സിനിമയെ ആരാണ് പേടിക്കുന്നത്…? ദേര ഡയറീസിന്‍റെ വിശേഷങ്ങളുമായി അബു വളയംകുളം

സക്കരിയ സംവിധാനം ചെയ്ത്, സൗബിന്‍ ഷാഹിര്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ രണ്ട് ഉമ്മമാരെ ഓര്‍മ്മയുണ്ടോ? ജമീലയെയും, ബീയുമ്മയെയും അങ്ങനെയങ്ങ് മറക്കാന്‍ പറ്റില്ലല്ലോ അല്ലേ? നാട്ടിന്‍ പുറത്തിന്‍റെ നിഷ്കളങ്കതയും, മാതൃത്വത്തിന്‍റെ വേവലാതികളും, കുടംബത്തിലെ ആശങ്കകളും കറയില്ലാതെ അവതരിപ്പിച്ച ആ ഉമ്മമാര്‍ ഇത്രയും കാലം എവിടെയായിരുന്നു? വര്‍ഷങ്ങളോളം നാടക വേദികളില്‍ സജീവമായിരുന്ന സാവിത്രി ശ്രീധരനും(ജമീല), സരസ ബാലുശ്ശേരി(ബീയുമ്മ)യും ഹൃദയം തൊടുന്ന രണ്ട് ഉമ്മമാരായി മലയാള സിനിമയില്‍ അവതരിച്ചതിന് പിന്നിലൊരു കഥയുണ്ട്. അബു വളയംകുളം എന്ന കാസ്റ്റിംഗ് ഡയറക്ടറുടെ കഥ.

സുഡാനി ഫ്രം നൈജീരിയയ്ക്ക് പുറമെ തമാശ, അര്‍ജന്‍റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് നിരവധി പുതുമുഖങ്ങളെ സമ്മാനിച്ച വ്യക്തിയാണ് അബു വളയംകുളം. നാടക വേദികളിലെ സജീവ സാന്നിദ്ധ്യമായ അബു കിസ്മത്, ഈട, അഞ്ചാം പാതിര, ഉടലാഴം തുടങ്ങി ഒരുപിടി നല്ല സിനിമകളിലെ അഭിനയത്തിലൂടെ മലയാള സിനിമ ലോകത്തിന് സുപരിചിതനാണ്. തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി നിര്‍മ്മിച്ച ‘മെര്‍ക്കു തൊടര്‍ച്ചി മലൈ’ എന്ന തമിഴ് ചിത്രത്തിലൂടെ കോളിവുഡിലും അബു തന്‍റെ കഴിവ് തെളിയിച്ചു. പ്രവാസി ജീവിതത്തിന്‍റെ കഥ പറയുന്ന ‘ദേര ഡയറീസ്’ എന്ന ചിത്രത്തില്‍ മുഖ്യ കഥാപാത്രമായെത്തുന്നതിന്‍റെ ത്രില്ലിലാണ് താരം. ദേര ഡയറീസിന്‍റെയും, കാസ്റ്റിംഗ് ഡയറക്ഷന്‍റെയും വിശേഷങ്ങള്‍ പങ്കുവെച്ച് അബു വളയംകുളം ചേരുന്നു… 


നാടകത്തിലൂടെ അഭിനയ രംഗത്ത് കടന്നു വന്ന ആളാണ് താങ്കൾ, നാടകം എന്നത് ഒരു കല എന്നതിനപ്പുറം, ഒരു കൂട്ടായ്മയാണ്, എങ്ങനെയൊക്കെയാണ് അത് താങ്കളുടെ ജീവിതത്തെ സ്വാധീനിച്ചത് ?

