വാഷിംഗ്ടൺ: അമേരിക്കയിൽ പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെ അക്രമി നടത്തിയ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കെന്റക്കി ലൂയിസ്വില്ലയിലെ പാർക്കിൽ അമേരിക്കൻ സമയം ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം നടന്നത്. വെടിവയ്പിൽ ഒരാൾക്ക് പരുക്കേറ്റു.
ആഫ്രോ അമേരിക്കൻ വംശജയായ ബ്രയോണ ടെയ്ലറിനെ പൊലീസ് വെടിവച്ചു കൊന്നതിനെതിരെ ലൂയിസ്വില്ലയിലെ ജഫേഴ്സൺ സ്ക്വയർ പാർക്കിൽ ആഴ്ചകളായി പ്രതിഷേധ പരിപാടികൾ തുടരുകയാണ്. ഇവർക്ക് നേരെയാണ് അക്രമി വെടിയുതിർത്തത്. അക്രമത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
കഴിഞ്ഞ മാർച്ച് 13നാണ് ലൂയിസ് വില്ലയിൽ വെള്ളക്കാരായ പൊലീസുകാർ കറുത്ത വർഗക്കാരിയായ ബ്രയോണ ടെയ്ലറിനെ വെടിവച്ചു കൊന്നത്. മയക്കുമരുന്ന് കേസ് അന്വേഷണത്തിനിടെ ബ്രയോണ ടെയ്ലറിന്റെ വീട്ടിലെത്തിയ പൊലീസുകാർ വെടിവയ്ക്കുകയായിരുന്നു.