ട്യൂസോണ്‍ ഫെയ്സ്ലിഫ്റ്റ്, പുതുതലമുറ i20 എന്നീ രണ്ട് പുതിയ മോഡലുകള്‍ വരും മാസങ്ങളില്‍ പുറത്തിറക്കാന്‍ ഹ്യുണ്ടായി പദ്ധതിയിട്ടിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് അതുണ്ടാകില്ലെന്നാണ് സൂചന. 2020 ഒക്ടോബര്‍ മാസത്തില്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന i20 വിപണിയില്‍ എത്തുന്നത് വൈകും. 2020 സെപ്തംബര്‍ മാസത്തോടെ മാത്രമേ വാഹനം വിപണിയില്‍ എത്തുകയുള്ളുവെന്നാണ് സൂചന. പ്രധാനമായും രണ്ട് കാരണങ്ങള്‍ കൊണ്ടാണ് അരങ്ങേറ്റം വൈകിപ്പിക്കുന്നതെന്നാണ് സൂചന. ഒന്നാമതായി നിലവിലെ സാഹചര്യത്തിലും രണ്ടാം തലമുറ ക്രെറ്റയും, വേര്‍ണ ഫേയ്സ്ലിഫ്റ്റും മികച്ച വില്‍പ്പനയാണ് സ്വന്തമാക്കുന്നത്.
കോംപാക്ട് എസ്യുവി പുറത്തിറങ്ങി ഏകദേശം ഒരു മാസം പിന്നിട്ടപ്പോള്‍ തന്നെ 30,000 -ലധികം ബുക്കിങ് സ്വന്തമാക്കി. ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കുന്നതുവരെ ഈ മോഡലുകളുടെ വില്‍പ്പനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ പദ്ധതി.
2020 മെയ് മാസത്തിലെ വില്‍പ്പന പട്ടികയില്‍ ക്രെറ്റ ഒന്നാംസ്ഥാന പിടിച്ചെടുക്കുകയും ചെയ്തു. വേര്‍ണ ഫെയ്സ്ലിഫ്റ്റിന്റെ വില്‍പ്പനയും വരും മാസങ്ങളില്‍ വര്‍ധിക്കുമെന്ന പ്രതീക്ഷയാണ് നിര്‍മ്മാതാക്കള്‍ക്ക്. 9.30 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. രണ്ടാമതായി, കൊവിഡ്-19 പോസിറ്റിവ് കേസുകള്‍ വര്‍ധിച്ചതോടെ ചെന്നൈ, തിരുവല്ലൂര്‍, ചെങ്ങല്പുട്ടു, കാഞ്ചീപുരം എന്നീ ചില അയല്‍ ജില്ലകളിലും വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് വില്‍പ്പനയെ ബാധിക്കും എന്ന കണക്കുകൂട്ടലിലാണ് കമ്പനി.
അതോടൊപ്പം തന്നെ ഹ്യുണ്ടായിയുടെ ശ്രീപെരുമ്പത്തൂര്‍ ആസ്ഥാനമായുള്ള (കാഞ്ചീപുരം ജില്ലയിലെ) ഉത്പാദന കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാമെന്നാണ് സൂചന. ഇതോടെയാണ് പുതുതലമുറ i20 -യുടെ അരങ്ങേറ്റം ഒരു മാസത്തേക്ക് മാറ്റിവെച്ചിരിക്കുന്നത്. പുതുതലമുറ i20 -യിലേക്ക് വരുകയാണെങ്കില്‍ മുന്‍ മോഡലിനെ പൂര്‍ണമായും ഉടച്ചുവാര്‍ത്ത ഡിസൈനിലാണ് മൂന്നാം തലമുറ വിപണിയിലേക്ക് എത്തുന്നത്. മുന്‍ഭാഗമാണ് ഒരു പ്രധാന ഡിസൈന്‍ നവീകരണത്തിന് വിധേയമായിരിക്കുന്നത്.
നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെ അപേക്ഷിച്ച് അതിന്റെ അളവുകള്‍ വലുതായതിനാല്‍ പുതിയ i20 കൂടുതല്‍ വിശാലമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായിയുടെ കൂടുതല്‍ സുരക്ഷിതവും, ഭാരം കുറഞ്ഞതുമായി FWD പ്ലാറ്റ്ഫോമിലാണ് പുതുതലമുറ i20 ഒരുങ്ങുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് എന്നിവയാണ് പ്രതീക്ഷിക്കുന്നത്. ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്സുകളായിരിക്കും വാഹനത്തില്‍ ഒരുങ്ങുക.