“അടുത്തത് നീയാകാം, ഞാനാകാം, നമ്മളാകാം…” ഇറാനിയന്‍ യുവതയുടെ പ്രതിഷേധ ശബ്ദങ്ങള്‍ പ്രതിഫലിച്ചത് ഇങ്ങനെയായിരുന്നു. പൗരോഹിത്യ ചട്ടക്കൂടുകള്‍ തകര്‍ത്തെറിയാന്‍ ഡിജിറ്റല്‍ മാധ്യമങ്ങളുടെ പിന്‍ബലത്തോടു കൂടിയ പുതിയ സമരമുഖം ചരിത്രത്തില്‍ ഇടം പിടിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തിയതിന്റെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നു യുവാക്കള്‍ക്കു വേണ്ടി സമൂഹമാധ്യമങ്ങള്‍ സമരനിലങ്ങളായപ്പോള് കോടതിക്ക് വിധിന്യായത്തെ പുനഃപരിശോധിക്കേണ്ട അവസ്ഥയാണുണ്ടായത്. മനുഷ്യാവകാശ ലംഘനങ്ങള്‍ ചോദ്യം ചെയ്യാന്‍ ഡിജിറ്റല്‍ ജനാധിപത്യത്തിലധിഷ്ഠിതമായ ഒരു പുതുയുഗത്തിന്റെ പിറവിയാണ് ഇതോടെ ലോകം കണ്ടത്. മതരാഷ്ട്രങ്ങളില്‍ പോലും പ്രഖ്യാപിത രാഷ്ട്രീയ അജണ്ടകള്‍ക്ക് ആപ്പുവയ്ക്കാന് ഇന്റര്‍നെറ്റ് ലോകം ഒരുങ്ങുമ്പോള്‍ വീര്യം കൂടിയ വിപ്ലവദിനങ്ങള്‍ സംജാതമാകും.
ഇന്ധനവില വര്‍ദ്ധനവിനെതിരെ കഴിഞ്ഞ വര്‍ഷം ഇറാനില്‍ നടന്ന ബഹുജന പ്രതിഷേധത്തില്‍ പങ്കെടുത്ത അമീർഹോസീൻ മൊറാഡി, മുഹമ്മദ് രാജാബി, സയീദ് തംജിദി എന്നിവര്‍ക്ക് മരണ ശിക്ഷ നല്‍കുന്നതിനെ സുപ്രീം കോടതി ശരിവച്ചതായി നീതിന്യായ മന്ത്രാലയം വക്താവ് ഗോലം-ഹുസൈൻ ഇസ്മായിലി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സമൂഹ മാധ്യമങ്ങള്‍ നീതി നിഷേധങ്ങള്‍ക്കു നേരെ ആയുധമാകാന്‍ കെല്‍പ്പുള്ളവയാണെന്ന് തെളിഞ്ഞത്. 75 ലക്ഷത്തോളം ഹാഷ്ടാഗുകളാണ് യുവാക്കളുടെ വധശിക്ഷയ്ക്കെതിരെ 24 മണിക്കൂറിനുള്ളില്‍ പ്രത്യക്ഷപ്പെട്ടത്.
