കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അതിജീവന മാര്‍ഗങ്ങള്‍ അവലംബിക്കുന്ന മത്സരത്തിലാണ് വിവിധ തൊഴില്‍ മേഖലകള്‍. വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടം മുതല്‍ ആശങ്കയോടെ മുന്നോട്ട് പോവുകയാണ് ഐടി കമ്പനികളും. വരുമാനത്തിലുണ്ടായ സാരമായ ഇടിവ് പരിഹരിക്കാന്‍ ബിസിനസ് നയങ്ങള്‍ പരിപോഷിപ്പിക്കാനുള്ള തത്രപ്പാടിനിടയില്‍ ജോലി ഉപേക്ഷിച്ച് മറ്റ് കമ്പനികളിലേക്ക് ചുവടുമാറുന്ന ജീവനക്കാരുടെ നിരക്ക് ക്രമാതീതമായി കുറയുന്നതാണ് ഐടി മേഖലയിലെ പുത്തന്‍ ചര്‍ച്ചാ വിഷയം.
ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രമുഖ കമ്പനികളിലെ ജോലി സ്വമേധയാ ഉപേക്ഷിക്കുകയും, മറ്റ് കമ്പനികളിലേക്ക് പോവുകയും ചെയ്യുന്ന ജീവനക്കാരുടെ നിരക്കാണ് അട്രീഷന്‍ റേറ്റ് (attrition rate) അഥവ ചേണ് റേറ്റ് (churn rate) എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. താഴ്ന്ന ഗ്രേഡിലും, കുറഞ്ഞ ശമ്പളത്തിലുമുള്ള ജോലി ഉപേക്ഷിച്ച് വന്‍ പാക്കേജുകള്‍ തേടി ചുവടുമാറുന്ന പ്രവണത ഐടി മേഖലകളില്‍ സഹജമാണ്. പ്രമുഖ കമ്പനികളില്‍ നിന്നുള്ള മാസങ്ങളുടെ പ്രവൃത്തി പരിചയം, നല്ല ശമ്പളം വാഗ്ദാനം ചെയ്യുന്ന മറ്റു ജോലി സാധ്യതകള്‍ നല്കുന്നു എന്നതാണ് ഈ ട്രെന്‍ഡിനു പുറകിലെ യാഥാര്‍ത്ഥ്യം.

എന്നാല്‍, കോവിഡ് വ്യാപനം സംബന്ധിച്ച വ്യാകുലത ഇത്തരം പ്രവണതകളെ നിരുത്സാഹപ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജീവനക്കാര്‍ ലാഭകരമായ ഓഫറുകൾ നിരസിക്കുകയും ഒരേ കമ്പനിയിൽ തന്നെ തുടരുകയും, ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് പോലും തയ്യാറാവുകയും ചെയ്യുന്നു എന്നതാണ് ഐടി മേഖലയില്‍ സംജാതമാകുന്ന പുതിയ പ്രതിഭാസം.
ടാറ്റ കൺസൾട്ടൻസി സര്‍വീസസ് (ടിസിഎസ്), ഇൻഫോസിസ്, വിപ്രോ തുടങ്ങിയ പ്രമുഖ ഐടി സ്ഥാപനങ്ങള്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇത്തരത്തില്‍ കൂടുവിട്ട് കൂടുമാറിയ ജീവനക്കാരുടെ നിരക്കില്‍ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. “ഐടി സേവന മേഖലയിലെ ഒരു സുപ്രധാന മോണിറ്ററിങ് സംവിധാനമായ അട്രീഷന്‍ റേറ്റ്, 11.7 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇത് 20.2 ശതമാനമായിരുന്നു,” ഇന്‍ഫോസിസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രവിന് റാവു അഭിപ്രായപ്പെടുന്നു. ഈ സാഹചര്യത്തില്‍ ജീവനക്കാരുടെ കാര്യക്ഷമത മെച്ചപ്പെട്ട രീതിയില്‍ വിനിയോഗിക്കാനും, കഴിവുകൾ വീണ്ടും വികസിപ്പിച്ചെടുക്കാനുമുള്ള പദ്ധതികള്‍ക്കാണ് സ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കുന്നത്.

