ന്യൂഡൽഹി: സാധാരണക്കാർക്ക് തിരിച്ചടി നൽകി രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. തുടർച്ചയായ 21ാം ദിവസമാണ് ഇന്ധനവില വർധിക്കുന്നത്. ഒരു ലിറ്റർ പെട്രോളിന് 25 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 80.38 രൂപയായും ഡീസലിന് 80.40 രൂപയായും ഉയർന്നു.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില കുറഞ്ഞിട്ടും രാജ്യത്തെ എണ്ണക്കമ്പനികൾ ഇന്ധന വില വർധിപ്പിക്കുന്നത് തുടരുകയാണ്. 21 ദിവസത്തിനിടെ പെട്രോൾ വില 9.12 രൂപയും ഡീസൽ വില 11.01 രൂപയുമാണ് കൂട്ടിയത്. വാറ്റ് കൂടി ചേരുമ്പോൾ സംസ്ഥാനങ്ങളിൽ ഈ നിരക്ക് വ്യത്യസ്തമായിരിക്കും.
കോവിഡ് മഹാമാരിയിൽ വലയുന്ന ജനങ്ങൾക്ക് ഇരുട്ടടിയാവുകയാണ് ഇന്ധന വില വർധന. പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം പോലും വകവെക്കാതെയാണ് കേന്ദ്രം വില വർധിപ്പിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി പെട്രോളിനേക്കാൾ അധികം വില ഡീസലിന് ആവുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ സാധനങ്ങളുടെ വിലവർധനക്കും സാധ്യതയുണ്ട്.