കേരളത്തിന്‍റെ വാണിജ്യ-സംസ്ക്കാര ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള ഭൂവിഭാഗമാണ് നമ്മുടെ തീരദേശം. പ്രകൃതി ദുരന്തങ്ങളുടെയും, വികസനത്തിന്‍റെ മറവില്‍ നടക്കുന്ന ചൂഷണങ്ങളുടെയും കുത്തൊഴുക്കില്‍പെട്ട ഒരു ജനവിഭാഗത്തിന്‍റെ അതിജീവനത്തിന്‍റെ ചിത്രമാണ് ലോകത്ത് അങ്ങോളമിങ്ങോളമുള്ള തീരപ്രദേശങ്ങള്‍ നല്‍കുന്നത്. ഉപജീവന മാര്‍ഗത്തിനു വെല്ലുവിളിയായിക്കൊണ്ട് പ്രകൃതിയും, പ്രകൃത്യേതര ശക്തികളും മത്സരിക്കുമ്പോള്‍ അവകാശങ്ങളും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും നേടിയെടുക്കാന്‍ സംഘടിത ശക്തിയായി അവര്‍ മാറിക്കഴിഞ്ഞു. കടലും തീരവും സംബന്ധിച്ച അവകാശ വാദങ്ങള്‍ക്ക് ചൂടുപിടിക്കുമ്പോള്‍ കടലിന്‍റെ മക്കളായ മത്സ്യത്തൊഴിലാളി സമൂഹത്തിന് പറയാനുള്ളത് നീതി നിഷേധത്തിന്‍റെ കഥകളാണ്. നേരിന് നേര്‍ക്ക് മുഖം തിരിക്കുന്ന അധികാര വര്‍ഗത്തോട് ചോദ്യങ്ങള്‍ക്കുമേല്‍ ചോദ്യങ്ങളുമായി തീരദേശ വനിത ഫെഡറേഷന്‍ പ്രസിഡന്‍റ് മാഗ്ലിന്‍ ഫിലോമിന ചേരുന്നു…
പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഒരു സമൂഹത്തിന്‍റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരോടാനും, അവരുടെ നേതൃസ്ഥാനം ഏറ്റെടുക്കാനും പ്രചോദനമായ സാഹചര്യമെന്താണ്?
രക്ഷിതാക്കളുടെ പ്രചോദനമായിരുന്നു കൂടുതലും. പെണ്ണെന്നാല്‍ പൊന്നെന്ന ചിന്താഗതിക്കാരനായ എന്‍റെ പപ്പ ഒരുപാട് സ്വാതന്ത്ര്യം തന്നാണ് വളര്‍ത്തിയത്. ഇതെന്‍റെ ജീവിതത്തെ വളരെ സ്വാധീനിച്ചിട്ടുണ്ട്. ഞാനായിരുന്നു വീട്ടിലെ മൂത്ത പെണ്‍കുട്ടി. അതുകൊണ്ട് തന്നെ വളരെ ചെറുപ്പത്തില്‍ ഞാന്‍ മീനിന്‍റെ കണക്കെഴുതാനൊക്കെ പോകാറുണ്ടായിരുന്നു. അന്ന് സ്ത്രീകളായിരുന്നു മത്സ്യ വിപണനത്തിന് പോകുന്നത്. അപ്പോള്‍ സ്വാഭാവികമായിട്ടും കണക്കും കാര്യങ്ങളും നോക്കാന്‍ സ്ത്രീകളുമായി ഇടപെടാന്‍ തുടങ്ങി. അവര്‍ മാര്‍ക്കറ്റിലെ പ്രശ്നങ്ങളും, വീട്ടിലെ പ്രശ്നങ്ങളുമൊക്കെ എന്നോട് പങ്കുവയ്ക്കുമായിരുന്നു. അങ്ങനെയാണ് മത്സ്യത്തൊഴിലാളി സ്ത്രീകളുമായി ബന്ധമുണ്ടാകുന്നത്. പിന്നെ സാഗര മഹിളാ സമാജമെന്ന മത്സ്യത്തൊഴിലാളി സ്ത്രീകളുടെ കൂട്ടായ്മയില്‍ ഞാന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. അതാണ് ഒരു തുടക്കം എന്ന് പറയാനാകുന്നത്. പിന്നീട് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍റെ ഭാഗമായുള്ള തീരദേശ വനിത ഫെഡറേഷന്‍റെ പ്രവര്‍ത്തകയായി മാറുകയും, മഹിളാവേദിയുടെ നേതൃസ്ഥാനത്തെത്തുകയും ചെയ്തു.
എന്തൊക്കെയാണ് തീരദേശ വനിത ഫെഡറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍? സ്ത്രീകളിലും കേരളത്തിലും മാത്രം ഒതുങ്ങി നില്‍ക്കുന്നതാണോ അവ?
