ബിഎസ് VI രാജ്യത്ത് പ്രാബല്യത്തില്‍ വന്നതോടെ ഡീസല്‍ വാഹനങ്ങളുടെ ഉത്പാദനം നിര്‍മ്മാതാക്കളായ മാരുതി അവസാനിപ്പിച്ചിരുന്നു. പല കാരണങ്ങളാണ് കമ്പനി ചൂണ്ടികാട്ടുന്നതും. എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സമീപഭാവിയില്‍ സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ നിര വര്‍ധിപ്പിക്കുമെന്നാണ് സൂചന. ശ്രേണിയില്‍ ഡീസല്‍ വാഹനങ്ങളുടെ അസാന്നിധ്യം മറികടക്കാനായി സിഎന്‍ജിയില്‍ ഓടുന്ന മോഡലുകള്‍ക്ക് സാധിച്ചേക്കുമെന്ന പ്രതീക്ഷയാണ്.
ഇന്ത്യന്‍ വിപണിയില്‍ ചെറിയ കാറുകളില്‍ എസ്-സിഎന്‍ജി സാങ്കേതികവിദ്യ അവതരിപ്പിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. ചെറിയ കാറുകളില്‍ സിഎന്‍ജി സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത് ഡീസല്‍ യൂണിറ്റിനേക്കാള്‍ സാമ്പത്തിക മൂല്യമുണ്ടാക്കുമെന്ന് മാരുതി സുസുക്കി അധികൃതര്‍ അറിയിച്ചു.
പെട്രോള്‍ മോഡലുകളിലേക്ക് സാവധാനം മാറിക്കൊണ്ടിരിക്കുന്ന ഒരു മാര്‍ക്കറ്റിനായി, ബിഎസ് VI ഡീസല്‍ യൂണിറ്റ് അവതരിപ്പിക്കുന്നത് സാമ്പത്തിക ഭദ്രത കണക്കിലെടുക്കുമ്പോള്‍ യുക്തിസഹമാവില്ലെന്ന് കമ്പനി വ്യക്തമാക്കി.
ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഡീസലിന്റെ വിഹിതം അഞ്ചു ശതമാനമാണ്. സെഡാന്, എന്‍ട്രിലെവല്‍ എസ്യുവി വിഭാഗഹങ്ങളിലും ഡീസല്‍ മോഡലുകള്‍ ഇടിവു രേഖപ്പെടുത്തുകയാണ് ഇപ്പോള്‍. ഈ സാഹചര്യത്തില്‍ പുതിയ ഡീസല്‍ എഞ്ചിന് വികസിപ്പിക്കുന്നത് ഒട്ടും ആദായകമാവില്ലെന്നാണ് മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ വ്യക്തമാക്കിയത്.
എന്നാല്‍ ഭാവിയില്‍, വലിയ വാഹനങ്ങള്‍ക്ക് അതായത് എസ്യുവി, സെഡാന് മോഡലുകളില്‍ ഡീസല്‍ എഞ്ചിന് ആവശ്യക്കാര്‍ കൂടുകയാണെങ്കില്‍, ഈ മോഡലുകളില്‍ ബിഎസ് VI ഡീസല്‍ എഞ്ചിന് അവതരിപ്പിച്ചേക്കാം എന്നും അദ്ദേഹം പറഞ്ഞു.
കാറുകളുടെ പ്രവര്‍ത്തന ചെലവിനെക്കുറിച്ചു ശ്രദ്ധിക്കാത്ത ഉപയോക്താക്കള്‍ മാത്രമാണു നിലവില്‍ ഡീസല്‍ കാറുകള്‍ വാങ്ങുന്നത്. അതുകൊണ്ടുതന്നെ വിപണി സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം ഡീസല്‍ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്നാണു കമ്പനിയുടെ നിലപാട്.
2020 ഏപ്രില്‍ ഒന്നു മുതലാണ് രാജ്യത്ത് ബിഎസ് VI പ്രാബല്യത്തിലെത്തിയത്. ഡീസലിന്റെ അഭാവത്തില്‍ സിഎന്‍ജി മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും മാരുതി സുസുക്കി തയാറെടുക്കുന്നുത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സിഎന്‍ജി ഇന്ധനമാക്കുന്ന 1.07 ലക്ഷം കാറുകളാണു കമ്പനി വിറ്റത്.
ഇക്കൊല്ലം വില്പന 1.40 മുതൽ 1.50 ലക്ഷമാക്കി ഉയര്‍ത്താനാണു ലക്ഷ്യമിട്ടിരിക്കുന്നത്. കൂടാതെ ഹരിത സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള 10 ലക്ഷം കാറുകള്‍ വരുന്ന അഞ്ചു വര്‍ഷത്തിനിടെ വിറ്റഴിക്കാനും കമ്പനിക്ക് പദ്ധതിയുണ്ടെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സിഎന്‍ജി പോര്‍ട്ട്ഫോളിയോയ്ക്ക് കീഴില്‍ കമ്പനി നിലവില്‍ ആള്‍ട്ടോ, സെലെറിയോ, എസ്-പ്രസ്സോ, വാഗണ്‍ ആര്, എര്‍ട്ടിഗ എന്നിവ വാഗ്ദാനം ചെയ്യുന്നു. സമീപ ഭാവിയിലും മാരുതി സുസുക്കിക്ക് ഈ ശ്രേണിയിലേക്ക് കൂടുതല്‍ മോഡലുകള്‍ അവതരിപ്പിക്കാന്‍ കഴിയും.