എന്നിലെ നടനെ പരുവപ്പെടുത്തിയെടുത്തത് നാടകമാണ്. എന്‍റെ ആശാന്മാര്‍ പറഞ്ഞു തന്ന പാതയിലൂടെ തന്നെയാണ് ഇപ്പോഴും ‍ഞാന്‍ പോകുന്നത്. എവിടെ നാടക മത്സരമുണ്ടെങ്കിലും ഫെസ്റ്റിവലുണ്ടെങ്കിലും ഞാന്‍ പോയിക്കാണാറുണ്ട്. സമൂഹം എന്നതു പോലെ തന്നെ അതൊരു കൂട്ടായ്മയാണ്, അത് നല്‍കുന്ന സുഖം ഒന്ന് വേറെ തന്നെയാണ്. ഇന്ന് ജീവിതത്തിലുള്ള ഏത് പ്രതിസന്ധിയും മറികടക്കാന്‍ അത്തരം കൂട്ടായ്മകള്‍ തന്നെയാണ് എനിക്ക് ഊര്‍ജ്ജം നല്‍കിയതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

രാജ്യാന്തര സിനിമകളുടെ ടൈറ്റില്‍ കാര്‍ഡായി മാത്രം മലയാളികള്‍ കണ്ടിട്ടുള്ള ഒന്നാണ് കാസ്റ്റിങ് ഡയറക്ടര്‍ എന്നത്. എങ്ങനെയാണ് മലയാളം ഫിലിം ഇന്‍റസ്ട്രിയിലേക്ക് കാസ്റ്റിംഗ് ഡയറക്ടറായുള്ള ചുവടുമാറ്റം?

എല്ലാ സംവിധായകരും യഥാര്‍ത്ഥത്തില്‍ കാസ്റ്റിംഗ് ഡയറക്ടേഴ്സ് ആണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. നമ്മള്‍ ഒരു കഥ വായിക്കുമ്പോഴും നോവല്‍ വായിക്കുമ്പോഴും കഥാപാത്രത്തിന്‍റെ രൂപം നമ്മുടെ മനസ്സിലേക്ക് വരും. അതിനെ എങ്ങനെയാണ് സിനിമയിലേക്ക് എത്തിക്കുക എന്നതാണ് വിഷയം. ഇപ്പോള്‍ പ്രാദേശിക ഭാഷകളില്‍ സിനിമ വരുന്നുണ്ട്, അപ്പോള്‍ അത്തരം റോളുകള്‍ ചെയ്യാന്‍ ആളുകളെ തിരഞ്ഞു പിടിക്കേണ്ടി വരും. അതാണ് ഞാനിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മലയാള സിനിമയ്ക്ക് കാലികമായി മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ കാസ്റ്റിംഗ് ഡയറക്ടേഴ്സിന് വളരെ പ്രസക്തിയുണ്ട്. ഞാന്‍ കാസ്റ്റിംഗ് ഡയറക്ടറാകണം എന്നു കരുതി സിനിമയിലേക്ക് വന്നൊരാളല്ല, അഭിനയത്തിലൂടെയാണ് ഇന്‍റസ്ട്രിയിലെത്തുന്നത്. പക്ഷെ സക്കരിയ (സുഡാനി ഫ്രം നൈജീരിയയുടെ ഡയറക്ടര്‍) ആദ്യമായി എന്നെ ഈ ദൗത്യമേല്‍പ്പിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരേ ഒരു കാര്യമേയുള്ളൂ, നമ്മള്‍ പലപ്പോഴും സിനിമകള്‍ കാണുമ്പോള്‍ ഈ റോള്‍ വേറൊരാള്‍ ചെയ്താല്‍ നന്നായിരിക്കും എന്ന് അവലോകനം ചെയ്യും അത് സുഡാനി ഫ്രം നൈജീരിയ കാണുന്നവര്‍ക്ക് തോന്നരുത് എന്ന്. അത് ഞാന്‍ സാധിച്ചെടുക്കുകയും ആ സിനിമയ്ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുകയം ചെയ്തു. അങ്ങനെയാണ് ഈ പണി എനിക്ക് പറ്റും എന്ന തിരിച്ചറിവുണ്ടാകുന്നത്.


കാസ്റ്റിംഗ് ഡയറക്ടര്‍ എന്നതിലുപരി കലാമൂല്യമുള്ള നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. കൂടാതെ തമിഴ് സിനിമ മേഖലയിലും മുഖം കാണിച്ചു?കഥാപാത്രങ്ങളെ തിരയുന്നതിലാണോ, സ്വയം കഥാപാത്രമാകുന്നതിലാണോ സന്തോഷം കണ്ടെത്തിയിട്ടുള്ളത്?