തീരദേശ വനിത ഫെഡറേഷന്‍റെ പ്രവര്‍ത്തങ്ങള്‍ ആദ്യം കേരളത്തില്‍ മാത്രമായിരുന്നു. പിന്നീട് തീരദേശ വനിത മൂവ്മെന്‍റ് എന്ന പേരില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചു. സുനാമിക്ക് ശേഷമാണ് വളരെ ശക്തമായ ഇടപെടലുകള്‍ സംഘടനയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നത്. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍റെ തന്നെ ഭാഗമായുള്ള നാഷണല്‍ ഫിഷ് വര്‍ക്കേര്‍സ് ഫോറം അന്താരാഷ്ട്ര തലത്തില്‍ വേള്‍ഡ് ഫിഷര്‍ ഫോക്ക് ഫെഡറേഷന്‍ എന്ന പേരില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. സൗത്ത് ഏഷ്യയില്‍ സുനാമി ബാധിത പ്രദേശത്തെ സ്ത്രീകളുടെ ഒരു ശ്യംഖല ഉണ്ടാക്കിയ ഈ കൂട്ടായ്മ, അവരുടെ അവകാശ സംരക്ഷണം, ദുരിതാശ്വാസം, പുനരധിവാസം എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു. ഇതിന്‍റെ ചെയര്‍പേഴ്സണായിട്ട് അഞ്ച് വര്‍ഷം പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്.
സുനാമി, ഓഖി, തുടങ്ങി ദുരന്തങ്ങളുടെ ബാക്കിപത്രങ്ങളാണ് ഇന്ന് തീരദേശ സമൂഹം. കടലാക്രമണ ഭീഷണികളും, ദുരന്ത സൂചനകളും ഇന്നും നിലനില്‍ക്കുന്നുമുണ്ട്. തീരദേശത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും, പുനരധിവാസ പ്രവര്‍ത്തനങ്ങളും വാഗ്ദാനങ്ങള്‍ക്കനുസരിച്ച് നടക്കുന്നുണ്ടോ? എന്തൊക്കെയാണ് ദുരന്തങ്ങള്‍ ബാക്കിവെച്ചത്?
കടലിന്‍റെയും തീരത്തിന്‍റെയും അവകാശികള്‍ ആരെന്നുള്ളതാണ് ആശയക്കുഴപ്പം. 590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരപ്രദേശമാണ് കേരളത്തിനുള്ളത്. കണക്കുകള്‍ പ്രകാരം ഇതിന്‍റെ നാലിലൊന്ന് ഭൂമി പോലും മത്സ്യത്തൊഴിലാളികളുടെ കൈവശമില്ല എന്നതാണ് വസ്തുത. നിരവധി വന്‍കിട പദ്ധതികളുടെ മറവില്‍ സര്‍ക്കാരും, സര്‍ക്കാരിതര ലോബികളും തീരദേശം കൈയ്യടക്കിവച്ചിരിക്കുകയാണ്. സര്‍ക്കാരിന് ആരോടും ചോദിക്കാതെ എന്തും ചെയ്യാമെന്നുള്ള സ്ഥിതി വിശേഷത്തിലേക്കാണ് കാര്യങ്ങള്‍ കടക്കുന്നത്. പുനരധിവാസമെന്നത് ഇന്നും പൂര്‍ണ്ണമാകാത്തൊരു ചിത്രമാണെന്നതാണ് വാസ്തവം. സുനാമിക്കും, ഓഖിക്കും ശേഷം അനേകം വീടുകള്‍ നഷ്ടപ്പെട്ടപ്പോള്‍ ഫ്ലാറ്റുകള്‍ പണിതു തരാമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള പ്രദേശമാണ് തീരപ്രദേശങ്ങള്‍. തീരദേശ വാസികള്‍ക്ക് വല ഉണക്കാനും, മത്സ്യബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കാനും, മീന്‍ ഉണക്കി സൂക്ഷിക്കാനും മുറ്റവും തീരവും ആവശ്യമാണ്. ഇത് ഫ്ലാറ്റുകളില്‍ കിട്ടുമോ. ചേരികളുണ്ടാക്കുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. കൊറോണ വ്യാപനത്തിന്‍റെ ഈ സമയത്തും നിരവധി കുടംബങ്ങള്‍ തിരക്കേറിയ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. വോട്ടു ബാങ്ക് എന്നതിലപ്പുറം മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു പരിഗണനയും ഇതുവരെ ആരില്‍ നിന്നും ലഭിച്ചിട്ടില്ല.
ഇന്ന് തീരദേശം നേരിടുന്ന, അടിയന്തര നടപടികള്‍ ആവശ്യമുള്ള പ്രശ്നങ്ങള്‍ എന്തൊക്കെയാണ്?
