ഭിന്ന ആശയക്കാരായ എതിരാളികൾക്കും ഭരണകൂടത്തിന് അപ്രിയമായ രാഷ്ട്രീയ ആശയങ്ങൾക്കുമെതിരെ ഉപയോഗിക്കാനുള്ള ഒരായുധമാണ് യുഎപിഎ നിയമം. ‘ഭീകരവാദികള്‍’, ‘നിയമവിരുദ്ധ പ്രവർത്തനങ്ങൾ’ തുടങ്ങിയ നിർണായക സംജ്ഞകളുടെ നിർവചനങ്ങള്‍ ഈ നിയമനിര്‍മ്മാണത്തില്‍ അവ്യക്തമാണെന്നതു തന്നെയാണ് ഈ പ്രസ്താവനയെ സാധൂകരിക്കുന്നത്. 1967ലെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തെക്കാൾ ശക്തവും കർക്കശവുമാണ് 2019ല്‍ ഭേദഗതി ചെയ്യപ്പെട്ട നിയമം എന്നത് ഈ പൊതു ബോധത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു.
വ്യക്തിയെ ഭീകരനാക്കി പ്രഖ്യാപിക്കുന്ന പ്രക്രിയ, അവരുടെ സ്വത്ത് കണ്ടുകെട്ടേണ്ടതിന്റെ ആവശ്യകത എന്നിവയാണ് ഈ നിയമത്തിൽ വ്യവസ്ഥചെയ്യപ്പെട്ടിരിക്കുന്നത്. നിരീക്ഷണങ്ങളിൽനിന്ന് രക്ഷപ്പെടാൻ ഭീകരരും അവരുടെ സംഘടനകളും നിരന്തരം പേരുമാറ്റി പുതിയ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നതാണ് ഇതിന് കാരണം. യുഎപിഎ ജുഡീഷ്യൽ പരിശോധനകൾക്കു പുറത്തായതിനാൽ, വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന ഈ ഏകപക്ഷീയ നിയമത്തിനുനേരെ വിവിധ കോണുകളില്‍ നിന്ന് നിരന്തരം എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. ഒരു കടക്കാരന്‍ ബാക്കി തുകയായി തന്ന കള്ളനോട്ട് കൈവശം വച്ചെന്ന കുറ്റത്തിന് നിർദയമായ ഈ നിയമപ്രകാരം നിങ്ങളെ ശിക്ഷിച്ചേക്കാം. ജീവിതകാലം മുഴുവൻ നിങ്ങൾ നിയമം അനുസരിക്കുന്നവനാണെന്നോ കൃത്യമായി നികുതി അടയ്ക്കുന്നവനാണെന്നോ തുടങ്ങിയ കാര്യങ്ങള്‍ ഇവിടെ തുണയ്ക്കെത്തില്ല എന്നതാണ് ഇതിന്‍റെ ഭീകരമായ വശം.
അടിച്ചമര്‍ത്തല്‍ രാഷ്ട്രീയവും അസാധാരണ നിയമവും
മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ് നഗരത്തിൽ ജാത്യാതിക്രമത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ അറസ്റ്റുകളും, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമുഖത്ത് സജീവമായ മനുഷ്യാവകാശ പ്രവര്‍ത്തകരും, മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശം വച്ചെന്ന പേരില്‍ അറസ്റ്റിലായ അലനും താഹയുമൊക്കെയാണ് യുഎപിഎയുടെ ഒടുവിലത്തെ ഇരകളായി തടവറകളില്‍ കഴിയുന്നത്. ഭീകരതയെയും നിയമവിരുദ്ധ പ്രവർത്തനങ്ങളെയും കുറിച്ചുള്ള അവ്യക്തവും മങ്ങിയതുമായ നിർവ്വചനങ്ങൾക്ക് കീഴിൽ സമാധാനപരമായ രാഷ്ട്രീയ വിചിന്തനങ്ങളെ അടിച്ചമർത്തുന്ന ഈ നിയമം, ജാമ്യം നല്കുന്നതിനെതിരായി കടുത്ത മുൻവിധികൾ സ്ഥാപിക്കുകയും, കസ്റ്റഡി കുറ്റസമ്മതത്തെ അംഗീകരിക്കുകയും പീഡനത്തിന് മൗനസമ്മതം നൽകുകയും ചെയ്യുന്നു.
