ഭാഗ്യ പരീക്ഷണങ്ങളുടെ വിളനിലമാണ് കലാജീവിതം. നിരവധി വര്‍ഷക്കാലം സിനിമയിലും, ടെലിവിഷന്‍ രംഗത്തും ത്രസിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച്, ഒടുവില്‍ കാലത്തിന്‍റെ കുത്തൊഴുക്കില്‍ വഴിതെറ്റിപ്പോയ ഒരുപാട് നല്ല കലാകാരന്മാര്‍ നമുക്കുണ്ട്. തിരക്കഥകളെ വെല്ലുന്ന ജീവിത മഹൂര്‍ത്തങ്ങളെയാണ് അവരില്‍ ചിലര്‍ ഇന്ന് അഭിമുഖീകരിക്കുന്നത്. എന്നാല്‍ അന്ന് നമ്മെ ചിരിപ്പിച്ചും വിസ്മയിപ്പിച്ചും കടന്നുപോയ ഇവര്‍, ഇന്ന് നമ്മുടെ ചിന്തകളില്‍ പോലുമില്ലെന്നതാണ് വാസ്തവം. അങ്ങനെ ഒരാളുമായി നമുക്ക് പരിചയം പുതുക്കാം, ചിരിയരങ്ങുകളില്‍ കണ്ടു മറന്ന മുഖം, മലയാളിയുടെ സ്വീകരണമുറിയില്‍ വര്‍ഷങ്ങളോളം പ്രതിഫലിച്ച ശബ്ദം, രഞ്ജിത്ത് ചെങ്ങമനാട് എന്ന, ഊരാക്കുടുക്ക് രഞ്ജിത്ത്.
സംഗീതം, മിമിക്രി, സിനിമ, സീരിയല്‍, രചന, സംവിധാനം, ഡബ്ബിങ് തുടങ്ങി എല്ലാ മേഖലകളിലും കൈവച്ച രഞ്ജിത്ത് മലയാളിക്ക് പ്രിയമാകുന്നത് സൂര്യാ ടിവി സംപ്രേഷണം ചെയ്ത ഊരാക്കുടുക്ക് എന്ന പരിപാടിയിലൂടെയാണ്. നീണ്ട പതിമൂന്ന് വര്‍ഷക്കാലം ടെലിവിഷന്‍ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രിയങ്കരനായ രഞ്ജിത്തിനെ പിന്നീട് ബിഗ് സ്ക്രീനിലോ, മിനി സ്ക്രീനിലോ ആരും കണ്ടിട്ടില്ല. കാലം ആ കലാകാരനെ പ്രേക്ഷകരുടെ മനസ്സില്‍ നിന്ന് മെല്ലെ മെല്ലെ മായ്ച്ചു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ജീവിതത്തിലെ കടുത്ത പ്രതിസന്ധികള്‍ക്ക് നടുവിലും രഞ്ജിത്ത് പങ്കുവയ്ക്കുന്നത് ‘ഞാന്‍ തിരിച്ചുവരും’ എന്ന ദൃഢനിശ്ചയമാണ്. ജീവിതം ദിശമാറിയൊഴുകുമ്പോഴും തന്‍റെ പ്രേക്ഷകരാണ് രഞ്ജിത്തിന് സര്‍വ്വവും. പ്രതീക്ഷയുടെ വെള്ളിവെളിച്ചമാണ് ആ കലാകാരന്‍റെ വാക്കുകളിലൂടെ പ്രതിധ്വനിക്കുന്നത്. ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ഊരാക്കുടുക്കുകളെക്കുറിച്ച് രഞ്ജിത്ത് മനസ്സു തുറക്കുന്നു…
സംഗീതത്തെ തട്ടിന്‍പുറത്താക്കിയ സിനിമ പ്രാന്ത്…
