ബിഎംഡബ്ല്യു മോട്ടോറാഡ് പുതിയ പ്രീമിയം സ്പേർട്സ് ടൂററർ മോട്ടോർസൈക്കിളായ S 1000 XR ഇന്ത്യയിൽ പുറത്തിറക്കി. 20.90 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില. ഐസ് ഗ്രേ, റേസിംഗ് റെഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ബൈക്ക് ലഭ്യമാണ്. പുതുതായി നവീകരിച്ച മോഡലിന്റെ മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വിലയേറിയതാണെങ്കിലും നിരവധി മാറ്റങ്ങൾ പ്രീമിയം മോട്ടോർസൈക്കിൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ബ്രാൻഡിന്റെ ശ്രേണിയിലെ മറ്റ് മോഡലുകളെ പോലെ തന്നെ ഇന്ത്യയിലേക്ക് ഒരു CBU ഉൽപ്പന്നമായി 2020 S 1000 XR ഇറക്കുമതി ചെയ്യുകയാണ് കമ്പനി ചെയ്യുന്നത്. ബിഎംഡബ്ല്യു മോട്ടോറാഡിന്റെ എല്ലാ ഡീലർഷിപ്പ് ശൃഖല വഴിയും ബൈക്കിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
2020 പരിഷ്ക്കരണത്തിൽ S 1000 XR-ന് വളരെയധികം പരിഷ്കരിച്ച സ്റ്റൈലിംഗ്, പുതിയ ഇലക്ട്രോണിക്സ്, നവീകരിച്ച മറ്റ് മെക്കാനിക്കലുകൾ എന്നിവ പോലുള്ള ചില പ്രധാന മാറ്റങ്ങളാണ് ജർമൻ പ്രീമിയം മോട്ടോസൈക്കിൾ നിർമാതാക്കളായ ബിഎംഡബ്ല്യു അവതരിപ്പിക്കുന്നത്. പുറംമോടിയിലെ പ്രധാനമാറ്റം ഹൈഡ്ലൈറ്റിന്റെ മാറ്റമാണ്.
പഴയ അസിമെട്രിക് യൂണിറ്റിന് പകരം ഇത് ഇപ്പോൾ എൽഇഡികളായ സ്ലീക്കർ ഹെഡ്ലാമ്പുകൾക്ക് വഴിയൊരുക്കുന്നു. S 1000 XR-ന്റെ ഏറ്റവും പുതിയ പതിപ്പിന് 6.5 ഇഞ്ച് കളർ സ്ക്രീനും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും റോഡ്, റെയിൻ, ഡൈനാമിക്, പ്രോ എന്നീ നാല് റൈഡിംഗ് മോഡുകളും ലഭിക്കും.
അതോടൊപ്പം പുത്തൻ മോഡലിന് വളരെ ഹൈടെക് ഇലക്ട്രോണിക്സ് ഉപകരണങ്ങളും ലഭിച്ചത് ശ്രദ്ധേയമാണ്. ആറ്-ആക്സിസ് IMU, കോർണറിംഗ് എബിഎസ്, ലീനിയർ സെൻസിറ്റീവ് ട്രാക്ഷൻ കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഡ്രാഗ് ടോർക്ക് കൺട്രോൾ, ബൈ ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റർ, ഹിൽ അസിസ്റ്റ്, വീലി കൺട്രോൾ തുടങ്ങി നിരവധി സവിശേഷതകൾ S 1000 XR-ൽ ഇടംപിടിക്കുന്നു.
ഇലക്ട്രോണിക്കലി ക്രമീകരിക്കാവുന്ന സെമി-ആക്റ്റീവ് സസ്പെൻഷൻ സജ്ജീകരണം സസ്പെൻഷൻ കിറ്റിൽ ഉൾപ്പെടുന്നു. പുതിയ S 1000 XR 17 ഇഞ്ച് അലോയ് വീലുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ അന്താരാഷ്ട്ര തലത്തിൽ പ്രീമിയം അഡ്വഞ്ചർ സ്പോർട്സ് ടൂറർ ഓപ്ഷണൽ സ്പോക്ക്ഡ് വീലുകളിലും ലഭ്യമാണ്.
മെക്കാനിക്കലുകളുടെ കാര്യത്തിൽ ഒരു ബിഎസ്-VI കംപ്ലയിന്റ് 999 സിസി ഇൻലൈൻ നാല് സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് 2020 ബിഎംഡബ്ല്യു S 1000 XR-ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ യൂണിറ്റ് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.
എഞ്ചിൻ 11,000 rpm-ൽ പരമാവധി 162 bhp കരുത്തും 9,250 rpm-ൽ 114 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടുതൽ ശാന്തമായ ഹൈവേ ക്രൂയിസിംഗിനായി ബിഎംഡബ്ല്യു മോട്ടോർറാഡ് ഗിയർബോക്സിനെ ദൈർഘ്യമേറിയ ഗിയർ അനുപാതങ്ങളോടെ മാറ്റി എന്നത് സ്വാഗതാർഹമാണ്.