രണ്ടും ഒരേ പരിപാടി തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു കഥാപാത്രത്തെ എങ്ങനെ മറ്റുള്ളതില്‍ നിന്ന് വ്യത്യസ്തമാക്കാം എന്നാണല്ലോ നമ്മള്‍ അഭിനയിക്കുമ്പോള്‍ ചിന്തിക്കുന്നത്. അതുപോലെ ഒരു വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിവുള്ളവരെയാണ് ഒരു കാസ്റ്റിംഗ് ഡയറക്ടര്‍ തിരയുന്നത്. പിന്നെ നമുക്ക് എല്ലാ കഥാപാത്രങ്ങളെയും അഭിനയിച്ച് ഫലിപ്പിക്കാനാവില്ലല്ലോ, ചിലപ്പോള്‍ അത് മറ്റൊരാള്‍ക്ക് നന്നായി സാധിക്കും. അതുകൊണ്ട് രണ്ടും ഒരുപോലെ സുഖം തരുന്നതാണെന്നാണ് എന്‍റെ വിശ്വാസം.


ദേര ഡയറീസ്, അബു ഒരു മുഴുനീള കഥാപാത്രമായി എത്താന്‍ പോകുന്ന ചിത്രമാണ്, എങ്ങനെയായിരുന്നു ദേര ഡയറീസിലേക്കുള്ള യാത്ര?

ദേര ഡയറീസിന്‍റെ നിര്‍മ്മാതാവായിട്ടുള്ള മധു കറുവത്താണ് എന്നെ ഈ സിനിമയ്ക്ക് വേണ്ടി പരിചയപ്പെടുത്തുന്നത്. എംജെഎസ് മീഡിയയുടെ ബാനറിൽ ഫോര്‍ അവര്‍ ഫ്രണ്ട്സിനുവേണ്ടി മധു കറുവത്തിന്‍റെ നേതൃത്വത്തിലാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. മുഷ്ത്താഖ് റഹ്മാൻ കരിയാടനാണ് രചനയും സംവിധാനവും. യുസുഫെന്ന അറുപതുകാരൻ നിരവധി വ്യക്തികളിൽ ചെലുത്തുന്ന സ്വാധീനത്തിന്‍റെ കഥയാണ് സിനിമ പറയുന്നത്. കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് വലിയ താല്‍പ്പര്യം തോന്നി. കാരണം 30 വയസ്സൊക്കെ ഞാന്‍ കടന്നു വന്നു കഴി‍ഞ്ഞു. ഈ കാലയളവില്‍ എങ്ങനെയായിരുന്നു ജീവിതമെന്ന് അറിഞ്ഞതാണ്. എന്നാല്‍ സിനിമയില്‍ ഞാന്‍ 60 വയസ്സുകാരനാകുന്നുണ്ട്. ഇത് തീര്‍ത്തും ഒരു പുതുമയുള്ള അനുഭവമായിരിക്കും എന്നെനിക്ക് തോന്നി. ആ പ്രായത്തിലുള്ള ഒരാളെ നിരീക്ഷിക്കുക, കഥാപാത്രത്തെ ഉള്ളിലേക്ക് ആവാഹിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ കൗതുകമുള്ളതായി തോന്നി. ഇനി സിനിമ പുറത്തുവന്നാല്‍ മാത്രമേ അത് എത്രത്തോളം സാധിച്ചെന്ന് കാണാന്‍ പറ്റൂ.


പ്രവാസി കേന്ദ്രീകൃതമായ ചിത്രങ്ങള്‍ ഇതിനു മുമ്പും മലയാളത്തിലുണ്ടായിട്ടുണ്ട്, ഇതില്‍ നിന്നൊക്കെ ദേര ഡയറീസ് വ്യത്യസ്തമാകുന്നതെങ്ങനെയാണ്?

