മലയാള സിനിമയില്‍ പദ്മരാജനും ഭരതനും ശേഷം ഹൃദയത്തോട് ചേര്‍ത്തു വയ്ക്കാവുന്ന ഒരു പിടി നല്ല സിനിമകള്‍ സമ്മാനിച്ച അമ്പഴത്തില്‍ കരുണാകരന്‍ ലോഹിത ദാസ് എന്ന നമ്മുടെ പ്രിയ സംവിധായകന്‍ ഓര്‍മ്മയായിട്ട് ജൂണ്‍ 28ന് വീണ്ടും മറ്റൊരു വർഷം കൂടി തികയുന്നു. യാഥാര്‍ത്ഥ്യ ബോധവും, വിഷാദാത്മകവും, സമകാലീനവുമായ വിഷയങ്ങളില്‍ കൂടി ജനജീവിതങ്ങളെ അഭ്രപാളിയില്‍ എത്തിച്ച കലാകാരനാണ് അദ്ദേഹം. മലയാള സിനിമയിലെ സംവിധായകർ കഥകൾ ഇല്ലാതെ, ആശയ ദാരിദ്ര്യം അനുഭവിച്ചിരുന്നപ്പോൾ കൈ നിറയെ കഥകളുമായായിരുന്നു ലോഹിത ദാസ് അവതരിച്ചത്. ആ കഥളൊക്കെയും പച്ച മനുഷ്യരെ കുറിച്ചായിരുന്നു. അദ്ദേഹത്തിന്‍റെ അരങ്ങൊഴിയല്‍ മലയാള ചലച്ചിത്രലോകത്തിനു പകരം വയ്ക്കാനില്ലാത്ത പ്രതിഭാധനനെയാണു നഷ്ടമാക്കിയത്.
ഇല്ലായ്മകളില്‍നിന്നു ജീവിതത്തിന്റെ ആഴമേറിയ കാമനയുടെ പടവുകള്‍ ചെറുപ്പം മുതലേ തിരിച്ചറിഞ്ഞ് മുന്നേറിയ ലോഹിയെന്ന ലോഹിതദാസ്, തന്റെ സൃഷ്ടികളിലൂടെ മലയാളിയെ ഏറെ ചിന്തിപ്പിച്ചിരുന്നു. പത്മരാജനും, ഭരതനും ശേഷം സൂപ്പര്‍ഹിറ്റുകള്‍ നല്‍കി തന്റേതായ ഇടംകണ്ടെത്തി. നാടകത്തിലൂടെ വന്ന് തിരക്കഥാകൃത്തായും സംവിധായകനായും ഗാനരചയിതാവായും വിഹരിച്ച അദ്ദേഹം 2009 ജൂണ്‍ 28നാണ് അരങ്ങൊഴിഞ്ഞത്. എന്നാല്‍ ആഴമുള്ള കഥയിലൂടെയും കഥാപാത്രങ്ങളിലൂടെയും പ്രേക്ഷക ഹൃദയങ്ങളില്‍ മലയാള സിനിമയുടെ അമരക്കാരനായി ലോഹിത ദാസ് ഇന്നും വാഴുന്നു എന്നതാണ് വാസ്തവം.

സമൂഹത്തിന്റെ എല്ലാ തുറയിലും ഉള്ളവര്‍ തന്റെ സിനിമ കാണണമെന്ന് മോഹിച്ചയാളായിരുന്നു ലോഹി. അദ്ദേഹത്തിലെ മാനുഷികമൂല്യങ്ങളുടെ ആഴവും വ്യാപ്തിയും തിരിച്ചറിയാന്‍ ജീവിതസംഘര്‍ഷങ്ങളുടെ പരിഛേദമായ ‘കിരീടം’ എന്ന ലക്ഷണമൊത്ത ഒരു സിനിമ മാത്രംമതി. ഭ്രാന്തനായി ചങ്ങലകളില്‍ തളച്ചിടപ്പെട്ട ബാലന്‍മാഷും, കിരീടത്തിലെ സേതുമാധവനും, അമരത്തിലെ അച്ചൂട്ടിയും, വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍നായരും, ഭൂതകണ്ണാടിയിലെ വാച്ച് റിപ്പെയറര്‍ വിദ്യാധരനും, മൃഗയയിലെ വാറുണ്ണിയും ഭരതത്തിലെ കല്ലൂര്‍ ഗോപിനാഥനും മലയാളി മറക്കാത്ത മുഖങ്ങളാണ്.
തനിയാവര്‍ത്തനത്തില്‍ തുടങ്ങി നിവേദ്യം വരെ നാല്പത്തിമൂന്നു ചിത്രങ്ങളാണ് അദ്ദേഹം മലയാളസിനിമയ്ക്ക് നല്‍കിയത്. വള്ളുവനാടിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം നിളയോരത്തെ ഗ്രാമീണ തുടിപ്പുകളും പച്ചയായ മനുഷ്യരുടെവേദനയും നിസഹായതയുമൊക്കെ പകര്‍ത്തി എടുക്കാന്‍ തന്റെ സിനിമകളിലൂടെ ശ്രമിച്ചു.
സുന്ദര്‍ദാസിനുവേണ്ടി എഴുതിയ ‘ അഞ്ചരക്കുള്ള വണ്ടി ‘ എന്ന ഹ്രസ്വചിത്രമാണ് ലോഹിത ദാസ് ആദ്യം എഴുതിയ സിനിമാ തിരക്കഥ. പിന്നീട് ‘കാണാന്‍കൊതിച്ച്’ എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു തൂലിക ചലിപ്പിച്ചത്. എന്നാല്‍ ആ ചിത്രം പുറത്തിറങ്ങിയില്ല. നാടകവും ചെറുകഥകളും എഴുതി എഴുത്തിന്റെ വഴിയില്‍ സഞ്ചരിച്ച ലോഹി സിനിമ തേടി പോവുകയായിരുന്നില്ല, സിനിമ അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു.