ഭീമ കൊറേഗാവ് കേസിന്‍റെ സഞ്ചാരപഥം തന്നെ നിരവധി ചോദ്യങ്ങളുയർത്തുന്നുണ്ട്. മഹാരാഷ്ട്ര പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കേസ് ഒരു സുപ്രഭാതത്തിലാണ് എന്‍ഐഎ ഏറ്റെടുക്കുന്നത്. 2018 ജനുവരി 1ന് നടന്ന ഭീമ കൊറേഗാവ് യുദ്ധ അനുസ്മരണ പരിപാടിയില്‍ ദളിത് പ്രവര്‍ത്തകരും സംഘപരിവാറും തമ്മിലുണ്ടായ ഏറ്റുമുട്ടലിനു പിറകില്‍ മാവോയിസ്റ്റ് ബന്ധമുള്ള ഒരു സംഘമാണെന്നായിരുന്നു എന്‍ഐഎയുടെ ആരോപണം. ഇതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരായ സുധാ ഭരദ്വാജ്, റോണ വില്‍സണ്‍, സുധീര്‍ ധവാലെ, സുരേന്ദ്ര ഗാഡ്ലിംഗ്, ഷോമ സെന്‍, മഹേഷ് റൗത്ത്, അരുണ്‍ ഫെരേറിയ, വരവരറാവു തുടങ്ങിയവര്‍ ആദ്യഘട്ടത്തിലും ആനന്ദ് തെല്‍തുംദെ, ഗൗതം നവലാഖ് എന്നിവര്‍ പിന്നീടുമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. അറുപത് കഴിഞ്ഞ വയോധികരാണ് ഇവരില്‍ ഭൂരിഭാഗവും. കോവിഡ് വ്യാപനം ഭീഷണിയാകുമ്പോള്‍ വിചാരണ തടവുക്കാരുൾപ്പെടെ കുത്തിനിറക്കപ്പെട്ട ജയിലറകളില്‍ ആശങ്കയാകുന്ന ഇവരുടെ ആരോഗ്യപരിരക്ഷ ഇതിനോടകം തന്നെ ചൂടേറിയ ചര്‍ച്ച വിഷയമായിക്കഴിഞ്ഞു.
ഡല്‍ഹി കാലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ആയുധം കൈവശം വയ്ക്കല്‍, കൊലപാതക ശ്രമം, അക്രമത്തിന് പ്രേരിപ്പിക്കല്‍, മതത്തിന്‍റെ അടിസ്ഥാനത്തില്‍ ശത്രുത വളര്‍ത്തല്‍, രാജ്യദ്രോഹം എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ്, മൂന്നുമാസം ഗര്‍ഭിണിയായിരുന്ന ജാമിയ മിലിയ വിദ്യാര്‍ത്ഥിനി സഫൂറ സര്‍ഗാര്‍ അറസ്റ്റിലായത്. മാസങ്ങള്‍ക്ക് ശേഷം, നീണ്ട നിയമപ്പോരാട്ടങ്ങള്‍ക്ക് പിന്നാലെയാണ് അവര്‍ ജാമ്യത്തിലിറങ്ങുന്നത്. പൊതുവേദിയില്‍ വിദ്വേഷ പ്രസംഗം നടത്തി, സമാധാനപരമായ പ്രതിഷേധങ്ങളെ അക്രമത്തിന്‍റെ വഴിയിലേക്ക് വലിച്ചിഴച്ച നേതാക്കളും മന്ത്രിമാരും പോലീസ് സംരക്ഷണത്തില്‍ സ്വൈര്യ വിഹാരം നടത്തുമ്പോള്‍, സഫൂറയും, മീരാന്‍ ഹൈദറും, ഉമര്‍ ഖാലിദും, ഇസ്രത് ജഹാനും, ഖാലിദ് സൈഫിയും, നടാഷ നര്‍വാളുമൊക്കെയാണ് നിയമ വിരുദ്ധ പ്രവര്‍ത്തകരായത്.
ദളിത് ആദിവാസി ജനത, മത ന്യൂനപക്ഷങ്ങള്‍, കമ്യൂണിസ്റ്റുകള്‍, രാഷ്ട്രീയത്തടവുകാര്‍ തുടങ്ങിയ എതിരാളികളില്‍ നിന്നുയരുന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള സംഘപരിവാര്‍ ഭരണകൂടത്തിന്‍റെ ശ്രമമാണ്, ഒന്നിനു പുറകെ ഒന്നായി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന യുഎപിഎ കേസുകളെന്ന് രാഷ്ട്രീയ സമൂഹം വിലയിരുത്തുന്നു. അങ്ങനെയെങ്കില്‍ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുകയും സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന ആക്ടിവിസ്റ്റുകളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയുമെല്ലാം തടവറയ്ക്കുള്ളിലാക്കുന്ന വ്യാജ തിരക്കഥകള്‍, വിയോജിപ്പിന്‍റെ സ്വരങ്ങള്‍ക്ക് മുന്നറിയിപ്പാവുകയാണ്.
ആരെയും ‘ഭീകര’ നാക്കുന്ന നിയമം
എൻഐഎയിലെ എസ്ഐ റാങ്കും അതിന് മുകളിലുമുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് ആഭ്യന്തര മന്ത്രി ഈ നിയമം നടപ്പാക്കുന്നത്. എന്തുകാരണത്താൽ, ആരെ, എപ്പോൾ പ്രോസിക്യൂട്ട് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അധികാരം പൊലീസിന് നിലവിലെ നിയമം നൽകുന്നുണ്ട്. ഇതിനുപുറമേ, കുറ്റപത്രം നൽകുന്നതിനു മുമ്പ്, കുറ്റം ചെയ്‌തെന്നു സംശയിക്കുന്നയാളെ ആറുമാസം തടവിലിടാനുള്ള വിചിത്രമായ വ്യവസ്ഥയും ഇത് പ്രദാനം ചെയ്യുന്നു. ജനാധിപത്യത്തിൽ, കുറ്റം ചുമത്തുന്നതിനു മുമ്പ് കുറ്റാരോപിതനോട് എന്തുകാരണത്താലാണ് അതു ചെയ്യുന്നതെന്നു വ്യക്തമാക്കിയിരിക്കണം. അതിനാല്‍ യുഎപിഎ നിയമവ്യവസ്ഥകളെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല.