ഈ സിനിമ മുഴുവനായും ദുബായിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ദുബായിലെ പ്രവാസികളുടെ ജീവിതം പറയാന്‍ യഥാര്‍ത്ഥ കഥാപാത്രങ്ങളാണ് സിനിമയ്ക്ക് വേണ്ടി സഹകരിച്ചിട്ടുള്ളത് എന്നതു തന്നെയാണ് ഇതിന്‍റെ പ്രത്യേകത. സിനിമയില്‍ കണ്ടു പരിചയമുള്ളവര്‍ കുറവാണ്. ആഴ്ചയില്‍ അഞ്ചു ദിവസം പണിയെടുത്തും, പിന്നെയുള്ള രണ്ടു ദിവസം ഷൂട്ടിങ്ങിനു വേണ്ടി മാറ്റിവയ്ക്കുകയുമായിരുന്നു അവര്‍. ഒരു ജീവിതത്തിനപ്പുറത്ത് ഒരുപാട് ജീവിതങ്ങളുടെ കഥായാണ് സിനിമ പറയുന്നത്. ലോക്ക് ഡൗണിനു മുമ്പേ തന്നെ ചിത്രീകരണം പൂര്‍ത്തിയായതാണ്, എഡിറ്റിംഗ് പരിപാടികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ദേര ഡയറീസില്‍ അബു വളയംകുളം

30 വര്‍ഷത്തെ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. എന്തൊക്കെയായിരുന്നു ഇതിനുള്ള തയ്യാറെടുപ്പുകള്‍? ഒപ്പം അഭിനയിച്ചിരിക്കുന്നതും, ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും ആരൊക്കെയാണ്?

മൂപ്പത് വയസ്സുള്ള ഒരാളുടെ അനുഭവങ്ങളായിരിക്കില്ല നാല്‍പ്പതു വയസ്സുള്ള ഒരാള്‍ക്ക്. രൂപാന്തരങ്ങളിലൂടെയാണ് നമുക്കത് കാണിക്കാന്‍ സാധിക്കുന്നത്. ഉദാഹരണത്തിന് മുടിയിലൊരു നര, താടിയിലൊരു നര അങ്ങനെയാണ് മാറ്റങ്ങള്‍ ഉണ്ടാക്കുന്നത്. പക്ഷെ അയാള്‍, അയാള്‍ തന്നെയാണ്. എന്നാല്‍ അനുഭവങ്ങളാണ് മാറുന്നത്. യൂസുഫ് എന്ന കഥാപാത്രം വളരെ ഒതുങ്ങി ജീവിക്കുന്ന, വിനയത്തോടെ സംസാരിക്കുന്ന ഒരാളാണ് അങ്ങനെയാണ് ഞാന്‍ ആ കഥാപാത്രത്തെ പഠിച്ചെടുത്തത്.


പിന്നെ ചിത്രത്തില്‍ വര്‍ക്ക് ചെയ്തിട്ടുള്ള അണിയറ പ്രവര്‍ത്തകരില്‍ മിക്കവരും യുവ പ്രതിഭകളാണ്. അഭിനേതാക്കള്‍ മിക്കവരും യഥാര്‍ത്ഥ കഥാപാത്രങ്ങളാണെന്ന് ‍ഞാന്‍ നേരത്തെ പറഞ്ഞല്ലോ. ദുബായിലെ ഹിറ്റ് എഫ്.എം 96.7 ആര്‍.ജെയായ അര്‍ഫാസ് ഇഖ്ബാൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുഎഇയിലെ തന്നെ നിരവധി കലാകാരന്മാരും ഒപ്പം കമ്മിട്ടിപ്പാടം, ലൂക്ക തുടങ്ങിയ സിനിമയിലൊക്കെ അഭിനയിച്ച ഷാലു റഹീമും ദേര ഡയറീസിലുണ്ട്. ജോ പോളിന്‍റെ വരികള്‍ക്ക് സിബു സുകുമാരനാണ് സംഗീതം നല്‍കുന്നത്. വിജയ് യേശുദാസ്, നജീം അര്‍‍ഷാദ്, കെഎസ് ഹരിശങ്കര്‍, ആവണി എന്നിവര്‍ പാടിയിട്ടുണ്ട്. ദീൻ കമറാണ് ഛായാഗ്രഹണം.

പരമ്പരാഗത തിയറ്റര്‍ റിലീസുകള്‍ ഒഴിവാക്കി ഒടിടി പ്ലാറ്റ് ഫോമുകളുടെ കാലമാണ് ഇനി വരാനിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പതുമുഖങ്ങളെ ഉള്‍പ്പെടുത്തി യുവ ചലച്ചിത്രകാരന്മാര്‍ പുറത്തിറക്കുന്ന ചിത്രങ്ങളുടെ ഭാവി എന്തായിരിക്കും? സ്ട്രീമിങ് വാല്യു ഒക്കെ സിനിമയുടെ വിജയത്തിന് മാദണ്ഡമാകുന്ന സാഹചര്യത്തെ എങ്ങനെ നോക്കി കാണുന്നു?