ചെല്ലാനത്തെ കടലാക്രമണത്തിന്‍റെ വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. യഥാര്‍ത്ഥത്തില്‍ കടലാക്രമണം എന്ന വാക്കു തന്നെ തെറ്റാണ്. കടല്‍, ആരെയും ആക്രമിക്കാറില്ല ക്ഷോഭിക്കാറേയുള്ളൂ. ചെല്ലാനത്ത് എല്ലാവര്‍ഷവും കടലേറ്റമുണ്ടാകുന്നതിന് കാരണം, കൊച്ചിന്‍ പോര്‍ട്ടിന്‍റെ പ്രവര്‍ത്തനത്തിന് വേണ്ടി നടക്കുന്ന മണല്‍ ഖനനമാണ്. കായലും കടലും ചേരുന്ന സ്ഥലത്ത് വന്‍ തോതില്‍ മണല്‍ നിക്ഷേപം നടക്കുന്നതിനാല്‍ ഇത് മാറ്റിക്കളയാതെ ഷിപ്പുകള്‍ക്ക് പ്രേവേശിക്കാന്‍ പറ്റില്ല എന്നതാണ് ഇതിനു പുറകിലുള്ള വസ്തുത. എന്നാല്‍, എറണാകുളം ജില്ലയില്‍, പ്രത്യേകിച്ചും പെരിയാറിന്‍റെ തീരത്തുള്ള കണ്ടലുകള്‍ വെട്ടി, ഏകോപിപ്പിക്കുന്ന വന്‍കിട പദ്ധതികള്‍ക്ക് വേണ്ടിയാണ് ഈ മണല്‍ വില്‍ക്കുന്നത്. അതേസമയം മണല്‍ ഖനനത്തിന്‍റെ ഭാഗമായി കടല്‍ കരയിലേക്ക് കയറുകയും ചെല്ലാനത്തുള്ള പാവങ്ങളുടെ ഭൂമി നിരന്തരമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയുമാണ്.
ആലപ്പാടിന്‍റെ കാര്യം എടുക്കുകയാണെങ്കില്‍ കരിമണല്‍ ഖനനത്തിന്‍റ ഭാഗമായി ഭൂമിയുടെ നിരപ്പ് താഴുകയും ചെറിയ തോതില്‍ വെള്ളം ഉയര്‍ന്നാല്‍ പോലും ആ പ്രദേശം മുങ്ങിപ്പോകുന്ന അവസ്ഥയുണ്ടാവുകയും ചെയ്യും. എന്നിട്ടും സര്‍ക്കാര്‍ ഖനനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഇനിയുമൊരു പ്രളയമുണ്ടായാല്‍ താങ്ങാനാവാത്ത ദുരിതമാണ് കാത്തിരിക്കുന്നത്.
പ്രളയം ബാധിച്ച കേരളത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളുമായി സധൈര്യം മുന്നിട്ടിറങ്ങിയവരാണ് മത്സ്യത്തൊഴിലാളികള്‍, ദുരിതങ്ങള്‍ കണ്ട് പതം വന്ന കടലിന്‍റെ മക്കളായതുകൊണ്ട് മാത്രമാണോ അത് സാധ്യമായത്? ആ ദിനങ്ങളെക്കുറിച്ച്?
പ്രളയത്തിന്‍റെ പേടിപ്പെടുത്തുന്ന കാഴ്ചകള്‍ ടിവിയിലും മറ്റും കണ്ടുകൊണ്ടിരിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് സ്വമേധയാ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നത് നിരവധി മത്സ്യത്തൊഴിലാളികളാണ്. കാരണം ഞങ്ങള്‍ നിരന്തരം കടലിനോട് പൊരുതുന്നവരാണ്. കൂടാതെ ഒരുപാട് ദുരന്തങ്ങളെ അഭിമുഖീകരിച്ചിട്ടുള്ള അനുഭവവും നമുക്കുണ്ട്. പ്രളയജലം കേറിയപ്പോള്‍ ചെറിയ വള്ളങ്ങള്‍ കൊണ്ടൊന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ സുഗമമാകില്ല എന്ന തിരിച്ചറിവുള്ളതുകൊണ്ടാണ് നമ്മുടെ മത്സ്യത്തൊഴിലാളികള്‍ അതിനുവേണ്ടി മുന്നിട്ടിറങ്ങിയത്. ഒരു സര്‍ക്കാര്‍ സംവിധാനത്തിനും ചെയ്യാന്‍ പറ്റാതിരുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് ചെയ്യാന്‍ സാധിച്ചു എന്നതാണ് സത്യം. ഭക്ഷണം കഴിക്കാതെ, ഉറങ്ങാതെ, ദുരന്തമുഖത്ത് പ്രവര്‍ത്തിച്ച ഒരുപാട് ആളുകളുണ്ട്. അവരുടെ ബോട്ടുകള്‍ക്ക് വന്ന കേടുപാടുകള്‍ പോലും സ്വന്തം കൈയ്യില്‍ നിന്ന് കാശുമുടക്കിയാണ് തീര്‍ത്തത്. എന്നാല്‍ പ്രളയം കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ എല്ലാം മറന്നു. പക്ഷെ ഇനിയൊരു പ്രളയമുണ്ടായാലും പോയി രക്ഷപ്പെടുത്തിവാടാ മക്കളേ… എന്നേ, നമ്മുടെ അമ്മമാര്‍ പറയൂ. ഓഖിയുടെ സമയത്ത് കടലില്‍പോയ കൂടപ്പിറപ്പുകളെയും, മക്കളെയും, ഭര്‍ത്താക്കന്മാരെയും കാണാതെ അലമുറയിട്ട മത്സ്യത്തൊഴിലാളി സ്ത്രീകളെ പരിഹസിച്ച നാടാണ് കേരളം. പക്ഷെ അതൊന്നും നമ്മള്‍ മനസ്സില്‍വെച്ചില്ല. ജീവന്‍ പണയം വെച്ചുകൊണ്ട്, ഒരു മധുരപ്രതികാരമായിരുന്നു പ്രളയകാലത്ത് ഞങ്ങള്‍ തീര്‍ത്തത്.