അമ്മയുടെ പാത പിന്തുടര്‍ന്നാണ് ഞാന്‍ സംഗീതവഴിയിലെത്തുന്നത്. എന്‍റെ കലാവാസന തിരിച്ചറിഞ്ഞ് തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വയലിന്‍ പഠിക്കാന്‍ അവസരമൊരുക്കിയത് അമ്മാവനായിരുന്നു. പഠനകാലത്ത് കോളേജില്‍ വച്ച് മിമിക്രി, നാടക രചന, സംവിധാനം, തുടങ്ങിയ കലാപരിപാടികളില്‍ സജീവമായിരുന്നു ഞാന്‍. അങ്ങനെയൊരു നാടകമാണ് എന്‍റെ ജീവിതത്തില്‍ വഴിത്തിരിവായത്. പ്രസി മള്ളൂര്‍ എന്ന സംവിധായകനാണ് എന്നില്‍ സിനിമ പ്രാന്ത് വളര്‍ത്തിയ ആദ്യ വ്യക്തി. എന്‍റെ ഒരു നാടകം കണ്ട അദ്ദേഹം, തന്‍റെ കൂടെ അസിസ്റ്റന്‍റ് ആയി നില്‍ക്കാമോ എന്ന് ചോദിച്ചു. സിനിമ, തിയറ്ററില്‍ കണ്ട് മാത്രം പരിചയമുള്ള ഒരു ചെറുപ്പക്കാരന്, ഒരു സംവിധായകനില്‍ നിന്ന് കേട്ട ഈ ചോദ്യം അങ്ങേയറ്റം സന്തോഷം തരുന്നതായിരുന്നു. ഇതോടെ സിനിമ പ്രാന്ത് തലയ്ക്ക് പിടിച്ച് ഏഴുവര്‍ഷക്കാലമായി തുടരുന്ന വയലിന്‍ പഠനം നിര്‍ത്തി ഇറങ്ങിത്തിരിച്ചതാണ്.
ടെലിഫിലിമുകളുടെ രചന, തിരക്കഥ, സംവിധാനം പിന്നെ അഭിനയം…
പ്രസി മള്ളൂരിനു വേണ്ടി എഴുതിയ കഥ ദൂരദര്‍ശനില്‍ വൈകുന്നേരങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്ന ടെലിഫിലിമുകളായായിരുന്നു വന്നത്. അദ്ദേഹത്തിനു വേണ്ടി ഒരുപാട് കഥകളും, തിരക്കഥകളും എഴുതി. പ്രസി മള്ളൂരിന്‍റെ മരണത്തിനു ശേഷം അദ്ദേഹത്തിന്‍റെ അസോസിയേറ്റുകളുടെ കൂടെയായിരുന്നു വര്‍ക്കുകള്‍ ചെയ്തത്. ചില സീരിയലുകളില്‍ മുഖം കാണിച്ചു, അങ്ങനെയുണ്ടായ ബന്ധങ്ങളുടെ പുറത്താണ് സിനിമയില്‍ അവസരങ്ങള്‍ കിട്ടുന്നത്. പിന്നെ മുറുക്കാന്‍ കടക്കാരനും, കള്ളുകുടിയനുമൊക്കെ അന്നത്തെക്കാലത്ത് സിനിമയില്‍ ഒഴിച്ചുകൂടാനാവാത്ത കഥാപാത്രങ്ങളായതിനാല്‍ ചില സിനിമകളുടെ ഭാഗമായി എന്നു വേണം പറയാന്‍. അല്ലാതെ ഞാന്‍ ഒരു സനിമക്കാരനല്ല. എന്നെ ഞാനാക്കിയത് ടെലിവിഷന്‍ പ്രേക്ഷകരുടെ പിന്തുണയാണ്.
സൂര്യ ടിവിക്ക് വേണ്ടി അക്കര ഇക്കരെ പൂക്കാലം എന്ന ഒരു ടെലി ഫിലിം സംവിധാനം ചെയ്യാന്‍ എനിക്കു പറ്റി. കൃഷ്ണകുമാര്‍, അനീഷ്, മിനി നായര്‍ തുടങ്ങിയ താരങ്ങളെ വച്ച് ചെയ്ത ആ ടെലിഫിലിമിന്‍റെ കഥയും തിരക്കഥയും എന്‍റേതായിരുന്നു. ജീവന്‍ ടിവിയില്‍ ഓട്ടോ ക്ലബ്ബ് എന്ന പരിപാടി ചെയ്തു, അക്കര ഇക്കരെ പൂക്കാലത്തിനു പുറമെ മൂന്നോളം ടെലിഫിലിമുകള്‍ സംവിധാനം ചെയ്തു, ഏഷ്യാനെറ്റ് പ്ലസില്‍ ഇറ്റി ബിറ്റി, ദര്‍ബാര്‍ പ്ലസ് തുടങ്ങിയ പരിപാടികള്‍ ചെയ്തു. പിന്നെ, സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത ഊരാക്കുടുക്ക് തന്നതാണ് ഞാന്‍ ആസ്വദിച്ച ഏറ്റവും നല്ല ജീവിത മുഹൂര്‍ത്തങ്ങള്‍.
