കോവിഡ് -19 എത്തിയതോടെ ‘വര്‍ക്ക് ഫ്രം ഹോം’ ശൈലി സ്വീകരിച്ചതു മൂലം യാത്രാ ചെലവ് നാമമാത്രമാക്കാന്‍ കഴിഞ്ഞു ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്ക്. അതേസമയം ആശയവിനിമയച്ചെലവ് കുതിച്ചുയര്‍ന്നു.ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ എന്നിവയുടെ ടി.എ ഇനത്തിലുള്ള ചെലവ് ജൂണ്‍ പാദത്തില്‍ 86 ശതമാനം വരെ കുറഞ്ഞു. ആശയവിനിമയവുമായി ബന്ധപ്പെട്ട ബില്ലുകള്‍ 20 മുതല്‍ 30 ശതമാനം വരെയാണു വര്‍ദ്ധിച്ചത്.
കമ്പനികള്‍ക്ക് വരുമാനത്തില്‍ ഇടിവുണ്ടായ ഇക്കഴിഞ്ഞ പാദത്തില്‍, യാത്രാച്ചെലവിലെ ഇടിവ് അവരുടെ ലാഭ വളര്‍ച്ച നിലനിര്‍ത്താന്‍ സഹായിച്ചു. ലാഭത്തിന്റെ ഇടിവ് പരിമിതപ്പെടുത്തുകയും ചെയ്തു. ലോക്ഡൗണിനു മുമ്പ് ഐടി കമ്പനികളുടെ ഏറ്റവും വലിയ മൂന്നാമത്തെ ചെലവായിരുന്നു യാത്രകള്‍. എന്നാല്‍ 2020 ജൂണില്‍ അവസാനിച്ച പാദത്തില്‍, മൂന്ന് കമ്പനികള്‍ക്കുമായുള്ള ആശയവിനിമയ ചെലവ് അവരുടെ യാത്രാ ബില്ലുകളെ ബഹുദൂരം പിന്തള്ളി. 2019 ജൂണില്‍ ആശയവിനിമയ ചെലവ് ഈ ഓരോ കമ്പനിയുടെയും യാത്രാ ചെലവിന്റെ നാലിലൊന്ന് മാത്രമായിരുന്നു.
കമ്പനികളുടെ ത്രൈമാസ ഫലങ്ങള്‍ അനുസരിച്ച്, മൂന്ന് കമ്പനികളുടെ മൊത്തം യാത്രാ ചെലവ് 2019 ജൂണ്‍ അവസാനിച്ച പാദത്തില്‍ 2,153 കോടിയില്‍ നിന്ന് 2020 ജൂണില്‍ 500 കോടി രൂപയായി കുറഞ്ഞു. ജോലിക്കാര്യങ്ങള്‍ക്കായി വീഡിയോ കോണ്‍ഫറന്‍സിംഗിനെയും മറ്റും ആശ്രയിക്കുന്നതിനാല്‍ ഈ പാദം അവസാനത്തോടെ കമ്പനികളുടെ ആശയവിനിമയ ചെലവ് 742 കോടി രൂപയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 600 കോടി രൂപയാണ് ഇതിനായി ചെലവാക്കിയത്.
മൂന്ന് കമ്പനികളില്‍ ഏറ്റവും കുറഞ്ഞ യാത്രാ ചെലവ് രേഖപ്പെടുത്തിയിട്ടുള്ളത് ഇന്‍ഫോസിസാണ്. 86 ശതമാനമാണ് കുറഞ്ഞത്. 2019 ജൂണില്‍ 827 കോടി രൂപയായിരുന്ന തുക 2020 ജൂണില്‍ 116 കോടി രൂപയായി കുറഞ്ഞു. ആശയവിനിമയ ചെലവ് 28 ശതമാനം ഉയര്‍ന്ന് 127 കോടിയില്‍ നിന്ന് 163 കോടി രൂപയായി. ടിസിഎസിലെ യാത്രാ ചെലവ് 69 ശതമാനം കുറഞ്ഞപ്പോള്‍ ആശയവിനിമയ ചെലവ് 22 ശതമാനം ഉയര്‍ന്നു. വിപ്രോയില്‍ യാത്രാ ചെലവ് 75 ശതമാനം താഴുകയും ആശയവിനിമയ ചെലവ് 26 ശതമാനം ഉയരുകയും ചെയ്തു.
ഇന്‍ഫോസിസ് രേഖപ്പെടുത്തിയ ത്രൈമാസ വരുമാന വളര്‍ച്ച 8.5 ശതമാനമാണ്. അറ്റാദായം 12.4 ശതമാനം ഉയര്‍ന്നു. വിപ്രോ വരുമാനം 1.3 ശതമാനവും നികുതിക്കു ശേഷമുള്ള ലാഭം 8.8 ശതമാനവുമാണുയര്‍ന്നത്. ടിസിഎസിന്റെ വരുമാനം 0.4 ശതമാനം മാത്രം വര്‍ദ്ധിച്ചപ്പോള്‍ ലാഭം 13.5 ശതമാനം കുറഞ്ഞു.പാദ വര്‍ഷ ഫലം പുറത്തുവന്നശേഷം ഇന്‍ഫോസിസ്, വിപ്രോ ഓഹരി വില ഉയര്‍ന്നിരുന്നു.