എല്ലാ വര്‍ഷവും മാര്‍ച്ച് മൂന്നാം തിയതി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ) ലോക കേള്‍വിദിനമായി ആചരിക്കുന്നു. ലോകമെമ്പാടും ഏകദേശം 46 കോടി ആളുകള്‍ക്ക് ശ്രവണവൈകല്യമുണ്ട്. അതില്‍ ഭൂരിഭാഗവും ഇന്ത്യ പോലെയുള്ള വികസ്വര രാജ്യങ്ങളിലാണ്. ചെവിയുടെ പല അണുബാധകളും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ശരിയായ ആരോഗ്യപരിപാലനം കിട്ടാത്ത ആളുകളില്‍ മാത്രമാണ് കാണുന്നത്. നമ്മുടെ നാട്ടില്‍ ഇപ്പോഴും ചെവിയിലെ അണുബാധകള്‍ ചികിത്സിക്കപ്പെടാതെ പോകുന്നു. കൂട്ടത്തില്‍ ഉയര്‍ന്ന ശബ്ദത്തില്‍ ഇയര്‍ ഫോണില്‍ പാട്ടുകേള്‍ക്കുക (റിക്രിയേഷണല്‍ നോയ്സ്) തുടങ്ങിയവ കൂടിയാവുമ്പോള്‍ ശ്രവണവൈകല്യം കൂടുതല്‍ വലിയ സാമൂഹിക പ്രശ്നമായിമാറുന്നു.
കേള്‍വി പരിശോധിക്കുക
ലോകാരോഗ്യ സംഘടനയുടെ 2019ലെ ലോകശ്രവണദിന സന്ദേശം നിങ്ങളുടെ കേള്‍വി പരിശോധിക്കൂ എന്നതാണ്. ശ്രദ്ധിക്കപ്പെടാതെയും ചികിത്സിക്കപ്പെടാതെയും പോകുന്ന കേള്‍വിക്കുറവ് കാരണമുള്ള മാനവവിഭവശേഷി നഷ്ടം വളരെ വലുതാണ്.
കേള്‍വിക്കുറവ് കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്യേണ്ടതിന്റെ അവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരിക്കുകയാണ് ഇത്തവണത്തെ ശ്രവണദിനത്തില്‍ ലോകാരോഗ്യസംഘടന ലക്ഷ്യം വയ്ക്കുന്നത്. എല്ലാ ആളുകളും വര്‍ഷത്തിലൊരിക്കല്‍ കേള്‍വി പരിശോധന നടത്തണം.
അതില്‍ത്തന്നെ അന്‍പത് വയസിനുമുകളിലുള്ളവര്‍, ശബ്ദമലിനീകരണമുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്നവര്‍, സ്ഥിരമായി ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുകേള്‍ക്കുന്നവര്‍, ചെവിക്ക് എന്തെങ്കിലും അസുഖമോ അണുബാധയോ ഉള്ളവര്‍ എന്നിവര്‍ നിര്‍ബന്ധമായും കേള്‍വി പരിശോധന നടത്തേണ്ടതാണ്.
കുട്ടികളിലെ കേള്‍വിക്കുറവ്
കുഞ്ഞുങ്ങളിലെ 65% കേള്‍വിക്കുറവും സാമൂഹിക ആരോഗ്യ പരിപാടികളിലൂടെ പ്രതിരോധിക്കാവുന്നതാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത്. ശ്രവണവൈകല്യം കുഞ്ഞുങ്ങളില്‍ പഠനവൈകല്യവും സ്വഭാവവൈകല്യവുമുണ്ടാക്കും. സ്കൂള്‍ കുട്ടികളിലെ ശ്രവണവൈകല്യത്തിന്റെ പ്രധാന കാരണം സീറസ് ഓട്ടൈറ്റിസ് മീഡിയ അഥവാ മധ്യകര്‍ണത്തില്‍ നീര് നിറയുന്ന അവസ്ഥയാണ്.
