എഴുത്തുകാരനും ചലച്ചിത്ര ഗാനരചയിതാവും സിപിഐ നേതാവുമായ പെരുമ്പുഴ ഗോപാലകൃഷ്ണന് അന്തരിച്ചു. 89 വയസായിരുന്നു. സംസ്കാരം തൈക്കാട് ശാന്തികവാടത്തില്‍. കൊല്ലം ജില്ലയിലെ പെരുമ്പുഴയിലായിരുന്നു ജനനം. പെരുമ്പുഴ എല്‍പിഎസ്, പെരുമ്പുഴ എസ്ജിവി. സംസ്കൃത ഹൈസ്ക്കൂള്, കുണ്ടറ എംജിഡി ഇംഗ്ലീഷ് ഹൈസ്ക്കൂള്, കൊല്ലം ശ്രീനാരായണ കോളജ് എന്നിവടങ്ങളില്‍ പഠിച്ചു. കോളജ് കാലയളവില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനായിരുന്നു.
ഫിലിം ഡെവലപ്മെന്റ് കോര്‍പറേഷനില്‍ ഉദ്യോഗസ്ഥനായിരുന്നു. എന്‍ജിഒ യൂണിയനിലും ജോയിന്റ് കൗണ്‍സിലിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ‘കേരള സര്‍വ്വീസ്’ ന്റെ ആദ്യപത്രാധിപരായിരുന്നു. സംസ്ഥാന ചലച്ചിത്ര വികസനകോര്പറേഷന് റിസര്‍ച്ച് ഓഫീസറായിട്ടാണ് റിട്ടയര്‍ ചെയ്തത്.
ഫിലിം ക്രിട്ടിക്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറിയും കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി സെക്രട്ടറിയുമായിരുന്നു. യുവകലാസാഹിതി പ്രസിഡന്റായും ‘ഇസ്ക്കഫ്’ അഖിലേന്ത്യാ സമാധാനസമിതിയുടെ ജന.സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉയരുന്ന മാറ്റൊലികള്‍, ഞാറപ്പഴങ്ങള്‍, മുത്തുകള്‍, തുടി, വൃശ്ചികക്കാറ്റ്, റോസാപ്പൂക്കളുടെ നാട്ടില്‍, പ്രതിരൂപങ്ങളുടെ സംഗീതം തുടങ്ങിയവാണ് കൃതികള്‍.