ഉപഭോക്താക്കള്‍ക്കായി സവിശേഷവും ആകര്‍ഷകവുമായ ഫിനാന്‍സ് പദ്ധതികള്‍ അവതരിപ്പിച്ച് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട. ഇതിനോടകം തന്നെ വിവിധ നിര്‍മ്മാതാക്കള്‍ വ്യത്യസ്തമായ ഫിനാന്‍സ് പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
വാഹനത്തിന്റെ വിലയുടെ 95 ശതമാനം വരെ ധനസഹായം നല്കി ഹോണ്ട ഇരുചക്ര വാഹനം സ്വന്തമാക്കാന്‍ ഈ ഓഫര്‍ ഉപഭോക്താക്കളെ അനുവദിക്കുന്നു. ആദ്യത്തെ മൂന്ന് മാസത്തെ പ്രതിമാസ ഗഡു ബാക്കിയുള്ള വായ്പ കാലയളവിലെ ഇഎംഐ തുകയുടെ 50 ശതമാനമായിരിക്കും എന്നതാണ് പ്രധാന സവിശേഷത.
ഉപഭോക്താവിന് 36 മാസം വരെ കാലാവധി തെരഞ്ഞെടുക്കാനും സാധിക്കും. ഒരു നിശ്ചിത കാലയളവിലേക്ക് മാത്രമാണ് ഈ സ്കീം ലഭ്യമാകുന്നത്. പുതിയ ഹോണ്ട ഇരുചക്രവാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നതും ഈ ഓഫര്‍ നേടാന്‍ ആഗ്രഹിക്കുന്നതുമായ ഉപഭോക്താക്കള്‍ അവരുടെ അടുത്തുള്ള ഹോണ്ട ഡീലര്‍ഷിപ്പുകളുമായി ബന്ധപ്പെടുകയും സ്കീമിന്റെ ലഭ്യത പരിശോധിക്കുകയും വേണം.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതോടെ ഭൂരിഭാഗം ഹോണ്ട ഷോറൂമുകളും സര്‍വീസ് സെന്ററുകലും പ്രവര്‍ത്തനം പുനരാരംഭിച്ചു. ഈ കാലയളവില്‍ ഏതാനും പുതിയ മോഡലുകളെ കമ്പനി അവതരിപ്പിക്കുകയും ചെയ്തു.
ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ കമ്പനി സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഹോണ്ടയുടെ നിര്‍മാണ പ്ലാന്റുകള്‍, വിതരണക്കാര്‍, ലോജിസ്റ്റിക് പങ്കാളികള്‍, ഡീലര്‍ഷിപ്പുകള്‍, സേവന കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലെല്ലാം ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബാധകമാണ്.
ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ 2020 ജൂണ്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ കമ്പനി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോയ മാസം ഏകദേശം മൂന്ന് ലക്ഷം യൂണിറ്റുകളുടെവില്പ്പനയാണ് നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചത്.
പുതിയ ഫിനാന്‍സ് പദ്ധതികള്‍ അവതരിപ്പിക്കുന്നതോടെ വരും മാസങ്ങളില്‍ വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. മെയ് മാസത്തെ വില്‍പ്പനയെ അപേക്ഷിച്ച് 156 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം, 2019 ജൂണ്‍ മാസത്തെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തിയാല്‍ ഈ വര്‍ഷം 55 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ 4,76,364 ഇരുചക്ര വാഹനങ്ങളാണ് ഹോണ്ട നിരത്തിലെത്തിച്ചത്. വില്‍പ്പനയില്‍ ആക്ടിവയാണ് വലിയ സംഭാവന ചെയ്തത്. ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രീയ സ്കൂട്ടറാണ് ആക്ടിവ.