മുംബൈ: സര്‍ക്കാരിനുവേണ്ടി റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സ്വര്‍ണ നിക്ഷേപ പദ്ധതിയായ സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ നാലാം ഇഷ്യു ഇന്നുമുതല്‍ അഞ്ച് ദിവസത്തേക്ക് ആരംഭിക്കും. ഒരു ഗ്രാമം സ്വര്‍ണ്ണത്തിന് 4,852 രൂപയാണ് വിലയിട്ടിരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
ഒരു സാമ്പത്തിക വര്‍ഷത്തില്‍ ആറുതവണയാണ് സോവറിന്‍-ഗോള്‍ഡ്-ബോണ്ട് (എസ്ജിബി) പുറത്തിറക്കുക. വ്യക്തികള്‍ക്ക് പരമാവധി നാലു കിലോഗ്രാം വരെയാണ് വാങ്ങാനാവുക. രണ്ടര ശതമാനമാണ് ഈ നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ.
ബാങ്കുകള്‍,സ്റ്റോക്ക് ഹോള്‍ഡിങ് കോര്പറേഷന്, നിര്‍ദിഷ്ട പോസ്റ്റ് ഓഫിസുകള്‍, എന്‍എസ്ഇ, ബിഎസ്ഇ എന്നിവ വഴി എസ്ജിബി ബോണ്ടുകള്‍ വാങ്ങാനാകും. ഇവയുടെ വെബ്സൈറ്റുകള്‍ വഴിയോ ബ്രാഞ്ചുകളില്‍ നിന്നോ ഏജന്റുമാരു വഴിയോ ബോണ്ടുകള്‍ ലഭ്യമാകും. ഈ ബോണ്ടുകളുടെ ഇഷ്യു വില നിങ്ങള്‍ക്ക് പണമായി ചെക്ക്, ബോണ്ടുകള്‍, ഡിഡി അല്ലെങ്കില്‍ ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ എന്നിവ വഴി അടയ്ക്കാവുന്നതാണ്.
അതേസമയം ഓണ്‍ലൈനായി വാങ്ങുന്നവര്‍ക്ക് ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. എട്ടു വര്‍ഷ കാലാവധിയുള്ള ബോണ്ടുകള്‍ക്ക് അഞ്ചു വര്‍ഷത്തിനുശേഷം പിന്‍വലിക്കാനുള്ള സൗകര്യവുമുണ്ട്. കുറഞ്ഞത് ഒരു ഗ്രാമും അതിന്റെ ഗുണിതങ്ങളായും നിക്ഷേപിക്കാം.
ഇന്ത്യയിലെ താമസക്കാരായ മുഴുവന്‍ ആളുകള്‍ക്കും സോവറിന്‍ ഗോള്‍ഡ് ബോണ്ട് വാങ്ങാനാകും. ഇവരെകൂടാതെ എച്ച്യുഎഫ്, ട്രസ്റ്റുകള്‍, സര്‍വ്വകലാശാലകള്‍, ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കും എസ്ജിബി വാങ്ങിക്കാം. വ്യക്തികള്‍ക്കും ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്കും ഒരുമിച്ച് വാങ്ങാനാകും എന്നത് എസ്ജിബിയുടെ പ്രത്യേകതയാണ്.