ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്നത് പലരുടെയും ശീലമാണ്. ആഹാരം കഴിക്കുമ്പോള്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കി ഭക്ഷണത്തിന് മുന്‍പോ ശേഷമോ കുടിക്കുന്നതാണ് നല്ലതെന്നാണ് പലരുടെയു൦ അഭിപ്രായം.
എന്നാല്‍ ആഹാരം കഴിക്കുമ്പോള്‍ വെള്ളം കുടിക്കുന്നത് കൊണ്ട് ഗുണവും ദോഷവുമുണ്ട്. ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് അസിഡിറ്റിയും ഗ്യാസും വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ഇന്‍സുലിന്റെ അളവ് അസന്തുലിതമാക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
ആഹാരം കഴിക്കുമ്പോള്‍ വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയയെ മന്ദീഭവിപ്പിക്കുമെന്നും ഇത് നീര്‍ക്കെട്ടിന് കാരണമാകുമെന്നും പറയാറുണ്ട്. എന്നാല്‍ ആഹാരത്തിനിടെ വെള്ളം കുടിക്കുന്നത് നല്ലതാണെന്നും ദഹനത്തിന് വേണ്ട എന്‍സൈമുകള്‍ പ്രവര്‍ത്തിക്കുന്നത് വെള്ളത്തിന്റെ സഹായത്തോടെയാണെന്നും പറയപ്പെടുന്നുണ്ട്.
ആഹാരം ദ്രവരൂപത്തിലാക്കി ദഹനം എളുപ്പമാക്കാന്‍ വെളളം കുടിക്കുന്നത് വഴി കഴിയുമെന്നും ആഹാരത്തിനിടെ അമിതമായി വെള്ളം കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍ ഇടയ്ക്ക് കുറച്ച് വെള്ളം കുടിക്കുന്നത് കൊണ്ട് പ്രശ്നമൊന്നുമില്ല.
ആഹാരം കഴിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. അമിത ആഹാരം ഒഴിവാക്കാന്‍ ഇത് സഹായിക്കും. ആഹാരത്തിന് ശേഷം വെള്ളം കുടിക്കുന്നതും നല്ലതാണ്. ആമാശയ ഭിത്തികളുടെ സംരക്ഷണത്തിനും ആരോഗ്യത്തിനും ആഹാര ശേഷം വെള്ളം കുടിക്കുന്നതാണ് ഉത്തമം.