രണ്ടു തവണ പ്രളയം നേരിട്ട കേരള ജനതയ്ക്ക് എന്ത് കോവിഡ് എന്നാണ് ഞാന്‍ ചോദിക്കുന്നത്. ഇതിലും വലിയ പ്രശ്നങ്ങള്‍ മറികടന്നവരല്ലേ നമ്മള്‍. ഈ അവസ്ഥയൊക്കെ മാറുകയും സിനിമ മേഖല വീണ്ടും ഓണ്‍ ആവുകയും നമ്മള്‍ തിയറ്ററുകളില്‍ സിനിമ കാണാനും നാടകം കാണാനും പോകുമെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ എനിക്ക് അത്തരമൊരു ടെന്‍ഷന്‍ ഇല്ല. എന്‍റെ സിനിമകള്‍ തീയറ്ററില്‍ കാണണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അങ്ങനെ സംഭവിക്കണമെന്നാണ് പ്രാര്‍ത്ഥന.


അഭിനയിക്കാന്‍ പോകുന്ന ആളെക്കാള്‍, അയാളെ തിരഞ്ഞെടുക്കേണ്ട വ്യക്തി എന്ന നിലയില്‍ സിനിമയുടെ കഥയും പശ്ചാത്തലവും സംബന്ധിച്ച് ഒരു കാസ്റ്റിംഗ് ഡയറക്ടര്‍ക്ക് ആഴത്തില്‍ ഗ്രാഹ്യമുണ്ടായിരിക്കണം. കാസ്റ്റിംഗ് ഡയറക്ഷന്‍ ഒരു ശ്രമകരമായ ദൗത്യമോണോ? എന്തൊക്കെയാണ് അതിന്‍റെ പ്രോസസ്സുകള്‍?

നമ്മള്‍ ഒരു തിരക്കഥ വായിച്ച് മനസ്സില്‍ ഒരു രൂപമുണ്ടാക്കുന്നു. ആ രൂപത്തിലുള്ള ആളുകളെ നമ്മള്‍ തിരഞ്ഞു പിടിക്കണം. ചിലപ്പോള്‍ ഇന്‍റസ്ട്രിയില്‍ നേരത്തെ ഉള്ള ആളാകാം, അല്ലെങ്കില്‍ പുതുമുഖങ്ങളാകാം. അപ്പോള്‍ അവരെ കണ്ടെത്തി ഡയറക്ടറോട് സംസാരിച്ച് ഓക്കെ ആക്കുക എന്നതാണ് പ്രോസസ്സ്. എല്ലാ മനുഷ്യരിലും ഒരു ആക്ടറുണ്ട്, അവരെ ഒന്ന് മോള്‍ഡ് ചെയ്തെടുക്കുക എന്നതാണ് കാര്യം. പുതിയ ആളുകളെ മോള്‍ഡു ചെയ്തെടുക്കുക എന്നത് കുറച്ചു കൂടി എളുപ്പമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് നാടക രംഗത്ത് ഒരുപാട് സുഹൃത്ത് വലയങ്ങളുള്ളതിനാല്‍ ഒരു കഥാപാത്രത്തിനിണങ്ങുന്ന പതുമുഖത്തെ കണ്ടെത്തുക എന്നത് ശ്രമകരമായിട്ട് തോന്നിയിട്ടില്ല.

മലയാള സിനിമയില്‍ ഒരു കാസ്റ്റിംഗ് ഡയറക്ടറുടെ സ്വാധീനം, സുഡാനി ഫ്രം നൈജീരിയ, തമാശ, അര്‍ജന്‍റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് പോലുള്ള സിനിമകള്‍ തെളിയിച്ചതാണ്. ഒരു സിനിമയിലൂടെ പുതുമുഖങ്ങളെ അവതരിപ്പിക്കാന്‍ സ്ക്രിപ്റ്റ് ആവശ്യപ്പെടുന്നതാണോ, അല്ലെങ്കില്‍ പൂര്‍ണ്ണമായും സംവിധായകന്‍റെ ചോയ്സാണോ?