മുങ്ങിക്കൊണ്ടിരുന്ന കേരളത്തെ കൈപിടിച്ചുയര്‍ത്തിയിട്ടും, പ്രളയാനന്തരം നവകേരളം കെട്ടിപ്പടുക്കാന്‍ നടപടികള്‍ ഏകോപിപ്പിച്ചപ്പോള്‍ അധികാരികള്‍ കടലിന്‍റെ മക്കളെ മറന്നോ? ദുരന്ത മുഖത്ത് പ്രോത്സാഹനമായ വാഗ്ദാനങ്ങള്‍ക്ക് എന്ത് സംഭവിച്ചു?
അന്ന് മത്സ്യത്തൊഴിലാളികളെ രക്ഷകനായും രാജ്യത്തിന്‍റെ ഭടന്മാരായുമൊക്കെ പ്രശംസിക്കുകയുണ്ടായി. അതിനു ശേഷം മത്സ്യത്തൊഴിലാളിക്ക് വേണ്ട ആവശ്യങ്ങളോ, അവകാശങ്ങളോ സംബന്ധിച്ച് ഒരു പൊതു വേദിയിലും ആരും സംസാരിച്ചതായി ഞാന്‍ കണ്ടിട്ടില്ല. നിങ്ങള്‍ ഒറ്റയ്ക്കല്ല, ഞങ്ങള്‍ കൂടെയുണ്ടാകും എന്ന് പറഞ്ഞ് സാമൂഹമാധ്യമങ്ങളില്‍ തന്നെ എത്രത്തോളം വാഗ്ദാനങ്ങളുണ്ടായി. എന്നിട്ട് ഇപ്പോഴും മത്സ്യത്തൊഴിലാളികളോടുള്ള പൊതുസമൂഹത്തിന്‍റെ സമീപനം വളരെ ദയനീയമാണ്. പ്രളയസമയത്ത് കേരളത്തിലെ 44 നദികളും കരകവിഞ്ഞൊഴുകിയിട്ടുണ്ട്. അതില്‍ 41 നദികളും കടലിലാണ് വന്നുചേരുന്നത്. കടലിനെയും മത്സ്യബന്ധന സമൂഹത്തെയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വീടുകളില്‍ നിന്നുള്ള പ്ലാസ്റ്റിക്, ഇ-വേസ്റ്റ് തുടങ്ങി എല്ലാം കടലോരത്തേക്കാണ് ഒഴുകി വന്നിട്ടുള്ളത്. മത്സ്യസമ്പത്തിനു തന്നെ ഇത് ഭീഷണിയാണ്. കേരളത്തിന് എന്ത് സംഭവിച്ചു, എന്താണ് നഷ്ടപ്പെട്ടത്, അവയെങ്ങനെ തിരിച്ചു കൊണ്ടുവരാം തുടങ്ങിയ കാര്യങ്ങള്‍ക്ക് വ്യക്തതയുണ്ടാകാതെ നവകേരളം എങ്ങനെ സാധ്യമാകും. ആദിവാസികളെയും, മത്സ്യത്തൊഴിലാളികളെയും, പാവപ്പെട്ട കര്‍ഷകരെയും മാറ്റിനിര്‍ത്തിക്കൊണ്ട് നവകേരളം എന്ന ആശയം അപൂര്‍ണ്ണമാവുകയേ ഉള്ളൂ.
അപകടത്തില്‍ പെടുന്ന മത്സ്യത്തൊഴിലാളികളെ സഹായിക്കാന്‍ കരയിലുള്ള സംവിധാനങ്ങള്‍ പര്യാപ്തമാണോ? കോസ്റ്റൽ പോലീസിന്‍റെ സേവനം കൃത്യസമയത്ത് മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കെത്താറുണ്ടോ?