“പേർഷ്യൻ വെബ്സ്ഫിയറില് ഇതു പോലൊരു പ്രതിഷേധം ഇതാദ്യമായാണ്, രാഷ്ട്രീയ കാര്യങ്ങളെ ചോദ്യം ചെയ്ത് ജനം ഒരുമിച്ച്, ഒറ്റക്കെട്ടായി നിലകൊള്ളുന്നത് ഇതിനു മുമ്പ് ഞാന്‍ കണ്ടിട്ടില്ല,” യുകെ ആസ്ഥാനമായുള്ള ഡിജിറ്റൽ ഗവേഷകൻ അമിൻ സാബെതിയുടെ വാക്കുകളാണിവ. രാഷ്ട്രീയമോ സാമൂഹികമോ ആയ സംഭാഷണങ്ങൾ അപൂര്‍വ്വമായി മാത്രം സംഭവിക്കാറുള്ള ഇറാനിലെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം, രാഷ്ട്രീയക്കാരുടെ മുതല്‍ ഫാഷന്‍ പ്രമഖരുടെയും, പോപ്പ് ഗായകരുടെയും പ്രതിഷേധ സ്വരങ്ങള്‍ ഒരുമിച്ച് പ്രതിഫലിപ്പിച്ചു. രാജ്യത്തെ പട്ടിണിയും, സാമ്പത്തിക പ്രതിസന്ധിയും ചൂണ്ടിക്കാട്ടി പ്രതിഷേധം സംഘടിപ്പിച്ചത്, പൗരോഹിത്യാശയങ്ങളില് അധിഷ്ടിതമായ രാഷ്ട്രത്തോടുള്ള ശത്രുതാപരമായ നീക്കമാണെന്ന ആരോപണത്തിന്മേല് ചോരത്തിളപ്പ് മാറിയിട്ടില്ലാത്ത മൂന്ന് യുവാക്കള്‍ കഴുമരത്തിലേറരുതെന്ന മുദ്രാവാക്യങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ പ്രകമ്പനം കൊണ്ടപ്പോള്‍ അധികാരികള്‍ക്ക് വാലു മടക്കേണ്ടി വന്നു. ചോരപ്പുഴയൊഴുക്കാതെ, ജീവന് ബലികഴിപ്പിക്കാതെ പ്രതിഷേധ ഭേരികള്‍ ഫലപ്രാപ്തിയിലെത്തുന്ന പുതു ചരിത്രം എഴുതപ്പെട്ടു.
പൗരോഹിത്യ സംഹിതകളും പൗരാവകാശ ലംഘനങ്ങളും
ജൂലൈ 8 ന് ഇറാനിലെ മഷാദ് സെൻട്രൽ ജയിലിൽ ഒരു തടവുകാരനെ വധിച്ചതായി ജുഡീഷ്യല്‍ അധികാരികള്‍ വ്യക്തമാക്കിയിരുന്നു. മദ്യപിക്കുക, ലൈസന്‍സില്ലാതെ വാഹനമോടിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് അറസ്റ്റിലായതാണ് 55 കാരനായ മോർട്ടസ ജമാലി, എന്നാണ് ഇയാളുടെ മരണത്തിനു പിന്നാലെ സ്വതന്ത്ര മാധ്യമങ്ങളും സോഷ്യൽ മീഡിയകളും റിപ്പോർട്ട് ചെയ്തത്. അപലപനീയമായ ഈ യാഥാര്‍ത്ഥ്യമാണ് ചൈനയ്ക്കു പിന്നാലെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന രാജ്യമായി ഇറാന് മാറാനുള്ള പ്രധാന ഘടകം.
ഇറാന്റെ ഇസ്ലാമിക് പീനൽ കോഡ് അനുസരിച്ച് ലഹരിപാനീയങ്ങൾ കഴിക്കുന്നതിന് 80 ചാട്ടവാറടിയാണ് ശിക്ഷ, മൂന്ന് തവണ കുറ്റമാവര്‍ത്തിച്ചാല്‍ ഇതേ ശിക്ഷാവിധി നടപ്പിലാക്കും, എന്നാല്‍ നാലാമത്തെ അവസരത്തിൽ മരണമാണ് ശിക്ഷ.
മതരാഷ്ട്രമായ ഇറാനിൽ മദ്യപാനം കുറ്റകരമാണെങ്കിലും, കേവലമായ ഈ കുറ്റത്തിന് ഒരാളുടെ ജീവനെടുക്കുക എന്നത് ഇറാനിയന്‍ നീതിന്യായ വ്യവസ്ഥയുടെ ക്രൂരവും മനുഷ്യത്വരഹിതവുമായ വശമാണ് തറന്നുകാട്ടുന്നതെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ഡെപ്യൂട്ടി റീജിയണൽ ഡയറക്ടർ ഡയാന എൽതഹാവി അഭിപ്രായപ്പെട്ടിരുന്നു. “വധശിക്ഷയ്ക്ക് ഒരു ന്യായീകരണവുമില്ല, അത് ആത്യന്തികമായി ക്രൂരവും മനുഷ്യത്വരഹിതവും അപമാനകരവുമായ ശിക്ഷയാണ്, ഇത് നിർത്തലാക്കാൻ ഞങ്ങൾ ഇറാൻ അധികാരികളോട് അഭ്യർത്ഥിക്കുന്നു,” എൽതഹാവി കൂട്ടിച്ചേര്‍ത്തു. കുറ്റകൃത്യത്തിന്റെ സ്വഭാവമോ സാഹചര്യമോ പരിഗണിക്കാതെ എല്ലാ കേസുകളിലും വധശിക്ഷയെന്ന നടപടിയെ ആംനസ്റ്റി ഇന്റർനാഷണൽ എതിർക്കുന്നതായും അവര്‍ പറഞ്ഞു.
