കൊച്ചി: സുരേഷ് ഗോപിയുടെ 250-ാം ചിത്രമായ ‘കടുവാക്കുന്നേൽ കുറുവച്ചന്’ കോടതി വിലക്ക്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കാനിരുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാത്യു തോമസാണ്. കഥാപാത്രത്തിന്റെ പേരും തിരക്കഥയും പകർപ്പവകാശം ലംഘിച്ച് എടുത്തെന്ന കേസിലാണ് സിനിമ ജില്ലാ കോടതി വിലക്കിയത്.
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിന്റെ പിന്നണി പ്രവർത്തകരാണ് ചിത്രത്തിനെതിരെ എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത്. കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ്ഗോപി ചിത്രത്തിനായി പകർപ്പവകാശം ലംഘിച്ച് പകർത്തി എന്ന് ഹർജിക്കാർ ആരോപിച്ചു.
സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം ആണ് കടുവയുടെ രചന. ചിത്രം തടയണമെന്നാവശ്യപ്പെട്ട് ജിനുവാണ് എറണാകുളം ജില്ലാ കോടതിയിൽ ഹർജി നൽകിയത്. ഹർജി സ്വീകരിച്ച കോടതി സുരേഷ്ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ്, സോഷ്യൽ മാധ്യമങ്ങളിലുൾപ്പെടെ നടത്തുന്ന പ്രചരണം എന്നിവ തടഞ്ഞ് ഉത്തരവായി.
കഥാപാത്രത്തിന്റെ പേരടക്കം ‘കടുവ’യുടെ തിരക്കഥയുടെ എല്ലാ രംഗങ്ങളുടെ പ്രത്യേകം രജിസ്റ്റർ ചെയ്തിട്ടുള്ളതായി ഹർജിക്കാർ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയിൽ ഹാജരാക്കി. ഹർജി സ്വീകരിച്ച കോടതി സുരേഷ്ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ്, സമൂഹ മാധ്യമങ്ങളിലുൾപ്പെടെ നടത്തുന്ന പ്രചരണം എന്നിവ തടഞ്ഞ് ഉത്തരവിടുകയായിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് കടുവ നിർമ്മിക്കുന്നത്.
കഴിഞ്ഞ വർഷം പൃഥ്വിരാജിന്റെ ജൻമദിനത്തോടനുബന്ധിച്ച് കടുവയുടെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസും നടന്നിരുന്നു. ഈ വർഷം ജൂലൈ 15ന് ഷൂട്ടിംഗ് തുടങ്ങാനിരുന്ന കടുവ കോവിഡ് പ്രതിസന്ധിയേത്തുടർന്ന് മാറ്റിവക്കുകയായിരുന്നു.
ടോമിച്ചന് മുളകുപാടം നിര്‍മിക്കുന്ന സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകന് നവാഗതനായ മാത്യൂസ് തോമസാണ്. യുവതിരക്കഥാകൃത്ത് ഷിബിന്‍ ഫ്രാന്‍സിസാണ് ചിത്രത്തിനായി രചന നിര്‍വഹിക്കുന്നത്.
സുരേഷ് ഗോപിയുടെ ജന്മദിനമായ ജൂണ്‍ 26ന് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കടുവ എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. സുരേഷ് ഗോപി ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് നവമാധ്യമങ്ങളില്‍ ലഭിച്ചത്.