സിനിമയിലെ കണ്ണടച്ചാല്‍ മാഞ്ഞുപോകുന്ന റോളുകള്‍…
ആലപ്പി അഷറഫിന്‍റെ ‘എന്നും സംഭവാമി യുഗേ യുഗേ’ എന്ന ചിത്രത്തില്‍ മാള അരവിന്ദന്‍, ജഗതി ശ്രീകുമാര്‍, ഇന്ദ്രന്‍സ് എന്നിവര്‍ക്കൊപ്പം അഭിനയിക്കാന്‍ പറ്റി. ആലപ്പി അഷറഫ് ഒരു മിമിക്രി താരമായതുകൊണ്ടു തന്നെ, മിമിക്രി കലാകാരനായ എന്നെപ്പോലുള്ളവര്‍ക്ക് പരിഗണന ലഭിച്ചു എന്നു വേണം പറയാന്‍. കൂടാതെ കളിവീട്, സ്വയംവരപ്പന്തല്‍, വംശം, പുള്ളിമാന്‍, ഡാര്‍ലിംഗ് ഡാര്‍ലിംഗ്, തുടങ്ങി ചില സിനിമകളില്‍ കണ്ണടച്ചാല്‍ മാഞ്ഞു പോകുന്ന തരത്തിലുള്ള റോളുകള്‍ ചെയ്തു.
ദൂരദര്‍ശനില്‍ ആദ്യകാലങ്ങളില്‍ സംപ്രേക്ഷണം ചെയ്ത വംശം എന്ന മെഗാ സീരിയലില്‍ ഒരു ശ്രദ്ധിക്കപ്പെട്ട കഥാപാത്രം ചെയ്യാന്‍ സാധിച്ചിരുന്നു. ശ്രീക്കുട്ടന്‍ സാര്‍ സംവിധാനം ചെയ്ത സീരിയലിന്‍റെ കഥ അദ്ദേഹത്തിന്‍റെ ചേട്ടന്‍ ഐഎഎസ് ജയകുമാറാണ് എഴുതിയത്. അതില്‍ വെട്ടുക്കിളി എന്ന എന്‍റെ കഥാപാത്രം എന്നെ മനസ്സില്‍ കണ്ടാണ് അദ്ദേഹം എഴുതിയത് എന്ന കാര്യം വളരെ സന്തോഷം തന്ന ഒന്നാണ്.
ജീവിതത്തിന് ഓളവും താളവും പകര്‍ന്ന ഊരാക്കുടുക്ക്…
കോളേജ് പഠനകാലത്ത് തന്നെ ഞാന്‍ മിമിക്രി വേദികളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. നര്‍മ്മ കൈരളി എന്ന ട്രൂപ്പില്‍, പ്രശസ്തരായ കലാകാരന്മാരോടൊപ്പം ചില വേദികള്‍ പങ്കിടാന്‍ അവസരം ലഭിച്ചു. കോളേജില്‍ തന്നെ ഹൈ മിമിക്സ് എന്ന ട്രൂപ്പിലെ അംഗമായിരുന്നു ഞാന്‍. അങ്ങനെയിരിക്കെയാണ് കലയോടുള്ള അമിതാഭിനിവേശം കൊണ്ട് സ്വന്തമായി ഒരു ട്രൂപ്പ് രൂപീകരിക്കാനുള്ള ശ്രമം ഞാന്‍ തുടങ്ങുന്നത്. മാഗ്നറ്റോ എന്നായിരുന്നു എന്‍റെ ട്രൂപ്പിന്‍റെ പേര്. പക്ഷെ കാര്യങ്ങള്‍ ഞാന്‍ ചിന്തിച്ചതു പോലെ മുന്നോട്ട് നീങ്ങിയില്ല. വലിയ പ്രതിസന്ധികളായിരുന്നു ട്രൂപ്പ് അഭിമുഖീകരിച്ചത്. പ്രശ്നങ്ങള്‍ പലതായപ്പോള്‍ എനിക്ക് ആ ട്രൂപ്പ് വില്‍ക്കേണ്ടി വന്നു. പണം വാങ്ങിയുള്ള ഇടപാടായിരുന്നില്ല അത്, ട്രൂപ്പിന്‍റെ നടത്തിപ്പ് ചുമതലയില്‍ നിന്ന് ഞാന്‍ ഒഴിവായി എന്നു മാത്രം. കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിരുന്ന ആ നാളുകളിലാണ് ജീവിതത്തിന് ഓളവും താളവും പകരാന്‍ ഊരാക്കുടുക്ക് എന്ന അവസരം എന്നെ മാടിവിളിച്ചത്. സൂര്യാ ടിവിയില്‍ ഒരു അഭിമുഖമുണ്ടെന്ന് കണ്ടാണ് ഞാന്‍ ഓമനക്കുട്ടന്‍ സാറിനെ സമീപിക്കുന്നത്. ഒരു ഗെയിം ഷോ ചെയ്യണമെന്നായിരുന്നു നിര്‍ദ്ദേശം. അങ്ങനെയാണ് ഊരാക്കുടുക്ക് ആരംഭിക്കുന്നത്.
