ഇടുക്കി: പരിശോധനയ്ക്കെത്തിയ റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നേരെ സിപിഎം നേതാവിന്റെ ഭീഷണി. മാങ്കുളത്ത് സംയുക്ത പരിശോധനയ്ക്കെത്തിയപ്പോഴാണ് റേഞ്ച് ഓഫിസര്‍ക്കു നേരെ സിപിഐ ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജോസ് ഭീഷണിപ്പെടുത്തിയത്. മാങ്കുളം അമ്പതാംമൈലില്‍ വനംവകുപ്പ് നിര്‍മിച്ച ട്രഞ്ചിനെചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നു പരിശോധന നടത്താനെത്തിയപ്പോഴാണ് സംഭവം. ”ടൗണില്‍ കൊണ്ടുപോയി കെട്ടിയിട്ട് തല്ലും. സ്ഥലം മാറ്റാത്തത് കെട്ടിയിട്ട് തല്ലാന്‍ വേണ്ടിയാണ്. തല്ലുമെന്നത് തങ്ങളുടെ തീരുമാനമാണെന്ന്” എന്നാണ് പ്രവീണ്‍ ജോസ് ഭീഷണി മുഴക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇക്കാര്യം മൊബൈലില്‍ പകര്‍ത്തുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രവീണ്‍ ജോസ്, വീഡിയോ പിടിച്ചോളൂവെന്നും പറയുന്നുണ്ട്. ഭീഷണി സംബന്ധിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. നേരത്തേ, ആനക്കുളം റേഞ്ച് ഓഫിസറെ ഭീഷണിപ്പെടുത്തിയതിനും ഇദ്ദേഹത്തിനെതിരേ കേസ് നിലവിലുണ്ട്.
മണ്ണിടിച്ചിലിന് കാരണമായേക്കുമെന്ന ആശങ്ക കാരണം കിടങ്ങ് ഇടിച്ച് നിരത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് തഹസില്‍ദാര്‍, ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തിയത്. കാട്ടാനകളെ തടയാനെന്ന പേരില്‍ വനംവകുപ്പ് ഓഫിസ് സംരക്ഷിക്കാനാണ് ട്രഞ്ച് നിര്‍മിച്ചതെന്നും നാട്ടുകാര്‍ക്ക് യാതൊരു പ്രയോജനവും ഇല്ലെന്നുമാണ് സിപിഐയുടെ ആരോപണം. ഇത് ചോദ്യം ചെയ്തപ്പോള്‍ വനംവകുപ്പ് ജീവനക്കാര്‍ മോശമായി സംസാരിച്ചെന്നും ഇതേത്തുടര്‍ന്നാണ് അത്തരത്തില്‍ രോഷപ്രകടനമാണുണ്ടായതെന്നുമാണ് പ്രവീണിന്റെ വാദം.