മരുന്നിലൂടെയോ ശസ്ത്രക്രിയയിലൂടെയോ പൂര്‍ണമായി ഭേദമാക്കാന്‍ കഴിയുന്ന ഈ അസുഖം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നതാണ് സങ്കടകരം. സ്കൂളുകളില്‍ വര്‍ഷാവര്‍ഷം ചെവി പരിശോധനയും കേള്‍വി പരിശോധനയും നടത്തുകയാണെങ്കില്‍ ഒരു പരിധിവരെ ഈ പ്രശ്നത്തിന് പരിഹാരം കാണാവുന്നതാണ്.
മുണ്ടിനീര്, അഞ്ചാംപനി (പൊങ്ങന്‍പനി), മസ്തിഷ്കവീക്കം എന്നിവ കാരണമുണ്ടാകുന്ന ശ്രവണവൈകല്യങ്ങള്‍ ചികിത്സിച്ചു മാറ്റുന്നതിനേക്കാള്‍ പ്രായോഗികം ഇത് വരാതെ സൂക്ഷിക്കുന്നതാണ്. കുഞ്ഞുങ്ങള്‍ക്ക് കൃത്യമായി രോഗപ്രതിരോധ കുത്തിവയ്പുകള്‍ നല്കുന്നതു വഴി ഇത്തരം ശ്രവണവൈകല്യങ്ങള്‍ തടയാനാവും.
ബധിരത നാല് വയസിനു മുന്‍പ് ചികിത്സിക്കണം
ബധിരത നാല് വയസിനു മുന്‍പെങ്കിലും ചികിത്സിച്ചാല്‍ മാത്രമേ കുഞ്ഞുങ്ങള്‍ക്ക് സംസാരശേഷി ലഭിക്കുകയുള്ളൂ. തലച്ചോറിന്റെ ന്യൂറോ പ്ലാസ്്റ്റിസിറ്റി ന്യൂറോ സ്കാവഞ്ചിങ് എന്നീ പ്രത്യേകതകള്‍ കൊണ്ടാണത്.
സംസാരവുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗം ചെറിയ പ്രായത്തില്‍ തന്നെ ഉദ്ദീപിക്കപ്പെട്ടില്ലെങ്കില്‍ മറ്റേതെങ്കിലും കാര്യങ്ങള്‍ തലച്ചോറിന്റെ ആ ഭാഗത്തെക്കൂടി അപഹരിക്കുകയും പിന്നീട് സംസാരശേഷി വികസിപ്പിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. ബധിരരും മൂകരുമായ കുട്ടികളെ, അംഗവിക്ഷേപങ്ങള്‍കൊണ്ട് സംവദിക്കുക എന്ന അവസ്ഥയില്‍ നിന്ന് കേള്‍ക്കുന്ന, സംസാരിക്കുന്ന സാധാരണ കുട്ടികളായി മാറ്റിക്കൊണ്ട്് കോക്ലിയാര്‍ ഇംപ്ലാന്റ്് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു കഴിഞ്ഞു. കോക്ലിയാര്‍ ഇംപ്ലാന്റ് സര്‍ജറി മൂന്നു വയസിനു മുമ്പേ ചെയ്താലേ ഇത്തരത്തില്‍ ഫലപ്രദമാകുന്നുള്ളൂ.
അതുകൊണ്ട്് തന്നെ എത്രയും പെട്ടെന്ന് കുട്ടികളിലെ കേള്‍വിക്കുറവ് കണ്ടുപിടിക്കേണ്ടതുണ്ട്്. കുഞ്ഞുങ്ങളുടെ കേള്വിയെക്കുറിച്ച്് നേരിയ സംശയമെങ്കിലുമുണ്ടെങ്കില്‍ ഉടനെ നിങ്ങളുടെ ഡോക്ടറെ കാണുകയും കേള്‍വി പരിശോധിക്കുകയും ചെയ്യുക.