പതിമൂന്ന് വര്‍ഷമാണ് ഞാന്‍ ഊരാക്കുടുക്കിന്‍റെ ഭാഗമായത്. ആ പരിപാടിക്ക് വേണ്ടി ഞാന്‍ സഞ്ചരിക്കാത്ത സ്ഥലം കേരളത്തിലില്ല. ഒരുപാട് നല്ല ഓര്‍മ്മകളാണ് ഊരാക്കുടുക്ക് നല്‍കിയത്. രഞ്ജിത്ത് ചെങ്ങമനാട് എന്നല്ല, ഊരാക്കുടുക്കിന്‍റെ പേരിലാണ് എന്നെ ജനമറിയുന്നത്. പതുതലമുറയെ മാറ്റി നിര്‍ത്തിയാല്‍ ഇന്നും എന്നെ പൊതുസമൂഹം തിരിച്ചറിയുന്നുണ്ടെന്നതില്‍ വളരെ സന്തോഷം. പലചരക്കു കടയില്‍ നിന്നൊക്കെ അമ്മമാര്‍ എന്നെ നോക്കി “ദേ.. ഊരാക്കുടുക്ക്…” എന്ന് പറയുമ്പോഴുള്ള സുഖം ഒന്നു വേറെ തന്നെയാണ്. ഒന്നുമില്ലാത്തവന് എന്തെങ്കിലുമൊക്കെയാവുകയാണ് പ്രേക്ഷകര്‍ തരുന്ന ഈ സ്നേഹം.
കുരുന്നു ജീവനുകള്‍ക്ക് രക്ഷകനായ അനുഭവ കഥകള്‍…
ഊരാക്കുടുക്ക് എനിക്ക് നല്‍കിയ ജീവിതാനുഭവങ്ങള്‍ വളരെ വലുതാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളം വൈവിധ്യമാര്‍ന്ന സംസ്കാരങ്ങള്‍ തേടിയുള്ള യാത്രയില്‍ കുറേ ജീവിതം കാണാനും, കുറേപ്പേരെ ചിരിപ്പിക്കാനും, ഒരുപാട് പേര്‍ക്ക് ആശ്വാസമാകാനും, ചില ജീവിതങ്ങള്‍ക്ക് രക്ഷകനാകാനും എനിക്ക് പറ്റി. വയനാട്ടില്‍ ഒരു എപ്പിസോഡ് ചിത്രീകരിക്കാന്‍ പോയി തിരികെയെത്തിയപ്പോള്‍ എനിക്കൊരു ഫോണ്‍ കോള്‍ വന്നു, എവിടെയാണ് ഇന്നത്തെ എപ്പിസോഡ് ഷൂട്ടു ചെയ്തത് എന്നായിരുന്നു ചോദ്യം. ഞാന്‍ വയനാട്ടിലാണെന്നു പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ് ഇതേ വ്യക്തി എന്നെ തിരിച്ചു വിളിച്ചു. എന്നിട്ട് പറഞ്ഞു “സാറേ.. വളരെ നന്ദിയുണ്ട് കാണാതെ പോയ എന്‍റെ മകനെ കണ്ടെത്താന്‍ സഹായിച്ചതില്‍”. പിന്നീടാണ് എനിക്ക് കാര്യത്തിന്‍റെ കിടപ്പ് മനസ്സിലായത്, അന്ന് ഷൂട്ടിങ്ങ് നടന്നപ്പോള്‍ ബാക്ക്ഗ്രൗണ്ടില്‍ ഓറഞ്ച് വില്‍ക്കുന്ന ഒരു പയ്യനുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ കാണാതായ മകനായിരുന്നു അത്. വയനാട്ടില്‍ ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായിരുന്ന ഒരു കുളത്തില്‍ മുങ്ങിത്താണുകൊണ്ടിരുന്ന കൊച്ചു കുട്ടിയെ ദൈവ കൃപകൊണ്ട് രക്ഷിക്കാന്‍ സാധിച്ചതാണ് ഓര്‍മ്മയിലെത്തുന്ന മറ്റൊരു സംഭവം. ഇത്തരം നല്ല കാര്യങ്ങള്‍ക്ക് നിമിത്തമാകാന്‍ പറ്റി എന്നതു തന്നെ മഹാഭാഗ്യമായാണ് ഞാന്‍ കരുതുന്നത്.
പ്രതിസന്ധികള്‍ നിറഞ്ഞ പരീക്ഷണ ഘട്ടം…
അവസരങ്ങള്‍ ഉണ്ടായപ്പോള്‍ എന്നെ ആശ്രയിച്ച് നിന്നവര്‍ ആരും എന്നോടൊപ്പം പ്രതിസന്ധിഘട്ടങ്ങളില്‍ ഉണ്ടായിരുന്നില്ല. സ്റ്റേജ് ഷോകളും, സീരിയലും പരിപാടികളും ചെയ്തുകൊണ്ടിരുന്ന സമയത്ത് എനിക്ക് ചുറ്റുമുണ്ടായിരുന്ന കൂട്ടം, സാമ്പത്തികമായി ഞാന്‍ തളര്‍ന്നപ്പോള്‍ അകന്നു പോയി. പലപ്പോഴും പറ്റിക്കപ്പെട്ടിട്ടുണ്ടെന്നതാണ് ഞാന്‍ ഏറെ സങ്കടത്തോടെ ഓര്‍ക്കുന്നത്. എന്‍റെ അടുത്ത സുഹൃത്തും അയല്‍വാസിയുമായ ഒരാളില്‍ നിന്ന് മറക്കാന്‍ പറ്റാത്ത അനുഭവമാണ് എനിക്കുണ്ടായത്. ഗള്‍ഫ് ഷോകളും മറ്റും കഴിഞ്ഞ് തിരിച്ചെത്തുന്ന ഞാന്‍ കയ്യിലുണ്ടായിരുന്ന പണം അവനെ ഏല്‍പ്പിക്കുമായിരുന്നു. അന്ന് ഒറ്റത്തടിയായ എനിക്ക് ആവശ്യങ്ങള്‍ വളരെ കുറവായിരുന്നു. പണം കയ്യിലുണ്ടായിരുന്നിട്ടും ഒരു ലളിത ജീവിതം നയിച്ച വ്യക്തിയാണ് ഞാന്‍. എന്നാല്‍ ചതി, പിന്നീടാണ് എനിക്ക് മനസ്സിലായത്. സുഹൃത്തിന് നല്‍കിയ പണം എനിക്ക് തിരിച്ചു കിട്ടിയില്ല, ആവശ്യപ്പെട്ടപ്പോള്‍ തെളിവില്ലെന്നാണ് അവന്‍റെ മറുപടി.
എല്ലാം മനസ്സിലാക്കിയിട്ടും വീണ്ടും എനിക്ക് ചതിവു പറ്റി. എന്‍റെ വിവാഹം കഴിഞ്ഞു കുറച്ചു കാലമായപ്പോള്‍ ഇതേ വ്യക്തി എന്നെ വീണ്ടും സമീപിച്ച് പണം വേണമെന്ന് പറഞ്ഞു. അയല്‍വാസിയായ സുഹൃത്തെന്ന പരിഗണന മറക്കാത്ത ഞാന്‍ ഭാര്യയുടെ സ്വര്‍ണ്ണം പണയത്തില്‍ വച്ച് അവനെ വീണ്ടും സഹായിച്ചു. ഒരു മാസത്തെ അവധി പറഞ്ഞ് അവന്‍ പണം വാങ്ങിയിട്ട് ഇപ്പോള്‍ ഇരുപത്തിരണ്ട് വര്‍ഷമാകുന്നു. ആ പണമോ, സ്വര്‍ണ്ണമോ എനിക്ക് തിരികെ ലഭിച്ചിട്ടില്ല. കേസൊക്കെ നടത്തിയെങ്കിലും ഞാന്‍ പരാജയപ്പെടുകയും ചെയ്തു. ജീവിതം തൊഴിലോ പണമോ ഇല്ലാതെ തള്ളി നീക്കുമ്പോഴാണ് ഇതൊക്കെ ഓര്‍ത്ത് പോകുന്നത്. പക്ഷെ വിശക്കുന്നു എന്ന് പറഞ്ഞ് ഞാന്‍ ആരുടെ മുന്നിലും കൈനീട്ടാറില്ല.