തിരക്കഥയും സംവിധായകനും അത് തുല്യ അളവില്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ആത്യന്തികമായി അത് ഡയറക്ടറുടെ തീരുമാനമാണ്. ഇന്‍റസ്ട്രിയില്‍ നിലവിലുള്ള താരങ്ങള്‍ ചെയ്താല്‍ പറ്റില്ല എന്ന് സ്ക്രിപ്റ്റ് ആവശ്യപ്പെടുമ്പോഴാണ് ഡയറക്ടര്‍ അത്തരം തീരുമാനങ്ങളെടുക്കുന്നത്.


പുതുമുഖങ്ങളെ കണ്ടെത്തുക, ഇന്‍റസ്ട്രിയില്‍ നിലവിലുള്ള അഭിനേതാക്കളിലെ പുതിയ മുഖം കണ്ടെത്തുക, ഏതാണ് താങ്കളുടെ ചോയ്സ്?

എനിക്ക് വ്യക്തിപരമായി പുതുമുഖങ്ങളെ അവതരിപ്പിക്കുന്നതിനോടാണ് താല്‍പ്പര്യം. പുതിയ ആളുകള്‍ സിനിമയിലേക്ക് വരട്ടെ എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍.

അഭിനയം പഠിപ്പിക്കാനാകുമോ? അത് പഠിക്കേണ്ട ഒന്നാണോ? ഒരു ഗ്രൂമര്‍ എന്ന നിലയില്‍ എന്താണ് പറയാനുള്ളത്?

ആക്ടിങ്ങ് അങ്ങനെ പഠിപ്പിക്കാന്‍ പറ്റുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഒരാളുടെ ജീവിതം, അനുഭവങ്ങള്‍, കാഴ്ചകള്‍, നിരീക്ഷണങ്ങള്‍ എന്നിവയാണ് അയാളെ മോള്‍ഡ് ചെയ്തെടുക്കുന്നത്. ഒരു നടനാകണമെങ്കില്‍ ഏതൊക്കെ വഴിയിലൂടെ സഞ്ചരിക്കണമെന്ന അനുഭവം അയാളില്‍ ഉണ്ടാക്കിയെടുക്കലാണ് ആക്ടിങ്ങ് വര്‍ക്ക് ഷോപ്പുകളില്‍ ചെയ്യുന്നത്. അവര്‍ വന്ന വഴികള്‍ അവര്‍ക്ക് കണ്ടെത്താന്‍ പറ്റണം. സിനിമയിലാകുമ്പോഴും ഇതുപോലെ തന്നെ, അവര്‍ക്ക് കഥാപാത്രങ്ങളെ മനസ്സിലാക്കി കൊടുത്ത് അവരു കണ്ടതും കേട്ടതുമായ കാര്യങ്ങളുടെ സഹായത്തോടെ അതിനെ ഗ്രഹിക്കാനാണ് പറയുന്നത്. ആക്ടിങ്ങില്‍ പുതുതായി ഒന്നും ചെയ്യാനില്ല. ഉള്ളതിനെ എങ്ങനെ മെരുക്കിയെടുക്കുന്നു എന്നതാണ് കാര്യം. ഒരു ചായകുടിക്കുന്നുണ്ടെങ്കില്‍ അതെങ്ങനെ വ്യത്യസ്തമായി ചെയ്യാം എന്നതാണ് പ്രധാനം.

ആക്ടിങ്ങ് ക്യാമ്പില്‍

സിനിമ ഊട്ടിയുറപ്പിച്ചിട്ടുള്ള ചില പൊതു ബോധങ്ങളുണ്ട്, കറുത്ത് തടിച്ച വില്ലന്‍, വെളുത്ത് തുടുത്ത നടന്‍ എന്നിങ്ങനെ, മലയാള സിനിമ ഈ ചട്ടക്കൂടുകള്‍ ഭേദിച്ച് ഏറെക്കുറെ പുറത്തേക്ക് വന്നു കഴിഞ്ഞു, ഒരു കാസ്റ്റിംഗ് ഡയറക്ടര്‍ എന്ന രീതിയില്‍ താങ്കള്‍ക്ക് ഇതേക്കുറിച്ച് പറയാനുള്ളതെന്താണ് ?

