ഡെൻമാർക്ക്: ഇത്തവണയെങ്കിലും നിശ്ചയിച്ച തീയ്യതിയിൽ കല്യാണം നടക്കുമെന്ന് പ്രതീക്ഷിച്ച ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സന് തെറ്റി. ഇത്തവണയും വിവാഹം മാറ്റിവയ്ക്കേണ്ടി വന്നു കാരണം മറ്റൊന്നുമല്ല, യൂറോപ്യൻ യൂണിയൻ ഉച്ചകോടി നടക്കുന്നത് പ്രധാനമന്ത്രിയുടെ കല്യാണം നിശ്ചയിച്ച അതേ ദിവസം തന്നെയാണ്. ഒന്നും രണ്ടും തവണയല്ല ഇത് മൂന്നാം തവണയാണ് ഫ്രഡറിക്സണിന്റെ വിവാഹം മാറ്റിവയ്ക്കുന്നത്.
‘ഇദ്ദേഹത്തെ വിവാഹം ചെയ്യാൻ ഞാൻ ഒത്തിരി ആഗ്രഹിക്കുന്നു’ ഭാവി വരന്റെ ചിത്രം പങ്കുവച്ച് ഫ്രഡറിക്സൺ കുറിച്ചു. എന്നാൽ അതത്ര എളുപ്പമല്ലെന്നും ഞങ്ങൾ വിവാഹം നിശ്ചയിച്ച ജൂലൈയിൽ തന്നെ യൂറോപ്യൻ ഉച്ചകോടി നടക്കുകയാണെന്നും, ഡെന്മാർക്കിന് വേണ്ടി എനിക്ക് പങ്കെടുത്തെ മതിയാവു എന്നും അവർ കൂട്ടിച്ചേർത്തു. താമസിയാതെ വിവാഹം നടക്കുമെന്നും, ഭൂ(പ്രതിശ്രുത വരൻ)വിനോട് തന്റെ സമ്മതമറിയിക്കാൻ കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു.
ജൂലൈ 17-18 തീയ്യതികളിലാണ് ഉച്ചകോടി നടക്കുന്നത്. കൊറോണ ലോക്ക്ഡൗണിന് ശേഷം നേതാക്കൾ നേരിട്ട് പങ്കെടുക്കുന്ന ആദ്യത്തെ യോഗമായിരിക്കും ഇത്. എന്തായാലും നാലാം തവണയെങ്കിലും ഫ്രഡറിക്സണിന്റെ വിവാഹം നടക്കുമെന്ന് പ്രതീക്ഷിക്കാം.