2019 ൽ ഇറാനിൽ 251 വധശിക്ഷകള്‍ രേഖപ്പെടുത്തിയെന്നാണ് ആംനസ്റ്റി ഇന്റർനാഷണലിന്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നീതിന്യായ വ്യവസ്ഥ ഐഎസ്ഐഎസിന്റെ കാഴ്ചപ്പാടുകളിൽ നിന്ന് വ്യത്യസ്തമല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു എന്നാണ് ഇറാനിലെ മനുഷ്യാവകാശ സംഘടനയുടെ ഡയറക്ടര്‍ മഹമൂദ് അമീരി-മൊഗദ്ദാം അഭിപ്രായപ്പെട്ടത്. പ്രതിഷേധക്കാർ, വിമതർ, ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവർക്കെതിരെ വ്യാപകമായി വധശിക്ഷ നടപ്പിലാക്കുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ ഭരണകൂടത്തിന് പലപ്പോഴായി മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
2020 ജൂണിൽ ഇറാനിയൻ ഭരണകൂടം രാഷ്ട്രീയ തടവുകാരടക്കം 22 പേരെ വധിച്ചതായാണ് ഇറാൻ മനുഷ്യാവകാശ സംഘടനകള്‍ പറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രതിസന്ധികളിൽ പെടുന്ന ഭരണകൂടം പൊതുജനങ്ങളെ ഭയപ്പെടുത്തി ആധിപത്യം നേടാന്‍ ശ്രമിക്കുന്നതാണ് മനുഷ്യാവകാശ ലംഘനങ്ങളില്‍ ഇത്രയേറെ വർദ്ധനവുണ്ടാകാന്‍ കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിയോജിപ്പിന്റെ സ്വരങ്ങളെ നിശബ്ദമാക്കാനുള്ള ഭരണകൂട തന്ത്രമാണ് പ്രതിഷേധക്കാരായ മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തതിനും, വധശിക്ഷയ്ക്ക് വിധിച്ചതിനും പിറകിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിജിറ്റല്‍ യുദ്ധകാഹളങ്ങളുടെ പുതുയുഗം
രാജ്യത്തിന്റെ ക്രമസമാധാനപാലനത്തിന് ആദ്യപടിയെന്നോണം ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്ന പ്രവണത ഇന്ത്യ മഹാരാജ്യത്ത് ഇപ്പോള്‍ സഹജമാണ്. ആര്‍ട്ടില്‍ 370 റദ്ദാക്കിയതു മുതല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ വരെ ഭരണകൂടം അവലംബിച്ച ആദ്യത്തെ പ്രതിരോധ നടപടിയായിരുന്നു ഇന്‍ര്‍നെറ്റ് നിരോധനം. എന്തിനാണ് ഭരണകൂടം ഇന്റര്‍നെറ്റിനെ ഇത്രയേറെ ഭയക്കുന്നത്?