ദൈവമായി അവതരിച്ച മല്ലിക ചേച്ചി…
വിജി തമ്പി സാറിന്‍റെ ഗാന്ധി നഗര്‍ സെക്കന്‍റ് സ്ട്രീറ്റ് എന്ന സീരിയലിന്‍റെ ലൊക്കേഷനില്‍ വച്ചാണ് ഞാന്‍ മല്ലിക സുകുമാരനുമായി പരിചയപ്പെടുന്നത്. കൃഷ്ണ പൂജപ്പുര തിരക്കഥയൊരുക്കിയ ആ സീരിയലില്‍ ഞാന്‍ ചേച്ചിയുടെ വേലക്കാരനായായിരുന്നു അഭിനയിച്ചത്. സിനിമ താരങ്ങളായ ജനാര്‍ദ്ദനന്‍, നന്ദു, മണിയന്‍പിള്ള രാജു തുടങ്ങി വന്‍ താരനിര ആ സീരിയലില്‍ ഉണ്ടായിരുന്നു. അന്ന്, കളി തമാശകള്‍ പറഞ്ഞ് തുടങ്ങിയ ബന്ധമാണ് എനിക്ക് ചേച്ചിയുമായുള്ളത്, ഇന്നും അത് തുടരുന്നുണ്ട്.
എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തിയ ദൈവമാണ് ചേച്ചി. ജീവിതത്തിന്‍റെ ഒരുഘട്ടത്തില്‍ സാമ്പത്തിക പ്രതിസന്ധി എന്നെ എല്ലാ അര്‍ത്ഥത്തിലും തളര്‍ത്തിയപ്പോള്‍ സഹായിക്കാനെത്തിയത് ചേച്ചിയായിരുന്നു. ആ ഉപകാരം എനിക്ക് ഈ ജന്മത്തില്‍ മറക്കാന്‍ സാധിക്കില്ല. ചേച്ചി മാത്രമല്ല, ഇന്ദ്രജിത്തും പൃഥ്വിരാജും അടങ്ങുന്ന ആ കുടുംബവും എനിക്ക് പലപ്പോഴും സഹായമായിട്ടുണ്ട്.
സ്വപ്നം പോലെ ഒരു അമേരിക്കന്‍ യാത്ര…
എന്നെ സാമ്പത്തികമായി സഹായിക്കുക മാത്രമല്ല, ഞാന്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത ഒരു അമേരിക്കന്‍ യാത്ര മല്ലിക ചേച്ചി കാരണമാണ് എന്‍റെ ജീവിതത്തിലുണ്ടായത്. ലക്ഷങ്ങള്‍ വേണ്ടിടത്ത് നയാ പൈസയില്ലാതെ അമേരിക്ക കണ്ട് തിരിച്ചെത്തിയ വ്യക്തിയാണ് ഞാന്‍. വത്സല ശേഖര്‍ നിര്‍മ്മിച്ച അമേരിക്കന്‍ ഡ്രീംസ് എന്ന സീരിയലിന്‍റെ ചിത്രീകരണത്തിനു വേണ്ടിയായിരുന്നു ആ യാത്ര. മല്ലിക ചേച്ചി, സിനിമതാരം ഗീത, പത്മിനി ചേച്ചി തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം ചിലവഴിച്ച ജീവിതത്തിലെ നല്ല നാളുകളായിരുന്നു അത്.
