വാഷിങ്ടന്‍: ശനിയാഴ്ച യുഎസില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ വെടിവയ്പ്പുകളില്‍ പിഞ്ചുകുഞ്ഞ് അടക്കം 6 പേര് കൊല്ലപ്പെട്ടു.ഷിക്കാഗോയിലെ അക്രമസംഭവങ്ങളില്‍ 3 കുട്ടികളാണു വെടിയേറ്റു മരിച്ചത്. ശനിയാഴ്ച രാവിലെ അക്രമി വാഹനത്തിനുനേരെ നിറയൊഴിച്ചപ്പോഴാണ് അമ്മയ്ക്കും കുഞ്ഞിനും വെടിയേറ്റത്. ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു.അമ്മയ്ക്കു പരുക്കേറ്റു. മറ്റൊരു സംഭവത്തില്‍ വാക്കുതര്‍ക്കത്തിനിടെ ഉണ്ടായ വെടിയേറ്റ് പതിനേഴുകാരന് മരിച്ചു. അപാര്ട്മെന്റിന്റെ ജനാലയിലൂടെ വന്ന വെടിയുണ്ട തലയ്ക്കേറ്റാണു 10 വയസ്സുള്ള പെണ്‍കുട്ടി മരിച്ചത്.
ഉത്തര കലിഫോര്‍ണിയയില്‍ റെഡ് ബ്ലഫ് നഗരത്തിലുണ്ടായ വെടിവയ്പ്പില്‍ അക്രമി അടക്കം 2 പേരാണു കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് വാള്‍മാര്‍ട്ട് വ്യാപാര കേന്ദ്രത്തിലേക്കു വാഹനമോടിച്ചു കയറ്റിയ അക്രമി നാലുപാടും വെടിയുതിര്‍ക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന ജീവനക്കാരന് കൊല്ലപ്പെട്ടു. 4 പേര്‍ക്കു പരുക്കേറ്റു. അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു.