മലയാള സിനിമയുടെ യശ്ശസ് ലോകസിനിമ ഭൂപടത്തില്‍ അടയാളപ്പെടുത്തിയ വിഖ്യാത ചലച്ചിത്രകാരനാണ് അടൂര്‍ ഗോപാലകൃഷ്ണന്. സ്വയംവരം എന്ന ആദ്യ ചിത്രത്തിലൂടെ മലയാളത്തിലെ നവതരംഗ സിനിമയ്ക്ക് തുടക്കം കുറിച്ച അതുല്യ പ്രതിഭയ്ക്ക് ഇന്ന് 79ാം പിറന്നാളാണ്. ജനകീയ സിനിമകളുടെ നേരെ മുഖം തിരിച്ചുകൊണ്ട് വെള്ളിത്തിരയില്‍ സമാന്തര സിനിമകളുടെ വക്താവായി അവതരിച്ചപ്പോള്‍ സാധാരണ സിനിമാ പ്രേക്ഷകർ അമ്പരപ്പോടെയായിരുന്നു അദ്ദേഹത്തെ സ്വീകരിച്ചത്. എന്നാല്‍ ദേശീയ, അന്തര്‍ദേശീയ പുരസ്കാരങ്ങുളുടെയും അംഗീകാരങ്ങളുടെയും നീണ്ട നിരയാണ് ഈ അവതാരം ഇന്ത്യന്‍ സിനിമയുടെ ചരിത്ര രേഖകളില്‍ എഴുതിപ്പിടിപ്പിച്ചത്.
ചലച്ചിത്ര സംവിധാനം പഠിക്കുന്നത്, തന്നെ ഒരു നല്ല നാടകസംവിധായകൻ ആക്കുമെന്ന വിശ്വാസമായിരുന്നു പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പടവുകള്‍ കയറാന്‍ അദ്ദേഹത്തിന് പ്രചോദനം നല്‍കിയത്. എന്നാല്‍ ചലച്ചിത്രമെന്ന മാദ്ധ്യമത്തിന്റെ സാധ്യതകള്‍ അവിടെവച്ച് അദ്ദേഹം തിരിച്ചറിഞ്ഞു. തിരക്കഥാരചനയിലും സംവിധാനത്തിലും ഡിപ്ലോമയുമായി 1965-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചലച്ചിത്രപഠനം പൂർത്തിയാക്കിയ അടൂർ ഗോപാലകൃഷ്ണൻ, അതേ വർഷം തന്നെ കുളത്തൂർ ഭാസ്കരൻ നായരുടെ പങ്കാളിത്തത്തോടെ കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ തിരുവന്തപുരത്തെ ചിത്രലേഖ ഫിലിം സൊസൈറ്റിയും, സ്വതന്ത്രമായി സിനിമകളുടെ നിർമ്മാണവും വിതരണവും പ്രദർശനവും നിർവഹിക്കാനായി ചിത്രലേഖ ഫിലിം കോപ്പറേറ്റീവും സ്ഥാപിക്കുകയുണ്ടായി.

