ഒടുവിൽ ഇൻസ്റ്റഗ്രാമിലെ പുതിയ ട്രെൻഡിനൊപ്പം സഞ്ചരിച്ചു ലാലേട്ടനും. ‘‘ലാലേട്ടൻ കമന്റ് ചെയ്താലേ ഞങ്ങൾ ഈ ബിസ്കറ്റ് കഴിക്കൂ’’ എന്ന ഇൻസ്റ്റാഗ്രാം റീലിനു കമന്റുമായി സാക്ഷാൽ മോഹൻലാൽ തന്നെ എത്തിയതിന്റെ അമ്പരപ്പിലാണ് ആരാധകർ.
‘‘ഇങ്ങനത്തെ കേസ് ഒന്നും എടുക്കാത്തതാണല്ലോ പിന്നെ എന്തുപറ്റി?’’ എന്ന ചോദ്യവുമായാണ് ആരാധകർ എത്തിയത്. ആരോമൽ എന്ന യുവാവ് പങ്കുവച്ച വിഡിയോയിലാണ് ‘‘കഴിക്ക് മോനേ.. ഫ്രണ്ട്സിനും കൊടുക്കൂ’’ എന്ന കമന്റുമായി താരം എത്തിയത്.
‘തലൈവരേ നീങ്കളാ’, ‘ഫേക്ക് ആണെന്ന് കരുതി വന്നതാ പക്ഷേ സംഭവം ഇറുക്ക്’ എന്നു തുടങ്ങിയ പ്രതികരണങ്ങളാണ് ആരാധക ഭാഗത്തുനിന്നും ഈ വിഡിയോയ്ക്കു ലഭിക്കുന്നത്. മോഹൻലാലിന് സ്നേഹവുമായി നിരവധിപേരാണ് വീഡിയോക്ക് കമന്റുമായി എത്തുന്നത്.
കുറച്ചു ദിവസം മുൻപാണ് ‘ഈ വിഡിയോക്ക് ടൊവിനോ തോമസ് കമന്റ് ചെയ്താലേ ഞാൻ പഠിക്കൂ’ എന്ന അടിക്കുറിപ്പോടെ താഹ എന്ന യുവാവ് എത്തിയത്. ‘പോയിരുന്ന് പഠിക്ക് മോനേ’ എന്നായിരുന്നു പോസ്റ്റിനു ടൊവിനോ തോമസിന്റെ മറുപടി.
ബേസിൽ ജോസഫ് കമന്റ് ചെയ്താലേ കാനഡയിൽ നിന്ന് വരൂ എന്നുപറഞ്ഞു വിഡിയോ പങ്കുവച്ച വിരുതന് ‘മകനേ മടങ്ങിവരൂ’ എന്ന രസകരമായ കമന്റുമായി ബേസിൽ ജോസഫും എത്തിയിരുന്നു.
ഹര്‍ഷിത റെഡ്ഡി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ‘വിജയ് ദേവരകൊണ്ട ഈ വിഡിയോക്ക് കമന്റ് ചെയ്താല്‍ ഞങ്ങള്‍ പരീക്ഷയ്ക്കുള്ള തയാറെടുപ്പ് ആരംഭിക്കും’ എന്ന് എഴുതിയ വിഡിയോ പോസ്റ്റ് ചെയ്തത്.
വിഡിയോ വൈറലായതോടെ കമന്റുമായി സാക്ഷാല്‍ വിജയ് ദേവരകൊണ്ട തന്നെ രംഗത്തെത്തി. ‘പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയാല്‍ ഞാന്‍ നിങ്ങളെ നേരിട്ട് വന്ന് കാണാം’ എന്നായിരുന്നു വിജയ്യുടെ കമന്റ്. കമന്റ് ബോക്സിലും വിജയ് ദേവരകൊണ്ടയുടെ ആരാധാകരുടെ ബഹളമാണ്. മാത്രമല്ല, വിഡിയോയെക്കാള്‍ കൂടുതല്‍ ലൈക്ക് ലഭിച്ചിരിക്കുന്നതും താരത്തിന്റെ കമന്റിന് തന്നെ.
ഇതോടെ സമാനരീതിലുളള വിഡിയോകള്‍ സൈബറിടത്ത് ട്രെന്‍ഡായി മാറുകയായിരുന്നു.