ക്രഡർ കമ്പനിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി. നേരത്തെ മൊബിലിറ്റി സ്റ്റാര്‍ട്ട്-അപ്പായ ബൗണ്‍സിനൊപ്പവും ക്രഡർ പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു.
ഏഥര്‍, ക്രഡർ കൂട്ടുകെട്ടിലൂടെ ഇരുചക്രവാഹനങ്ങളുടെ കൈമാറ്റം സുഗമമാക്കുകയാണ് ലക്ഷ്യം. ഉപഭോക്താക്കള്‍ക്ക് ഏത് പെട്രോള്‍ ഇരുചക്രവാഹനവും കൈമാറ്റം ചെയ്യാന്‍ കഴിയുന്ന ഒരു ടൂ-വീലര്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിനാണ് ഇരുകൂട്ടരും തുടക്കം കുറിച്ചിരിക്കുന്നത്.
പഴയ തങ്ങളുടെ ഇരുചക്രവാഹനം എക്‌സ്‌ചേഞ്ച് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ അടുത്തുള്ള ഏഥര്‍ ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുക. തുടര്‍ന്നുള്ള പരിശോധനയ്ക്ക് ശേഷം കമ്പനി വില നിശ്ചയിക്കും. തുടര്‍ന്നുള്ള രേഖകളും ഇരുചക്രവാഹനത്തിന്റെ അന്തിമഘട്ട പരിശോധനകളും ക്രഡർ പരിശോധിക്കും. ശേഷം പുതിയ ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അന്തിമ വില കണകാക്കി എക്‌സ്‌ചേഞ്ച് വില ക്രമീകരിക്കും.
നിലവില്‍, ഏഥറിന്റെ ടൂ-വീലര്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാം ബംഗളൂരിലും ചെന്നൈയിലും മാത്രമേ ലഭ്യമാകൂ. എന്നിരുന്നാലും, വരും മാസങ്ങളില്‍ ഇത് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
അന്താരാഷ്ട്ര വിപണികളില്‍ ചുവടുവെയ്ക്കാനൊരുങ്ങുകയാണ് ഏഥര്‍. വാഹന വ്യവസായ രംഗത്ത് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതായി അടുത്തിടെയാണ് കമ്പനി പ്രഖ്യാപിച്ചത്.
2021 മാര്‍ച്ച് മാസത്തോടെ രണ്ട് അന്താരാഷ്ട്ര വിപണികളിലേക്കുകൂടി പ്രവേശിക്കുമെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനകം തന്നെ ചില തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്നും കമ്പനി വക്തവ് വ്യക്തമാക്കി.
എന്നാല്‍ കൊവിഡ്-19 വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ ഡിമാന്റ് ഉള്ളതുകൊണ്ടാണ് ഈ മേഖല തുടക്കത്തില്‍ തന്നെ തെരഞ്ഞെടുത്തതെന്നും കമ്പനി അറിയിച്ചു.
ഈ രാജ്യങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജിങ്ങിനുള്ള വലിയ സൗകര്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തെക്ക് കിഴക്കന്‍ ഏഷ്യയെ കൂടാതെ, യൂറോപ്പിലെയും ലാറ്റിന്‍ അമേരിക്കയിലെയും വിപണികളിലേക്ക് പ്രവേശിക്കാനും കമ്പനി ആഗ്രഹം പ്രകടിപ്പിച്ചു.