വിവേചനങ്ങളുടെയും അവകാശ ലംഘനങ്ങളുടെയും, അടിച്ചമര്‍ത്തലിന്റെയും, വിഴുപ്പു ഭാണ്ഡമാണ് വംശീയത എന്ന ആശയം. അത് മതത്തിന്റെയും വംശത്തിന്റെയും വര്‍ണ്ണത്തിന്റെയും പേരിലുള്ള ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കുന്നത്. കാലാകാലങ്ങളായി തുടര്‍ന്നു വരുന്ന ഈ വേര്‍തിരിവിന് ഇനിയും പരിസമാപ്തിയായിട്ടില്ല എന്നതിന്റെ ഉദാഹരണമാണ്, ബൂട്ടണിഞ്ഞ വെളുത്ത കാലുകള്‍ക്കടിയില്‍ ശ്വാസംമുട്ടി മരിച്ച ജോര്‍ജ്ജ് ഫ്ലോയിഡെന്ന ആഫ്രിക്കന്‍-അമേരിക്കന്‍ വംശജന്. ജനനം മുതല്‍ മരണം വരെ വിടാതെ പിന്തുടരുന്ന വേര്‍തിരിവുകള്‍ ആഫ്രിക്കന്‍-അമേരിക്കന്‍ ജനതയുടെ ആരോഗ്യത്തില്‍ പോലും പ്രതിഫലിക്കുന്നു എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം, വൃക്കരോഗം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഇവരില്‍ കൂടുതലായി കണ്ടുവരുന്നുവെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേണലായ ‘ഹൈപ്പര്ടെന്ഷന്’ പുറത്തുവിടുന്ന വിവരം.
ആജീവനാന്ത വിവേചനങ്ങള്‍, കറുത്ത വര്‍ഗ്ഗക്കാരില്‍ കൂടുതലായി കണ്ടുവരുന്ന രക്ത സമ്മര്‍ദ്ദത്തെയും അനുബന്ധ രോഗങ്ങളെയും സ്വാധീനിക്കുന്നുണ്ടോ എന്ന അന്വേഷണമാണ്, പ്രസ്തുത പഠനത്തിന് അടിസ്ഥാനമെന്ന്, ഫിലാഡെല്‍ഫിയയിലെ ഡ്രെക്സൽ സർവകലാശാലയില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകയായ അലാന ഫോര്‍ഡ് പറയുന്നു. “വിവേചനങ്ങള്‍ ആരോഗ്യ അസമത്വം സൃഷ്ടിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നതായി പഠനം തെളിയിച്ചു, അമേരിക്കയിലെ ആഫ്രിക്കന്‍ വംശജരുടെ ദുര്‍ബ്ബലമായ ആരോഗ്യസ്ഥിതിയില്‍ സാമൂഹിക ഘടകങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച് അവബോധമുണ്ടാക്കാനും ഇതിന് സാധിച്ചിട്ടുണ്ട്,” അലാന കൂട്ടിച്ചേര്‍ത്തു.
ഭക്ഷണക്രമം, വ്യായാമം തുടങ്ങിയ ഘടകങ്ങൾ പോലെ തന്നെ വംശീയാധിഷ്ടിത വേര്‍തിരിവുകള്‍ മൂലമുള്ള മാനസിക സമ്മര്‍ദ്ദങ്ങള്‍ പ്രമേഹം പോലുള്ള ജീവിത ശൈലീ രോഗങ്ങള്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകാമെന്ന വസ്തുത ആരോഗ്യ രംഗം അവഗണിക്കുകയാണെന്നും പഠനം വ്യക്തമാക്കുന്നു.
മിസിസ്സിപ്പിയിലുള്ള ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ക്കിടയിലെ ഹൃദ്രോഗ സാധ്യതകളെക്കുറിച്ചുള്ള പഠനത്തിനു വേണ്ടി ഉപയോഗിച്ച 1845 സാമ്പിളുകളാണ് പ്രസ്തുത പഠനത്തിന് അടിസ്ഥാനം. പഠനത്തിന്റെ പ്രാരംഭഘട്ടമായ 2000ത്തില്‍ പ്രത്യേകിച്ച് പ്രശ്നങ്ങളില്ലാതിരുന്ന പകുതിയിലധികം പേരിലും അവസാനഘട്ടമായപ്പോഴേക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജോലി നേടാനോ, ജീവിതം മുന്നോട്ട് കൊണ്ടുപോകാനോ, താമസ്ഥലം കണ്ടെത്താനോ, ബാങ്ക് വായ്പ നേടാനോ, ആരോഗ്യ പരിരക്ഷ ലഭിക്കാനോ വംശീയത പ്രശ്നമാകുന്നുണ്ടോ, അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തില്‍ ദശാബ്ദങ്ങളോളം നീണ്ട നിരന്തര അന്വേഷണത്തിന്റെ ഫലമായാണ് ഈ നിഗമനത്തിലെത്തുന്നത്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള 49 ശതമാനം പേരും ജീവിതത്തിന്റെ ചിലഘട്ടങ്ങളില്‍ വിവേചനങ്ങള്‍ക്ക് പാത്രമായിട്ടുള്ളവരാണ്. എന്നാല്‍ 34 ശതമാനത്തോളം പേര് ക്രൂരമായ വംശീയാധിക്ഷേപങ്ങള്‍ക്ക് കാലാകാലങ്ങളായി വിധേയരാകുന്നവരാണെന്ന് പഠനം തെളിയിക്കുന്നു. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നേരിടുന്ന വിവേചനങ്ങള്‍ക്ക് പിന്നാലെയുള്ള സമ്മര്‍ദ്ദമാണ് ഇതിനു കാരണമെന്നും പഠനം വ്യക്തമാക്കുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മന്ദഗതിയിലുള്ള മരണത്തെയാണ് പ്രതിനിധീകരിക്കുന്നത്. കൂടാതെ, വംശീയ വേര്‍തിരിവുകള്‍ ഉണ്ടാക്കുന്ന മാനസിക പിരിമുറുക്കങ്ങള്‍ അമിത മദ്യപാനം, ആരോഗ്യത്തിന് ഹാനീകരമായ ഭക്ഷണ രീതികള്‍ തുടങ്ങി തെറ്റായ ജീവിത ശൈലികള്‍ അവലംബിക്കാനും ഈ ജനവിഭാഗത്തെ പ്രേരിപ്പിക്കുന്നു. അതിനാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സമൂഹത്തിന് ലഭിക്കുന്ന പരിഗണന, അവകാശ സംരക്ഷണം മാത്രമല്ല, ആരോഗ്യ പരിരക്ഷയും കൂടിയാണ്.