മലയാളിയുടെ കാൽപനികതയെ നിർവചിച്ച പ്രിയ എഴുത്തുകാരൻ എംടി വാസുദേവന്‍ നായര്‍ എണ്‍പത്തി ഏഴിന്‍റെ നിറവില്‍ എത്തിനില്‍ക്കുന്നു. വിക്ടോറിയ കോളേജിലെ കൂട്ടുകാർ അച്ചടിച്ച രക്തം പുരണ്ട മൺതരികൾ തൊട്ട് മലയാള ചെറുകഥയെ വഴിനടത്തിയ സാഹിത്യ കുലപതിക്ക് ജന്മദിനാശംസകള്‍ ചൊരിയുകയാണ് സാംസ്കാരിക ലോകം.
കാലത്തിന്റെ സങ്കീർണതകളും ജീവിതത്തിന്റെ സമസ്യകളും എഴുത്തിൽ പകർത്തി ഒരു തലമുറയെ സ്വാധീനിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനാണ് എംടി. വ്യക്തിത്വ ദൗർബല്യങ്ങൾ ദുരന്തത്തിലേക്കു നയിക്കുംപോലെ വ്യക്തിത്വ ശേഷികൾ വിജയഹേതുവായി മാറുന്നതിന്റെ ഉത്തമോദാഹരണമാണ് മലയാളത്തിന്‍റെ സ്വകാര്യ അഹങ്കാരമായ ഈ അത്ഭുത പ്രതിഭ. താൻ ജീവിക്കുന്ന കാലത്തിന്റെ ആകാംക്ഷകളെയും ആവശ്യങ്ങളെയും പ്രതീക്ഷകളെയും സാഹിത്യത്തിലായാലും സിനിമയിലായാലും സാഹിത്യ അക്കാദമിയുടെയും തുഞ്ചൻ സ്മാരകത്തിന്റെയും ഭരണത്തിലായാലും കൃത്യമായി അഭിസംബോധന ചെയ്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്‍റേത്.
ആരിലും ആദരം ഉൽപാദിപ്പിക്കുന്ന അദ്ദേഹത്തിന്‍റെ വാക്കുകളും ഭാവങ്ങളും ചലനങ്ങളും തന്നെയാണ് പ്രതിയോഗികളാൽപ്പോലും ബഹുമാനിക്കപ്പെടുന്ന തലത്തിലേക്ക് ആ അത്ഭുത പ്രതിഭയെ പ്രതിഷ്ഠിച്ചത്. പരിചിതമായ ജീവിത യാഥാര്‍ത്ഥ്യങ്ങളെ അക്ഷരങ്ങളാക്കിയും അഭ്രപാളികളിലൂടെ ജനമനസുകളില്‍ ആഴത്തില്‍ അടയാളപ്പെടുത്തിയും തലമുറകള്‍ നീളുന്ന അനുവാചകരെ സൃഷ്ടിച്ചും പ്രസരിപ്പോടെ നിലകൊള്ളുകയാണ്, നോവലിസ്റ്റ്, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങി സര്‍ഗാത്മകതയുടെ വ്യത്യസ്ത മേഖലകളില്‍ വ്യാപരിച്ച് മലയാളികളെ അത്ഭുതപ്പെടുത്തിയ ഈ മഹാ വ്യക്തിത്വം.
വിക്ടോറിയ കോളേജില്‍ ബിരുദത്തിനു പഠിക്കുമ്പോഴാണ് ‘രക്തം പുരണ്ട മണ്‍തരികള്‍’ എന്ന അദ്ദേഹത്തിന്‍റെ ആദ്യത്തെ ചെറുകഥ പ്രസിദ്ധീകൃതമാകുന്നത്. അന്‍പതുകളുടെ രണ്ടാം പകുതിയിലാണ് സജീവ സാഹിത്യകാരന്‍ എന്ന നിലക്കുള്ള എംടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചിറകു മുളയ്ക്കുന്നതെന്നു പറയാം. ‘പാതിരാവും പകല്‍വെളിച്ചവും’ എന്ന ആദ്യനോവല്‍ ആഴ്ച്ചപ്പതിപ്പില്‍ ഖണ്ഡശയായി പുറത്തുവന്നത് ആ സമയത്താണ്. 1958ല്‍ പ്രസിദ്ധീകരിച്ച ‘നാലുകെട്ട്’ ആണ് ആദ്യം പുസ്തകരൂപത്തില്‍ പുറത്തു വന്നത്. തകരുന്ന നായര്‍ത്തറവാടുകളിലെ വൈകാരിക പ്രശ്‌നങ്ങളുടെയും മരുമക്കത്തായത്തിനെതിരെ ചൂണ്ടുവിരലുയര്‍ത്തുന്ന ക്ഷുഭിതയൗവ്വനങ്ങളുടെയും കഥ പറഞ്ഞ നോവല്‍ 1959ലെ കേരളസാഹിത്യഅക്കാദമി പുരസ്‌കാരം നേടി.
പരിചിതമായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് പിന്നീടുള്ള വര്‍ഷങ്ങളില്‍ കാലാതിവര്‍ത്തിയായ പല നോവലുകളും അദ്ദേഹം എഴുതി. കാലം, അസുരവിത്ത്, രണ്ടാമൂഴം, മഞ്ഞ് തുടങ്ങി എത്രയെത്ര അനശ്വര സൃഷ്ടികള്‍. ഭീമനെ കേന്ദ്രകഥാപാത്രമാക്കി, മഹാഭാരതം കഥയിലെ പല ഏടുകളും ഭീമന്റെ വീക്ഷണകോണില്‍ നിന്ന് നോക്കിക്കാണുന്ന വിധത്തില്‍ എഴുതിയ, ജനസ്വീകാര്യതയേറെ ലഭിച്ച ‘രണ്ടാമൂഴം’ 1984ലാണ് പുറത്തുവരുന്നത്.
സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എംടി ചലച്ചിത്രലോകത്തെത്തുന്നത്. തുടര്‍ന്ന് തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ അന്‍പതിലേറെ ചലച്ചിത്രങ്ങളുടെ പിന്നണിയില്‍ എംടിയുണ്ടായിരുന്നു. നിര്‍മ്മാല്യം, ബന്ധനം, മഞ്ഞ്, വാരിക്കുഴി, കടവ്, ഒരു ചെറുപുഞ്ചിരി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ‘നിര്‍മാല്യം’ 1973 ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി.
സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയായ ജ്ഞാനപീഠം മുതല്‍ ഒട്ടനവധി പുരസ്‌കാരങ്ങളും ഈ അതുല്യ പ്രതിഭയെ തേടിയെത്തി. 2005ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കിയും ആദരിച്ചു. വള്ളുവനാടന്‍ സംസ്‌കൃതിയുടെ സൗന്ദര്യാതിശയങ്ങള്‍ ഭാഷയിലും ശൈലിയിലും ആവാഹിച്ച ഈ മഹാമനീഷിയുടെ ജൈത്രയാത്ര ഇനിയും വര്‍ഷങ്ങള്‍ നീളട്ടെ എന്നാതാണ് മലയാള സാഹിത്യലോകം ആഴത്തിലാഗ്രഹിക്കുന്നത്…