മല്ലിക ചേച്ചിയുടെ കാരുണ്യം കൊണ്ടാണ് അത് സംഭവിച്ചതെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ചില ഏടുകളാണവ. പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിച്ചിട്ടുള്ള ചില സുഹൃത്തുക്കളില്‍ ഒരാളാണ് കൊല്ലം സ്വദേശിയായ ബിജൂസ്. ഗള്‍ഫില്‍ ഹോട്ടല്‍ ബിസിനസുകാരനായ അദ്ദേഹം നിര്‍മ്മിക്കുന്ന എന്ത് പരിപാടിയാണെങ്കിലും എനിക്ക് അതിലൊരിടം ഉണ്ടാകും. ഇതുപോലെ ചുരുക്കം ചിലരാണ് പ്രതീക്ഷ നല്‍കി കൂടെ നില്‍ക്കുന്നത്.
ശത്രുക്കളായ സുഹൃത്തുക്കള്‍…
വിശക്കുന്ന സുഹൃത്തിന് ഇന്ന് ഊണു വാങ്ങിക്കൊടുത്തിട്ട്, നാളെ അതിനുള്ള പണം നമ്മുടെ കയ്യില്‍ ഇല്ലാതെ വന്നാല്‍ അവന്‍ നമുക്ക് ശത്രുവാകുമെന്നത് ജീവിതം എന്നെ പഠിപ്പിച്ചതാണ്. ഒരാള്‍ക്ക് ലഭിക്കുന്ന അവസരങ്ങളും, പരിഗണനയും പോലും സുഹൃത്തുക്കളെ ശത്രുക്കളാക്കുമെന്നത് പച്ചയായ മറ്റൊരു യാഥാര്‍ത്ഥ്യം. വര്‍ഷങ്ങളോളം പ്രേക്ഷകരെ ത്രസിപ്പിച്ച് മുന്നോട്ട് പോയ ഊരാക്കുടക്കില്‍ നിന്ന് എനിക്ക് മാറി നില്‍ക്കേണ്ടി വന്നത് സുഹൃത്തുക്കളുടെ ഇടപെടല്‍ കൊണ്ടുതന്നെയാണ്. മല്ലിക ചേച്ചിയോടൊപ്പം അമേരിക്കയില്‍ പോയ സമയത്ത് ഊരാക്കുടക്കിന്‍റെ എപ്പിസോഡുകള്‍ ചിത്രീകരിക്കാന്‍ പറ്റിയിരുന്നില്ല. ആ വിടവിലാണ് ചിലര്‍ പാര പണിഞ്ഞത്. രഞ്ജിത്തിനു പകരം വേറൊരു അവതാരകനെ കൊണ്ടുവരണമെന്ന നിര്‍ദ്ദേശം വേറെ നിവൃത്തിയില്ലാതിരുന്ന അണിയറ പ്രവര്‍ത്തകര്‍ക്ക് സ്വീകരിക്കേണ്ടി വന്നു എന്നതാണ് വാസ്തവം. ആ പരിപാടിക്ക് പിന്നീട് സംഭവിച്ചതെന്താണെന്ന് കേരളം മുഴുവന്‍ കണ്ടതാണ്.
വരുമാന മാര്‍ഗ്ഗമില്ലാതെ പ്രതിസന്ധിയിലാകുന്ന ജീവിതം…
സിനിമ മോഹം തലയില്‍ കയറി വയലിന്‍ പഠനം നിര്‍ത്തിവെച്ച ഞാന്‍ മറ്റൊരു ജോലിയെക്കുറിച്ച് ആലോചിച്ചിട്ടില്ല. സംഗീത കോളേജില്‍ കൂടെ പഠിച്ചവരൊക്കെ ഇപ്പോള്‍ ലക്ചര്‍മാരും അറിയപ്പെടുന്ന സംഗീതജ്ഞരുമാണ്. ഞാന്‍ വലിയ സൂപ്പര്‍ സ്റ്റാറാകുമെന്ന് മോഹം എപ്പോഴോ മനസ്സില്‍ തോന്നിയിരുന്നു. ആ ചിന്തയാണ് എന്നെ ഈ നിലയിലാക്കിയത്. സിനിമയുണ്ടോ അതുമില്ല, സംഗീതം കൂടെയുണ്ടോ അതുമില്ല, ജീവിക്കാന്‍ മാര്‍ഗവുമില്ല എന്ന അവസ്ഥയിലാണ് ഞാന്‍. പരിപാടികളുടെ പേരില്‍ കുറേ ലോകം കറങ്ങിയതു മാത്രമാണ് മിച്ചം. എല്ലാം കലയെ സ്നേഹിച്ചതുകൊണ്ടു മാത്രമായിരുന്നു.