ഒരുപാട് കാലമായി ഞങ്ങള്‍ ആവശ്യപ്പെടുന്നതാണ് മറൈന്‍ ആംബലന്‍സിനു വേണ്ടി. എന്നിട്ട് എവിടെ? നിലവില്‍ കോസ്റ്റല്‍ പോലീസിന് എത്ര ബോട്ടുകളുണ്ട്? തകരാറുകളില്ലാത്തവ അതില്‍ എത്ര എണ്ണം കാണും? അവരുടെ സ്പീഡ് ബോട്ടുകള്‍ തകരാറിലായതു കാരണം പലപ്പോഴും മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് കാണാതായാല്‍ തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. ഓഖിക്ക് ശേഷമാണ് തീരദേശത്ത് നിന്ന് നീന്തല്‍ അറിയാവുന്ന ചെറുപ്പക്കാരെ പോലീസിലെടുത്തത്, അല്ലെങ്കില്‍ പലപ്പോഴും കോസ്റ്റല്‍ പോലീസിന്‍റെ ഡ്രൈവര്‍ക്ക് മാത്രമായിരിക്കും നീന്തല്‍ അറിയാവുന്നത്. പോലീസ് മാത്രമുണ്ടായിട്ട് കാര്യമില്ലല്ലോ, രക്ഷപ്പെടുത്താനുള്ള സംവിധാനങ്ങള്‍ വേണ്ടേ. നാഷണല്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ ഷിപ്പ് ഉപയോഗിച്ചാണ് ഇപ്പോള്‍ ദുരന്തങ്ങളെ നേരിടുന്നത്. ഇത് സമയമെടുക്കുന്ന പ്രക്രിയയാണ്. അതുകൊണ്ട് അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ മറൈന്‍ ആംബലന്‍സിനോടൊപ്പം ഒരു ഹെലികോപ്റ്ററും വേണമെന്നാണ് ഞങ്ങളുടെ ആവശ്യം. രണ്ടു ജില്ലകള്‍ക്കിടയില്‍ ഒരു ആംബുലന്‍സെങ്കിലും വേണം.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കൊച്ചി ദ്വീപ് ഗ്രാമമായ പിഴലയില്‍ പാലം പണി പൂര്‍ത്തിയായിരിക്കുകയാണ്, എന്നാല്‍ പാലം ഇറങ്ങിയാൽ വാഹനം കടന്ന് പോകാൻ വീതിയുള്ള റോഡില്ല എന്നതാണ് ഇവർ നേരിടുന്ന പ്രതിസന്ധി. പാലത്തിന്‍റെ നിര്‍മ്മാണം സംബന്ധിച്ച് രൂപീകരിച്ച സമരസമിതി അംഗമെന്ന നിലയില്‍ എന്താണ് ഇതേപ്പറ്റി പറയാനുള്ളത്?
പിഴലയില്‍, മൂലംപള്ളി മുതല്‍ പാലിയം തുരുത്ത് വരെയുള്ള ആളുകള്‍ക്ക് ബുദ്ധിമുട്ടുകളൊന്നുമില്ലാത്ത ഒരു യാത്രാ സൗകര്യമാണ് ഞങ്ങളുടെ ആവശ്യം. അതിന്‍റെ ആദ്യഘട്ടമായിട്ടാണ് ഈ പാലത്തെ കാണുന്നത്. പെരിയാറാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമാണ് പിഴല. കഴിഞ്ഞ പ്രളയ സമയത്ത് ഈ ദ്വീപ് നിവാസികള്‍ ഒരുപാട് കഷ്ടപ്പെട്ടു. ഗതാഗത പ്രശ്നമുള്ളതുകൊണ്ട് ആവശ്യമായ ആരോഗ്യ പരിരക്ഷ പോലും അവര്‍ക്ക് ലഭിച്ചിരുന്നില്ല. ഏഴുമാസം തികഞ്ഞ ഗര്‍ഭിണികളെ ദ്വീപില്‍ നിര്‍ത്താന്‍ പറ്റാത്ത അവസ്ഥയായിരുന്നു. കാരണം പെട്ടെന്ന് ആശുപത്രിയിലെത്തിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് ശക്തമായ സമരവുമായി ഞങ്ങള്‍ മുന്നോട്ട് പോകുന്നത്. പാലിയം തുരുത്ത് വരെയുള്ള റോഡ് പൂര്‍ത്തിയാകുന്നതുവരെ ഈ സമരസമിതി ഉണ്ടാകും. പാലത്തിന്‍റെ വീതി സംബന്ധിച്ച പ്രശ്നങ്ങള്‍ വിലയിരുത്താന്‍ ചര്‍ച്ച നടന്നുവരികയാണ്. ഇപ്പോള്‍ ഒരു പ്രളയം മുന്നില്‍ കണ്ട് പാലം മെയിന്‍ റോഡുമായി മുട്ടിക്കുക എന്നതാണ് ലക്ഷ്യം.
തീരദേശത്തുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും പരിസ്ഥിതിക്കും കടല്‍സ്ഥിതിക്കും ആഘാതമുണ്ടാക്കുന്നവയാണ്, എന്നാല്‍ വികസനം രാജ്യത്തെ സംബന്ധിച്ച് അനിവാര്യവുമാണ്. വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി പോലുള്ള ഉദാഹരണങ്ങളുടെ വെളിച്ചത്തില്‍ ഈ പ്രതിസന്ധിയെ എങ്ങനെ സമീപിക്കുന്നു?
