തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസരംഗത്ത് അപ്രഖ്യാപിത നിയമന നിരോധനം കൊണ്ട് വരുന്ന ഏപ്രിൽ ഒന്നിന്ടെ ഉത്തരവിനെതിരായ സമരത്തിന് പ്രമുഖരുടെ പിന്തുണ. പ്രൊഫസർ എം.കെ.സാനു,ദേശമംഗലം രാമകൃഷ്ണൻ, ഡോ.പി.ഗീത, കുരീപ്പുഴ ശ്രീകുമാർ, കൽപ്പറ്റ നാരായണൻ, പി.ബാലചന്ദ്രൻ, ഡോ.അജു നാരായണൻ, പി.പവിത്രൻ, സാഹിത്യ അക്കാദമി മുൻ ചെയർമാൻ പ്രൊഫസർ പി.വി.കൃഷ്ണൻ നായർ തുടങ്ങിയവർ ഏപ്രിൽ ഒന്നിന്ടെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഉന്നതവിദ്യാഭ്യാസരംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഈ ഉത്തരവ് സൃഷ്ടിക്കുമെന്ന് ഇവർ അഭിപ്രായപ്പെട്ടു. പി ജി വെയ്റ്റേജിനെ കുറിച്ചും അധ്യാപകരുടെ ജോലിഭാരത്തെ കുറിച്ചും വസ്തുതാവിരുദ്ധമായ വിധത്തിലുള്ള പ്രചരണങ്ങൾ നടത്തിക്കൊണ്ടാണ് ഈ ഉത്തരവ് നടപ്പിലാക്കുന്നത്.
വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണമാണ് ഇതുപോലെയുളള ഉത്തരവുകളുടെ അടിസ്ഥാനം. പി ജി വെയ്റ്റേജ് പോലെയുള്ള സംവിധാനങ്ങൾ ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരമുറപ്പാക്കുവാൻ ആവശ്യമാണെന്ന് മൂന്നു പതിറ്റാണ്ടു കാലത്തെ അധ്യാപന പരിചയത്തിന്ടെ അടിസ്ഥാനത്തിൽ തനിക്കുറപ്പുണ്ടെന്നും ഈ ഉത്തരവ് പിൻവലിക്കുവാൻ തന്ടെ അധ്യാപകമനസ്സ് ആത്മാർത്ഥമായി സർക്കാരിനോട് അവശ്യപ്പെടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ ഉത്തരവുമൂലം അപകടത്തിലാകുന്നത് അധ്യാപനം മാത്രമല്ല ഉന്നതവിദ്യാഭ്യാസരംഗമാകമാനമാണെന്നും സ്കൂൾ ഓഫ് ലെറ്റേഴ്സിലെ മുൻ അധ്യാപകനും തിരക്കഥാകൃത്തും തിരക്കഥാകൃത്തും നടനുമായ പി.ബാലചന്ദ്രൻ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിന്റെ സമ്പൂർണ്ണ മായ സ്വകാര്യവത്കരണം നിർദ്ദേശിക്കുന്ന ബിർള-അംബാനി കമ്മിറ്റി റിപ്പോർട്ടിന്ടെ തുടർച്ചയാണ് ഏപ്രിൽ ഒന്നിന്ടെ ഉത്തരവെന്ന് ഡോ.അജുനാരായണൻ അഭിപ്രായപ്പെട്ടു.
ഏപ്രിൽ ഒന്നിന്ടെ ഉത്തരവിനെതിരായി ഉദ്യോഗാർത്ഥികളുടെയും ഗവേഷകരുടെയും വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസ സ്നേഹികളുടെയും സംയുക്ത സമരവേദിയായ യുണൈറ്റഡ് ആക്ഷൻ ഫോറം ടു പ്രൊട്ടക്റ്റ് കോളജിയേറ്റ് എജ്യുക്കേഷൻ ജൂലൈ 1മുതൽ 7വരെ നടത്തിയ പ്രതിഷേധവാരാചരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഇവർ. ഈ ഉത്തരവിനെതിരെ പ്രമുഖരുടെ പിന്തുണയോടെ സമരം ശക്തമാക്കുവാനൊരുങ്ങുകയാണ് യുണൈറ്റഡ് ആക്ഷൻ ഫോറം ടു പ്രൊട്ടക്റ്റ് കോളജിയേറ്റ് എജ്യുക്കേഷൻ.