ഞാന്‍ ഒരിക്കലും കളറിന്‍റെ അടിസ്ഥാനത്തില്‍ ഒരു കഥാപാത്രത്തെ അളക്കാറില്ല. നമ്മുടെ ജീവിതത്തില്‍ വെളുത്ത വില്ലന്മാരില്ലേ, എനിക്ക് തോന്നുന്നു വെളുത്തവരാണ് വില്ലന്മാരില്‍ ഏറ്റവും കൂടുതലെന്നാണ്. ഞാന്‍ എന്തായാലും കറുപ്പിന്‍റെ കൂടെ തന്നെയാണ്. നിറത്തിനപ്പുറത്തേക്ക് നമ്മള്‍ ഒരുപാട് വളരേണ്ടതുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഒരാളെ അളക്കേണ്ടത് അയാളുടെ കളറുകൊണ്ടല്ല. ഈ പൊതുബോധങ്ങള്‍ ഇന്നോ ഇന്നലെയോ ഉണ്ടായിട്ടുള്ളതല്ല, എന്നോ തുടങ്ങി വച്ചിട്ടുള്ളതാണ്. അതാണ് നമ്മള്‍ അന്വേഷിക്കേണ്ടത്. എന്നിട്ട് തുടങ്ങിയിടത്തു നിന്ന് തന്നെ വ്യതിചലിച്ച് പോകണം. ഇപ്പോള്‍ മലയാള സിനിമയില്‍ അതിനുള്ള സ്പേസ് ഉണ്ട്. എല്ലാ കാറ്റഗറിയില്‍പെടുന്ന ആളുകള്‍ക്കും മലയാളത്തില്‍ അവസരങ്ങളുണ്ട്. ആരും അരികുവല്‍ക്കരിക്കപ്പെടുന്നുമില്ല.

സിനിമ മേഖല നേരിടുന്ന പ്രതിസന്ധികള്‍ പലതാണ്, ഏറ്റവും പുതുതായി വാരിയം കുന്നന്‍ എന്ന സിനിമയുടെ പ്രഖ്യാപനം സൃഷ്ടിച്ച വാഗ്വാദങ്ങളാണ് ചര്‍ച്ചാ വിഷയം. ഇത്തരത്തില്‍ ആവിഷ്കാര സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്നതിനെ എങ്ങനെ നോക്കിക്കാണുന്നു, നടന്‍,സംവിധായകന്‍, തിരക്കഥാകൃത്ത് തുടങ്ങി സിനിമയുടെ ഭാഗമാകുന്ന വ്യത്യസ്ത വ്യക്തികളുടെ രാഷ്ട്രീയവും സാമൂഹികവുമായ ചിന്താഗതികള്‍ ആ സിനിമയെ എങ്ങനെ ബാധിക്കും ?

എം.ടിയുടെ നിര്‍മ്മാല്യം റിലീസ് ചെയ്തിട്ടുള്ള നാടാണ് കേരളം. അത്തരം സിനിമകളാണ് ഈ വിമര്‍ശകരൊക്കെ എടുത്ത് കാണേണ്ടത്. എല്ലാവരും ഡോക്ടറാകാനും, എഞ്ചിനിയറാകാനും പഠിക്കുന്നു, എന്താണ് നമ്മള്‍ പഠിച്ചത്, എന്ത് സംസ്കാരമാണ് പഠിച്ചത് എന്നാതാണ് ചോദ്യം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് സിനിമ ചെയ്യുമ്പോള്‍ ബ്രിട്ടീഷുകാരനാണ് പേടിക്കേണ്ടത്. ഇന്ത്യക്കാരെന്തിനാണ് പേടിക്കുന്നത്. ഇറങ്ങാന്‍ പോകുന്ന സിനിമയെക്കുറിച്ച് എന്തിനാണ് ഇത്ര ആധി. ചരിത്രമല്ലേ, ചരിത്ര സത്യമല്ലേ സിനിമ ചര്‍ച്ച ചെയ്യുന്നത്. പൃഥ്വിരാജ് എന്ന വ്യക്തി മലബാറുകാരനാണ്, മലപ്പുറംകാരനാണ്, അദ്ദേഹത്തിന് സ്വന്തം നാടിന്‍റെ ചരിത്രമറിയില്ലേ, ആഷിഖ് അബുവിനാണോ ചരിത്രമറിയാത്തത്, എന്തിനാണ് കാര്യങ്ങള്‍ ചുമ്മാ വളച്ചൊടിക്കുന്നത്. സിനിമ ഇറങ്ങിയിട്ട്, അത് കണ്ടിട്ട് നമുക്ക് തീരുമാനിക്കാലോ, എന്നിട്ട് പോരേ സമരമൊക്കെ. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘ഒരു ഭഗവദ്ഗീതയും കുറെ മുലകളും’ എന്ന കൃതി നമ്മള്‍ വായിച്ചതാണ്, എന്തിനാണ് ഇപ്പോള്‍ ജാതിയും മതവും വര്‍ഗവും നോക്കിയിട്ട് കലയെ അളക്കുന്നത്.