വികസനം വേണം, എന്നാല്‍ എല്ലാവിധ സൗകര്യങ്ങളുമുള്ള കൊച്ചിന്‍ പോര്‍ട്ട് ഇപ്പോള്‍ നഷ്ടത്തിലാണ്. അതിനെക്കുറിച്ച് കൂടുതലായി പഠിച്ചാല്‍ മനസ്സിലാക്കാവുന്ന കാര്യമാണിത്. ഈ നഷ്ടം ലാഭകരമാക്കുന്നതിനു പകരം, വീണ്ടും മുതല്‍ മുടക്കി നഷ്ടങ്ങളുണ്ടാക്കുന്നതില്‍ എന്ത് അടിസ്ഥാനമാണുള്ളത്. വികസനം ആര്‍ക്കു വേണ്ടിയാണ്? അതിനെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. തീരദേശത്തെ വികസനം കൊണ്ട് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനാണ് കോട്ടം തട്ടുന്നത്. അവരുടെ ഭൂമിക്കോ, ജീവനോ സുരക്ഷിതത്വമില്ലാതാവുകയാണ്.
വിഴിഞ്ഞം പദ്ധതിക്ക് അനുമതി നല്‍കിയപ്പോള്‍ ധനസഹായം, തൊഴില്‍, പുനരധിവാസം തുടങ്ങിയ വാഗ്ദാനങ്ങളുണ്ടായിരുന്നു? അവയുടെ അവസ്ഥ എന്താണ്?
ശബ്ദിക്കുന്നവന്‍റെ മുന്നില്‍ കുറേ അപ്പക്കഷണങ്ങളിട്ട് അവനെ നിശബ്ദനാക്കുക എന്നതാണല്ലോ അധികാരികളുടെ നയം. പ്രതിഷേധവുമായി മുന്നോട്ടു പോയ ചിലരെ പണം കൊടുത്ത് നിശബ്ദരാക്കിയിട്ടുണ്ട്. ശംഖുമുഖം വരെയുള്ള കടല്‍ത്തീരം നഷ്ടപ്പെട്ടാല്‍ അതിന്‍റെ ഉത്തരവാദിത്വം അദാനിക്കാണ്. അതിനുള്ള നഷ്ടപരിഹാരം വാങ്ങാന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നതാണ് ഞങ്ങള്‍ ചോദിക്കുന്നത്. തിരുവനന്തപുരം നഗരത്തെ സിംഗപ്പൂരാക്കി മാറ്റുമെന്നാണ് വാഗ്ദാനം. വീടില്ലാതെ, ചേരികളില്‍ പട്ടിണി കിടക്കുന്നതാണോ സിംഗപ്പൂര്‍? വികസനത്തിലൂടെ ഞങ്ങളെ ഭിക്ഷക്കാരായി മാറ്റുകയാണ്.
തീര സംരക്ഷണത്തിനുള്ള വാഗ്ദാനങ്ങള്‍ കേവലം ജനപ്രതിനിധികളെ അഭിനന്ദിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോര്‍ഡുകളായി മാത്രം ഒതുങ്ങുകയാണോ?
കടലേറ്റമുള്ള സ്ഥലങ്ങളില്‍ ജിയോ ട്യൂബുകള്‍ നിക്ഷേപിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ സംവിധാനം കേരളത്തിന്‍റെ തീരങ്ങളില്‍ ഇതുവരെ വിജയം കണ്ടിട്ടില്ല. തമിഴ്നാടൊക്കെ ഉദാഹരണമായി കാണിക്കുന്നതില്‍ അര്‍ത്ഥമില്ല. കടലിന്‍റെ സ്വഭാവത്തില്‍ വ്യത്യാസമുണ്ട്. ഈ മാറിയ സാഹചര്യത്തെ നേരിടാന്‍ പുതിയ മാര്‍ഗങ്ങളാണ് അവലംബിക്കേണ്ടത്. ശാസ്ത്രീയമായ പഠനങ്ങളും അനിവാര്യമാണ്. പിന്നെ, കടലു ശാന്തമാകുന്ന സമയത്താണ് ഇത്തരം പരീക്ഷണങ്ങള്‍ നടത്തേണ്ടത്. അല്ലാതെ ജൂണ്‍, ജൂലായ് മാസത്തില്‍ ശക്തമായി തിരയടിക്കുമ്പോള്‍ പരീക്ഷണങ്ങള്‍ പ്രോയോഗികമല്ല. മുന്‍വിധിയോടുകൂടി തീരദേശത്ത് സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ വന്‍ പരാജയമായിരുന്നു എന്നത് നിസ്സംശയം പറയാം.
തീരദേശ വാസികളെ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു സിആര്‍ഇസെഡ് (CRZ) ഭേദഗതികള്‍ പലപ്പോഴായി നിലവില്‍ വന്നത്. മത്സ്യത്തൊഴിലാളി സമൂഹത്തിനാണോ, കോര്‍പ്പറേറ്റുകള്‍ക്കാണോ ഇതിന്‍റെ ഗുണം ലഭിച്ചത്?
ഇതിന്‍റെ കൃത്യമായ ഉദാഹരണമായി പുതുവൈപ്പിനെ ചൂണ്ടിക്കാട്ടാം. അവിടെ കടലിനോട് ചേര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഐഒസിക്ക് (ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍) അനുമതി നല്‍കി. എന്നാല്‍ മത്സ്യത്തൊഴിലാളിക്ക് വീടുവെക്കാന്‍ അവകാശമില്ല. മത്സ്യത്തൊഴിലാളികളുടെ ശക്തമായ സമരങ്ങളുടെ ഫലമാണ് സിആര്‍ഇസെഡ് നിയമം. 24 തവണ അതില്‍ ഭേദഗതികള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഒന്നും മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയായിരുന്നില്ല എന്നതാണ് വാസ്തവം. വന്‍കിട ലോബികള്‍ക്ക് വേണ്ടിയും, ടൂറിസത്തിന് വേണ്ടിയുമായിരുന്നു.
കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വിവിധ തൊഴില്‍ മേഖലകളെ സാരമായി ബാധിച്ചു. എന്നാല്‍ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വന്‍ പ്രതിസന്ധിയാണ് നിലവിലുള്ളത്. ട്രോളിങ് നിരോധനം നിലവില്‍ വന്നതോടെ മത്സ്യബന്ധനം തടസപ്പെട്ടിരിക്കുകയാണ്, കൂടാതെ കാലാവസ്ഥ കണക്കിലെടുത്ത് നിയന്ത്രണങ്ങളുമുണ്ട്. ഈ വെല്ലുവിളികളെ എങ്ങനെ മറികടക്കും?
മണ്‍സൂണ്‍ തുടങ്ങുന്നതിനു മുമ്പുള്ള ലാഭകരമായ ഒരു സീസണാണ് ലോക്ക് ഡൗണ്‍ കാരണം നമുക്ക് നഷ്ടമായിട്ടുള്ളത്. ഈ പ്രതിസന്ധിഘട്ടത്തില്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന അരിയും സാധനങ്ങളും മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് പര്യാപ്തമല്ല. കാരണം ഒരു കുടുംബത്തിലെ അംഗസംഖ്യ വളരെ വലുതാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ കാലയളവില്‍ ജോലിക്ക് പോയില്ലെങ്കിലും ശമ്പളം കൊടുക്കുന്നുണ്ട്. എന്തുകൊണ്ട് മത്സ്യത്തൊഴിലാളി ഉള്‍പ്പെടുന്ന ദിവസ വേതനക്കാര്‍ക്ക് ആനുപാതികമായ പരിഗണന ലഭിക്കുന്നില്ല? അവരുടെ ബാങ്ക് ബാധ്യതകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുക, പലിശ ഈടാക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളാണ് വേണ്ടത്. കൊറോണ സത്യത്തില്‍ ഇരട്ട പ്രഹരമാണ് ഞങ്ങള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. മണ്‍സൂണ്‍ കാലമായതുകൊണ്ട് ജൂണ്‍, ജൂലായ് മാസത്തില്‍ കടലില്‍ പോകാന്‍ സാധിക്കില്ല, പട്ടിണി മാത്രമാണ് സാധാരണക്കാരന്‍റെ മുന്നില്‍ ഇനിയുള്ളത്.
തീരപ്രദേശങ്ങളില്‍ വൈറസ് വ്യാപന സാധ്യത കൂടുതലാണ്, എങ്ങനെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്?
തീരപ്രദേശത്ത് കൊറോണ വ്യാപനം തുടങ്ങുന്നതേയുള്ളൂ, ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രമായ കേരളത്തിന്‍റെ തീരദേശങ്ങളില്‍ കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലംബിക്കേണ്ടതായി വരും. ലോക്ക് ഡൗണ്‍ ഇളവുകളെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കാതെ, പൂര്‍ണ്ണ നിയന്ത്രണം വേണം. ജനങ്ങളുടെ ജീവന്‍ വിലപ്പെട്ടതാണ്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സ ചെലവ് വഹിക്കുന്നത് സര്‍ക്കാരിന് പ്രായോഗികമല്ലാതെ വരുമ്പോഴാണ് ആദിവാസികളും മത്സ്യത്തൊഴിലാളികളുമൊക്കെ കഷ്ടത്തിലാകാന്‍ പോകുന്നത്.
ലോക്ക് ഡൗണ്‍ കാരണം ജോലി നഷ്ടപ്പെട്ട്, മത്സ്യത്തൊഴിലാളികള്‍ വിദേശത്ത് കുടുങ്ങിപ്പോയിട്ടുണ്ടല്ലോ, മറ്റ് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന ഇന്ത്യയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ അവസ്ഥ എന്താണ്?
ഇറാനില്‍ മാത്രമല്ല മറ്റു പലരാജ്യങ്ങളിലും നിരവധി ദ്വീപുകളിലായി മത്സ്യത്തൊഴിലാളികള്‍ ജോലി പോലുമില്ലാതെ കഷ്ടപ്പെടുന്നുണ്ട്. ആ കൂട്ടത്തില്‍ പലരും രോഗികളാണ്. മാത്രമല്ല കുടിക്കാന്‍ വെള്ളമോ, ഭക്ഷണമോ ഇല്ലാതെ വളരെ ദയനീയമാണ് അവരുടെ അവസ്ഥ. അവരെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ലോക്ക് ഡൗണിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ ഞങ്ങള്‍ സര്‍ക്കാരിനോട് സഹായം ആവശ്യപ്പെട്ടിരുന്നു. വിദേശത്തു നിന്ന് ആളുകളെ വിമാനത്തില്‍ കൊണ്ടുവരുമ്പോഴും മത്സ്യത്തൊഴിലാളികളെ ആരും പരിഗണിക്കുന്നില്ല. സിനിമാക്കാരെ പോലും സര്‍ക്കാര്‍ ഇടപെട്ടുകൊണ്ട് തിരിച്ചെത്തിച്ചു. പാവപ്പെട്ടവന് ഒരു നയവും, സമ്പന്നന് മറ്റൊരു നയവുമാകുന്നതെങ്ങനെയാണ്.