പൗരത്വഭേദഗതിക്കെതിരെ വ്യാപകമായ പ്രതിഷേധം ഇന്ത്യന്‍ തെരുവുകളില്‍ മുഴങ്ങുന്നതിന് ഒപ്പം തന്നെ സാമൂഹ മാധ്യമങ്ങളിലും സമാനമായ പ്രതിഷേധം ഉയരുന്നുണ്ടായിരുന്നു. പ്രക്ഷോഭങ്ങള്‍ ആഹ്വാനം ചെയ്യാനും, ചര്‍ച്ചകള്‍ നടത്താനും, ഒരേ ആശയം വച്ചുപലര്‍ത്തുന്ന ജനക്കൂട്ടത്തിന് സംഘടിക്കാനും ഡിജിറ്റല്‍ പ്ലാറ്റ്ഫോം പര്യാപ്തമാണെന്ന തിരിച്ചറിവാണ് ഇന്റര്‍നെറ്റ് നിരോധനത്തിലേക്ക് ഇന്ത്യന്‍ ഭരണകൂടത്തെ കൊണ്ടെത്തിച്ചത്. ലാത്തിയും പെല്ലറ്റുകളും ഉപയോഗിച്ച്, അവകാശ സംരക്ഷണത്തിന് മുറവിളികൂട്ടിയ ജനതയെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ നിഷ്ഫലമാകുമ്പോഴാണ് സൈബര്‍ അടിയന്തരാവസ്ഥയിലേക്ക് രാജ്യം നീങ്ങിയത്. പൗരാവകാശങ്ങള്‍ മതവെറിക്കും, പ്രഖ്യാപിത രാഷ്ട്രീയ അജണ്ടകള്‍ക്കും, ഭിന്നിപ്പിലധിഷ്ടിതമായ ഭരണ സംവിധാനത്തിനും വിധേയപ്പെട്ട് കശാപ്പുചെയ്യപ്പെടുമ്പോള്‍ സൈബറിടങ്ങള്‍ സമരനിലങ്ങളാവുന്ന ഡിജിറ്റല്‍ ആക്ടിവിസമാണ് ചരിത്രമാകാന്‍ പോകുന്ന യുദ്ധതന്ത്രം.
ഇന്ത്യയും ഇറാനും മാത്രമല്ല, ലോകത്തിലെ പല പ്രമുഖ നഗരങ്ങളും പ്രതിഷേധാഗ്നി ചീന്തിയ, സൈബര്‍ പ്രക്ഷോഭങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. ഡിജിറ്റല്‍ ആക്ടിവിസത്തിന്റെ വിജയകരമായ ഉദാഹരണമാണ്, 2019ല്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഗ്രേറ്റ തുന്‍ബര്‍ഗിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട് ‘ഫ്രൈഡേയ്സ് ഫോര്‍ ഫ്യൂച്ചര്‍’ എന്ന പ്രചാരണം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ജനങ്ങളാണ് പരിസ്ഥിതി പ്രശ്നങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി പ്രമുഖ നഗരങ്ങളില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. നിരായുധരായ സാധാരണ ജനതയ്ക്ക് തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി ഒറ്റക്കെട്ടായി നിലകൊള്ളാനുള്ള സാധ്യതകളാണ് സമൂഹമാധ്യമങ്ങള്‍ തുറന്നത്.
ഡിജിറ്റല്‍ ആക്ടിവിസത്തിന്റെ പുതിയമാനങ്ങള്‍ സ്വായത്തമാക്കിയ മറ്റൊരു പ്രധാന പ്രചാരണമാണ് ബ്രിങ് ബാക്ക് അവര്‍ ഗേള്‍സ് ( #BringBackOurGirls). 2014 ഏപ്രിലില്‍ വടക്കന്‍ നൈജീരിയയിലെ 300 ഓളം പെണ്‍കുട്ടികളെ, ബോക്കോ ഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടു പോയതിനു പിന്നാലെയാണ് പ്രസ്തുത ക്യാമ്പയിന് ആരംഭിക്കുന്നത്. അമ്പത് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടെങ്കിലും 276 പേര് തീവ്രവാദികളുടെ പിടിയിലായത് ആഗോളതലത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. മലാല യൂസഫ് സായ്, മിഷേല്‍ ഒബാമ തുടങ്ങി പ്രമുഖരാണ് പ്രചാരണത്തിന് ഐക്യദാര്‍ഢ്യവുമായി മുന്നോട്ട് വന്നത്. ഒരാഴ്ചകൊണ്ട് വളരെ വിപുലമായ തോതില്‍ പ്രതിഷേധം സംഘടിപ്പിക്കാനും, പെണ്‍കുട്ടികളുടെ കുടംബത്തിന് പിന്തുണ നല്‍കാനും, കുട്ടികളെ കണ്ടെത്താനുള്ള ഭരണകൂടത്തിന്റെ നടപടികള്‍ ത്വരിതപ്പെടുത്തുന്ന തരത്തില്‍ മാധ്യമ ശ്രദ്ധ കൈവരിക്കാനും ഈ ക്യാമ്പയിന് സാധിച്ചു.