സിബി മലയില്‍ സംവിധാനം ചെയ്ത തനിയാവര്‍ത്തനമായിരുന്നു ലോഹിത ദാസിന്‍റെ പുറത്തിറങ്ങിയ ആദ്യ സിനിമ. എഴുതാപ്പുറങ്ങള്‍, വിചാരണ എന്നീ ചിത്രങ്ങളുമായി വീണ്ടും സിബിമലയിലിനുവേണ്ടി തൂലിക ചലിപ്പിച്ചു. പിന്നീട് സത്യന്‍ അന്തിക്കാട്, ഐ.വി. ശശി, ഭരതന്‍ തുടങ്ങിവരുമായുണ്ടായ കൂട്ടുകെട്ടില്‍ മലയാള സിനിമയ്ക്ക് മറ്റൊരു പരിവേഷം നല്‍കി.
കുടുംബപുരാണം, മൃഗയ, അമരം, ഭരതം, കമലദളം, കൗരവര്‍, ആധാരം, വാത്സല്യം, വീണ്ടും ചിലവീട്ടുകാര്യങ്ങള്‍ തുടങ്ങിയ അമ്പതോളം ചിത്രങ്ങള്‍ക്കു തിരക്കഥ എഴുതിയ ലോഹിത ദാസ് ഭൂതക്കണ്ണാടി എന്ന ചിത്രവുമായി സംവിധാനരംഗത്തേക്കു കടന്നു. 1997ല്‍ ‘ഭൂതക്കണ്ണാടി’ നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തിന് നേടികൊടുത്തു.
സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയപ്പോഴും ഒരു നല്ലസിനിമയുടെ അച്ചുതണ്ട് തിരക്കഥ തന്നെയാണെന്ന് വാദിച്ച അദ്ദേഹം സിനിമ ലോകത്ത് ആശയപരമായ ചില തര്‍ക്കങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. അടൂരിന്റെയും അരവിന്ദന്റെയും മന്ദഗതിയിലുള്ള സിനിമാസംസ്‌കാരത്തോട് മുഖം തിരിച്ച കലാകാരനായിരുന്നു ലോഹിത ദാസ്. അതേസമയം അക്ഷരഭ്യാസമില്ലാത്തവനും സംവേദിക്കാന്‍ കഴിയുന്ന ‘ ദ സൈക്ലിക്’ പോലുള്ള ഇറാനിയന്‍ സിനിമകളോട് തനിക്ക് പ്രിയമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
വിധിയുടെ ക്രൂരവിനോദത്തിനു മുന്നില്‍ എല്ലാം നഷ്ടപ്പെട്ട് പൊട്ടിക്കരയുന്ന ലോഹിത ദാസിന്‍റെ നായകന്മാര്‍, മലയാള സിനിമ അന്നു വരെ കണ്ട ഹീറോ പരിവേഷങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി. അദ്ദേഹത്തിന്‍റെ അനുഗ്രഹം വാങ്ങി ചായമിട്ടവരെല്ലാം മഹാനടന്മാരായി ഇന്നും തിളങ്ങി നില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ കാമ്പുള്ള കഥകള്‍ക്കും, നീറിപ്പിടിച്ച് മുന്നേറുന്ന കഥാസന്ദര്‍ഭങ്ങള്‍ക്കും വേണ്ടി നിര്‍മ്മാതാക്കള്‍ കാത്തിരുന്ന കാലമുണ്ടായിരുന്നു. ആ രചനകളിലെ വികാരതീവ്രമായ മുഹൂര്‍ത്തങ്ങളും, നമ്മുടെ പരിസരങ്ങളില്‍ കണ്ട കഥാപാത്രങ്ങളും, പരിചിതമായ സംഭാഷണങ്ങളും വിജയത്തിന്‍റെ പ്രതീകങ്ങളായിരുന്നു എന്നത് തന്നെയാണ് ഇതിനു കാരണം. ഒറ്റത്തടിയില്‍ തീര്‍ത്ത കഥകളായിരുന്നു ലോഹിതദാസ് എഴുതിയതെല്ലാം. ഒട്ടും കലര്‍പ്പില്ലാത്ത കഥാശില്‍പങ്ങള്‍.

ചെമ്പട്ട്, ബീഷ്മര്‍ തുടങ്ങി രണ്ട് സിനിമകള്‍ ബാക്കി വച്ചാണ് ലോഹിത ദാസ് സിനിമ ലോകത്തോട് വിടപറഞ്ഞത്. മരണം എന്നും നഷ്ടങ്ങള്‍ മാത്രം നല്‍കുന്നതാണെന്ന് തന്‍റെ പല കഥാപാത്രങ്ങളിലൂടെയും ലോഹിതദാസ് വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം മരണം മലയാള സിനിമയ്ക്കും നഷ്ടങ്ങളുണ്ടാക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടായിരിക്കണം ‘മരണശേഷം മാത്രമേ ഞാന്‍ അംഗീകരിക്കപ്പെടൂ’ എന്ന് അദ്ദേഹം പറഞ്ഞുവെച്ചത്.