സമുദ്രാതിര്‍ത്തി ലംഘിച്ചതിന് മത്സ്യത്തൊഴിലാളികള്‍ മറ്റു രാജ്യങ്ങളില്‍ അറസ്റ്റിലാകാറുണ്ടല്ലോ, ഈ വിഷയത്തില്‍ സംഘടനയുടെ ഇടപെടല്‍ എങ്ങനെയാണ്?
അതിര്‍ത്തികള്‍ വലിയ പ്രശ്നമാവുകയാണ് അടുത്തകാലത്ത്. പാക്കിസ്ഥാനിലും, ബംഗ്ലാദേശിലും, ശ്രീലങ്കയിലുമൊക്കെയായി നിരവധി പേര്‍ അറസ്റ്റിലാകുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം സംഭവിക്കുമ്പോഴും കാറ്റിന്‍റെ ഗതി മാറുമ്പോഴുമൊക്കെ ജീവന്‍ രക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് അവര്‍ ദ്വീപുകളിലേക്ക് അടുക്കുന്നത്. ഞങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സംഘടന ഇടപെട്ട് കുറേ ആളുകളെയൊക്കെ തിരിച്ചുകൊണ്ടുവരുന്നുണ്ട്. യഥാര്‍ത്ഥ മത്സ്യത്തൊഴിലാളികളാണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് അവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നുണ്ടാകണം. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചെന്ന പേരില്‍ അവര്‍ക്ക് ജാമ്യം പോലും നിഷേധിക്കപ്പെടാറുണ്ട്. ഇത് ഇന്ത്യയുടെ കടലെന്നും അത് പാക്കിസ്ഥാന്‍റെ കടലെന്നും തിരിച്ചറിവുള്ളവരല്ല കടലില്‍ പോകുന്ന ഭൂരിഭാഗവും. നിരപരാധിത്വം തിരിച്ചറിഞ്ഞാല്‍ അവരുടെ മത്സ്യബന്ധനോപാദികള്‍ തിരിച്ചു കൊടുക്കുകയും തിരികെയെത്തിക്കുകയും വേണം.
ദളിത്, ആദിവാസി, തീരദേശ, പിന്നാക്ക ജനവിഭാഗങ്ങളെ സാമൂഹികമായും പ്രാദേശികമായും രാഷ്ട്രീയമായും പുറന്തള്ളിക്കൊണ്ടാണ് നമ്പർ വൺ കേരളത്തെ കുറിച്ച് ആഘോഷങ്ങളും അവകാശ വാദങ്ങളും നടക്കുന്നത് എന്ന അപഖ്യാതി കാലങ്ങളായി നിലനില്‍ക്കുന്നു. മാറി വരുന്ന സര്‍ക്കാരുകളില്‍ നിന്ന് ഈ പാര്‍ശ്വവല്‍കൃത സമൂഹം ഉറ്റുനോക്കുന്നതെന്താണ്?
രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് എന്തും ചെയ്യാം എന്ന മനോഭാവം നിലവിലുള്ളതിനാല്‍ കേരളം രാഷ്ട്രീയ മാഫിയകളുടെ നിലമായി മാറുന്നുണ്ട്. ജനാധിപത്യ ആശയങ്ങളും ഭരണഘടനാ മൂല്യങ്ങളും കശാപ്പു ചെയ്യുന്നതാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍. മനുഷ്യത്വപരമായ ആശയങ്ങള്‍ക്ക് വിലകൊടുക്കുന്ന രാഷ്ട്രീയമാണ് ആവശ്യം. കേരളത്തെ സംബന്ധിച്ച് ശക്തമായ ഒരു പ്രതിപക്ഷത്തിന്‍റെ അപര്യാപ്തതയും നിലനില്‍ക്കുന്നു. ഇപ്പോള്‍ വ്യാപകമായി പ്രചാരത്തിലുള്ള ക്യാമ്പയിനാണ് ‘ഒരു ഇന്ത്യ, ഒരു പെന്‍ഷന്‍’ എന്നത്. എന്തുകൊണ്ട് സര്‍ക്കാര്‍ അത് ഏറ്റെടുക്കുന്നില്ല. അത്തരത്തില്‍ ചിന്തിക്കാന്‍ സാധിക്കുന്ന നേതൃത്വങ്ങളാണ് നമുക്കാവശ്യം. തുല്യ വേതനം, തുല്യ പരിഗണന എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന നടപടികളാണ് അവലംബിക്കേണ്ടത്.