ലിജോ ജോസ് പെല്ലിശ്ശേരിയുടെ സ്വതന്ത്ര ചലച്ചിത്രകാരന്‍ എന്ന പ്രഖ്യാപനമാണ് മറ്റൊരു വിവാദം, സിനിമ നാര്‍സിസ്റ്റുകള്‍ക്ക് പറ്റിയതല്ലെന്ന വാദവും,എന്നാല്‍ ഇതിനു വിരുദ്ധമായി മികച്ച കലാ സൃഷ്ടികളാണ് വേണ്ടതെന്നുമുള്ള പ്രസ്താവനയും എങ്ങനെ നോക്കി കാണുന്നു? ഈ പ്രതിസന്ധികള്‍ക്കുള്ള പരിഹാരംമെന്താണ്?

ലിജോ ജോസ് പെല്ലിശ്ശേരി വ്യത്യസ്തമായ വഴിയിലൂടെ യാത്ര ചെയ്യുന്ന ഒര മനുഷ്യനാണ്. അദ്ദേഹത്തിന്‍റെ ചിന്തകള്‍ അതിന്‍റേതായ വഴിയില്‍ വിട്ടകൊടുക്കുക. മറ്റുള്ളവരുടെ കഴിവുകളിലേക്ക് നമ്മള്‍ ഇടപെട്ടതുകൊണ്ട് എന്താണ് കാര്യം. ഈ പ്രതിസന്ധിഘട്ടത്തില്‍ മികച്ച കലാസൃഷ്ടികള്‍ തീര്‍ച്ചയായും ഉണ്ടാകണം.


ദേര ഡയറീസിനു പുറമെ, റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങള്‍ ഏതൊക്കെയാണ്?

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഓപ്പറേഷൻ ജാവ എന്ന സിനിമയുടെ കാസ്റ്റിംഗാണ് ഇപ്പോള്‍ ചെയ്ത് കഴിഞ്ഞിട്ടുള്ളത്. ജോസഫ് പി കൃഷ്ണ സംവിധാനം ചെയ്യുന്ന ചിരി, നിഖിൽ പ്രേംരാജ് സംവിധാനം ചെയ്യുന്ന ആനപ്പറമ്പിലെ വേൾഡ് കപ്പ്‌ എന്നിവയും ഉടൻ പുറത്തിറങ്ങും. ഇതിനോടൊപ്പം തന്നെ നാടകവും അഭിനയക്കളരികളും നടക്കുന്നുണ്ട്. ലോക്ക് ഡൗണിന്‍റെ പരിമിതികളൊന്നും നാടകക്കാര്‍ക്ക് വിഷയമല്ല കേട്ടോ, ഓണ്‍ലൈനായും മറ്റും നാടക പ്രവര്‍ത്തനങ്ങളും മത്സരങ്ങളും സജീവമായി നടക്കുന്നുണ്ട്. പ്രതിസന്ധിയുടെ സമയത്ത് ഏത് വഴിയാണ് തുറന്നു കിട്ടിയത് എന്നു വച്ചാല്‍ ആ വഴിയിലൂടെ സഞ്ചരിക്കുക, അത്രയേ ഉള്ളൂ…

(ഫോട്ടോ ക്രെഡിറ്റ്‌ : ലാൽ കക്കാട്ടിരി)

Latest News