകള്‍

ഇറാഖിന്‍റെ പ്രസിഡന്‍റായിരുന്ന സദ്ദാംഹുസൈനെയും ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയെയും നിഷ്ഠുരമായി കൊലപ്പെടുത്തിയത് മനുഷ്യാവകാശങ്ങളെക്കുറിച്ച് വലിയ വായില്‍ സംസാരിക്കുന്ന അമേരിക്കയാണെന്നത് മറ്റൊരു വിരോധാഭാസം. അമൂല്യമായ എണ്ണയും പ്രകൃതിവാതക നിക്ഷേപവും കൈയടക്കാന്‍ വേണ്ടിയായിരുന്നു ഇറാഖിനെ ആക്രമിച്ചു കീഴടക്കുകയും സദ്ദാംഹുസൈനെ പരസ്യമായി തൂക്കിലേറ്റുകയും ചെയ്തത്. സദ്ദാംഹുസൈന്റെ വിചാരണപോലും പ്രഹസനമാക്കി, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം. 42 വര്‍ഷം ലിബിയയുടെ ഭരണാധികാരിയായിരുന്ന ഗദ്ദാഫിയെ വധിച്ചതും, അദ്ദേഹത്തിന്റെ മൃതദേഹത്തോടുപോലും അതിക്രൂരമായി പെരുമാറുകയും ചെയ്ത അമേരിക്കന്‍ മനുഷ്യാവകാശ സംരക്ഷണ നയങ്ങളുടെ ഇരട്ടത്താപ്പ് ലോകത്തിന് ബോധ്യപ്പെട്ടതാണ്.

സദ്ദാം ഹുസൈ‍നെ വധിച്ചതിനു പിന്നാലെ ഇറാഖിലെ തിക്രിതില്‍ നടന്ന പ്രതിഷേധം

ഗദ്ദാഫിയെ വീഴ്ത്താനുള്ള ആക്രമണങ്ങള്‍ക്കിടയില്‍ ട്രിപോളിയില്‍ തടവിലാക്കപ്പെട്ടവരോടു കാട്ടിയ നീചമായ മര്‍ദനമുറകള്‍ക്കെതിരെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രസ്താവനയിറക്കുകയുണ്ടായി. ലാത്തിയും ദണ്ഡുകളുംകൊണ്ട് കൈകാലുകള്‍ തല്ലിത്തകര്‍ക്കുന്നതടക്കമുള്ള പീഡനങ്ങളാണ് തടവിലാക്കപ്പെട്ടവര്‍ക്കുമേല്‍ നടത്തിയത്. കറുത്തവംശജര്‍ക്കായിരുന്നു ഏറെ പീഡനം ഏറ്റുവാങ്ങേണ്ടിവന്നത്. നാറ്റോ സൈന്യം ഛിന്നഭിന്നമാക്കിയ ഗദ്ദാഫിയുടെ മൃതദേഹം തെരുവിലൂടെ വലിച്ചിഴയ്ക്കുകയും ഇറച്ചിക്കടയില്‍ കൊണ്ടിടുകയും ചെയ്തത് നടുക്കത്തോടെ ഓര്‍ത്തെടുക്കാവുന്ന സംഭവങ്ങള്‍ തന്നെ. സാമ്രാജ്യത്വ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുന്ന ഇറാനെതിരായുള്ള നീക്കവും ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഇറാനെതിരെ അണിനിരത്താനുള്ള ശ്രമവുമൊക്കെ ഇതുമായി കൂട്ടിവായിക്കേണ്ടതാണ്.

ഗദ്ദാഫിയുടെ ചിത്രവുമായി എന്‍ടിസി പോരാളി

മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കലഹങ്ങളിൽ ചെന്ന് പക്ഷം പിടിക്കുകയെന്നത് അമേരിക്ക എന്നും ചെയ്തു പോരുന്നതാണ്. അത്തരത്തിലുള്ള ഇടപെടലുകൾ കൊണ്ട് സാമ്പത്തികവും, സൈനികവുമായ നേട്ടങ്ങളുണ്ടാക്കുക തന്നെയാണ് ലക്ഷ്യം. സാധ്യമായ എല്ലാ യുദ്ധമുറകളും അമേരിക്ക പരീക്ഷിച്ച മണ്ണാണ് വിയറ്റ്നാം. 61 ലക്ഷം ടൺ ബോംബുകളാണ് അമേരിക്ക ഇവിടെ തലങ്ങും വിലങ്ങും നിക്ഷേപിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിൽ ആകെ പ്രയോഗിക്കപ്പെട്ടത് വെറും 21 ലക്ഷം ടൺ ബോംബുകളായിരുന്നു എന്നത് ഇതിന്‍റെ വ്യാപ്തി മനസ്സിലാക്കാന്‍ സഹായിക്കും. നാപാമും, ഏജന്റ് ഓറഞ്ചും പോലുള്ള മനുഷ്യത്വഹീനമായ രാസായുധങ്ങൾ പ്രയോഗിച്ചതും, വിയറ്റ്നാം കാടുകളിലെ ഗറില്ലകളുടെ നാശത്തിനായി ഏകദേശം രണ്ടുകോടി ഗ്യാലൻ കീടനാശിനികള്‍ ഒഴുക്കിയതും അമേരിക്കയെന്ന അധിനിവേശ ശക്തിയുടെ പൈശാചികമായ മുഖം വെളിവാക്കുന്നു.

വിയറ്റ്നാം യുദ്ധഭൂമിയില്‍ നിന്നുള്ള ദൃശ്യം

സാമ്രാജ്യത്വത്തിന്റെ നീതിശാസനങ്ങള്‍ക്കെതിരായ ശബ്ദങ്ങളെ മുഴുവന്‍ ഇല്ലായ്മ ചെയ്യുകയെന്ന അമേരിക്കന്‍ നയമാണ് ഈ സംഭവങ്ങളിലൂടെ തെളിയുന്നത്. കറുത്തവര്‍ഗക്കാരും ന്യൂനപക്ഷങ്ങളും അമേരിക്കന്‍ മണ്ണില്‍ കൊടിയ വിവേചനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും പാത്രമായി അവകാശ സംരക്ഷങ്ങള്‍ക്ക് വേണ്ടി ഇന്നും മുറവിളികൂട്ടുന്നു. പോലീസ് ബൂട്ടിനടിയില്‍ ശ്വാസമില്ലാതെ ഞെരിഞ്ഞമര്‍ന്ന ഒരു ജോര്‍ജ്ജ് ഫ്ലോയിഡല്ല, ഒരായിരം ജോര്‍ജ്ജ് ഫ്ലോയിഡുമാര്‍ നീതിക്ക് വേണ്ടിയുള്ള പ്രതിഷേധമുഖത്ത് മുദ്രാവാക്യങ്ങളാകുന്നു. എന്നിട്ടും മനുഷ്യാവകാശത്തിന്റെ അപ്പോസ്തലന്മാരെന്ന് അഹങ്കരിക്കുകയാണ് അമേരിക്ക.