യുഎപിഎയിലെ 35-ാം വകുപ്പുപ്രകാരം സർക്കാരിന് ഏതൊരു സംഘടനയെയും ‘ഭീകരപ്രവർത്തനങ്ങളിൽ പങ്കാളികളാണെന്നു സംശയിച്ച് ‘ ഭീകരസംഘടനയായി പ്രഖ്യാപിക്കാം. അത്തരം സംഘടനകളെ നിയമത്തിന്റെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്താനും സാധിക്കും. ഇങ്ങനെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയ സംഘടനകളെ പിന്തുണയ്ക്കുകയോ അവയ്ക്കുവേണ്ടി ഫണ്ട് കണ്ടെത്തുകയോ ചെയ്യുന്ന ഏതൊരാളെയും യുഎപിഎ നിയമത്തിലെ 38, 39, 40 വകുപ്പുകൾ പ്രകാരം ശിക്ഷിക്കാം.
അത്തരത്തിലുള്ള പ്രഖ്യാപനംകൊണ്ടുമാത്രം പ്രതികൂലമായ നിയമനടപടി, അയോഗ്യത, തടവ്, പിഴ അല്ലെങ്കിൽ മറ്റുതരത്തിലുള്ള നടപടികൾ എന്നിവ അവർക്ക് നേരിടേണ്ടിവരുന്നില്ല. പക്ഷേ, ‘ഭീകരൻ’ എന്ന മുദ്രകുത്തൽകൊണ്ട്, സാമൂഹിക ഭ്രഷ്ട്, തൊഴിൽനഷ്ടം, മാധ്യമവേട്ട, ഇന്നത്തെ അതിതീവ്ര ദേശീയതയുടെ അന്തരീക്ഷത്തിൽ ആൾക്കൂട്ട ഭ്രാന്തിന്റെ ലക്ഷ്യമാവുക തുടങ്ങി എല്ലാവിധ അവകാശങ്ങളും ഹനിക്കപ്പെടുന്നു. ഇത്തരം പീഡനങ്ങൾക്ക് നിയമപരമായ പരിഹാരങ്ങളില്ല. അതായത്, ഔദ്യോഗികമായ നിയമമാർഗങ്ങളിലൂടെയല്ലാതെത്തന്നെ സർക്കാരിന് സ്വേച്ഛയാ ഒരു വ്യക്തിയെ ഭീകരനെന്നു പ്രഖ്യാപിക്കാമെന്നു സാരം.
”യുവാക്കളുടെ മനസ്സിലേക്ക് ഭീകരതയുടെ ആശയങ്ങളും സാഹിത്യവും കുത്തിവെക്കാൻ ശ്രമിക്കുന്നവരുണ്ട്. തോക്കുകൾ ഭീകരരെ ഉദയംചെയ്യിക്കും. ഭീകരതയുടെ വേരുകൾ അതിന്റെ സംഘടിതമായ ആശയപ്രചാരണമാണ്,” പാർലമെന്റിൽ യുഎപിഎ ഭേദഗതി ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ വാക്കുകളാണിവ. ആദിവാസികളുടെയും സമൂഹത്തിലെ ആലംബഹീനരുടെയും അവകാശങ്ങൾക്കു വേണ്ടി പോരാടുന്നവരും, സൈന്യത്തിന്റെ ദുഷ്‌പ്രവൃത്തികൾക്കെതിരേയും മനുഷ്യാവകാശങ്ങൾക്കു വേണ്ടിയും ശബ്ദമുയർത്തുന്നവരുമൊക്കെ, ഈ പ്രാകൃത നിയമത്തിന്റെ വിവേചനരഹിതമായ ഉപയോഗത്തിലൂടെ ക്രൂശിക്കപ്പെടുകയാണിപ്പോള്‍.
രണ്ടാം ലോകയുദ്ധത്തിന് മുമ്പ് ജർമനി അടക്കിവാണിരുന്ന നാസികളുടെ ചെയ്തികളെയാണ് ഈ നിയമ നിര്‍മ്മാണം ഓര്‍മ്മിപ്പിക്കുന്നത്. എതിരില്ലാത്ത തങ്ങളുടെ സർവാധികാരം ഉപയോഗിച്ച് സമൂഹത്തിന്റെ സമസ്ത മേഖലകളിലും ആധിപത്യം ചെലുത്തുന്നതാണ് അവരുടെ നയം. കാവിവത്കരണം ജനാധിപത്യവ്യവസ്ഥയുടെയും ഫെഡറലിസത്തിന്റെയും നിഷേധമാകുന്നതിങ്ങനെയാണ്.