2020 ജൂണില്‍ ടിസിഎസിന്റെ അട്രീഷന്‍ റേറ്റ് 11.15 ശതമാനമായി താഴ്ന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രണ്ടു വര്‍ഷത്തില്‍ ആദ്യമായാണ് ജോലി ഉപേക്ഷിച്ച് മറ്റ് സ്ഥാപനങ്ങളിലേക്ക് പോകുന്നവരുടെ എണ്ണത്തില്‍ ഇത്രയേറെ ഇടിവു സംഭവിച്ചതെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അതെസമയം, വിപ്രോയുടെ അട്രീഷന്‍ റേറ്റ് 2020 ജൂണില്‍ 10.7 ശതമാനമായാണ് കുറഞ്ഞത്. 2020 മാർച്ച് പാദത്തിൽ ഇത് 14.7 ശതമാനവും 2019 ജൂൺ പാദത്തിൽ 17.9 ശതമാനവുമായിരുന്നു.

ഈ നിരക്ക് രണ്ടോ മൂന്നോ പാദങ്ങളിൽ നിലനിൽക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. “ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ഞങ്ങള്‍ക്ക് ഘടനാപരമായ പദ്ധതികളൊന്നുമില്ല. എന്നാല്‍ അവരുടെ കാര്യക്ഷമതയില്‍ കാര്യമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. വര്‍ഷത്തില്‍ ഒരു തവണയോ, എല്ലാ ആറുമാസത്തിലോ മികച്ച ശമ്പളം, പദവി എന്നിവ നല്കുന്ന കമ്പനികളിലേക്ക് നിലവിലെ ജോലി ഉപേക്ഷിച്ച് ചുവടുമാറുന്ന പ്രവണത ടെക്കികള്‍ക്കുണ്ട്,” പ്രവിന് റാവു കൂട്ടിച്ചേര്‍ത്തു.

അട്രീഷന്‍ റേറ്റ് കുറയുന്ന സാഹചര്യത്തില്‍ ലാറ്ററല്‍ നിയമനങ്ങള്‍ സാധ്യമല്ലെന്നതാണ് മറ്റൊരു ആശങ്ക. ജോലി ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് പോകുന്ന ജീവനക്കാരുടെ വിടവ് നികത്താനാണ് സാധാരണ ഗതിയില്‍ ലാറ്ററല്‍ നിയമനം നടത്തുന്നത്. എച്ച്സിഎൽ ടെക് സാധാരണയായി ഒരു പാദത്തിൽ 3,500 മുതല്‍ 4,000 ലാറ്ററലുകളെ നിയമിക്കാറുണ്ട്. എന്നാല്‍ നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ 2,000 പേര് മാത്രമേ നിയമിതരായിട്ടുള്ളൂ എന്ന് എച്ച്സിഎൽ ടെക്കിന്റെ ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസർ വിവി അപ്പാരാവു പറയുന്നു. കമ്പനിയുടെ അട്രീഷന്‍ റേറ്റ് 14.6 ശതമാനമായാണ് ഇടിഞ്ഞത്. അതിനാല്‍, പുതിയ സാങ്കേതികവിദ്യകളിൽ നിലവിലുള്ള ജീവനക്കാരെ പുനർവിന്യസിക്കുക എന്നതാണ് വിദഗ്ദര്‍ മുന്നോട്ട് വയ്ക്കുന്ന ആശയം.

അതെസമയം, കോവിഡ് പശ്ചാത്തലത്തിലുണ്ടായ ലോക്ക്ഡൗൺ കാരണം യുഎസിലെയും യൂറോപ്പിലെയും ബിസിനസ്സ് തകരാറിന്റെ മുഴുവൻ ആഘാതവും ജൂൺ വരെയുള്ള പാദത്തിൽ ഇന്ത്യൻ ഐടി സ്ഥാപനങ്ങളും നേരിടേണ്ടിവരും. ഈ മൂന്ന് മാസ കാലയളവിൽ കമ്പനികളുടെ വരുമാനത്തിൽ 5-10 ശതമാനം കുറവുണ്ടാകുമെന്നാണ് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ഐടി മേഖലയെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയമാണിത്.