ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തിൽ ജില്ലയുടെ വടക്കൻ മേഖലകളിൽ കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജമാക്കി ജില്ലാ ഭരണകൂടം. പട്ടണക്കാട് ജയലക്ഷ്മി ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിരിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ജില്ലാ കലക്ടർ എ. അലക്സാണ്ടർ സന്ദർശിക്കുകയും സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു.
ജയലക്ഷ്മി ഓഡിറ്റോറിയത്തിലും, കുന്നുംപുറം സെന്റ് ജോസഫ് പാരിഷ് ഹാളിലുമായി 120 കിടക്കകൾ ഉള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാണ് സജ്ജമാക്കിയിരിക്കുന്നത്. തുറവൂർ, കുത്തിയതോട്, കോടംതുരുത്തു എന്നീ പഞ്ചായത്തുകൾക്കായി തുറവൂർ എസ്. എൻ. ജി. എം കോളേജ് ഓഡിറ്റോറിയത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ 300 കിടക്കകളാണ് ഒരുക്കുന്നത്. ഹരിപ്പാട് ശബരി കൺവെൻഷൻ സെൻററിലും എസ് എസ് ഓഡിറ്റോറിയത്തിലുമായി 250 ഓളം കിടയ്ക്കകൾ സജ്ജമാക്കാൻ നിർദേശം നല്കി.
മറ്റുള്ള പഞ്ചായത്തുകളിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ വിവരങ്ങൾ ചുവടെ,
മാരാരിക്കുളം നോർത്ത് : കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ഓഡിറ്റോറിയം – 95 കിടക്കകൾ
മാരാരിക്കുളം സൗത്ത് : സെന്റ് ആന്റണീസ് പാരിഷ് ഹാൾ, ഓമനപ്പുഴ – 60 കിടക്കകൾ
എഴുപുന്ന : എം. കെ കൺവെൻഷൻ സെന്റർ – 50 കിടക്കകൾ
അർത്തുങ്കൽ : ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ – 100 കിടക്കകൾ.
പഞ്ചായത്ത് /നഗരസഭാ തലത്തിൽ കിടക്കകൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികളുമായി കലക്ടർ വീഡിയോ കോൺഫറെൻസ് വഴി ബന്ധപ്പെടുകയും അവരുടെ ആവശ്യങ്ങൾ ചോദിച്ചറിയുകയും വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കായംകുളം, ഹരിപ്പാട്,മാവേലിക്കര, ചെങ്ങന്നൂർ എന്നീ നഗരസഭകളും താമരക്കുളം, പത്തിയൂർ, പുന്നപ്ര നോർത്ത്, പുറക്കാട്, തൃക്കുന്നപ്പുഴ, വള്ളികുന്നം, ചെറുതന, വീയപുരം, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളും വീഡിയോ കോൺഫറൻസ് വഴി കലക്ടറുമായി സംവദിച്ചു.