വൈറസ് വ്യാപനത്തിന് അറുതി കാണാന്‍ സ്വീകരിച്ച ലോക്ക് ഡൗണ്‍ നടപടികള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ഗാര്‍ഹിക പീഢനത്തിന് വിളനിലമാകുന്ന സാഹചര്യം വളരെ ഗൗരവത്തോടെ പരിഗണിക്കേണ്ട ഒന്നാണ്. ലോക്ക് ഡൗണ്‍ മൂലമുള്ള ജോലി നഷ്ടവും ശമ്പളത്തിലെ അനിശ്ചിതാവസ്ഥയും സമ്പര്‍ക്ക വിലക്കും വീട്ടകങ്ങളില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളുടെ കണക്കുകള്‍, കോവിഡ് രോഗികളുടെ എണ്ണത്തോട് കിടപിടിക്കുന്ന തരത്തിലായിരുന്നു വര്‍ദ്ധിപ്പിച്ചത്. പ്രസ്തുത വിഷയത്തിലേക്ക് ഭരണകൂടത്തിന്റെ സത്വരശ്രദ്ധ ക്ഷണിച്ചുകൊണ്ട് വനിതാ കമ്മീഷനുകളും, മനുഷ്യാവകാശ പ്രവര്‍ത്തകരും, ശിശു സംരക്ഷകരും ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ സജീവമായി രംഗത്തുണ്ട്.

ഇറ്റലി, അമേരിക്ക, ഫ്രാന്‍സ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഗാര്‍ഹിക പീഢനങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകളായിരുന്നു ലോക്ക് ഡൗണ്‍ കാലയളവില്‍ പുറത്തുവന്നുകൊണ്ടിരുന്നത്. കഴിഞ്ഞ അഞ്ചുവര്ഷനിടയില് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മരണപ്പെട്ടത് രാജ്യത്ത് അടച്ചിടല്‍ നടപടികള്‍ ആരംഭിച്ചപ്പോഴാണെന്നാണ് മെക്സിക്കോ പുറത്തുവിടുന്ന കണക്കുകള്‍. 267 സ്ത്രീകളാണ് ഏപ്രില്‍ മാസത്തില്‍ മാത്രം കൊല്ലപ്പെട്ടതെന്ന് മെക്സിക്കന്‍ ഗവണ്മെന്റ് വ്യക്തമാക്കുന്നു.
മാർച്ചിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് പരാതിപ്പെടാന്‍ 26,171 അടിയന്തര കോളുകളാണ് ബന്ധപ്പെട്ട ഹെല്പ് ലൈന്‍ നമ്പറുകളിലേക്ക് വന്നതെന്നാണ് റിപ്പോര്‍ട്ട്. വൈറസ് വ്യാപനത്തിന്റെ തോത് കണക്കിലെടുത്ത് മെക്സിക്കോയില്‍ ലോക്ക് ഡൗണ്‍ നടപടികള്‍ കര്‍ക്കശമാക്കിയത് ഏപ്രില്‍ മാസത്തിലായിരുന്നു. ഈ കാലയളവില്‍ 21,722 ഓളം പരാതികളാണ് വന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍, സ്ത്രീകളുടെ മരണ നിരക്കിനെക്കാളും, അതിക്രമങ്ങളുടെ കണക്കുകളെക്കാളും പ്രശ്നത്തെ നിസ്സാരമായി കൈകാര്യം ചെയ്യുന്ന മെക്സിക്കന്‍ ഭരണകൂടത്തിന്റെ മനോഭാവമാണ് അപലപനീയം. ഹെല്പ് ലൈന്‍ നമ്പറുകളിലേക്ക് വന്ന ഫോണ്‍ കോളുകളില്‍ 90 ശതമാനവും വ്യാജമാണെന്നാണ് പ്രസിഡന്റ് ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന്റെ വാദം. പകരം, തനിക്ക് മുമ്പുണ്ടായ നവലിബറൽ ഭരണ മാതൃകയെ പഴിക്കുകയാണ് ഈ ഇടതുപക്ഷ നേതാവ്.

പ്രസിഡന്റിന്റെ പ്രസ്താവനയെ ഖണ്ഡിച്ചുകൊണ്ട് മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സംഘടനകളും പ്രമുഖ വ്യക്തിത്വങ്ങളും ഇതിനോടകം തന്നെ രംഗത്ത് വന്നു കഴിഞ്ഞു. പരാതികള്‍ അപൂര്‍ണ്ണമായും വ്യാജമായും പ്രസിഡന്റിന് തോന്നുന്നത്, അവ വേണ്ട രീതിയില്‍ പിന്തുടരാതെ അവഗണിച്ചതുകൊണ്ടാണെന്നാണ് മെക്സിക്കൻ ഫെമിസൈഡ് ഇൻവെസ്റ്റിഗേറ്ററും ദേശീയ ഫെമിസൈഡ് മാപ്പിന്റെ സ്രഷ്ടാവുമായ മരിയ സാൽഗ്യൂറോ അഭിപ്രായപ്പെടുന്നത്.
അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ വിമുഖത കാട്ടാറുണ്ടെന്നും സാൽഗ്യൂറോ വ്യക്തമാക്കി. ആക്രമണകാരിയോടൊപ്പമാണ് താമസിക്കുന്നതെങ്കിൽ അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ പരാതിപ്പെടാന്‍ ഭയപ്പെടും, അന്വേഷണോദ്യോഗസ്ഥര്‍ എത്തിയാലും അവര്‍ തങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ വിവരിക്കാന്‍ ധൈര്യപ്പെടില്ല. സാൽഗ്യൂറോ കൂട്ടിച്ചേര്‍ത്തു.