പ്ലസ്ടു വിദ്യാര്‍ത്ഥിയായ മകനും ഭാര്യയുമടങ്ങുന്നതാണ് എന്‍റെ ജീവിതം. നാടന്‍ പച്ചക്കറി വില്‍പ്പന പോലുള്ള ചെറുകിട ബിസിനസ് ചെയ്യാനാണ് ഞാന്‍ പദ്ധതിയിടുന്നത്. വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന പച്ചക്കറികള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നുണ്ട്. പിന്നെ ചില പാചകരീതികള്‍ കാണിക്കുന്ന ഒരു യുട്യൂബ് ചാനലും അടുത്തകാലത്തായി തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ബിജു വര്‍ഗീസിന്‍റെ യൂട്യൂബ് ചാനലായ കോമഡി ഫ്രന്‍ഡ്സ് ഒഫീഷ്യലിനു വേണ്ടി, ഒരു കോമഡി വെബ് സീരീസില്‍ അഭിനയിക്കുന്നു. ഞങ്ങളുടെ ഈ ഉദ്ദ്യമം മതിയായ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി മുന്നോട്ട് പോകുന്നുമുണ്ട്.
എന്‍റെ പ്രേക്ഷകരിലേക്ക് ഞാന്‍ തിരിച്ചുവരും തീര്‍ച്ച….
കല മാത്രമല്ലേ നമ്മുടെ രക്തത്തിലുള്ളൂ. അഭിനയിക്കണം, എഴുതണം, നല്ല വര്‍ക്കുകളുടെ ഭാഗമാകണം എന്നു തന്നെയാണ് ആഗ്രഹം. സിനിമ, സീരിയല്‍ മേഖലകളില്‍ ധാരാളം സുഹൃത്തുക്കളുണ്ടെങ്കിലും ആരും പരസ്പരം സഹായിക്കാന്‍ തയ്യാറാകുന്നില്ല. അല്ലെങ്കില്‍ എന്നെപ്പോലെ ഒരാളെ സഹായിച്ചിട്ട് എന്ത് കിട്ടാന്‍ എന്ന് ചിന്തിക്കുന്നവരാണ് കൂടുതലും. വല്ലപ്പോഴും വിളിക്കുകയും, കാണുകയും ചെയ്യുന്നത് മിമിക്രിയില്‍ കൂടെയുണ്ടായിരുന്നവരാണ്.
സുഹൃത്ത് ബന്ധത്തിന്‍റെ പേരിലാണ് ചെറിയ റോളുകള്‍ തേടിവരുന്നത്. സുഹൃത്ത് വലയത്തിലുള്ളവരെ വച്ചാണല്ലോ ഇപ്പോള്‍ സിനിമ നിര്‍മ്മാണം. നിവൃത്തികെട്ടാല്‍ മാത്രമേ പുറത്തുനിന്നുള്ളവര്‍ക്ക് അതിന്‍റെ ഭാഗമാകാന്‍ സാധിക്കൂ. അതും തട്ടുകടക്കാരന്‍, പാല്‍ക്കാരന്‍, മീന്‍ വില്‍പ്പനക്കാരന്‍ തുടങ്ങിയ റോളുകള്‍ ചെയ്യാന്‍. അത്തരമൊരു കഥാപാത്രമായെങ്കിലും അഭിനയത്തിലേക്ക് കടക്കണമെന്നു തന്നെയാണ് ആഗ്രഹം. അത് ജീവിക്കാന്‍ ഒരു മാര്‍ഗ്ഗവുമാകും. ഇതിനിടയില്‍ ബാഹുബലി അടക്കം ചില സിനിമകളില്‍ ഡബ്ബ് ചെയ്യാനും ഭാഗ്യം കിട്ടിയിരുന്നു. ആ വഴിക്കും അവസരങ്ങള്‍ ലഭിച്ചാല്‍ സന്തോഷം. പ്രേക്ഷകരെ ത്രസിപ്പിക്കാന്‍ എനിക്ക് ഇനിയും സാധിക്കുമെന്ന് തന്നെയാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഞാന്‍ ഉറച്ചു പറയുന്നു, എന്‍റെ പ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഞാന്‍ തിരിച്ചുവരും, തീര്‍ച്ച…