മതിയായ ജീവിത സാഹചര്യങ്ങളില്ലാതെ ദുരിതത്തിലായി ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശങ്ങളിലെ ഗോത്രവിഭാഗങ്ങള്‍. ഗതാഗത സംവിധാനങ്ങളോ, ആരോഗ്യ പരിരക്ഷയോ, മെച്ചപ്പെട്ട ജീവിത മാര്‍ഗങ്ങളോ ഇല്ലാത്ത അയ്യായിരത്തോളം വരുന്ന ജനജീവിതമാണ് ബുദ്ധിമുട്ടിലാകുന്നത്.
സഞ്ചാര യോഗ്യമായ ഒരു റോഡ് നിര്‍മ്മിച്ച് നല്‍കണമെന്നാണ് മേഘാലയിലെ ഹിംഗാരിയ, ഹുറോയ്, ലഹാലിൻ, ലെജ്രി തുടങ്ങിയ നാല് അതിര്‍ത്തി ഗ്രാമങ്ങളുടെ ആവശ്യം. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സഹായമഭ്യര്‍ത്ഥിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും യാതൊരു നടപടിയുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ റിംബായ്-ബാറ്റാവ്-ബോർഖാട്ട്-സോനാപൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ബംഗ്ലാദേശിനെ അനവദിക്കണമെന്നാണ് ഗ്രാമവാസികളുടെ ആവശ്യം.
അതിര്‍ത്തി പ്രദേശങ്ങളിലെ ഗോത്ര സമുദായങ്ങള്‍ സര്‍ക്കാരിന് വെറും വോട്ടു ബാങ്കുകള്‍ മാത്രമാണെന്നും, തങ്ങളെ ഇന്ത്യക്കാരായി പോലും പരിഗണിക്കുന്നില്ലെന്നും, ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ റോഡിന്റെ പുനരുദ്ധാരണത്തിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാത്ത പക്ഷം കടുത്ത നിലപാടിലേക്ക് പോകേണ്ടി വരുമെന്നും, നാലു ഗ്രാമങ്ങളുടെയും വക്താവ് കിൻജൈമോൻ ആംസെ വ്യക്തമാക്കിയതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. “സര്‍ക്കാരിന് ഞങ്ങളുടെ കാര്യങ്ങളില്‍ താല്‍പ്പര്യമില്ലെങ്കില്‍ നാലു ഗ്രാമങ്ങളുടെയും, അയ്യായിരത്തോളം വരുന്ന ജനങ്ങളുടെയും ചുമതല ബംഗ്ലാദേശിന് നല്‍കുക,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയുടെ പരിധിയിലാണ് ഈ നാല് ഗ്രാമങ്ങളും ഉള്‍പ്പെടുന്നത്. സഞ്ചാര യോഗ്യമായ, ഏത് കാലാവസ്ഥയിലും നിലനില്‍ക്കുന്ന റോഡ് പണിതു തരണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് സര്‍ക്കാരിന് കത്ത് സമര്‍പ്പിക്കാനാണ് ഗ്രാമവാസികള്‍ കൗണ്‍സില്‍ മീറ്റിങ്ങില്‍ എടുത്ത തീരുമാനം.
രാജ്യം ലോക്ക് ഡൗണിന്റെ ബുദ്ധിമുട്ടുകള്‍ ഇപ്പോഴാണ് അനുഭവിക്കുന്നതെങ്കില്‍, പുറം ലോകവുമായി ബന്ധമില്ലാതെ, കൃത്യമായ ആശയവിനിമയ സംവിധാനങ്ങളില്ലാതെ കഷ്ടപ്പെടുന്ന അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ ആ അവസ്ഥ കാലങ്ങളായി അഭിമുഖീകരിക്കുകയാണെന്നും ആംസെ പറയുന്നു.
ആവശ്യമായ ആരോഗ്യ പരിരക്ഷ കിട്ടാതെ നിരവധി ജീവനുകളാണ് ഇവിടങ്ങളില്‍ പൊലിയുന്നത്. പലപ്പോഴും അതിര്‍ത്തി കടന്ന് ബംഗ്ലാദേശിനെയാണ് ഇവര്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി സമീപിക്കാറുള്ളത്. റോഡിന്റെ അവസ്ഥ ശോചനീയമായതിനാല്‍ ഏറ്റവും കൂടുതല്‍ ദുരിതത്തിലാകുന്നത് കര്‍ഷകരാണ്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ചന്തകളില്‍ എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ ചെറിയ വിലയ്ക്ക് ബംഗ്ലാദേശി വ്യാപാരികള്‍ക്ക് വില്‍ക്കേണ്ട ഗതിയാണ് സംജാതമാകുന്നത്.
ഒരു നല്ല റോഡില്ലാത്തതാണ് എല്ലാ ദുരിതങ്ങള്‍ക്കും കാരണമെന്ന നിഗമനത്തിലാണ് ഗ്രാമവാസികള്‍ എത്തിച്ചേരുന്നത്. ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ പിഎംഒ, ആഭ്യന്തര മന്ത്രാലയം, നീതി ആയോഗ്, ധനകാര്യ മന്ത്രാലയം, നോർത്ത് ഈസ്റ്റേൺ കൗൺസിൽ തുടങ്ങി മിക്ക സര്‍ക്കാര്‍ ഓഫീസുകളിലേക്കും ഇവര്‍ അപേക്ഷകള്‍ സമര്‍പ്പിച്ചു കഴിഞ്ഞു.
കിഴക്കു പടിഞ്ഞാറന്‍ മേഖലയുടെ വികസനത്തിന്റെ ഭാഗമായി റോഡ് നിര്‍മ്മാണത്തിനായി 123 കോടി രൂപയുടെ പദ്ധതി 2019 മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെങ്കിലും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പോലും ഇതുവരെ നടന്നില്ലെന്നാണ് ഗ്രാമവാസികളുടെ പരാതി.