2020 ലെ ആദ്യ നാല് മാസങ്ങളിൽ സ്ത്രീകളും പെൺകുട്ടികളും ഉള്‍പ്പെടെ 987 പേര് കൊല്ലപ്പെട്ടുവെന്നാണ് മെക്സിക്കന്‍ സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതില്‍ 308 എണ്ണം സ്ത്രീഹത്യകളായാണ് വർഗ്ഗീകരിച്ചിരിക്കുന്നതെന്ന് മെക്സിക്കോയിലെ സെക്യൂരിറ്റി ആന്റ് സിറ്റിസൺ പ്രൊട്ടക്ഷൻ സെക്രട്ടറി പറയുന്നു.
കുടുംബത്തിലെ ഐക്യം ഇല്ലാതാവുകയും, ഒറ്റപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് ഗാര്‍ഹിക പീഢനത്തിന് ആക്കം കൂട്ടുന്നതെന്നാണ് പ്രസിഡന്റ് ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന്റെ വിലയിരുത്തല്‍. മനുഷ്യാവകാശ സംരക്ഷണത്തിനും രാജ്യത്തെ ദുർബല സമൂഹത്തിനും വേണ്ടി നിലകൊള്ളുന്നതായി സ്വയം അഭിമാനിക്കുന്ന അദ്ദേഹം, രാജ്യത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ നവലിബറല്‍ നയങ്ങളുടെ തലയില്‍ കെട്ടിവച്ച് സുരക്ഷിത സ്ഥാനം കയ്യടക്കുകയാണ്.

ഗാര്‍ഹിക പീഢനം തടുക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യചിത്രങ്ങളാണ് പരിഹാസ്യകരമായ മറ്റൊന്ന്. അക്രമങ്ങള്‍ അതിക്രമിക്കുമ്പോള്‍ പത്ത് വരെ എണ്ണാനും, ശേഷം സമാധാനത്തിന്റെ വെള്ളക്കൊടി വീശാനും പീഢനത്തിന് ഇരകളാകുന്നവരോട് ആഹ്വാനം ചെയ്യുന്ന പരസ്യം വന്‍ തോതില്‍ വിമര്‍ശിക്കപ്പെട്ടു. ഒറ്റ ദിവസം പത്ത് സ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവങ്ങളും, ക്രൂരമായി കൊലചെയ്യപ്പെട്ട പത്ത് സ്ത്രീകളുടെ പേരുകളും ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങള്‍ സര്‍ക്കാര്‍ നടപടിയെ സമീപിച്ചത്.

വളരെ പൈശാചികമായ സ്ത്രീഹത്യകള്ക്കാണ് ഈ വര്‍ഷം മെക്സിക്കോ സാക്ഷിയായത്. ലൈംഗികമായി പീഢിപ്പിക്കപ്പെട്ട് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുകെട്ടിയ രീതിയില്‍ കണ്ടെത്തിയ ഫാത്തിമ എന്ന ഏഴുവയസ്സുകാരി മുതല്‍, ആന്തരീകാവയവങ്ങള്‍ പോലും നഷ്ടപ്പെട്ട തരത്തില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട 25 കാരി ഇൻഗ്രിഡ് എസ്കാമില വരെ, പെണ് രക്തം ചീന്തിയ മെക്സിക്കന്‍ തെരുവുകളുടെ ഭീകരസ്വഭാവം വിളിച്ചോതുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ബഹുജന പ്രതിഷേധത്തില്‍ പങ്കാളികളായ ജനലക്ഷങ്ങളുടെ മുറവിളികള്‍ മെക്സിക്കോയില്‍ അവകാശം ഹനിക്കപ്പെടുന്ന സ്ത്രീ സമൂഹത്തിന്റെ നേര്‍ക്കാഴ്ചയാണ് ലോകത്തിന് നല്‍കിയത്. വെളുത്ത പതാകകളല്ല, സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്ന നിയമങ്ങളുടെയും, ഇരകളെ സംരക്ഷിക്കുന്ന സംവിധാനങ്ങളുടെയും, അക്രമകാരികള്‍ക്കുള്ള പര്യാപ്തമായ ശിക്ഷാ നടപടികളുടെയും ആവശ്യകതയാണ് അവരുടെ മുറവിളികളിലൂടെ അലയടിച്ചത്.