കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ മൂന്നു പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതികളായ അബൂബക്കര്‍, ഹാരിസ്, ശരത് എന്നിവര്‍ക്കാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
ഒരു ലക്ഷം രൂപയ്ക്കുള്ള രണ്ട് ആള് ജാമ്യം, തിങ്കളാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം, പാസ്പോര്‍ട്ട് ഹാജരാക്കണം എന്നീ വ്യവസ്ഥകളിലാണ് ജാമ്യം അനുവദിച്ചത്.
നടിയുടെ വീട്ടില്‍ വിവാഹാലോചനയുമായി പോയതാണ് അബൂബക്കറും കൈപ്പമംഗലം സ്വദേശി ശരത്തും. ഒന്നാം പ്രതിയുടെ സഹോദരനാണ് ഹാരിസ്.
അതേസമയം ഷംന കാസിമിന്റെ വീട്ടിൽ സിനിമ നിര്‍മ്മാതാവിന്റെ പേരിൽ എത്തിയ ആളും വ്യാജനെന്ന് പൊലീസ് സ്ഥിരീകരിച്ചു. കോട്ടയം സ്വദേശിയായ പന്തൽ പണിക്കാരൻ രാജുവാണ്, ജോണി എന്ന നിര്‍മ്മാതാവായി വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടെ, കേസില്‍ പ്രതികളുപയോഗിച്ച വരന്റെ ചിത്രം പുറത്തുവന്നു. അന്‍വര്‍ എന്ന പേരില്‍ ടിക്ടോക് താരം യാസിറിന്റെ ചിത്രമാണ് ഷംനയ്ക്കെതിരെ ഉപയോഗിച്ചത്. കാസര്‍കോട് സ്വദേശിയായ യാസിറിനെ കൊച്ചിയില്‍ വരുത്തി പൊലീസ് മൊഴിയെടുത്തു. തട്ടിപ്പിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് യാസർ നൽകിയ മൊഴി.