സമീപകാലത്ത് ഏറെ ചര്‍ച്ചയായ ബ്ലാക്ക് ലൈവ്സ് മാറ്ററാണ് (#BlackLivesMatter) ഓണ്‍ലൈന്‍ പ്രതിഷേധങ്ങളെ വീണ്ടും ചര്‍ച്ചാ വിഷയമാക്കിയത്. 2020 മെയ് 24ാം തീയതി അമേരിക്കയിലെ മിനിയപോളിസില്‍ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ്ജ് ഫ്ലോയ്ഡ് അതിധാരുണമായി കൊല്ലപ്പെട്ട സംഭവമായിരുന്നു അടിച്ചമര്‍ത്തപ്പെടുന്ന കറുത്ത വംശജര്‍ക്കു വേണ്ടിയും, പാര്ശ്വവല്കൃത സമൂഹത്തിനു നേരെ പോലീസ് അധികാരികള്‍ കാട്ടുന്ന അക്രമരാഹിത്യത്തിനെതിരെയും ശബ്ദമുയര്‍ത്തിയ, ബ്ലാക്ക് ലൈവ്സ് മാറ്ററിനെ ആഗോള ശ്രദ്ധയിലെത്തിച്ചത്. ജോര്‍ജ്ജ് ഫ്ലോയിഡ്, പോലീസുകാരന്റെ ബൂട്ടിട്ട കാലിനു കീഴില്‍ ശ്വാസം കിട്ടാതെ മരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോള്‍ അത് ലോകമെമ്പാടുമുള്ള 60ഓളം രാജ്യങ്ങളിൽ വംശീയ വിരുദ്ധ പ്രകടനങ്ങൾക്ക് പ്രേരണയായി.
അഹിംസാത്മക പ്രതിഷേധ മുറകളാണ് ഡിജിറ്റല്‍ ആക്ടിവിസം മുന്നോട്ടുവെക്കുന്നത്. ഒരു ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്യുന്നതിനോ ട്വിറ്ററിൽ ട്രെൻഡിങായ ഒരു ഹാഷ്ടാഗ് റീട്വീറ്റ് ചെയ്യുന്നതിനോ, ഒരു നിവേദനത്തിൽ ഒപ്പിടുന്നതിനേക്കാളും അല്ലെങ്കിൽ തെരുവുകളിൽ ഒരു പ്രകടനത്തിൽ പങ്കുചേരുന്നതിനെക്കാളും കുറഞ്ഞ പരിശ്രമം മാത്രമേ വേണ്ടൂ എന്നത് ഓണ്‍ലൈന്‍ പ്രതിഷേധങ്ങളിലേക്ക് കൂടുതല്‍ അണികളെ ക്ഷണിക്കുന്ന ഒരു പ്രധാന ഘടകമാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിഷേധ പ്രസ്ഥാനങ്ങള്‍ നിഷ്ക്രിയമാണെന്ന പൊതുബോധവും നിലനില്ക്കുന്നു. ‘ക്ലിക്ടിവിസം’, ‘സ്ലാക്റ്റിവിസം’, ‘ആംചെയർ ആക്ടിവിസം’ എന്നീ അപരനാമങ്ങളില്‍ ഡിജിറ്റല്‍ ആക്ടിവിസം അറിയപ്പെടാന്‍ കാരണവുമിതാണ്. എന്നാല്‍ അടിമകളായ സുരക്ഷാസേനയുടെ ആയുധബലം ആള്‍ബലത്തെ അടിച്ചമര്‍ത്തി അവകാശ സമരങ്ങള്‍ക്ക് പട്ടട തീര്‍ക്കുന്ന കാലം കടന്നുപോയെന്നും, സംഘടിത ശക്തികളുടെ ശബ്ദങ്ങള്‍ വെന്നിക്കൊടി പറത്തുമെന്നും ഭരണകൂടങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ഓണ്‍ലൈന്‍ പ്രതിഷേധങ്ങള്‍ക്ക് സാധിക്കും. ഇറാനിലെ പൗരോഹിത്യ ഭരണകൂടം ഇതിന് ഒരു ഉദാഹരണം മാത്രം.