അടൂരിന്റെ സ്വയംവരത്തിനു മുൻപുവരെ സിനിമകൾ എത്രതന്നെ ഉദാത്തമായിരുന്നാലും അവ വാണിജ്യ വശത്തിന് ഒരുപാട് പ്രാധാന്യം കൊടുത്തിരുന്നു. ഗാന നൃത്ത രംഗങ്ങളില്ലാത്ത സിനിമകൾ ചിന്തിക്കുവാൻ പോലുമാവാത്ത ഒരു കാലഘട്ടത്തില്‍ സ്വയംവരത്തിനു മുന്നില്‍ നെറ്റിചുളിക്കാത്തവരായി ആരുമുണ്ടായിരുന്നില്ല. ഒരു ചെറിയ വിഭാഗം ജനങ്ങൾ മാത്രം അടൂരിനെ സഹർഷം എതിരേറ്റു.
കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകള്‍, വിധേയന്, കഥാപുരുഷന്, നിഴല്‍ക്കൂത്ത്, നാലുപെണ്ണുങ്ങള്‍, ഒരു പെണ്ണും രണ്ടാണും തുടങ്ങിയ സമാന്തര സിനിമകളുടെ ശ്രേണി ലോകസിനിമയുടെ സൂക്ഷമമായ നിരീക്ഷണങ്ങള്‍ മലയാളത്തിലേക്ക് ആവാഹിച്ചു. 13 ഫീച്ചര്‍ ഫിലിമുകളും 20-ല്‍ അധികം ഡോക്യുമെന്ററികളും സംവിധാനം ചെയ്ത ഈ സംവിധാനപ്രതിഭയുടെ ഓരോ കലാസൃഷ്ടിയും ശില്പഘടനയിലും, ചിത്രീകരണശൈലിയിലും ആവിഷ്കാരത്തിലും ഏകതാനമായി വിലയിരുത്തപ്പെടുമ്പോള്‍ തന്നെ, രചനാപരമായി വ്യത്യസ്തത പുലര്‍ത്തുന്നവയായിരുന്നു.

അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിരുന്നത്, സിനിമ മോശമായി എന്ന പേരിലല്ല, അടൂരില്‍ നിന്ന് പ്രതീക്ഷിക്കുന്ന നിലവാരത്തിലേക്ക് ഉയര്‍ന്നില്ല എന്ന കാരണത്താലാണ്. ഏതൊരു സംവിധായകനും ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതികളില്‍ ഒന്നാണിത്. സ്വയംവരം മുതല്‍ വിധേയന് വരെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍, ഒറ്റപ്പെടുന്നവരുടെയും, അവരുടെ ഒറ്റപ്പെടലുകളുടെയും കഥകളാണ് പറഞ്ഞത്.
ഒരു സുപ്രഭാതത്തില്‍ പൊടുന്നനേ ഈ ഔന്നത്യത്തിലേക്ക് കടന്നു വന്ന ആളല്ല, അടൂര്‍. 46 വര്‍ഷം നീണ്ട ചലച്ചിത്ര സപര്യയുടെ സ്വാഭാവികമായ ഒരു പരിണിതിയാണ് ഈ സ്ഥാനലബ്ധി. ദേശീയവും അന്തര്‍ദേശീയവുമായ പുരസ്കാരങ്ങള്‍ക്കും, ബഹുമതികള്‍ക്കും അപ്പുറം മലയാളത്തില്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമയില്‍തന്നെ മുന്മാതൃകകള് ഇല്ലാത്ത ഒരു ചലച്ചിത്രസാക്ഷല്ക്കാരശൈലിയുടെ പ്രയോക്താവും പ്രചാരകനുമാണ് ഈ മലയാളി.

കേവലമായ ഒരു വിനോദോപാധിയില്‍ നിന്ന് ഉദാത്തമായ ഒരു കലാരൂപം എന്ന നിലയിലേക്ക് മലയാള സിനിമയെ ഉയര്‍ത്തിയവരുടെ, ഹ്രസ്വമായ പട്ടികയില്‍ ആദ്യനിരയില്‍ എന്നും തിളങ്ങുന്ന പേരാണ് അടൂരിന്റേത്. അദ്ദേഹത്തിനു പാഠമായിട്ടുള്ള സിനിമകള്‍ അദ്ദേഹം തന്നെ സംഭാവന ചെയ്തവയാണെന്നതാണ് പച്ചയായ യാഥാര്‍ത്ഥ്യം. അത്തരത്തില്‍ പുതിയ അറിവുകള്‍ ഉള്‍ക്കൊണ്ട് വെള്ളിത്തിരയ്ക്ക് വെളിച്ചമായി ഇനിയും പ്രത്യക്ഷപ്പെടാന്‍ അദ്ദേഹത്തിന് സാധിക്കട്ടേ എന്ന് ആശംസിക്കാം, ആഗ്രഹിക്കാം.