ബീഹാറിലെ ഒരു കുഗ്രാമത്തില്‍ നിന്ന് ബോളിവുഡ് വരെയുള്ള യാതനകള്‍ നിറഞ്ഞ യാത്രയെ സ്മരിച്ച് പ്രമുഖ നടന് മനോജ് ബാജ്പേയ്. ജീവിതത്തില്‍ ആത്മഹത്യ ചെയ്യാന്‍ ചിന്തിച്ച നിര്‍ണ്ണായക ഘട്ടങ്ങളില്‍ സഹൃത്തുക്കളാണ് കൂടെയുണ്ടായിരുന്നതെന്നും, വയറിന്റെ വിശപ്പിന് വിജയത്തിനായുള്ള വിശപ്പിനെ തടയാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മനോജ് ബാജ്പേയ് തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്.
ഒരു കര്‍ഷക കുടുംബത്തിലെ അഞ്ച് മക്കളില്‍ ഒരാളായി വളര്‍ന്ന തനിക്ക് അഭിനയമാണ് ഭാവി എന്ന തിരിച്ചറിവ് ഒന്‍പത് വയസ്സുമുതല്ക്കേ ഉണ്ടായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പിന്റെ തുടക്കം. ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്കുള്ള യാത്രയില്‍ തിയറ്ററുകളില്‍ നിന്ന് സിനിമ കാണുന്നത് പതിവായിരുന്നെന്നും, അമിതാഭ് ബച്ചനാണ് തന്റെ ഹീറോയെന്നും, അദ്ദേഹത്തെ പോലെയാകാനായിരുന്നു താന്‍ ആഗ്രഹിച്ചതെന്നും മനോജ് ഓര്‍ത്തു.
എന്നാല്‍ അഭിനയത്തോടുള്ള അഭിനിവേശം ഉള്ളിലടക്കി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഉന്നത വിദ്യാഭ്യാസത്തിനായി ഡല്‍ഹിയിലെത്തിയപ്പോഴായിരുന്നു നാടക വേദികളില്‍ സജീവമാകുന്നത്. അഭിനയം ഒപ്പം കൊണ്ടു നടന്ന തന്നെ, എല്ലാവരും ഒന്നിനും കൊള്ളാത്തവന്‍ എന്ന് വിളിച്ചെങ്കിലും അതൊന്നും വക വയ്ക്കാതെയായിരുന്നു തന്റെ യാത്രയെന്ന് അദ്ദേഹം കുറിച്ചു.
“മൂന്നു തവണ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലേക്ക് അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടതോടെ ജീവിതം നിരാശജനകമാവുകയായിരുന്നു. ആത്മഹത്യയുടെ വക്കിലായിരുന്ന ആ പ്രതിസന്ധിഘട്ടത്തില്‍ സുഹൃത്തുക്കളായിരുന്നു ധൈര്യം തന്ന് സദാസമയവും കൂടെയുണ്ടായിരുന്നത്,” മനോജ് പറയുന്നു.
ശേഖര്‍ കപൂറിന്റെ ബന്‍ഡിറ്റ് ക്വീനില്‍ അഭിനയിക്കാനുള്ള അവസരം തേടിയെത്തുന്നത് ഒരു ചായക്കടയില്‍ ഇരിക്കുമ്പോളായിരുന്നു. ഇതോടെയാണ് അഭിനയപ്രേമികളുടെ സ്വപ്ന നഗരമായ മുംബൈയിലേക്ക് താമസം മാറുന്നത്. എന്നാല്‍ ബന്‍ഡിറ്റ് ക്വീനിന് ശേഷം തനിക്ക് കാര്യമായ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം എഴുതി. ‘ഹീറോ ഫേസ്’ ഇല്ലാത്തതിനാല്‍ സെറ്റുകളില്‍ നിന്ന് പുറത്താക്കപ്പെട്ടതും, ഒരു സഹസംവിധായകന് തന്റെ ഫോട്ടോ കീറിയെറിഞ്ഞതും മനോജ് ഓര്‍ത്തു.
ഒരു വടാപാവ് പോലും വിലപിടിപ്പുള്ള വസ്തുവായി തോന്നിയ കാലമായിരുന്നു അതെന്നും,പൊട്ടിപ്പൊളിഞ്ഞ മുറിയുടെ വാടക കൊടുക്കാന്‍ പോലും നിവൃത്തിയുണ്ടായിരുന്നില്ലെന്നും അദ്ദേഹം തുറന്നു പറയുന്നു. നാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത മഹേഷ് ഭട്ടിന്റെ ‘സ്വാഭിമാനില്‍’ അഭിനയിക്കാന്‍ മനോജ് ബാജ്പേയ്ക്ക് അവസരം ലഭിക്കുന്നത്. ഒരു എപ്പിസോഡിന് 1500 രൂപ വച്ചായിരുന്നു അന്ന് പ്രതിഫലം ലഭിച്ചിരുന്നതെന്നും, ജീവിതത്തിലെ ആദ്യത്തെ ശമ്പളമായിരുന്നു അതെന്നും അദ്ദേഹം കുറിച്ചു.
അഭിനയ രംഗത്ത് കഴിവു തെളിയിച്ച തന്നെ തേടി പിന്നീട് അവസരങ്ങളെത്തിത്തുടങ്ങിയെന്നും, സത്യ എന്ന ചിത്രത്തിലൂടെയാണ് വലിയൊരു ബ്രേക്ക് ലഭിച്ചതെന്നും മനോജ് കൂട്ടിച്ചേര്‍ത്തു. “എന്നെ തേടി അവാര്‍ഡുകളെത്തി, ഒരു വീടു വാങ്ങി, 67 സിനിമകള്‍ ചെയ്തു, ഇതിനൊക്കെ കാരണം 9 വയസ്സുമുതല്‍ കൊണ്ടു നടന്ന എന്റെ വിശ്വാസമായിരുന്നു, സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ബുദ്ധിമുട്ടുകളെ തരണം ചെയ്ത് മുന്നോട്ട് പോവുകയാണ് വേണ്ടത്,” അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചു. ബോളിവുഡ് സിനിമയിലെ സ്വജനപക്ഷപാതം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമ്പോള്‍, താരകുടുംബമെന്ന മഹിമകളൊന്നും അവകാശപ്പെടാനില്ലാതെ തന്റെ വിശ്വാസത്തിന്റെയും കഠിനാദ്ധ്വനത്തിന്റെയും ഫലമായി മനോജ് നേടിയ വിജയം പ്രചേദനമാവുകയാണ്.